77വയസ്സുള്ള കറുപ്പനും കൂട്ടുകാരും 'ഡെല്ലീല് പോവാണ്' താജ്മഹൽ കാണാൻ

60 കഴിഞ്ഞ കുറേ ആളുകൾ. കോഴിക്കോട് പോലും തങ്ങളാരും മര്യാദക്ക് കണ്ടിട്ടില്ലെന്ന് പറയുന്നവർ. അവർ താജ്മഹൽ കാണാൻ പോകുന്നത് കാരശ്ശേരിക്ക് ആഘോഷം

77വയസ്സുള്ള കറുപ്പനും കൂട്ടുകാരും ഡെല്ലീല് പോവാണ് താജ്മഹൽ കാണാൻ

'ഞങ്ങള് ഡെല്ലീല് പോവാണ്. കോഴിക്കോട് തന്നെ ഞങ്ങളാരും മര്യാദക്ക് കണ്ടിട്ടില്ല. കാണാൻ കൊതി ഉണ്ടായിട്ടും കാണാൻ കഴിയാത്ത സ്ഥലങ്ങള് കാണാൻ പോവല്ലെ. വല്ലാത്ത സന്തോഷം'- 65കാരനായ മൊയ്തീന്റെ വാക്കുകളാണിത്.

മൊയ്തീനടക്കം 80 വയോധികർ അവരുടെ സ്വപ്നയാത്രയ്ക്കായി ഡൽഹിക്കു തിരിച്ചിരിക്കുകയാണ്. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്, ദമ്പതികളുണ്ട്. ഷാജഹാന്റെയും മുംതാസിന്റെയും പ്രണയത്തിന്റെ സ്മാരകമായ താജ്മഹലും സന്ദർശിക്കുന്നുണ്ടിവർ. വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമായി കാരശേരി പഞ്ചായത്താണ് ഇവരുടെ സ്വപ്നം സഫലമാക്കുന്നത്. ഇന്നുവരെ കേട്ടുമാത്രം പരിചയമുള്ള, സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങൾ നേരിൽ കാണാമെന്ന ത്രില്ലിലാണവർ. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ചിരുന്ന ആഗ്രഹം സാധ്യമാകുന്നു എന്നതിന്റെ സന്തോഷമാണ് ഓരോരുത്തരുടെയും വാക്കുകളിലുള്ളത്. കാരശ്ശേരി കാരണവൻമാർ താജ്മഹലിലേക്ക് എന്ന് പേരിട്ട ഡൽഹി-ആഗ്ര യാത്രയിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദും മെമ്പർമാരും ആരോഗ്യ പ്രവർത്തകരും അടക്കം 101 പേരാണുള്ളത്.

77 വയസ്സുള്ള കറുപ്പനാണ് കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ആൾ. ജീവിത പ്രാരാബ്ധങ്ങളിൽ നിന്നാണ് കറുപ്പൻ ഡൽഹി കാണാൻ പോകുന്നത്. കൂലിപ്പണിക്കാരനായിരുന്ന കറുപ്പൻ ഡൽഹിയാത്ര സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഡൽഹിയിൽ കുടുംബക്കാരുള്ള അയൽ വാസിയുടെ കഥകളിൽ നിന്നാണ് ഈ ഡൽഹി സ്വപ്നം ഉണ്ടായത്.

നാലാം ക്ലാസ്സ് വരെ മാത്രം പഠിച്ച കറുപ്പൻ ഇപ്പോൾ പുരയിടത്തിലെ ആദായം കൊണ്ടാണ് ജീവിക്കുന്നത്. രണ്ടു പെണ്മക്കളുടേയും വിവാഹം കഴിഞ്ഞു. കൊച്ചുമക്കളും ഉണ്ട്. ഭാര്യ പെണ്ണൂട്ടി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കിടപ്പിലാണ്. അവരെ മകളുടെ അടുത്താക്കിയാണ് കറുപ്പൻ യാത്രയ്ക്കു പോകുന്നത്. പണ്ടൊരിക്കൽ ട്രെയിനിൽ കയറിയ ഓർമയുണ്ട് കറുപ്പന്. തിക്കുറിശ്ശി സുകുമാരൻ നായരുടെ വീട്ടിൽ പണിക്കു പോയതായിരുന്നു. എന്നാൽ ഇത്ര ദൂരം ഇതാദ്യമായാണ്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊന്നും തന്റെ സ്വപ്നങ്ങളേക്കാൾ വലുതല്ലെന്ന് കറുപ്പൻ കാണിച്ച് തരുന്നു.


11നു കോഴിക്കോട് നിന്നാണ് യാത്ര തിരിച്ചത്. 18നാണ് തിരിച്ചെത്തുക. താജ്മഹലും ചെങ്കോട്ടയും കാണും വഴി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരെയും സന്ദർശിക്കുമെന്നും അഞ്ചാം വാർഡ് മെമ്പർ സജി പൂക്കുളം പറഞ്ഞു. 192 ആദിവാസി കുടുംബങ്ങൾ ഉള്ള പഞ്ചായത്തിൽ നിന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കോഴിക്കോട് പോലും കാണാത്തവർക്കും ആദിവാസികൾക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്.

ഇതേ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ഇവർ കോഴിക്കോട് ചുറ്റി കണ്ടിരുന്നു. വ്യാപാരി വ്യവസായികളുടെയും ചില വ്യക്തികളുടെയും സംഭാവനയാണ് യാത്രാചെലവിന് ഉപയോഗിക്കുന്നത്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം കണ്ട മുക്കത്തുകാരാണ് ഷാജഹാന്റെയും മുംതാസിന്റെയും പ്രണയ സ്മാരകം കാണാൻ പോകുന്നത്. ജീവിച്ചിരുന്നിരുന്നെങ്കിൽ ഈ യാത്രയെ നയിക്കാൻ മൊയ്തീനും ഉണ്ടാകുമായിരുന്നു എന്ന് തീർച്ച.


Read More >>