കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫേസ്ബുക്കില്‍ ലൈവിട്ടവരെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തണം: നാദിര്‍ ഷാ

അമര്‍ അക്ബര്‍ ആന്റണി വന്നപ്പോള്‍ സിനിമ അപ്‌ലോഡ് ചെയ്ത ആളെ പിടിച്ചു. പക്ഷെ അയാള്‍ കൂളായി പുറത്തിറങ്ങി. അയാള്‍ വീണ്ടും ഇതെ പണി തന്നെ ചെയ്യും - സിഡി വ്യവസായത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് തുറന്നു പറയുകയാണ് നാദിര്‍ ഷാ.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫേസ്ബുക്കില്‍ ലൈവിട്ടവരെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തണം: നാദിര്‍ ഷാ

സിനിമാ ഡിവിഡി വ്യവസായത്തിന് ഭീഷണിയായി ഫേസ്ബുക്ക് ലൈവ് പേജുകള്‍. സിനിമകളുടെ ഡിവിഡി റീലീസ് ചെയ്യുന്ന ദിവസം ടൊറന്റ് ഡൗണ്‍ലോഡിങ്ങിനെ പുറമെയാണ് ഫേസ്ബുക്ക് ലൈവുകളിലൂടെ പ്രിന്റുകള്‍ പുറത്താവുന്നത്. കഴിഞ്ഞ ദിവസം കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ഡിവിഡി പുറത്തിറങ്ങിയതിന്റെ തൊട്ടു പിന്നാലെ ചിത്രത്തിന്റെ എച്ച ഡി പ്രിന്റ് ചങ്ക്‌സ് മീഡിയ എന്ന ഫേസ്ബുക്ക് പേജ് പുറത്തുവിട്ടിരുന്നു. നാലു ലക്ഷത്തോളം പേരാണ് ചിത്രം ആ പേജിലൂടെ കണ്ടത്. ദിവസവും നാലഞ്ചു ചിത്രങ്ങള്‍ വീതം ലൈവ് ടെലകാസ്റ്റ് ചെയ്തു പേജ് ലൈക്ക് വര്‍ദ്ധിപ്പിച്ച് സിനിമാ പ്രമോഷനു വേണ്ടി ഉപയോഗിക്കുകയാണ് ചങ്ക്‌സ് മീഡിയയുടെ ലക്ഷ്യം.

ഒട്ടേറെ പേജുകള്‍ ഇത്തരത്തില്‍ സിനിമ സംപ്രേഷണം ചെയ്യുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തോടെയാണ് സോഷ്യല്‍ മീഡിയ പേജുകള്‍ ഫേസ്ബുക്ക് ലൈവുകള്‍ ആരംഭിച്ചത്. സിനിമകളുടെ ഓണ്‍ലൈന്‍ റൈറ്റുകള്‍ വാങ്ങുന്ന സംരഭത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ചെറുകിട സിനിമകള്‍ക്ക് രണ്ടു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയാണ് ഓണ്‍ലൈന്‍ റൈറ്റ്‌സ്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇതു പതിനഞ്ച് ലക്ഷം മുതല്‍ ഇരുപത് വരെയാകും.

ഓണ്‍ലൈന്‍ പൈറേറ്റുകളെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തണം: നാദിര്‍ ഷാ

സിനിമ സംവിധാനം ചെയ്യുന്നതിന് മുന്‍പ് ദേ മാവേലി കൊമ്പത്തിന്റെ ഓഡിയോ സീഡിയും ഇറക്കിക്കൊണ്ടിരുന്ന ആളാണ് ഞാന്‍. പത്തുവര്‍ഷം ദേ മാവേലിക്കൊമ്പത്തിന്റെ സീഡിയും ഡിവിഡിയും ഇറക്കിയതാണ്. സ്റ്റേജ് ഷോകളൊക്കെ കഴിയുന്ന ഓഫ് സീസണില്‍ താരങ്ങളും മിമിക്രി ആര്‍ട്ടിസ്റ്റുകളും കൂട്ടായി ആയി ആണ് ഇത് ചെയ്തു കൊണ്ടിരുന്നത്. ഒരുപാട് പേരുടെ ഉപജീവനമാര്‍ഗമായ സിഡി വിപണിയെ പൂട്ടിച്ചത് ഓണ്‍ലൈന്‍ പൈറേറ്റുകളാണ്. ആര്‍ട്ടിസ്റ്റുകളൊക്കെ ഫ്രീ ആയി അഭിനയിച്ചിട്ടും 2008ല്‍ ദേ മാവേലിക്കൊമ്പത്ത് നിര്‍മ്മിക്കാന്‍ 22 ലക്ഷത്തോളം രൂപ ചെലവായി. സിഡി റിലീസ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ ഓണ്‍ലൈനില്‍ പ്രിന്റ് വന്നു. അതോടെ ആ പരിപാടി ഞാന്‍ നിര്‍ത്തി. സിഡി വ്യവസായത്തിന്റെ രക്തസാക്ഷിയാണ് ഞാന്‍. സിനിമയൊക്കെ എടുക്കാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത് സിഡി മേഖലയാണ്. വളര്‍ന്നു വരുന്ന ഒരുപാട് കലാകാരന്മാര്‍ക്ക് ഗുണകരമായ ഒരു മേഖല തകര്‍ത്ത ഇവരെയൊക്കെ ഗുണ്ടാ ലിസ്റ്റില്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

ഇത്തരം ഫ്രോഡുകള്‍ക്ക് ഇതുകൊണ്ട് എന്താണ് ഗുണം. പേജ് ലൈക്ക് കൂടും റീച്ചും കിട്ടും. പക്ഷെ ഇവര്‍ നശിപ്പിക്കുന്നത് സിനിമ വ്യവസായത്തെ തന്നെയാണ്. സിനിമ വ്യവസായത്തിലും പൈറേറ്റിന്റെ പണി കിട്ടുന്നത് ആദ്യമായിട്ടല്ല. അമര്‍ അക്ബര്‍ ആന്റണി വന്നപ്പോള്‍ സിനിമ അപ്‌ലോഡ് ചെയ്ത ആളെ പിടിച്ചു. പക്ഷെ അയാള്‍ കൂളായി പുറത്തിറങ്ങി. അയാള്‍ വീണ്ടും ഇതെ പണി തന്നെ ചെയ്യും. ശക്തമായ നിയമനിര്‍മ്മാണം വേണം. ഗുണ്ടാ ലിസ്‌ററില്‍ പെടുത്തി അറസ്റ്റ് ചെയ്യണമെന്നു തന്നെയാണ് എനിക്ക് പറയാനുള്ളത്.

ശക്തമായ നിയമങ്ങള്‍ വേണം: സംവിധായകന്‍ രഞ്ജിത് ശങ്കര്‍

സിനിമകളുടെ പൈറസി നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. രണ്ടു ആഴ്ചയാണ് സിനിമകളുടെ ശരാശരി കാലയളവ്. ഈ സമയത്ത് ഓണ്‍ലൈനില്‍ വ്യാജന്‍ പ്രത്യക്ഷപ്പെട്ടാല്‍ നിര്‍മ്മാതാവിന്റെ അടി തെറ്റും. പൈറസി കണ്ടെത്തി, റിപ്പോര്‍ട്ട് ചെയ്ത് പൊലീസ് അന്വേഷിച്ച് ആളെ കണ്ടെത്തി വരുമ്പോഴെക്കും രണ്ടുമാസം പിടിക്കും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണമാണ് വേണ്ടതെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

നടപടി വേണമെന്ന് ഓണ്‍ലൈന്‍ മീഡിയ അസോസിയേഷനും

ഇതേറ്റവു കൂടുതല്‍ ബാധിക്കുന്നത് സിനിമകളുടെ സിഡി റൈറ്റ്‌സ് വാങ്ങിയ ആളുകളെയാണെന്ന് ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രസിഡന്റ് ജോഫിന്‍ ചാക്കോ പറഞ്ഞു. ഇത്തരം പേജുകള്‍ക്കെതിരെ ഞങ്ങളും പ്രതികരിക്കാറുണ്ട്. ഇത്തരം പേജുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പേജ് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇത്തരം പേജുകള്‍ സിനിമകളുടെ പ്രൊമോഷന്‍ വര്‍ക്ക് ചെയ്യാറില്ല. അവവരുടെ പേജിനുള്ള റീച്ചിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ ഈ മേഖലയില്‍ ഉണ്ട്. കുറെ ഫ്രോഡുകള്‍ ഈ മേഖലയില്‍ വന്നതോടെയാണ് ഞങ്ങള്‍ അസോസിയേഷന്‍ രൂപികരിച്ചത്. എങ്ങനെയൊക്കെ ലൈക്ക് നേടുക എന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. ഇത്തരക്കാര്‍ക്കെതിരെ നടപിടി വേണമെന്നും ജോഫിന്‍ പറഞ്ഞു.


വാര്‍ത്തകളെ തുടര്‍ന്ന് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ പേജില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഞങ്ങള് തമാശയ്ക്ക് തുടങ്ങിയ പേജാണെന്നും വാര്‍ത്തകളില്‍ പറയുന്നപോലെ ഒന്നുമില്ലെന്നും ചങ്ക്‌സ് മീഡിയ പറയുന്നു.