നേരത്തെ വന്നു നേരത്തെ പോയ അബി

ഇത്രയധികം പ്രതിഭ ഉള്ള ഒരു കലാകാരൻ ആയിരുന്നിരുന്നിട്ടും അബിയ്ക്ക് തന്റെ കഴിവുകൾ പൂർണ്ണമായും അവതരിപ്പിക്കാൻ കഴിയാതെ പോയി എന്ന് കാണികൾക്കു തോന്നുന്നത് എന്തുകൊണ്ടാണ്?- ജോണി എംഎല്‍ എഴുതുന്നു

നേരത്തെ വന്നു നേരത്തെ പോയ അബി

അബിയുടെ മരണം എന്നെ വേദനിപ്പിക്കുന്നു. നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളുടെ മരണം അത്രമേൽ എങ്ങനെയാണ് വേദനാജനകമാകുന്നത്? ചിരിപ്പിക്കുന്ന ഒരാൾ മരിക്കുമ്പോൾ, ആ മരണം രംഗബോധമല്ല, മറിച്ച് ബോധമേയില്ലാത്ത കോമാളിയാണെന്നു തോന്നിപ്പോകും. എൺപതുകളുടെ ഒടുവിൽ മിമിക്രി രംഗത്തു വരികയും തൊണ്ണൂറുകളുടെ തുടക്കത്തിൽ സിനിമയിലും ഹാസ്യവേദികളിലും നിറഞ്ഞു നിൽക്കുകയും ചെയ്ത അബി പിന്നെ പുതിയ നൂറ്റാണ്ടു പിറന്നപ്പോൾ കുറെ നാളുകൾ മുഖ്യധാരയിൽ നിന്ന് കാണാതായി.

ഇതിനിടെ മലയാള ഹാസ്യത്തിന്റെ സ്വഭാവം മാറിക്കഴിഞ്ഞിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകളും വാക്ധോരണി കൊണ്ട് കാണികളെ ആകർഷിക്കുന്ന അവതാരകരും പുതിയ മിമിക്രി താരങ്ങളും പഴയ ഹാസ്യ നടീ നടന്മാരുമൊക്കെ ചേർന്ന് ടെലിവിഷന് മാത്രമായി ചില ഹാസ്യ അരങ്ങുകൾ സൃഷ്ടിക്കപ്പെട്ടു. അവിടെയും അധികമൊന്നും അബിയെ കാണാൻ കഴിഞ്ഞില്ല. പക്ഷെ ക്രമേണ അബിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങി. എനിയ്ക്കു തോന്നുന്നത്, സിനിമാ സംവിധായകൻ സിദ്ദിഖ് അവതാരകനായ ഒരു ഹാസ്യ പരിപാടിയിലാണ് അബി തിരികെ വരുന്നത്. പിന്നെ ഹാപ്പി എന്നൊരു പോലീസ് ഇൻസ്‌പെക്ടറെ അവതരിപ്പിച്ചു കൊണ്ട് സിനിമയിലും അബി ഒരു തിരിച്ചു വരവ് നടത്തി. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ മകൻ ഷെയ്ൻ നിഗം കിസ്മത് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളായിക്കഴിഞ്ഞിരുന്നു.

ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഷെയ്ൻ നിഗത്തിനോട് തന്റെ പിതാവിന് വേണ്ടത്ര പരിഗണന സിനിമാരംഗം നൽകിയില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ആ യുവാവ് മറുപടി നൽകിയത്, അത്തരത്തിൽ ഒരു അവഗണന അബി അനുഭവിക്കുന്നതായി തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും പിതാവ് അത്തരത്തിൽ നിരാശ പ്രകടിപ്പിച്ചിട്ടില്ലെന്നും പറയുകയുണ്ടായി. അബിയോട് ഇതേ ചോദ്യം സംവിധായകൻ സിദ്ദിഖ് ചോദിച്ചപ്പോഴും അല്പം നാണം കഴിഞ്ഞ ഒരു ചിരി മാത്രമായിരുന്നു അബിയുടെ മറുപടി. അങ്ങിനെ അധികമൊന്നും പരാതി പറയാതെ തന്നെ വളരെ നേരത്തെ അബി പോയി. നാല്പത്തിയൊമ്പതു വയസ്സെന്നും അമ്പതെന്നും അമ്പത്തിരണ്ടെന്നും പല പ്രായങ്ങളും മാധ്യമങ്ങളിൽ കണ്ടു. വയസ്സ് എത്രയോ ആയിക്കൊള്ളട്ടെ, ഒരു നടനെ സംബന്ധിച്ചിടത്തോളം പോകാൻ പറ്റിയ പ്രായമായിരുന്നില്ല അതെന്നെ പറയാനുള്ളൂ. ബോബി കൊട്ടാരക്കര, സൈനുദ്ദീൻ തുടങ്ങിയ നടന്മാരും ഇങ്ങനെ നേരത്തെ പോയവരാണ്. ഒരു ചോദ്യം അവശേഷിക്കുന്നു, ഇത്രയധികം പ്രതിഭ ഉള്ള ഒരു കലാകാരൻ ആയിരുന്നിരുന്നിട്ടും അബിയ്ക്ക് തന്റെ കഴിവുകൾ പൂർണ്ണമായും അവതരിപ്പിക്കാൻ കഴിയാതെ പോയി എന്ന് കാണികൾക്കു തോന്നുന്നത് എന്തുകൊണ്ടാണ്?

അതിനുള്ള കാരണം മുഖ്യധാരാ സിനിമയിൽ അബി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നത് തന്നെയാണ്. സിനിമയാണ് നമ്മുടെ അളവുകോൽ. ഏത് രംഗത്തു പ്രതിഭ തെളിയിച്ചാലും, നാടകാന്തം കവിത്വം എന്ന് പറയുന്നത് പോലെ, മുഖ്യധാരാ സിനിമയിൽ പ്രവേശിക്കുന്നതാണ് ഒരാളുടെ സ്റ്റേജ് വിജയത്തിന്റെ അളവുകോലായി നാം കാണുന്നത്. സൗന്ദര്യ മത്സരവിജയിയും ക്രിക്കറ്റ് കളിക്കാരനും ബോഡി ബിൽഡറും മിമിക്രി കലാകാരനും, സ്‌കൂൾ കലോത്സവ പ്രതിഭയുമൊക്കെ അവസാനം ചെന്നടിയാൻ താത്പര്യം കാട്ടുന്നത് സിനിമയിൽ തന്നെയാണ്. അബി സിനിമയിൽ കൂടുതൽ വന്നില്ലെങ്കിൽ അതിനു കാരണം അബിയുടെ പ്രതിഭാ ദാരിദ്ര്യമോ അവസരങ്ങൾ കിട്ടാത്തതോ ആയിരുന്നില്ല. വിജയത്തിന് അളവുകോലായി നാം സിനിമയെ മാനദണ്ഡപ്പെടുത്തി എന്നതാണ്.

നമ്മുടെ സിനിമ മമ്മൂട്ടി- മോഹൻലാൽ- സുരേഷ് ഗോപി എന്നിങ്ങനെ കിടന്നു കറങ്ങുന്ന അവസരത്തിലാണ് അബി രംഗത്തു വരുന്നത്. വന്നതോ, പ്രഗത്ഭരും പിന്നെ മലയാള സിനിമയുടെ വിവിധ മേഖലകളിൽ പിൽക്കാലത്ത് പ്രാഗത്ഭ്യം തെളിയിച്ചവരുടെയുമൊക്കെ ഒപ്പം. അപ്പോൾ അബി മാത്രം എങ്ങിനെ തള്ളപ്പെട്ടു? മിമിക്രി രംഗത്തു നിന്ന് സിനിമയിൽ വിജയിച്ച ജയറാമും ദിലീപും സത്യത്തിൽ മോഹൻലാലിന്റെ ചെറിയ പതിപ്പുകൾ മാത്രമായിരുന്നു. ഇന്നു വരെ അവർ പിടിച്ചു നിൽക്കുന്നതിനു കാരണം മോഹൻലാൽ തന്റെ നല്ല പ്രായത്തിൽ അഭിനയിച്ചേക്കാമായിരുന്നതും എന്നാൽ ഇപ്പോൾ അഭിനയിക്കാത്തതുമായ റോളുകൾ ചെയ്തുകൊണ്ട് മാത്രമാണ്. അബി ആ അച്ചിൽ വാർത്തെടുത്ത ആളായിരുന്നില്ല.

മമ്മൂട്ടിയോ മോഹൻലാലോ പ്രതിനിധാനം ചെയ്യുന്ന ഒരു പുരുഷ വരേണ്യതയുടെ അച്ചിലല്ല അബിയുടെ നിൽപ്പ്. മമ്മൂട്ടിയോളവും മോഹൻലാലിനോളവും ഉയരാൻ കഴിഞ്ഞത് സിദ്ദിഖ് എന്നൊരു നടന് മാത്രമാണ്. അതിനു സാധ്യതയുണ്ടായിരുന്ന മറ്റു നടന്മാരായ സായ്കുമാർ, മുകേഷ് തുടങ്ങിയവർ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളുമായി ഇപ്പോഴും ചുറ്റിത്തിരിയുകയാണ്. അബി ഈ ജനുസ്സിൽ ഒന്നും പെടാത്ത ഒരു കലാകാരനായിരുന്നു. അതുകൊണ്ടു തന്നെയാണ് അബിയെ പുതിയ നൂറ്റാണ്ടിൽ വലിയൊരു കാലം മലയാള സിനിമ കാസ്റ്റ് ചെയ്യാതിരുന്നത്.

അബിയെക്കുറിച്ചോർക്കാൻ പുതിയ സംവിധായകരുടെ പുതിയ സിനിമാ രീതികൾ വേണ്ടി വന്നു. അവിടെയാണ് അല്പം സ്ത്രൈണതയും പൊങ്ങച്ചവും പൊടിക്ക് പൗരുഷവും ഉള്ള ഒരു ഇൻസ്പെക്ടർക്കു ഹാപ്പി എന്ന പേരുമായി രംഗപ്രവേശം ചെയ്യാൻ കഴിയുന്നത്. തികച്ചും പൗരുഷമാർന്ന രൂപമുള്ള അബിയ്ക്ക് പക്ഷെ സ്ത്രൈണതയുള്ള കഥാപാത്രങ്ങളാണ് കൂടുതൽ ഇണങ്ങിയത്. അദ്ദേഹം സ്റ്റേജിലും സ്ക്രീനിലും അഭിനയിച്ചു ഫലിപ്പിച്ച ആമിനാ താത്തയെ എങ്ങിനെ മറക്കാൻ കഴിയും? ഒരു സിനമയിൽ അദ്ദേഹം ആമിനാ താത്തയായി മുഴുനീളം അഭിനയിച്ചു. പക്ഷെ നമുക്ക് സിനിമയിൽ ആമിനാ താത്തമാരെ സ്ഥിരമായി ഉണ്ടാക്കാൻ കഴിയില്ലല്ലോ. എന്നാൽ വടക്കൻ വീരഗാഥയിലെ ചന്തുവായി വേഷമിട്ടു മമ്മൂട്ടിയെ മിമിക്രി വേദികളിൽ അവതരിപ്പിച്ചപ്പോൾ ഒരു നിമിഷം കേരളം ഈ നടന്റെ സാധ്യതകൾ മനസിലാക്കി. പക്ഷെ അവിടെയും മറ്റൊരു മമ്മൂട്ടിയുടെ ആവശ്യം സ്ക്രീനിനു വേണ്ടിയിരുന്നില്ല. മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയ്ക്ക് പോലും ചേട്ടന്റെ കരിസ്മയ്ക്കു മുന്നിൽ അസ്തപ്രജ്ഞനായി അപ്രത്യക്ഷനാകേണ്ടി വന്നല്ലോ.

അബിക്ക് പറ്റിയ ഒരു കഥാപാത്രത്തെ മലയാള സിനിമയ്ക്ക് സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ സാധിച്ചില്ല എന്നതാണ് സത്യത്തിൽ സംഭവിച്ചത്. എന്നാൽ ഇക്കാലത്തു അബി തൊഴിലില്ലാതെ നിൽക്കുകയായിരുന്നു എന്നു പറയാൻ കഴിയുകയില്ല. അദ്ദേഹം പല ഹാസ്യപരിപാടികളുടെയും മെന്റർ ആയും ക്രിയേറ്റീവ് കൺസൽട്ടൻറ് ആയും ആങ്കർ ആയും ഒക്കെ പ്രവർത്തിച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് റഹ്‌മാൻ എന്ന നടൻ പുറത്തായതും അബിയുടെ മാറി നിൽപ്പും ഒരേ വെളിച്ചത്തിൽ വായിച്ചെടുക്കാം. റഹ്മാൻ സിനിമയിൽ വരുമ്പോൾ കൗമാരക്കാരനായിരുന്നു. അത് കഴിഞ്ഞു കുറെ നാളുകൾ കഴിഞ്ഞപ്പോൾ, റഹ്മാനെ മുതിർന്ന ഒരു മനുഷ്യനായി സങ്കൽപ്പിക്കാൻ മലയാളിയ്ക്ക് കഴിഞ്ഞില്ല. വിനീതും വിനീത് കുമാറും ഈ പ്രശ്നം അനുഭവിച്ചവരാണ്. ക്യാരക്ടർ റോളുകളിലേക്കു മാറിയ സുധീഷ് മാത്രമാണ് ഇതിനൊരു അപവാദം. അബിയുടെ പൗരുഷത്തെയും സ്ത്രൈണതയെയും ഒരുമിച്ചു പരിഗണിക്കാൻ പോന്നത്ര മലയാളി സമൂഹം അക്കാലത്തു വളർന്നില്ല. എന്നാൽ മിമിക്രി രംഗത്തെ ആദ്യ കാല സൂപ്പർസ്റ്റാർമാരിൽ ഒരാളായി അബിയെ അംഗീകരിക്കാൻ നമുക്ക് കഴിഞ്ഞു.

അമിതാഭ്ബച്ചനെ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു എന്ന് അബിയെക്കുറിച്ചു പലരും പറയാറുണ്ട്. പക്ഷെ എന്റെ അഭിപ്രായത്തിൽ അമിതാഭ് ബച്ചനെ അവതരിപ്പിക്കാനുള്ള കെൽപ് അബിയ്ക്ക് നൽകിയത് തെറ്റ് കൂടാതെ ഹിന്ദി പറയാനോ അല്ലെങ്കിൽ പറയുന്നതിനെ ഹിന്ദിയായി അനുഭവിപ്പിക്കാനോ ഉള്ള കഴിവായിരുന്നു. എന്നതു കൂടാതെ, അബിയുടെ മിമിക്രി കരിയറിനെ തുടക്കം മുതൽ ശ്രദ്ധിച്ചിട്ടുള്ള ഒരു വ്യക്തിയെന്ന നിലയിൽ എനിയ്ക്കു പറയാൻ കഴിയുന്നത്, അമിതാഭ് ബച്ചനെ അവതരിപ്പിക്കുമ്പോൾ അബിയ്ക്ക് അന്നത്തെ ഏതോ ക്യാമറാമാൻ നൽകിയ ലോ ആംഗിൾ ഷോട്ടുകളാണ് പിന്നീട് നമ്മുടെ ശീലമായത്. അമിതാബച്ചനെ അവതരിപ്പിക്കുമ്പോഴൊക്കെ ഈ ലോ ആംഗിൾ ഷോട്ട് ഉപയോഗിക്കുക എന്നത് ഒരു പാരമ്പര്യമായി. അബിയെ ഒരു ഐക്കോണിക് മിമിക്രി സ്റ്റാർ ആക്കിയത് ഈ ക്യാമറാ ഷോട്ട് കൂടി ചേർന്നിട്ടായിരുന്നു. പക്ഷെ ആ ഒരു ലോ ആംഗിൾ ഷോട്ട് കൊടുത്തു അബിയെ ഒരു സൂപ്പർ സ്റ്റാർ ആക്കാൻ വേണ്ട ഭാവനാവിലാസം അന്നത്തെ മലയാള സിനിമയ്ക്കില്ലായിരുന്നു. അത് വന്നപ്പോഴേയ്ക്കും അബി പോയിക്കഴിഞ്ഞിരുന്നു. തിരിച്ചു വരവിനുള്ള അവസരം തീർച്ചയായും ഉണ്ടായിരുന്നു. പ്രതാപ് പോത്തൻ, ജോയ് മാത്യു, ബാബു ആന്റണി തുടങ്ങി എത്രയോ നടന്മാർ ഒരു അജ്ഞാതവാസം കഴിഞ്ഞു തിരികെ എത്തുകയും ജനപ്രിയ നടന്മാരായി മാറുകയും ചെയ്തിട്ടുണ്ട്.

അബിയെക്കുറിച്ചു പറയുമ്പോഴൊക്കെ എനിയ്ക്കു ബോളിവുഡിലെ ജാവേദ് ജാഫ്രിയെ ഓർമ്മ വരും. ഇന്ത്യയിൽ ബ്രേക്ക് ഡാൻസ് എന്നൊരു നൃത്തരൂപം എന്തെന്നു പോലും കേട്ട് കേൾവിയില്ലാതിരുന്ന ഒരു കാലത്ത്, അമിതാഭ് ബച്ചൻ പോലും ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തുണ്ടായിരുന്ന ഭഗവാൻ ദാദാ എന്ന ഒരു നടന്റെ നൃത്തശൈലി കടമെടുത്തു നൃത്തം ചെയ്തുകൊണ്ടിരുന്ന കാലത്താണ് ഈ നടൻ ആ നൃത്ത രൂപവുമായി രംഗത്തു വന്നത്. മിഥുൻ ചക്രവർത്തിയുടെ, ഇന്ന് കണ്ടാൽ ചിരിച്ചു പോകുന്ന ഡിസ്കോ ഡാൻസും ഋഷി കപൂറിന്റെ ദഫ് മുട്ടും ഒക്കെയായി ബോളിവുഡ് കഴിയുന്ന കാലത്താണ് ജാവേദ് ജാഫ്രി എൺപതുകളുടെ രണ്ടാം പകുതിയിൽ ബ്രേക്ക് ഡാൻസുമായി വരുന്നത്. പക്ഷേ ജാവേദ് ജാഫ്രിയെ സ്വീകരിക്കാൻ ബോളിവുഡിന് പാകത വന്നില്ലായിരുന്നു. അതിനാൽ ജാവേദ് ഔട്ട് ആയി. പക്ഷെ പത്തു വർഷങ്ങൾ കഴിഞ്ഞു, പ്രഭുദേവ സൂപ്പർഹിറ്റ് മുക്കാബുലയുമായി വരുമ്പോൾ, ജാവേദ് ജാഫ്രിയും സഹോദരനായ നാവേദ് ജാഫ്രിയും ടെലിവിഷൻ ഡാൻസ് പരിപാടികളുടെ ജഡ്ജ്മാരായി ചുരുങ്ങിപ്പോയിരുന്നു. ചില കലാകാരന്മാർ അങ്ങിനെയാണ്; അവരുടെ വരവ് അല്പം നേരത്തെ ആയിപ്പോകും. അങ്ങിനെ നേരത്തെ വന്നു നേരത്തെ പോയ ഒരു കലാകാരനാണ് അബി.

Read More >>