സെക്സി ദുർഗ: പുരുഷാധിപത്യം കയ്യടക്കി വച്ചിരിക്കുന്ന രാത്രികൾക്കു നേരെ പിടിച്ച കണ്ണട

ഇന്ത്യൻ പുരുഷസാമാന്യത്തിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന വികൃതമായ സെക്സ് ഏറെയുണ്ട് സെക്സി ദുർഗയിൽ- ജോണി എംഎൽ എഴുതുന്നു

സെക്സി ദുർഗ: പുരുഷാധിപത്യം കയ്യടക്കി വച്ചിരിക്കുന്ന രാത്രികൾക്കു നേരെ പിടിച്ച കണ്ണട

സെക്സി ദുർഗ ഒടുവിൽ 'എസ് xxx ദുർഗ' ആയി. എന്നിട്ടും ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിമോത്സവത്തിൽ നിന്നും അത് പുറത്തായി. പുറത്താക്കപ്പെട്ട സിനിമകളിൽ 'നൂഡ്' എന്നൊരു മറാത്തി ചിത്രവും ഉണ്ടായിരുന്നു. സെക്സി ദുർഗയുടെ സംവിധായകൻ സനൽ കുമാർ ശശിധരൻ കോടതിയെ സമീപച്ചതിന്റെ ഫലമായി പ്രദർശനാനുമതി ലഭിച്ചു എങ്കിലും ഇനിയും പ്രദർശനത്തിനുള്ള തീയതി ലഭിച്ചിട്ടില്ല. കോടതി തീരുമാനത്തെ കേന്ദ്ര സർക്കാർ ചോദ്യം ചെയ്യുകയുമുണ്ടായി. കേസൊക്കെ കഴിഞ്ഞു വരുമ്പോൾ ഫിലിമോത്സവം സമാപിച്ചു കഴിയും. 'പാഥസാം നിചയം വാർന്നൊഴിഞളവ് സേതു ബന്ധനോദ്യോഗമെന്തടോ' എന്ന നളപാകത്തിലായി സംവിധായകൻ. സിനിമകൾക്കിപ്പോൾ നല്ല കാലമല്ല ഇന്ത്യയിൽ എന്ന് തോന്നുന്നു. മുതിർന്ന സംവിധായകനും സിനിമാപണ്ഡിതനുമായ ശ്യാമ ബെനഗലിനെക്കൊണ്ട് സെൻസർ ബോർഡിന് പുതിയ നിയമാവലിയൊക്കെ ഉണ്ടാക്കി സേഫ് ലോക്കറിൽ വെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ബോളിവുഡ് മുഖ്യധാരാ സിനിമകളുടെ ഒരു പ്രധാന ഘടകമായ ഗാനരചനയിൽ നിഷ്ണാതനായ പ്രസൂൺ ജോഷിയാണ് സെൻസർ ബോർഡ് ചെയർമാൻ. പക്ഷേ വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ സാംസ്കാരിക നിലപാടിൽ ഇവരൊക്കെ അപ്രസക്തരും വാക്കുകൾ വളച്ചൊടിക്കുന്നവരും ഓർവെലിന്റെ ഇരട്ട ഭാഷ സംസാരിക്കുന്നവരുമായി മാറിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ ശ്രീമതി ദുർഗയെ ഒന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു (ഇംഗ്ലീഷിൽ ഞാൻ ഈ സിനിമയെ കുറിച്ച് എഴുതിയ ലേഖനത്തിൽ ട്രിപ്പിൾ എക്സ് ദുർഗ എന്നാണു ഞാൻ സിനിമയെ വിശേഷിപ്പിച്ചത്). ഡൽഹിയിൽ ഈ സിനിമ പ്രദര്ശിപ്പിച്ചപ്പോൾ സംവിധായകനായ സനൽ കുമാറിനോട് കാണികളിലൊരാൾ സിനിമയ്ക്ക് സെക്സി ദുർഗ എന്ന് പേര് കൊടുക്കാനുള്ള കാരണം ചോദിച്ചു. അതിനു സനൽ ഉത്തരം പറഞ്ഞത് ഇങ്ങനെയായിരുന്നു: "സിനിമയ്ക്ക് ചേട്ടത്തി എന്നോ അനിയത്തി എന്നോ പെങ്ങൾ എന്നോ 'അമ്മ എന്നോ മകൾ എന്നോ ഒക്കെ പേര് കൊടുക്കാമായിരുന്നു. പക്ഷേ, എന്ത് കൊണ്ടോ സെക്സി ദുർഗ എന്ന പേരാണ് മനസ്സിൽ വന്നത്." ഇത്തരമൊരു വിവാദം മുൻകൂട്ടി കണ്ടിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായൊരുത്തരം കിട്ടിയില്ല. പകരം, "പേര് മാറ്റിയാലും ഇല്ലെങ്കിലും ഈ സിനിമ സെക്സി ദുർഗ എന്ന് തന്നെയായിരിക്കും ജനങ്ങളുടെ മനസ്സിൽ നിലനിൽക്കാൻ പോകുന്നത്" എന്ന് സംവിധായകന് ഉറപ്പുണ്ട്. അതിനാൽ ഞാൻ ഈ സിനിമയെ ശ്രീമതി ദുർഗ എന്ന് വിശേഷിപ്പിച്ചാലും വായനക്കാർ സെക്സി ദുർഗ എന്ന് തന്നെ മനസിലാക്കും എന്നൊരു ഉറപ്പോടെ തുടങ്ങട്ടെ.

മിക്കവാറും സിനിമകളുടെ പേര് ആ സിനിമകളുടെ ഉള്ളടക്കത്തിന്റെ സ്വഭാവവുമായി അടുത്ത് നിൽക്കുന്നതായിരിക്കും. സിനിമയുടെ ടൈറ്റിൽ, മറ്റെല്ലാ ടൈറ്റിൽ പോലെയും അർത്ഥദ്യോതകമായ ഒരു സൂചകമാണ്. ഒന്നോർത്താൽ മനുഷ്യന്റെ പേരൊഴികെ മറ്റെല്ലാ പേരുകളും അവയുടെ സ്വഭാവവുമായി ബന്ധപ്പെടുത്താൻ കഴിയുന്നതാണ്. മറ്റെല്ലാത്തിനും അർത്ഥവത്തായ പേര് കൊടുക്കാൻ കഴിയുന്ന മനുഷ്യൻ പക്ഷേ മറ്റൊരു മനുഷ്യ ജീവിക്കു പേരിടുമ്പോൾ മാത്രം അമ്പേ പരാജയപ്പെട്ടു പോകുന്നു. അതിനാൽ സെക്സി ദുർഗ എന്ന പേര് പല തലങ്ങളിൽ അർത്ഥ സമ്പുഷ്ടവും മറ്റു പല തലങ്ങളിൽ മനഃപൂർവം ആദർശ- വിമർശ- വിവാദ കാംക്ഷകൾ വച്ചു പുലർത്തുന്നതാണെന്നു പറയേണ്ടി വരും. കാരണം സിനിമയിൽ ഒരു സവിശേഷ സാഹചര്യത്തിൽ വന്നു പെട്ട് പോകുന്ന ഉത്തരേന്ത്യൻ പെൺകുട്ടിയുടെ പേര് ദുർഗ എന്നാണ് എന്നല്ലാതെ അല്ലാതെ വേറെ വലിയ വിശേഷം ഒന്നും ഇല്ല എന്ന് കരുതണം, കാരണം സനൽ തന്നെ പറയും പോലെ അവളുടെ പേര് സീത എന്നോ വാസന്തിയെന്നോ ദാക്ഷായണി എന്നോ സ്മിത എന്നോ മേരി എന്നോ ജാസ്മിൻ എന്നോ താഹിറ എന്നോ ഒക്കെ ആയിരുന്നെങ്കിലും വലിയ വ്യത്യാസം ഒന്നും ഉണ്ടായിരിക്കില്ല. ഇന്ത്യയിലെ മനുഷ്യരുടെ പേരുകളിൽ മിക്കതും ഹൈന്ദവ പുരാവൃത്തങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും കടമെടുത്തവയാണ് എന്നതിനാൽ, ഇന്ത്യൻ പെൺകുട്ടികളുടെ മിക്കവാറും പേരുകൾ ദേവിമാരുടേത് തന്നെയായിരിക്കും, അവയിൽ കാലാനുസൃതമായ ഉച്ചാരണ- സ്പെല്ലിങ് വ്യത്യാസങ്ങൾ വരുമെന്ന് മാത്രം. അപ്പോൾ ശ്രീമതി ദുർഗയിലെ പെൺകുട്ടിയ്ക്ക് മറ്റേതൊരു പേരും ആകാമായിരുന്നു.

സിനിമയുടെ തുടക്കം തന്നെ ആരണ്യകാണ്ഡത്തിൽ നിന്നുള്ള ഏതാനും വരികളോടെയാണ്. ശൂർപ്പണഖയുടെ മൂക്കും മുലയും അറിയുന്നതാണ് സന്ദർഭം. പദ്മാവതിയുടെ കാര്യത്തിൽ ഇതുണ്ടാകും എന്നും സനൽ മുൻകൂട്ടി കണ്ടതുപോലെ. അതായത്,നാമൊരിടത്തു സ്ത്രീയെ ദേവതയായും മറ്റൊരിടത്തു വേശ്യയായും വേട്ടമൃഗമായും കണക്കാക്കുന്നു. സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയെ നാം പൂട്ടിയിടുന്നു (ഹാദിയയുടെ കാര്യത്തിലെന്ന പോലെ). സനൽ പറയാനുദ്ദേശിക്കുന്നതും അത് തന്നെ. ഒരു പെൺകുട്ടി അപ്രതീക്ഷിതമായ ഒരു അവസ്ഥയിൽ എത്തിച്ചേരുകയാണ്. അവളെ പുരുഷ സമൂഹം എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് സിനിമയുടെ കേന്ദ്രപ്രമേയം. ഇന്ത്യയിലെ ഒരു ദേവതമാർക്കും പുരുഷതുല്യമായ ആഖ്യാനസ്വരം ലഭിച്ചിട്ടില്ല എന്നിരിക്കെ, ദുർഗയ്ക്കു മാത്രം അത് ലഭിക്കുമെന്ന് നമുക്ക് തീരുമാനിക്കുക വയ്യ. പക്ഷേ ദുർഗയ്ക്കു ഇന്ത്യയിൽ, പ്രത്യേകിച്ചും ബംഗാളിൽ സവിശേഷമായ ഒരു വ്യക്തിത്വം ലഭിച്ചിട്ടുണ്ട്. ദുർഗയെ ശത്രുസംഹാരരൂപിണിയായി കാണുന്ന അതെ സമൂഹം തന്നെ, അവളെ ആ പീഠത്തിൽ നിന്ന് ഇറക്കി നിറുത്തിയാൽ ഉടൻ തന്നെ പീഡനത്തിന് വിധേയയാക്കുന്നതും കാണാം. ഇന്ത്യൻ സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പിനെയാണ് സനൽ പ്രതികൂട്ടിൽ നിറുത്തുന്നത്. അതിനാൽ ഏതൊരു ഇന്ത്യൻ സ്ത്രീ നാമധേയവും ഈ സിനിമയ്ക്ക് അനുയോജ്യമായിരിക്കുമായിരുന്നു. ദുർഗ എന്ന പേര് ഒരു പക്ഷേ, അവളുടെ ഉപയോഗരഹിതമായ ക്രൗര്യത്തിനു ഒരു അടിവര എന്ന നിലയിലാകാം സംഭവിച്ചിട്ടുള്ളത്. ആത്യന്തികമായി സിനിമ സംവിധായകന്റേതാണല്ലോ.

നമുക്കാ പെൺകുട്ടിയുടെ പേരറിയില്ല. രാത്രി വഴിവിളക്കിനരികിൽ നിന്നല്പം പിന്നോട്ട് മാറി അവൾ ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ്. കഥയിൽ ചോദ്യമില്ല. ഷോർട് ഫിലിമുകളിൽ അങ്ങനെയാണല്ലോ. എങ്ങിനെ അവൾ അവിടെ വന്നെത്തി. ഒരു യൂറോപ്യൻ സിനിമയുടെ മഞ്ഞുകാല പശ്ചാത്തലത്തിൽ കോട്ടിന്റെ പോക്കറ്റുകൾക്കുള്ളിൽ കൈതിരുകി നടക്കുന്ന നായികയുടെ ക്ളോസ് ഷോട്ടിനെ നാം അംഗീകരിക്കുമെങ്കിൽ, ഒറ്റയ്ക്ക് ഒരു രാത്രി വഴിവിളക്കിനു താഴെ വന്നു നിൽക്കുന്ന ഈ പെൺകുട്ടിയെയും നാം അംഗീകരിക്കണം. അവളുടെ പേര് ദുർഗ എന്നാണെന്നു നാം വഴിയേ മനസിലാക്കുന്നു. അതും അവളുടെ കാമുകനായ കബീറിന്റെ വാക്കുകളിലൂടെ. സിനിമയിൽ ദുർഗ പല തലങ്ങളിൽ നിർവീര്യയാക്കപ്പെട്ടവളാണ്. ഒന്നാമത് അവൾ മലയാളം പറയുന്നവളല്ല. അവൾ ഉത്തരേന്ത്യാക്കാരിയാണ്. രണ്ടാമത്, അവൾ രാത്രിയിൽ നാം പൊതു ഇടം എന്ന് വിശേഷിപ്പിക്കുന്ന ഒരിടത്ത് നിൽക്കുകയാണ്. മാന്യയായ ഒരു യുവതി ആ സമയത്ത് ഈ പൊതു ഇടത്തിൽ വരാൻ പാടില്ല എന്നാണ് നാം കരുതുന്നത്. വന്നാൽ, അവൾ ഒരു കടന്നു കയറ്റക്കാരിയാവുകയാണ്. അങ്ങിനെ നാവ് അരിയപ്പെട്ട, കടന്നു കയറ്റക്കാരിയായ ഒരു താന്തോന്നിയാണവൾ. അതിനാൽ അവളുടെ സ്വയം നിർണയാവകാശം അവളിൽ നിന്ന് എടുത്തു കളയാനുള്ള അവകാശം ഒരു പുരുഷാധിപത്യ സമൂഹത്തിനുണ്ട്. ആ പെൺകുട്ടിയുടെ നിർവീര്യകാരണമാണ് ഈ സിനിമ.

ഭക്തിഭാവം ഭ്രാന്തായി മാറിയ ഒരു പുരുഷ സമൂഹം ദുർഗാദേവിയ്ക്കു വേണ്ടി സ്വന്തം ശരീരത്തിൽ കൊളുത്തുകൾ കയറ്റി ഗരുഡൻ തൂക്കം തൂങ്ങാൻ തയാറാകുന്ന പശ്ചാത്തലത്തിലാണ് ഉത്തരേന്ത്യൻ ദുർഗ അവളുടെ മലയാളി കാമുകനുമായി രാത്രി റോഡിൽ വന്നു പെടുന്നത്. ഒരു വശത്തു ദേവിയ്ക്ക് വേണ്ടി എന്ത് മരണക്കളിക്കും തയാറാകുന്ന ബലിഷ്ഠമായ പുരുഷ ഉടലുകളുടെ കെട്ടിപ്പിണയലുകൾ. മറുവശത്തു, പുരുഷന്മാർ ഒരു സ്ത്രീയെ കൊണ്ട് നടത്തുന്ന എലിയും പൂച്ചയും കളി. അടുത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ പോകാൻ ഒരു ലിഫ്റ്റ് ചോദിക്കുന്ന കബീറിനും ദുർഗയ്ക്കും അത് നൽകുന്നത് മാരുതി ഓംനിയിൽ വരുന്ന രണ്ടു ചെറുപ്പക്കാർ. ആ കാറിന്റെ 'സുരക്ഷിതത്വത്തിലേയ്ക്ക്' കടന്നു വരുന്ന അവർക്കു നേരിടേണ്ടി വരുന്നത് വലിയ അപമാനം ആണ്. അവർ ദുർഗയെ ഉപദ്രവിക്കുന്നില്ല. പക്ഷേ അവളെ നിശബ്ദയും ഭയമുള്ളവളും ആക്കുന്നതിലൂടെ അവളുടെ പ്രകാരണാധികാരം കബീറിന് കൈമാറുന്നു. പിന്നെ കബീറിന്റെ വരിയുടയ്ക്കലാണ്‌ നാം കാണുന്നത്. വാക്കുകൾ കൊണ്ട് അവനെ അവർ പുരുഷത്വം നഷ്ടപ്പെടുന്നവനാക്കുന്നു. അതായത് ഇവിടെ ദുർഗ മാത്രമല്ല നിർവീര്യയാക്കപ്പെടുന്നത്, കബീർ കൂടിയാണ്. കബീർ ദുർഗയുടെ സ്വയംഭരണാധികാരത്തിന്റെ പങ്കാളിയായതിനാൽ അവനും ശിക്ഷിക്കപ്പെടേണ്ടവനാകുന്നു എന്ന പുരുഷാധിപത്യ നിയമത്തിന്റെ ഇരയാണ്. നാല് പ്രാവശ്യമാണ് ഈ കമിതാക്കൾ കാറിൽ നിന്ന് രക്ഷപ്പെടുന്നത്. ഒരു പക്ഷേ പീഢകർ തന്നെ അവരെ രക്ഷപെടാൻ അനുവദിക്കുകയാണ്. എങ്കിൽ മാത്രമേ അവർക്കു ഈ ഇരകളെ പിന്തുടർന്ന് പിടിക്കാൻ കഴിയൂ.

സനലിന്റെ സിനിമയിൽ വില്ലന്മാർ കാറിലുള്ളവർ മാത്രമല്ല. കാർ ഒരു രൂപകം മാത്രമാണ്. അതിമനോഹരമാണ് ഭീഷണമായും അലങ്കരിക്കപ്പെട്ട ഒരു ഉത്സവ എടുപ്പ് കുതിരപോലെയാണ് ആ കാർ പായുന്നത്. അതിനുള്ളിൽ ചെകിടിനെ ഭേദിക്കുന്ന റോക്ക് മെറ്റൽ പാട്ടുണ്ട്. അതൊരു തരം ആക്രോശമാണ്. പ്രതികാരം കാംക്ഷിക്കുന്ന അക്രമം ആവശ്യപ്പെടുന്ന ഒരു യുദ്ധപ്രഘോഷണം ആണ് ആ സംഗീതം. അതിന്റെ പശ്ചാത്തലത്തിൽ ആ കാറിനുള്ളിലേയ്ക്ക് ആളുകൾ വരികയും പോവുകയും ചെയ്യുന്നു. ഒരിടത്തു അത് പോലീസുകാരുടെ രൂപത്തിലാണ്. സൗമനസ്യം കാട്ടുന്നത് പോലെയാണ് പോലീസ് അപമാനവീകരിക്കപ്പെട്ട ആ കമിതാക്കളോടു പെരുമാറുന്നത്. പീഡനത്തിനിരയായവരുടെ കണ്ണുകളിലെ ഭീതിയെ വായിച്ചെടുക്കാൻ കഴിയാത്ത പോലീസുകാർക്ക് പക്ഷേ ക്രിമിനലുകളുടെ തമാശ എത്ര പെട്ടന്നാണ് തിരിച്ചറിയാൻ കഴിയുന്നത്. തുടർന്ന് സനൽ വളരെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന മതതീവ്രവാദത്തിന്റെ പ്രതിനിധികൾ കൂടി കാറിൽ കയറുന്നു. അതിനു തൊട്ടു മുൻപ്, അവരെ സമൂഹത്തിലെ സദാചാരത്തിന്റെ സംരക്ഷകരായ രണ്ടു മാന്യന്മാർ പൊതു നിരത്തിൽ വെച്ച് ആക്രമിക്കുകയാണ്. ആ സന്ദർഭത്തിൽ കാർ വീണ്ടുമെത്തുന്നു. ഇത്തവണ രണ്ടു പേര്, നാലുപേരായാണ് വരുന്നത്. മാന്യന്മാരും കാറിൽ വന്നവരും തമ്മിൽ നടത്തുന്ന പോർ വിളികൾ, രണ്ടു കൂട്ടം ചെന്നായ്ക്കൾ അവരുടെ ഇരകൾക്കു വേണ്ടി അവകാശവാദം ഉന്നയിക്കുന്നു എന്നല്ലാതെ മറ്റൊന്നായും മനസിലാക്കാൻ കഴിയില്ല.

വളരെ പ്രസക്തമായ രണ്ടു രംഗങ്ങൾ ഈ രാത്രി നടക്കുന്നു. ഒന്നാമത്തേത്, ദുർഗയ്ക്കു മൂത്രം ഒഴിക്കണം എന്ന് വരുന്ന ഒരു സന്ദർഭത്തിലാണ്. തങ്ങൾ 'ചേച്ചിയെ' ഒരു തരത്തിലും ഉപദ്രവിക്കുന്നില്ലല്ലോ എന്ന് പറയുന്ന ആ നാൽവർ സംഘം നിരന്തരം മദ്യപിക്കുകയും, മൂത്രം ഒഴിക്കുക എന്നതിനെക്കുറിച്ചും സംസാരിക്കുകയും ചെയ്യുന്നു. ബലാൽക്കാരത്തിന്റെ ഏറ്റവും നികൃഷ്ടമായ ഭാഷാന്തരീകരണമാണ് അപ്പോൾ നടക്കുന്നത്. മറ്റൊരു സന്ദർഭത്തിൽ, റോഡിൽ വെച്ച് തർക്കമുണ്ടാകുന്നു. ശബ്ദം കേട്ട് തൊട്ടടുത്തുള്ള വലിയ വീട്ടിൽ നിന്ന് വൃദ്ധ ദമ്പതികൾ ഇറങ്ങി വരുന്നു. ഗേറ്റ് തുറന്നു നോക്കുന്ന അവർ, അൽപ നേരത്തിനു ശേഷം, ഒന്നും മിണ്ടാതെ തിരികെ വീട്ടിനകത്തു പോയി ലൈറ്റണയ്ക്കുകയാണ്. ആ വീടിനു ഗേറ്റ്, ഗ്രിൽ, വാതിൽ തുടങ്ങി മൂന്നു സംരക്ഷണകവചങ്ങൾ ഉണ്ട്, പക്ഷേ അവർക്കു തൊട്ടു മുന്നിൽ നടക്കുന്ന ഒരു പീഡനത്തെ എതിർക്കാനായി ഒന്നും ചെയ്യാനാകുന്നില്ല. ഒരു തരം നിസംഗതയോടെ അവർ തിരികെ നടക്കുകയാണ്. ഇത് നമ്മൾ തന്നെയാണ്. നമ്മൾ ഇങ്ങനെ തിരിഞ്ഞു അകത്തു കയറി കുട്ടിയിടുന്നവരാണ്. ഓരോ സന്ദർഭത്തിലും അവരെ രക്ഷിക്കാൻ ആരെങ്കിലും വന്നെങ്കിൽ, അവർക്കു മറ്റാരെങ്കിലും ലിഫ്റ്റ് കൊടുത്തെങ്കിൽ, അവർക്കു ചെന്നെത്തേണ്ട തീവണ്ടിയാപ്പീസിൽ ചെന്നെത്തിയിരുന്നെങ്കിൽ എന്ന് നമുക്ക് തോന്നിപ്പോകുന്നു. നമ്മുടെ പ്രതീക്ഷകളെ കൊഞ്ഞനം കുത്തിക്കൊണ്ട് തീവണ്ടികൾ കാറിനു സമാന്തരമായി പാഞ്ഞു പോകുന്നുണ്ട്.

ഭീകരമായ ഒരു വൈയക്തികാനുഭവത്തിന്റെ ജ്ഞാനസ്നാനമാകണം ദുർഗയ്ക്കും കബീറിനും ആ യാത്രയിൽ സംഭവിക്കുന്നത്. വൈചാരികമായ ഒരു വിരേചനം കാണികളായ നമുക്കുണ്ടാകുമെങ്കിൽ അത്രയും നന്ന്. റോഡ് സിനിമ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ സിനിമ ഒറ്റ ഷെഡ്യൂളിൽ ആണ് പൂർത്തിയാക്കിയിരിക്കുന്നത്. പരീക്ഷണ സിനിമകൾക്കും ശ്രദ്ധയുള്ള കാണികളെ പിടിച്ചിരുത്താൻ കഴിയുമെന്ന് ഈ സിനിമ തെളിയിക്കുന്നുണ്ട്. നിർദ്ദിഷ്ട സമയ ദൈർഘ്യം ലഭിക്കാനാണോ എന്നറിയില്ല, ഹിന്ദു ക്ഷേത്രത്തിൽ നടക്കുന്ന ആചാരങ്ങളുടെ ഷോട്ടുകൾ വൈരസ്യത്തോളം എത്തുന്ന ഒരു രീതിയിൽ തുടരുന്നു. സിനിമയുടെ കേന്ദ്രപ്രമേയവുമായി ഒരു പശ്ചാത്തലം എന്ന നിലയിൽ പോലുമല്ല അത് സംഭവിക്കുന്നത്. ഒരു ഉദ്ധരണിയുടെ പങ്കാണ് ആ ഷോട്ടുകൾ നിർവഹിക്കുന്നത്. പക്ഷേ സനലിന്റെ രണ്ടാമത്തെ ചിത്രമായ ഒഴിവു ദിവസത്തെ കളിയിലും ഇത്തരം ദൈർഘ്യം കണ്ടിരുന്നു. അതൊരു ശൈലീകൃതമായ ദൈർഘ്യം ആയി വളരുമെങ്കിലും നന്ന് . ഫാസ്റ്റ് എഡിറ്റിംഗ് കണ്ടു ശീലിച്ച കാണികൾക്കു, പോക്കുവെയിൽ ലെവലിൽ തിരികെ പോവുക പ്രയാസം. സെക്സി ദുർഗയിൽ സെക്സി എന്ന് പറയാൻ ഒന്നുമില്ല. പക്ഷേ ഇന്ത്യൻ പുരുഷസാമാന്യത്തിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന വികൃതമായ സെക്സ് ഏറെയുണ്ട്. എന്തായാലും, നമ്മുടെ പുരുഷാധിപത്യത്തിനു നേരെയും, അത് കൈയടക്കി വച്ചിരിക്കുന്ന പൊതു- സാംസ്കാരിക മണ്ഡലങ്ങൾക്ക് നേരെയും, രാത്രികൾക്കു നേരെയും പിടിച്ച ഒരു കണ്ണട തന്നെയാണ് എസ് ദുർഗ എന്ന സിനിമ.

Read More >>