ജെന്നിഫർ ലോപ്പസ്: ഷാരോൺ റാണി എഴുതിയ കഥ

"ആരാടീ ഈ ലോപ്പസ് "? ഫെലിക്സ് ചോദിച്ചു. "പറയുന്നത് അങ്ങോട്ടു കേട്ടാ മതി." ആലീസ് പറഞ്ഞു. പിന്നെ ഫെലിക്സ് മിണ്ടിയില്ല- ഷാരോൺ റാണി എഴുതിയ കഥ

ജെന്നിഫർ ലോപ്പസ്: ഷാരോൺ റാണി എഴുതിയ കഥ

പല പ്രധാന സംഭവങ്ങളാണ് കൊച്ചി കടലോരത്ത് ആ രാത്രി ഉണ്ടായത്. രണ്ടു മൂന്നെണ്ണം പറയാം. ബാക്കിയുള്ളവയ്ക്കു തൽക്കാലം റിപ്പോർട്ടില്ല.

സംഭവം ഒന്ന്. 'മാർസ്'

ജിംനേഷ്യത്തിൽ നിന്നും രണ്ടു സാലഭഞ്ജകന്മാർ ഒളിച്ചോടാൻ തീരുമാനിച്ചു. രണ്ടു പേരും കണ്ണാടി കൊണ്ട് തീർത്ത, അണ്ടർവെയർ മാത്രം ധരിച്ച മസിലൻമാർ ആണ്. ഒരാളുടെ ഉടലിന്റെ നിറം നീല. നീല സാലഭഞ്ജകന്റെ ജെട്ടിയുടെ നിറം ചുവപ്പ്. മറ്റേ ആളുടെ ഉടലിന്റെ നിറം ചുവപ്പ്. അയാളുടെ ജെട്ടിയുടെ നിറം നീല. ജിമ്മിന്റെ വാതിലിനു ഇരുപുറവുമുള്ള ചില്ലു കൂട്ടിൽ മസിൽ വീർപ്പിച്ച് നിൽപ്പാണ് പകലന്തിയോളം അന്തിപ്പകലോളം പണി. ഉറക്കമില്ല, തീറ്റയില്ല, ആവശ്യത്തിന് ഉടുതുണി പോലും ഇല്ല. പക്ഷെ ഇരുവർക്കും ആത്മാവുണ്ടായിരുന്നു. അവരുടെ ആത്മാക്കൾ ഒരു പദ്ധതി തയ്യാറാക്കി. രാത്രി സെക്യൂരിറ്റി ഗാർഡ് പോയ ശേഷം ചില്ലു പൊളിച്ച് കൂടാരത്തിനു വെളിയിൽ കടക്കുക. എന്നിട്ട് കടൽ നീന്തി അക്കരെ പോയി പെണ്ണ് കെട്ടി, പിള്ളേരെ ഉണ്ടാക്കി, ചോറും, കറിയും, മുട്ട വറുത്തതും തിന്നു ജീവിക്കുക. മാനേജർ കണക്കു നോക്കി തീരുന്നതും, സെക്യൂരിറ്റി ഗാർഡ് ചോറ്റു പാത്രം ബാഗിലാക്കി താഴും താക്കോലുമെടുത്ത് ജിം പൂട്ടുന്നതും കാത്ത് അവർ നിന്നു.

സംഭവം രണ്ട്. സ്‌ഥലം ഗുണ്ടയും പെഡലറുമായ(കഞ്ചാവ് ഡീലർ) ഫെലിക്സ് തന്റെ അപ്പൻ പീലിപ്പോസിനെ തട്ടാനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നു. പീലിപ്പോസ് ഒരു കള്ളുകുടിയനാണ്. പണ്ടയാൾ ഒരു മീൻ പിടുത്തക്കാരനായിരുന്നു. പീലിപ്പോസ് വള്ളവുമായി കടലിലിറങ്ങിയാൽ വലയിൽ വന്നു കയറാത്ത കൊമ്പൻ സ്രാവുകളില്ല. അയാൾക്കിപ്പോൾ വയസ്സായി. കടലിൽ പോക്കൊന്നുമില്ല. ഏതു നേരവും മദ്യവും കുടിച്ച് വീട്ടു തിണ്ണയിലിരുന്നു തെറി വിളിയാണ്. കേട്ടു കേട്ട് ഫെലിക്സിന് ഭ്രാന്തായി. കുടിയും, തെറി വിളിയും മാത്രമാണെങ്കിൽ പോട്ടെ, ഫെലിക്സിന്റെ അമ്മച്ചിയെ അതായത് പീലിപ്പോസിന്റെ ഭാര്യ ഫിലോമിയെ ചട്ടി കൊണ്ടടിച്ച് കൊല്ലുകയും ചെയ്തു. സ്ഥിരമായുള്ള കള്ളുകുടി വഴക്കിൽ സംഭവിച്ചതാണ്. വഴക്കു കൂട്ടുന്നതിൽ ഫിലോമിയും മോശക്കാരിയായിരുന്നില്ല. പീലിപ്പോസ് ഒന്ന് പറയുമ്പോൾ ഫിലോമി രണ്ടു പറയും. പീലിപ്പോസ് രണ്ടുപറയുമ്പോൾ ഫിലോമി നാല് പറയും. പീലിപ്പോസ് നാല് പറയുമോൾ ഫിലോമി എട്ടു പറയും. പീലിപ്പോസിന്റെ കയ്യിലെ നമ്പറുകൾ തീരുമ്പോൾ തോറ്റ വെറിയിൽ ഫിലോമിയെ പിടിച്ചടിക്കും, ഇടിക്കും. ഫിലോമി അയാളുടെ തീഹാർ ജയിലിനിട്ട് തൊഴിക്കും. അത്തരമൊരു സ്റ്റണ്ട് സീനിനിടയിൽ മീൻ ചട്ടിയെടുത്ത് പീലിപ്പോസ് ഫിലോമിയുടെ മെഡുല്ല ഒബ്ലാൻകോട്ടയ്ക്കിട്ട് ഒറ്റയടി. ദാ കിടക്കുന്നു വെടി കൊണ്ട മദയാനയെ പോലെ ഫിലോമി താഴെ. "അയ്യോ എന്റെ അമ്മച്ചിയെ…" എന്നും വിളിച്ച് ഫെലിക്സ് അവരെയുമെടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി. മൂന്നു ദിവസം ഐസിയൂവിൽ കിടന്നു നാലാം പാക്കം എന്നെന്നേക്കുമായി അവർ വാ പൊളിച്ചു. പൊളിഞ്ഞ വായ നേഴ്‌സുമാർ തലയും കൂട്ടിച്ചേർത്തു, വെള്ളത്തുണിയാലെ വരിഞ്ഞു കെട്ടി ശവം കരച്ചിലും, കുരവയുമായി പള്ളി സെമിത്തേരിയിൽ കുഴിച്ചിട്ടു. ചോദിച്ചവരോടൊക്കെ ഫിലോമി തെന്നി വീണതാണെന്നു ഫെലിക്‌സും അയാളുടെ ഭാര്യ ആലീസും പറഞ്ഞു. പീലിപ്പോസിനാണേൽ ഒന്നും ഓർമ്മയില്ല. അവർ ചത്തു നാല്പത്തിയൊന്നു കഴിഞ്ഞിട്ടും പീലിപ്പോസ് തിണ്ണമേലിരുന്നു അവരെ പള്ളു പറഞ്ഞു. ഫെലിക്‌സും ആലീസും പീലിപ്പോസിനെ വെറുത്തു. ഫെലിക്‌സുമായി വഴക്കിടുമ്പോഴെല്ലാം ആലീസ് പറയും, "നിങ്ങടെ തള്ളയെകൊന്നത് ആ കടൽക്കിഴവനാണെന്നു ഞാനീ നാട്ടുകാരോട് മുഴുവൻ പറയും". അതോടെ ഫെലിക്സ് ഒന്നടങ്ങും.

സംഭവം മൂന്ന്, അതായത് സാലഭഞ്ജകന്മാർ രക്ഷപെടാൻ തീരുമാനിച്ച, ഫെലിക്സ് പീലിപ്പോസിനെ കടലിൽ കൊണ്ട് തട്ടാൻ പോകുന്ന അതേ ദിവസം ആലീസ് പ്രസവിക്കും. പൂർണ്ണ ഗർഭിണിയാണ് ആലീസ്. പീലിപ്പോസ് തന്റെ ഭാര്യ ആലീസിനെയും തനിക്ക് പിറക്കാൻ പോകുന്ന കൊച്ചിനെയും ചേർത്ത് കട്ട തെറി പറയുന്നത് കേൾക്കാൻ ഫെലിക്സിന് കഴിയുമായിരുന്നില്ല. ആലീസ് തനിക്ക് പിറക്കാൻ പോകുന്നത് ആൺ കുഞ്ഞായിരിക്കണമേ എന്ന് മുട്ടിപ്പായി പ്രാർഥിച്ചു. "എന്റെ മാതാവേ, നീയെനിക്ക് ഒരാൺകുഞ്ഞിനെ തരണേ, അവനൊന്നു വളർന്നിട്ടു വേണം ആ കടൽക്കിഴവനെയും മകനെയും ഒരു പാഠം പഠിപ്പിക്കാൻ. അല്ലെങ്കിൽ ഇയാളും ഇയാളുടെ അപ്പനെ പോലെ എന്നെയും ചട്ടിക്കടിച്ച് തട്ടും".

സംഭവം മറ്റൊന്ന്. അക്കരെ സ്വർണക്കടക്കാരൻ ശേഖര റെഡ്ഡിയുടെ ഒരേയൊരു മകൾ ശ്രേയ റെഡ്ഡി തന്റെ സർവ്വ സ്വർണ്ണാഭരണങ്ങളും, അച്ഛന്റെ ലോക്കറിൽ നിന്നും അതിവിദഗ്ധമായി അടിച്ചു മാറ്റിയ കാശും, സ്വർണ്ണവും, ചുരിദാറുകളും, അടിയുടുപ്പുകളും പെട്ടിയിലെടുക്കുകയാണ്. അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായാണ്. അവളും ഒളിച്ചോടാൻ പോകുകയാണ്. മൂന്നു ദിവസം കഴിഞ്ഞാൽ അവളുടെ വിവാഹമാണ്. വീട്ടു മുറ്റത്ത് പന്തൽ പണി നടക്കുന്നു. കോളേജ് ലെക്ച്ചറും, കവിയും, പരിസ്‌ഥിതിപ്രവർത്തകനും, സർവ്വോപരി മഹാ ബോറനുമായ മുത്താരം മുകേഷ് എന്ന യുവാവുമായാണ് അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അതൊരു പ്രണയ വിവാഹമാണെന്നത് പ്രത്യേകം പറയണം. ഒരു പ്രണയ വിവാഹത്തിൽ നിന്നും ഒളിച്ചോടുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയം കല്യാണത്തോളം എത്തിയപ്പോഴാണ് ശ്രേയ റെഡ്ഡി കാമുകന്റെ ബോറത്തരവും പണത്തിനോടുള്ള അത്യാർത്തിയും കണ്ടു അമ്പരന്നത് . അതോടെ അവൾക്ക് അയാളെ വാള് വെച്ച് കളയാനുള്ള ഓക്കാനമാണ്. എല്ലാവരും ഉറങ്ങിയെന്നു ബോധ്യമായപ്പോൾ അവൾ വീടിന്റെ ഗെയിറ്റ് ചാടി കടപ്പുറത്തെത്തി തന്റെ കാമുകൻ നീല സാലഭഞ്ജകനെയും കാത്തിരുന്നു.

അപ്പോൾ അങ്ങകലെ ഒരു വലിയ ബംഗ്ളാവിന്റെ മട്ടുപ്പാവിൽ കടലിനെയും നോക്കി നിൽക്കുകയാണ് റസിയ എന്ന മുപ്പത്തിരണ്ടുകാരി. അവർ ഗാഢമായ ആലോചനയിലാണ്. ആലോചനയ്‌ക്കൊടുവിൽ അവർ തന്റെ ഇരട്ടക്കുട്ടികൾ കിടന്നു ഉറങ്ങുന്ന മുറിയിൽ കയറി ചെന്നു. അച്ഛനെ പോലെ തന്നെ രണ്ടു ആൺമക്കൾ. അവർ വളർന്നു. അവർക്കിപ്പോൾ അമ്മയുടെ ആവശ്യമില്ല. റസിയയുടെ ഭർത്താവ് ഇമ്രാൻ ഖാനാണ് മാർസ് ജിംനേഷ്യത്തിന്റെ ഉടമ. അയാൾക്കും അവരെ ആവശ്യമില്ല. അവർ തന്റെ കുട്ടികൾ കിടന്നുറങ്ങുന്ന മുറിയിൽ നിന്നുമിറങ്ങി നേരത്തെ തയ്യാറാക്കി വെച്ച പെട്ടിയും സാധനങ്ങളും എടുത്തു പടിയിറങ്ങി. അവരും കടപ്പുറത്തെത്തി തന്റെ കാമുകൻ ചുവന്ന സാലഭഞ്ജകനെയും കാത്തിരുന്നു.

അവർ പ്രണയത്തിലായത് ഇങ്ങനെ... മാർസ് ജിംനേഷ്യത്തിനു മുന്നിലാണ് ശ്രേയ റെഡ്‌ഡി എന്നും കോളേജിൽ പോകുന്ന ബസ് സ്റ്റോപ്പ്. തന്റെ കാര്യങ്ങൾ പറയാൻ ആരോരുമില്ലാത്ത ശ്രേയ റെഡ്ഡി ബസ്റ്റോപ്പിന് മുന്നിലെ നീല സാലഭഞ്ജകനോട് സംസാരിച്ചു തുടങ്ങി. ആത്മാവുണ്ടായിരുന്ന നീല സാലഭഞ്ജകൻ അവർക്കു രണ്ടു പേർക്കും മാത്രം മനസിലാകുന്ന ഭാഷയിൽ പ്രതികരിച്ചു. അവർ പ്രണയബദ്ധരായി. ഒളിച്ചോടാൻ തീരുമാനിച്ചു. പകൽ മുഴുവൻ മാർസ് ജിംനേഷ്യത്തിൽ ഇരിക്കലാണ് റസിയയുടെ പണി. അവർ തന്റെ ഏകാന്തത തീർത്തത് ചുവന്ന സാലഭഞ്ജകനോട് സംസാരിച്ചു കൊണ്ടായിരുന്നു. അവർ രണ്ടു പേരും അഗാധമായ പ്രണയത്തിൽ അകപ്പെട്ടു.


സാലഭഞ്ജകന്മാർ റോഡിലൂടെ ഓടുകയാണ്. ചുവന്ന സാലഭഞ്ജകൻ നീല സാലഭഞ്ജകനോട് പറഞ്ഞു. "നിന്നോട് പറയാത്ത ഒരു രഹസ്യം എനിക്കുണ്ട്. എന്നെക്കാത്ത് അക്കരെ റസിയ എന്നൊരു പെണ്ണ് ഇരിപ്പുണ്ട്". അപ്പോൾ നീല സാലഭഞ്ജകൻ പറഞ്ഞു "എന്നെയും കാത്ത് അക്കരെ ശ്രേയ റെഡ്ഡി എന്നൊരുവൾ ഇരിപ്പുണ്ട്". അപ്പോഴേക്കും ശ്രേയാ റെഡ്ഢിയും റസിയയും കടപ്പുറത്ത് രണ്ടു ദിക്കുകളിലായി വന്നു കാത്തിരിപ്പു തുടങ്ങിയിരുന്നു. നീല സാലഭഞ്ജകനും ചുവന്ന സാലഭഞ്ജകനും കടലിലേക്ക് എടുത്ത്ചാടി. അക്കരെയെത്തി തന്റെ പ്രിയതമമാരെയും കൊണ്ട് വല്ല നാട്ടിലും പോയി ജീവിക്കാൻ.

ഫെലിക്സ് തന്റെ അപ്പൻ പീലിപ്പോസിനെ നടുക്കടലിൽ കൊണ്ട് തട്ടാനുള്ള തയ്യാറെടുപ്പിലാണ്. ആലീസാണെങ്കിൽ ഇപ്പോൾ പ്രസവിക്കും എന്ന അവസ്ഥയിലും .കുടിച്ച് വാളും വെച്ച് അട്ട പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന തടിയൻ പീലിപ്പോസിനെ വലിച്ചിഴച്ച് വള്ളത്തിൽ കയറ്റി തുഴഞ്ഞു. ഫെലിക്സ് കടലിലേക്കു പോയി. നടുക്കടലിൽ പീലിപ്പോസിനെ വെള്ളത്തിലേക്ക് വല്ല വിധേനെയും തള്ളിയിട്ടു. എന്നിട്ട് വള്ളവും തിരിച്ചൊരു പോക്ക്. വെള്ളത്തിൽ വീണ പീലിപ്പോസ് ഒന്ന് പിടഞ്ഞു. പിന്നെ താഴ്ന്നു.

കടൽക്കരയിൽ രണ്ടു ദിക്കുകളിലായി കാത്തിരിക്കുന്ന റസിയായും, ശ്രേയാ റെഡ്‌ഡിയും.

ഫെലിക്സ് വീട്ടിലെത്തിയതും ആലീസിന്റെ പ്രസവം കഴിഞ്ഞു. ഒരു പെൺകുഞ്ഞ്. ഫെലിക്സിനോട് ആലീസ് പറഞ്ഞു "ഇവൾക്ക് ജെന്നിഫർ ലോപസെന്നു പേരിടണം".

"ആരാടീ ഈ ലോപ്പസ് "? ഫെലിക്സ് ചോദിച്ചു. "പറയുന്നത് അങ്ങോട്ടു കേട്ടാ മതി." ആലീസ് പറഞ്ഞു. പിന്നെ ഫെലിക്സ് മിണ്ടിയില്ല.

കടലിൽ പീലിപ്പോസ് പിടഞ്ഞു എണീറ്റത് രണ്ടു ശരീരങ്ങളിൽ പിടിച്ചാണ്. രണ്ടു സാലഭഞ്ജകന്മാരും അയാളുടെ ഉരുക്കു പിട്ത്തത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയാണ്. നടുക്കടലിൽ ഒരു പോരാട്ടം.

കാത്തിരുന്നു മടുത്ത റസിയയും ശ്രേയാ റെഡ്ഡിയും എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

അവർ തീരത്ത് വെച്ച് കണ്ടുമുട്ടി. നട്ടപ്പാതിരയ്ക്കു പരസ്പരം കണ്ടവർ അദ്‌ഭുതപ്പെട്ടു. അവർ സാംസാരിച്ച് തുടങ്ങി. തങ്ങൾ സാലഭഞ്ജകന്മാരെ കാത്താണ് ഇരിക്കുന്നത് എന്നവർ മനസിലാക്കി. നേരം വൈകിക്കൊണ്ടേ ഇരിക്കുന്നു. വെട്ടം വീഴാറായി. ഇതുവരെയും കാമുകന്മാരെ കാണാതെ അവർ പരിഭ്രമിച്ചു. സംശയിച്ചു . റസിയ പറഞ്ഞു "അല്ലെങ്കിലും ഈ ആണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല. എന്റെ വീട്ടിൽ മൂന്നു ആണുങ്ങളാണ്. കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോൾ ഭർത്താവിന് വേണ്ടാതായി. മക്കൾ വളർന്നപ്പോൾ ഇപ്പോൾ അവർക്കും ഒരു അമ്മയുടെ ആവശ്യം ഇല്ല."

"എന്തായാലും വീട്ടിൽ നിന്നുമിറങ്ങി. ഇനി അവിടേക്കു ഞാൻ തിരിച്ചു പോകില്ല". ശ്രേയാ റെഡ്ഡി പറഞ്ഞു. "വേണ്ടാ നമുക്ക് എവിടേക്കെങ്കിലും പോകാം." എന്ന് റസിയയും പറഞ്ഞു. പെട്ടിയും, പണവും സ്വർണ്ണാഭരണങ്ങളുമായി അവർ യാത്ര തിരിച്ചു.

പിറ്റേ ദിവസം കൊച്ചി കടപ്പുറത്ത് രണ്ടു ശവങ്ങൾ അടിഞ്ഞു. ഒരാൾക്ക് നീല അടിവസ്ത്രവും മറ്റേയാൾക്ക് ചുവന്ന അടിവസ്ത്രം മാത്രവും. ശവശരീരങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാകാത്ത പോലീസുകാർ പൊക്കിയെടുത്ത് കൊണ്ടുപോയി. തന്റെ ജിംനേഷ്യത്തിലെ സാലഭഞ്ജകന്മാരെ കാണാതെ ഇമ്രാൻ ഖാൻ പരിഭ്രമിച്ചു. ഭാര്യ എവിടെ എന്ന് അന്വേഷിച്ചതുമില്ല .

ജെന്നിഫറിന് ഒരു മാസം പ്രായമായപ്പോൾ അതാ ഒരു ദിവസം പീലിപ്പോസ് വീട്ടിൽ കയറി വരുന്നു. ഫെലിക്‌സും, ആലീസും ഞെട്ടി. വരാന്തയിൽ തൊട്ടിലിൽ കിടക്കുന്ന ജെന്നിഫറിനെ കണ്ടു പീലിപ്പോസ് സന്തോഷവാനായി. "അയ്യോ എന്റെ കൊച്ചു ഫിലോമി", എന്നും വിളിച്ച് പീലിപ്പോസ് കുട്ടിയെ കളിപ്പിക്കാൻ തുടങ്ങി. പിന്നീടങ്ങോട്ടു അയാളുടെ ലോകം ആ കുട്ടിയായി മാറി. ജെന്നിഫറിനെ കൊച്ചു ഫിലോമി എന്ന് പീലിപ്പോസ് വിളിച്ചത് ആലീസിനു തീരെ ഇഷ്ടപ്പെട്ടില്ല.

കൊറിയയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കാത്തിരിക്കുന്ന റസിയായും, ശ്രേയാ റെഡ്ഢിയും. റസിയക്ക് ഒരു ചുവന്ന മീനിനെയും, ശ്രേയാ റെഡ്ഢിക്ക് ഒരു നീല മീനിനെയും അവർ പൊരിച്ച് കൊടുത്തു. അതും തിന്ന് ഏമ്പക്കവും വിട്ട് അവർ അടുത്ത രാജ്യത്തേക്ക് പോയി.

ജെന്നിഫറിന് വയസു മൂന്നായി. സ്‌കൂളിൽ ചേർക്കാൻ കൊണ്ട് പോയ ഫെലിക്സ് അവൾക്കു ആലീസറിയാതെ ജെന്നിഫർ ഫെലിക്സ് എന്ന് പേരിട്ടു. സ്‌കൂളിൽ പോയ ജെന്നിഫറിന്റെ ആദ്യ ദിവസം അവളെ ഒരു പയ്യൻ നോട്ടമിട്ടു. അവൻ അവളോട്‌ ചോദിച്ചു."നിന്റെ പേരെന്താ"?

"ജെന്നിഫർ". അവൾ പറഞ്ഞു. "നിന്റെ പേരെന്താ"? അവൾ ചോദിച്ചു. അപ്പോൾ അവൻ "ലോപ്പസ് ".

ഷാരോൺ റാണി