കൊച്ചി മേയര്‍ നല്‍കിയ കേസില്‍ ചങ്കു തകര്‍ന്നെന്ന് ജൂഡ് ആന്തണി; സാമൂഹ്യസേവനം നിര്‍ത്തുന്നതായും സംവിധായകന്‍

നേരിട്ട് ഓഫീസിലെത്തി മാപ്പുപറഞ്ഞ ശേഷമാണ് കൊച്ചി മേയര്‍ സൗമിനി തനിക്കെതിരെ പരാതി നല്‍കിയതെന്ന് ജൂഡ് പറയുന്നു

കൊച്ചി മേയര്‍ നല്‍കിയ കേസില്‍ ചങ്കു തകര്‍ന്നെന്ന് ജൂഡ് ആന്തണി; സാമൂഹ്യസേവനം നിര്‍ത്തുന്നതായും സംവിധായകന്‍

കൊച്ചി മേയര്‍ സൗമിനി ജയിന്‍ തനിക്കെതിരെ കേസ് നല്‍കിയതിനെത്തുടര്‍ന്ന് ചങ്കു തകര്‍ന്നതായി യുവ സംവിധായകന്‍ ജൂഡ് ആന്തണി. ദുരനുഭവമുണ്ടായ സാഹചര്യത്തില്‍ ഇനി സാമൂഹ്യ സേവനത്തിനില്ലെന്നും ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'ചങ്ക് തകര്‍ന്നാണ് ഞാനീ കുറിപ്പെഴുതുന്നത്' എന്ന് പറഞ്ഞു തുടങ്ങുന്ന ദൈര്‍ഘ്യമേറിയ പോസ്റ്റില്‍ താന്‍ സാമൂഹ്യ സേവനത്തിനിറങ്ങി ചെയ്യാത്ത തെറ്റിന് ബലിയാടായതായാണ് പറയുന്നത്.

കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടന്‍ നിവിന്‍ പോളിയുടെ സഹകരണത്തോടെ നടത്താനുദ്ദേശിക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് താന്‍ കൊച്ചി മേയറെ സന്ദര്‍ശിച്ചതെന്ന് ജൂഡ് പറയുന്നു. ഷൂട്ടിംഗ് ആവശ്യത്തിനായി സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ സിനിമ ഷൂട്ടിംഗിനായി പാര്‍ക്ക്് നല്‍കാനാവില്ലെന്ന നിലപാടാണ് സൗമിനി തീരുമാനിച്ചത്. സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങാന്‍ മേയര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെക്കൊണ്ട് മേയര്‍ക്ക് ശുപാര്‍ശക്കത്ത് അയച്ചതായി ജൂഡ് പറയുന്നു.


ഇതേത്തുടര്‍ന്ന് ഈ ആവശ്യവുമായി മേയറെ ഓഫീസിലെത്തി സന്ദര്‍ശിച്ചു. പാര്‍ക്ക് തന്റെ അധികാര പരിധിയിലാണെന്നും മന്ത്രിയെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചത് തനിക്ക് അപമാനമായെന്നും സൗമിനി പറഞ്ഞതായി ജൂഡ് പറയുന്നു. ക്ഷമ ചോദിച്ച തന്നോട് പാര്‍ക്ക് വിട്ടുനല്‍കില്ല എന്ന നിലപാട് തുടര്‍ന്നതോടെ മേയറോട് തന്റെ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നു. എന്നാല്‍ തനിക്കെതിരെ കേസുണ്ടെന്ന് പിന്നീടാണറിഞ്ഞത്. ഇതോടെ മേയറുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ചപ്പോള്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയാനാണേ്രത മേയര്‍ ആവശ്യപ്പെട്ടത്. അടുത്ത ദിവസം ഷൂട്ടിംഗ് ഉള്ളതിനാല്‍ ആലോചിച്ച് വേണ്ടതുപോലെ ചെയ്യാമെന്ന് സൗമിനിയെ അറിയിച്ചെങ്കിലും അതിനിടെ തനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നെന്ന് ജൂഡ് പറയുന്നു. ഇനി സാമൂഹ്യസേവനത്തിനില്ലെന്ന് പറഞ്ഞാണ് ജൂഡിന്റെ പോസ്റ്റ് അവസാനിക്കുന്നത്.