കര്‍ണ്ണനെ തേടുന്ന ലിസി; മഹാഭാരതത്തെ നൃത്തത്തിലൂടെ വായിക്കുന്ന കര്‍ണ്ണസാക്ഷ്യം

സൂര്യന്‍ നല്‍കിയ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്ത് മരണത്തിലേക്ക് ഓടിയടുത്ത കര്‍ണ്ണന് മഹാഭാരതത്തില്‍ എങ്ങനെ ഇടം നഷ്ടമായെന്നതിന് നൃത്താവിഷ്‌ക്കാരത്തിലൂടെയാണ് ലിസി അന്വേഷിക്കുന്നത്- കര്‍ണ്ണസാക്ഷ്യം എന്ന പേരില്‍ 25 ഓളം നര്‍ത്തകിമാര്‍ക്കൊപ്പമാണ് ലിസിയെത്തുന്നത്.

കര്‍ണ്ണനെ തേടുന്ന ലിസി; മഹാഭാരതത്തെ നൃത്തത്തിലൂടെ വായിക്കുന്ന കര്‍ണ്ണസാക്ഷ്യം

കുന്തിയുടെ ജാര സന്തതിയെന്ന പരിഹാസമേറ്റുവാങ്ങി ഒറ്റപ്പെട്ടുപോയ കര്‍ണ്ണന്റെ സ്വത്വം വെളിവാക്കുന്നതെന്തെന്ന് നൃത്താവിഷ്‌ക്കാരത്തിലൂടെ ആശയവിനിമയത്തിനൊരുങ്ങുകയാണ് പ്രശ്‌സത നര്‍ത്തകി ലിസി മുരളീധരനും കൂട്ടരും. പിതാവായ സൂര്യന്‍ നല്‍കിയ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്ത് മരണത്തിലേക്ക് ഓടിയടുത്ത കര്‍ണ്ണന് മഹാഭാരതത്തില്‍ എങ്ങനെ ഇടം നഷ്ടമായെന്നതിന് നൃത്താവിഷ്‌ക്കാരത്തിലൂടെയാണ് ലിസി അന്വേഷിക്കുന്നത്. കുലമഹിമയെച്ചൊല്ലി കര്‍ണ്ണന്‍ മാറ്റി നിര്‍ത്തപ്പെട്ടപ്പോഴും ആദരവും ബഹുമാനവും ആവോളം അദേഹത്തിന് ലഭിച്ചു. കര്‍ണ്ണന്റെ തീവ്രമായ ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് ഒന്നരമണിക്കൂറിന്റെ നൃത്താവിഷ്‌ക്കാരം നടത്താനാണ് ലിസിയും കൂട്ടരും ആലോചിക്കുന്നത്. ലൈഫ് ഓഫ് കര്‍ണ്ണ-കര്‍ണ്ണസാക്ഷ്യം എന്ന പേരില്‍ 25 ഓളം നര്‍ത്തകിമാര്‍ക്കൊപ്പമാണ് ലിസിയെത്തുന്നത്. കലാമണ്ഡലം ഷിജുകുമാര്‍ കര്‍ണ്ണനായെത്തുമ്പോള്‍ മാതാവായ കുന്തിയാകുന്നത് ലിസി തന്നെയാണ്. ഇതിന്റെ അവസാനവട്ട പരിശീലനത്തിലാണിപ്പോള്‍.

മഹാഭാരത്തിലെ കര്‍ണ്ണനല്ല, ലിസിയുടെ കര്‍ണ്ണന്‍. മഹാഭാരതത്തില്‍ നിന്ന് വ്യത്യസ്ഥമായ കര്‍ണ്ണനെയാണ് അരങ്ങിലെത്തിക്കുന്നതെന്ന് മാഹി സ്വദേശിയായ ലിസി മുരളീധരന്‍ നാരദാന്യൂസിനോട് പറഞ്ഞു. കര്‍ണ്ണന്റെ സ്വത്വം വെളിപ്പെടുത്തുന്നത് കൃഷ്ണനാണെന്ന രീതിയിലാണ് നൃത്താവിഷ്‌കാരം. എം ടി വാസുദേവന്‍ നായര്‍, എം ജി എസ് നാരായണന്‍, കവി വീരാന്‍കുട്ടി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയശേഷം ഒരു വര്‍ഷംകൊണ്ടാണ് കര്‍ണ്ണസാക്ഷ്യത്തിന്റെ നൃത്താവിഷ്‌ക്കാരത്തിന് ലിസി സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. വിദ്യാധരന്‍ മാസ്റ്റര്‍, വി ടി മുരളി എന്നിവര്‍ സംഗീതം നിര്‍വഹിച്ച കര്‍ണ്ണസാക്ഷ്യത്തിന് ദല്‍ഹിയിലാണ് അരങ്ങേറ്റം. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, നാടകം എന്നീ കലാരൂപങ്ങളുടെ സമന്വയത്തിലൂടെയാണ് കര്‍ണ്ണന്റെ കഥയ്ക്ക് രംഗവേദിയുണരുക. കര്‍ണ്ണന്റെ കഥയ്ക്ക് ഒരു നൃത്താവിഷ്‌ക്കാരമുണ്ടാകുന്നത് തന്നെ ഇതാദ്യമായിരിക്കും. കര്‍ണ്ണന്റെ തീഷ്ണമായ വഴികളെ വൈകാരികമായ രീതിയില്‍ത്തന്നെ ആവിഷ്‌ക്കരിക്കാനാണ് കര്‍ണ്ണസാക്ഷ്യത്തിലൂടെ ലിസി ശ്രമിക്കുന്നത്.

ഒന്നരപതിറ്റാണ്ടിലേറെ കാലം നൃത്തരംഗത്ത് സജീവ സാന്നിധ്യമാണ് ലിസി മുരളീധരന്‍. വൈവിധ്യവും വ്യത്യസ്ഥവുമായ നിരവധി നൃത്താവിഷ്‌ക്കാരങ്ങളിലൂടെ പ്രയാണം നടത്തിയ ലിസി കഥകളെയും കവിതകളെയുമാണ് ഏറ്റവും കൂടുതല്‍ തവണ നൃത്തതോട് കൂട്ടിയിണക്കപ്പെട്ടത്. ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നതിനപ്പുറം സങ്കീര്‍ണ്ണമായ വഴികളിലൂടെ സഞ്ചരിച്ചാണ് ലിസി പുതിയ നാട്യ പരീക്ഷണങ്ങള്‍ നടത്തുന്നത്. കവിതള്‍ക്ക് നൃത്താവിഷ്‌ക്കാരം നല്‍കുന്നതാണ് ലിസിയ്ക്ക് ഏറെ സംതൃപ്തി. കടത്തനാട്ട് മാധവിയമ്മയുടെ ഓണക്കിളികള്‍, പി കുഞ്ഞിരാമന്‍നായരുടെ പൊന്നോണക്കാലം, ഒ എന്‍ വിയുടെ ഭൂമിയ്ക്ക് ഒരു ചരമഗീതം, വി ടി കുമാരന്റെ വനജ്യോത്സന തുടങ്ങിയ കവിതകള്‍ നൃത്താവിഷ്‌ക്കാരമായി അരങ്ങിലെത്തിച്ചത് ലിസിയാണ്. മഹാഭാരതത്തിലുള്ള സ്ത്രീ പര്‍വത്തിലെ കുന്തി, പാഞ്ചാലി, യശോദ മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ അങ്ങനെയാണ് അരങ്ങിലാടിയത്.


വിക്ടര്‍ ഹ്യൂഗോയുടെ കൃതിയായ 'ഇല്ലവള്‍'എന്ന കവിതയ്ക്കും നൃത്താവിഷ്‌ക്കാരമൊരുക്കിയത് ലിസിയായിരുന്നു. എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന നോവലിനെ ആസ്പദമാക്കിയുള്ള നൃത്തരൂപത്തിലൂടെയാണ് ലിസി മുരളീധരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അവസാനമായി ശ്രീനാരായണ ഗുരുവിന്റെ വിശ്വപ്രാര്‍ഥനയായ ദൈവദശകത്തിന് നൃത്താവിഷ്‌ക്കാരമൊരുക്കിയിരുന്നു. ഇത് ശിവഗിരിയിലിലും കോഴിക്കോടുമെല്ലാം നിറഞ്ഞ സദസ്സില്‍ത്തന്നെ അരങ്ങേറുകയും ചെയ്തു.

അഞ്ചാം വയസ്സില്‍ നൃത്തപഠനം ആരംഭിച്ച ലിസിയ്ക്ക് കലാമണ്ഡലത്തില്‍ കഥകളി പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിതാവ് രാഘവന്റെ പ്രോത്സാഹനമാണ് പുതുവഴികളില്‍ സഞ്ചരിക്കാന്‍ കരുത്തായത്. വടകരയിലും മാഹിയിലും നാട്യകലാകേന്ദ്രം നടത്തിവരുന്ന ലിസിയുടെ കീഴില്‍ 300 ഓളം കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. സമകാലിക വിഷയങ്ങളെ നൃത്തരൂപമാക്കി വ്യവസ്ഥിതിയോട് കലഹിക്കുന്ന ഈ കലാകാരിയ്ക്ക് കൈത്താങ്ങായി മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് മുരളീധരനുമുണ്ട്. ഏകമകള്‍ സരിഗ നൃത്തത്തിനൊപ്പം സംഗീതത്തിലും ഒരു കൈ നോക്കാന്‍ ലിസിയ്‌ക്കൊപ്പമുണ്ട്.