എസ്.ഹരീഷിന്റെ കഥയിലെ ജോണ്‍ എബ്രഹാം ഇവിടെയുണ്ട്; ആലപ്പുഴ ശാന്തിഭവനില്‍ ഇറച്ചി ആല്‍ബിന്റെ കര്‍ത്താവായി!

എസ് ഹരീഷിന്റെ 'ചപ്പാത്തിലെ കൊലപൊതക'ത്തിലെ ജോണ്‍ എബ്രഹാം മരിച്ച് 10 വര്‍ഷത്തിനു ശേഷം 1997ല്‍ ജയില്‍ ശിക്ഷകഴിഞ്ഞിറങ്ങിയ ഇറച്ചി ആല്‍ബിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവിനെ പോലുള്ളയാള്‍ - ജോണെന്ന് ഹരീഷിന്റെ കഥയും കര്‍ത്താവെന്ന് ആല്‍ബിനും വിശ്വസിക്കുന്ന ആ മനുഷ്യനാരാണ്?- ഇന്ന് ജോണ്‍ എബ്രഹാമിന്റെ മുപ്പതാം ചരമദിനം.

എസ്.ഹരീഷിന്റെ കഥയിലെ ജോണ്‍ എബ്രഹാം ഇവിടെയുണ്ട്; ആലപ്പുഴ ശാന്തിഭവനില്‍ ഇറച്ചി ആല്‍ബിന്റെ കര്‍ത്താവായി!

അത് ജോണ്‍ എബ്രാഹാമിയിരുന്നോ!!

1997ലെ ഒരു മഴചാറ്റുന്ന രാത്രി, ജോണ്‍ എബ്രഹാം മരിച്ച് 10 വര്‍ഷത്തിനു ശേഷം, പുറക്കാട്ടെ കടപ്പുറത്ത് പ്രത്യക്ഷപ്പെട്ട, ആ ആള്‍ ജോണ്‍ എബ്രഹാമായിരുന്നോ!

'ഇന്നാ രഹസ്യം കണ്ടുപിടിക്കണം'- ഒന്നാമനെക്കൊണ്ട് കൈകള്‍ കൂട്ടിത്തിരുമ്മിച്ച് ചപ്പാത്തിലെ കൊലപാതകം എന്ന കഥയില്‍ എസ്. ഹരീഷ് പറയിപ്പിച്ചു. പിന്നീടാ രഹസ്യം തേടി. 'ഒരാളിങ്ങനെ പെട്ടെന്ന് മാറണമെങ്കില്‍ എന്തോ കാര്യമുണ്ട്'- രണ്ടാമന് തന്റെ സംശയത്തെ കുറിച്ചു തന്നെ സംശയമായിരുന്നു. 'ഒരാള്‍ക്ക് ശരിക്കും രണ്ട് ജീവിതം ജീവിക്കാന്‍ പറ്റിയ പോലെ'

ഹരീഷിന്റെ കഥയില്‍, ഈ പറഞ്ഞു വരുന്നത് തമ്പിയെ കുറിച്ചാണ്. 30 വര്‍ഷം മുന്‍പുള്ള കാലം. അക്കാലത്ത് കാളിയാര്‍ ടൗണില്‍ മാടന്‍ എന്നായിരുന്നു അയാളുടെ വിളിപ്പേര്. അതേപേരിലുള്ള ഒരു ഒറ്റയാനും ആ സമയം പരിസരത്തെ കാടുകളിലുണ്ടായിരുന്നു. മാടനിറങ്ങി എന്നറിഞ്ഞാല്‍ മനുഷ്യനോ ആനയോ എന്നറിയാതെ ആളുകള്‍ നേരത്തെ കടകള്‍ അടച്ചു പോവുകയും നിരത്തുകള്‍ വിജനമാവുകയും ചെയ്യും.

അതെ, 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴ പട്ടണത്തെയും വിറപ്പിച്ച, ചേരയുടെ മണമുള്ള പേരായിരുന്നു ഇറച്ചി ആല്‍ബിന്‍! ഒരു കൊലക്കേസും ബാക്കി 21 കേസുകളുമായി ഇറച്ചി ആല്‍ബിന്‍ ജയിലിലായി. ജയിലില്‍ നിന്നിറങ്ങിയ ശേഷം ആല്‍ബിന് അവിശ്വസനീയമായ മാനസാന്തരമുണ്ടായി. ആല്‍ബിനിപ്പോള്‍ കാവിയും കൊന്തയും ധരിക്കുന്ന സ്‌നേഹദൂതനാണ്. സന്യാസിയാണ്. ശാന്തനാണ്. ശാന്തിഭവനില്‍ 160 അന്തേവിസികളുണ്ട്, ആരോരുമില്ലാത്തവരായി... അവരുടെ ജീവനെടുക്കാന്‍ രോഗത്തെയോ പട്ടിണിയെയോ അനുവദിക്കാത്ത കാവല്‍ക്കാരനാണ്.

ആല്‍ബിന്റെ കഥയാണ്, ഹരീഷ് ചപ്പാത്തിലെ കൊലപാതകം എഴുതിയതിലേയ്ക്ക് നയിച്ചത്. ഹരീഷ് ആല്‍ബിനെ കണ്ടിട്ടില്ല. കുട്ടനാട്ടുകാരനായ കൂട്ടുകാരന്‍ റോബിന്‍ പറഞ്ഞു കേട്ടതാണ് ആല്‍ബിനെ പറ്റി.

ഹരീഷിന്റെ കൂട്ടുകാരന്‍ റോബിനന്ന്, ഒരു ക്രിസ്ത്യന്‍ ചാനലിലെ റിപ്പോര്‍ട്ടറാണ്. മാനസാന്തരപ്പെട്ട ആല്‍ബിനെ കാണാന്‍ റോബിന്‍ പോകുന്നത് കര്‍ത്താവിന്റെ മഹത്വം ചിത്രീകരിക്കാനാണ്.

ആല്‍ബിന്‍ പഴയജീവിതവും പുതിയജീവിതവും പറഞ്ഞു.

അപ്പന്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി. ആരെയും കൂസാത്തയാള്‍. ഷാപ്പില്‍ വെച്ച് ഒന്നും രണ്ടും പറഞ്ഞ് ആരുമായോ കശപിശയുണ്ടായി. അത് കടലിലേയ്ക്ക് പടര്‍ന്നു. വള്ളത്തില്‍ വെച്ച് പങ്കായത്തിനടിച്ച് കൊന്ന് കടലില്‍ കളഞ്ഞു. മൂന്നാം ദിവസം കരയ്ക്കടിഞ്ഞപ്പോള്‍ 11 വയസുള്ള ആല്‍ബിന്‍ മീന്‍ കൊത്തിയ അപ്പനെ കരഞ്ഞു കണ്ടതിനപ്പുറത്തേയ്ക്ക് ആല്‍ബിനൊരു ബാല്യമില്ല.

അനുജനും അനുജത്തിയും ആല്‍ബിന്റെ ചുമലിലായി. അലഞ്ഞു നടന്ന് പലജോലികള്‍ ചെയ്തു. വലിക്കുകയോ കുടിക്കുകയോ ചെയ്യാത്ത... പള്ളീലച്ചന്മാരുടെ കുഞ്ഞാടായുള്ള ജീവിതം. കയര്‍ഫാക്ടറിയില്‍ ജോലികിട്ടിയപ്പോള്‍ അനുജനും അനുജത്തിക്കും ലണ്ടന്‍മാനേജരോട് പറഞ്ഞ് അവിടെ തന്നെ ജോലി വാങ്ങി കൊടുത്തു. എല്ലാവര്‍ക്കും ഫാക്ടറി തൊഴിലായി. അനുജനവിടെ നിന്നു തന്നെ പ്രേമിച്ച് കല്യാണം കഴിച്ചു. അതത്ര ശുഭമായില്ല. അനുജന് വയ്യെന്നും പറഞ്ഞ് ഓടിച്ചെല്ലുമ്പോള്‍, ഭാര്യവീട്ടില്‍ തൂങ്ങിക്കിടക്കുകയാണ്. കെട്ടഴിച്ച്, മടിയില്‍ കിടത്തിയപ്പോള്‍ കൊന്നതാരെന്ന് അനുജന്‍ പറഞ്ഞു. അനുജനല്ലായിരുന്നു, ആല്‍ബിനവന്‍ മകനായിരുന്നു. ശവമടക്കു കഴിഞ്ഞ് നേരെ പോയത് ഷാപ്പിലേയ്ക്ക്. കുടിച്ചിട്ടും തീരാത്ത പ്രതികാരം ഉള്ളില്‍ നുരഞ്ഞു. ആല്‍ബിനങ്ങനെ ഇറച്ചി ആല്‍ബിനായി. വിവാഹമൊക്കെ അപ്പോഴേ കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങളുണ്ടായിരുന്നു. കണ്ണിലതൊന്നും പെട്ടില്ല. ടൗണിലെ ഇറച്ചിക്കശാപ്പിന്റെ കുത്തക പിടിച്ചു. മാടുകളുടെ മരണപ്പിടച്ചിലുകള്‍ക്കിടയില്‍ ആല്‍ബിനില്‍ ചോര കട്ടപിടിച്ചു.

'അങ്ങനെയുള്ള മാടന്‍ തമ്പിയാണ് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ കാരണമൊന്നുമില്ലാതെ പാടെ മാറിപ്പോയത്. പണം പലിശയ്ക്ക് വാങ്ങിയവരോട് അയാള്‍ തിരിച്ചു ചോദിക്കാതെയായി. അറിഞ്ഞു കൊടുത്തവരോട് മുതല്‍ മാത്രം വാങ്ങി. ഗുണ്ടാപ്പിരിവും തല്ലും തീരെ നിര്‍ത്തി. ചപ്രമീശയും പുകയില നാറ്റവുമാണ്ടായിരുന്ന മുഖം ഒരു മുയല്‍ക്കുഞ്ഞിന്റേതു പോലെ ശാന്തമായി'- ഹരീഷ് എഴുതിയതങ്ങനെയാണ്.


മാനസാന്തരത്തിന്റെ കഥയാണല്ലോ, റോബിനോട് ആല്‍ബിന്‍ പറയുന്നത്. ആ മാനസാന്തരത്തിന്റെ കഥ, ഇങ്ങനെയാണ് പറഞ്ഞത്- 'ജയിലിന്നിറങ്ങി വീട്ടിലെത്തിയപ്പോള്‍ കുഞ്ഞുങ്ങളൊക്കെ വലുതായി. പ്രായപൂര്‍ത്തിയായി. അവരെ പഠിക്കാനും മറ്റും പലരും സഹായിക്കുന്നു. വീട്ടില്‍ നിന്നാല്‍ അവര്‍ക്ക് അതും കൂടി ഇല്ലാതാകും. വീട്ടിന്നിറങ്ങിയപ്പോള്‍, ലോകമങ്ങനെ വിശാലമായി കിടന്നു. എന്തു ചെയ്യണമെന്നാലോചിച്ചങ്ങനെ തീരത്തിരിക്കുമ്പോള്‍ തോന്നി, ആരുമില്ലാത്തവര്‍ക്കായി ജീവിക്കാം. അങ്ങനെ അലഞ്ഞു തിരിയുന്ന ഒരു വൃദ്ധനുമായി ഒരു വീട് വാടകയ്‌ക്കെടുത്ത് ശാന്തി ഭവന്‍ തുടങ്ങി. ആരുമില്ലാത്തവര്‍ ഏറെയുള്ളതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ അത് 13പേരായി ഉയര്‍ന്നു. പക്ഷെ, ഇത്രയും പേര്‍ക്ക് ഭക്ഷണം കണ്ടെത്താനാവുന്നില്ല. ആല്‍ബിനെ ആരും വിശ്വസിക്കുന്നില്ല. കിഡ്‌നി എടുക്കാനുള്ള പരിപാടിയാണെന്നും മറ്റുമായി പ്രചാരണം. പൊലീസ് നിരന്തരം കയറിയിറങ്ങി. ഒരു ദിവസം എല്ലാവരും പട്ടിണിയിലായി. ഇത്തിരി അരി കടം പോലും കിട്ടുന്നില്ല. എല്ലാവരേയും തെരുവിലേയ്ക്ക് പറഞ്ഞു വിടാമെന്നു കരുതി. ആ രാത്രി ആരുമറിയാതെ രണ്ടാളെ തെരുവിലേയ്ക്ക് മടക്കാന്‍ തീരുമാനിച്ചു. ഇരുട്ടു വരാന്‍ കാത്തു നിന്നു. അതാണ് 1997 ആഗസ്റ്റിലെ ആ രാത്രി. പെട്ടെന്ന് അയലത്തുള്ള ആരോ പറഞ്ഞു, ദാണ്ടെ അവിടെ കര്‍ത്താവിനെ പോലൊരാള്‍ നില്‍ക്കുന്നുവെന്ന്. ചെന്നു നോക്കി ഭ്രാന്തനൊന്നുമല്ല. താടിയും മുടിയും നീണ്ടിട്ടാണ്. പക്ഷെ ഉടുപ്പില്‍ അഴുക്കില്ല. പ്രകാശമാനമായ മുഖം'

ആല്‍ബിനു ഉള്ളിലൊരാന്തലുണ്ടായി- കര്‍ത്താവ്!

ആല്‍ബിനെ കണ്ടതും അയാള്‍ കെട്ടിപ്പിടിച്ചു. ഇംഗ്ലീഷിലും പിന്നെ വേറേതോ ഭാഷയിലും മലയാളത്തിലുമാണ് സംസാരിച്ചത്. കുറച്ചു മാത്രമായിരുന്നു സംസാരം- 'നീ തേടുന്നയാള്‍ ഞാനാണ്... വിശക്കുന്നു' എന്നു പറഞ്ഞു. ആല്‍ബിനയാളെ കൂട്ടിക്കൊണ്ടു പോയി. ഭക്ഷണം കൊടുത്തു. കിടക്കാന്‍ കട്ടില്‍ കൊടുത്തു. രാവിലെയായപ്പോള്‍ ആളെ കാണാനില്ല.

ഏതോ ഭ്രാന്തനെ കണ്ട് കര്‍ത്താവാണെന്നു കരുതുന്ന വിഢി!

പണിയെടുക്കുന്നത് ക്രിസ്തീയ ചാനലിലാണെന്നു മറന്ന് റോബിന്‍ ഉള്ളില്‍ പറഞ്ഞു. പിന്നീടുണ്ടായ എല്ലാ മാറ്റത്തിനും കാരണം ആ കര്‍ത്താവാണെന്ന് ആല്‍ബിന്‍ പറഞ്ഞു. വിശ്വസിക്കുന്നില്ല എന്നു തോന്നിയപ്പോള്‍, റോബിനേയും സംഘത്തേയും ശാന്തി ഭവന്റെ ഉള്ളിലേയ്ക്ക് കൊണ്ടുപോയി. അവിടെ അതാ ആ ചിത്രം ചില്ലിട്ടു വെച്ചിരിക്കുന്നു.

തമ്പിച്ചേട്ടനും ഹരീഷിന്റെ കഥയില്‍ ഇതേ പോലെ ചിത്രം കാണിക്കുന്നുണ്ട്.

30 വര്‍ഷം ചെറുപ്പമായ തമ്പി ഏറെക്കുറെ പ്രാകൃതനായ ഒരു താടിക്കാരനോട് ചേര്‍ന്ന് ആ മങ്ങിയ ഫോട്ടോയില്‍ നില്‍ക്കുന്നു. അക്കാലത്തെ ആളുകളില്‍ പതിവില്ലാത്ത, ഒരുപാട് ക്യാമറ കണ്ട് മടുത്തപോലുള്ള താടിക്കാരന്റെ നില്‍പ്പ് രണ്ടാമന്‍ സൂഷ്മമായി ശ്രദ്ധിച്ചു.

'ഇത്രേയുള്ളു ചില കാര്യങ്ങള്‍' ഒന്നാമന്‍ പറഞ്ഞു 'നമ്മള്‍ വല്യപുള്ളികളാണെന്നു കരുതുന്ന പലരും മരമണ്ടന്മാരായിരിക്കും'

'ജോണ്‍ എബ്രഹാമിനെക്കണ്ട് യേശുവാണെന്ന് വിചാരിക്കുന്നു'- രണ്ടാമന്‍ പറഞ്ഞു.


(അടുത്ത പേജിൽ അവസാനിക്കും)