ദമ്പതികളായി മോഹൻ ലാലും മഞ്ജുവും: വില്ലനിലെ ആദ്യ ​ഗാനം പുറത്ത്

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 7 കോടി മുടക്കി സൂര്യ ടീവിയാണ് സ്വന്തമാക്കിയത്. ഇത് മലയാളത്തിലെ പുതിയ റെക്കോഡായിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്.

ദമ്പതികളായി മോഹൻ ലാലും മഞ്ജുവും: വില്ലനിലെ ആദ്യ ​ഗാനം പുറത്ത്

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന വില്ലന്‍റെ ആദ്യ ​ഗാനം പുറത്ത്. മോഹൻ ലാലും മഞ്ജു വാര്യരും ഭാര്യയും ഭർത്താവുമായി പ്രത്യക്ഷപ്പെടുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസാണ്. ബി ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യുസിക്സ് സം​ഗീതം നൽകിയ ​ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


വില്ലൻ റീലീസിന് മുമ്പെ തന്നെ വൻ തുക ലാഭം ലഭിച്ചിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 7 കോടി മുടക്കി സൂര്യ ടീവിയാണ് സ്വന്തമാക്കിയത്. ഇത് മലയാളത്തിലെ പുതിയ റെക്കോഡായിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്. ഹിന്ദി ഡബ്ബിങ് അവകാശത്തിലും വില്ലൻ റെക്കോർഡ് നേടി. മൂന്ന് കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നത്.

ഇതോടെ വില്ലൻ്റെ പ്രീ-റിലീസ് കച്ചവടം പത്തര കോടി രൂപയാണ്. 15 കോടി രൂപയുടെ പ്രീ-റിലീസ് കച്ചവടം നടത്തിയ പുലിമുരുകനുശേഷം മലയാളത്തിൽ ഏറ്റവും വലിയ പ്രീ-റിലീസ് ലാഭം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് വില്ലൻ.

ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം വിശാൽ, മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും വേഷമിടുന്നുണ്ട്. റോക്ക്ലൈൻ വെങ്കടേഷ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.


8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 25–30 കോടിയാണ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്.

Read More >>