ശിശുരോഗവിദഗ്‌ധരുടെ സേവനവുമായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ

നഗരത്തിൽ ഞായറാഴ്‌ച്ചകളിൽ ശിശുരോഗ വിദഗ്‌ധരുടെ സേവനം ലഭ്യമാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പീഡിയാട്രീഷ്യന്റെ സേവനം ഒരുക്കിയത്.

ശിശുരോഗവിദഗ്‌ധരുടെ സേവനവുമായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ

ഞായറാഴ്‌ച്ചകളിൽ ശിശുരോഗ വിദഗ്‌ധരുടെ സേവനം ലഭ്യമാക്കി സംസ്ഥാനത്തെ ആദ്യ സ്റ്റേഷൻ ക്ലിനിക്കുമായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ. നഗരത്തിൽ ഞായറാഴ്‌ച്ചകളിൽ ശിശുരോഗ വിദഗ്‌ധരുടെ സേവനം ലഭ്യമാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പീഡിയാട്രീഷ്യന്റെ സേവനം ഒരുക്കിയത്. ടൗൺ സ്റ്റേഷൻ ഓഫീസർ ടികെ രത്നകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ' സൗജന്യ ഒഴിവുദിന ചികിത്സ പദ്ധതി' ഞായറാഴ്ച്ച കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂർ യൂണിയന്റെ സഹായത്തോടെയാണ് ടൗൺ പൊലീസ് സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നത്. ഞായറാഴ്ചകൾ കൂടാതെ പൊതു അവധി ദിവസങ്ങളിലും സേവനം ലഭ്യമാക്കും. സ്റ്റേഷനിൽ പുതുതായി തുറന്ന ക്ലിനിക്ക് റൂമാണ് ചികിത്സക്കായും ഉപയോഗിക്കുക. ഡോ എം കെ നന്ദകുമാർ, ഡോ. അജിത് സുഭാഷ്, ഡോ. അൻസാരി, ഡോ. രവീന്ദ്രൻ, ഡോ. രാജീവൻ, ഡോ. പ്രശാന്ത്, ഡോ. അജിത് മേനോൻ തുടങ്ങി 14ഓളം ഡോക്ടർമാരാണ് ഓരോ ആഴ്ച്ചയിലും സേവനത്തിനായി എത്തുക. ഞായറാഴ്ച്ചകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരിശോധന സമയം.

കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ. കുട്ടികൾക്കായുള്ള പ്രത്യേക മുറിയും മറ്റ് സൗകര്യങ്ങളും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികളുമായി സംവദിക്കുന്നതിനും കൗൺസിൽ നടത്തുന്നതിനും ഈ മുറി ഉപയോഗിക്കുന്നു. വിജ്ഞാനപ്രദമായ പുസ്‌തകങ്ങളും മാസികകളും നിയമപുസ്‌തകങ്ങളും മറ്റ് സാമഗ്രികളും സ്റ്റേഷനിൽ ലഭ്യമാണ്.

കേരളത്തിൽ തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ ആറു പൊലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സർക്കാർ, സർക്കാതിര ഏജൻസികളെ ഏകോപിപ്പിച്ചു പൊലീസ് നടപ്പാക്കുന്ന ചിൻഡ്രൻ ആൻഡ് പൊലീസ് (കാപ്) പദ്ധതിയുടെ ഭാഗമായാണു പൊലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദമാക്കുന്നത്. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ അതിവേഗ നടപടിക്കു പുറമെ പ്രത്യേകശ്രദ്ധ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അവരെ നേർവഴിക്കു നയിക്കാനും ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ വഴി സാധിക്കുന്നു.Read More >>