പൊലീസെന്നു കേട്ടാല്‍ മുട്ടിടിക്കാത്ത മുട്ടികുളങ്ങര കുട്ടികള്‍; ചായം പൂശുന്ന, നീന്താന്‍ പഠിപ്പിക്കുന്ന സൂപ്പര്‍ പൊലീസ്

സ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയും സ്‌കൂള്‍ ചുമരിന് പെയിന്റ് അടിക്കുകയും ചെയ്യുന്ന പൊലീസ്. പാലക്കാട് മുട്ടികുളങ്ങരയില്‍ നിന്ന് സ്നേഹമുള്ള ഒരു വാര്‍ത്തയിതാ....

പൊലീസെന്നു കേട്ടാല്‍ മുട്ടിടിക്കാത്ത മുട്ടികുളങ്ങര കുട്ടികള്‍; ചായം പൂശുന്ന, നീന്താന്‍ പഠിപ്പിക്കുന്ന സൂപ്പര്‍ പൊലീസ്

ശ്രീജിത്ത് കെ ജി

പൊലീസ് എന്നു പറഞ്ഞാല്‍ പാലക്കാട് മുട്ടികുളങ്ങര എയുപി സ്‌കൂളിലെ കുട്ടികളുടെ മുട്ട് ഇടിക്കില്ല. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതും കുട്ടികളുടെ മറ്റു കാര്യങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് പൊലീസുകാരാണ്. പാലക്കാട് മുട്ടികുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരാണ് ജനകീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കയ്യടി നേടുന്നത്. മാര്‍ച്ച് 12 ഞായാറാഴ്ച സ്‌കൂളിലെ ചുവരുകള്‍ക്ക് ചായം പൂശി കൊണ്ടാണ് പൊലീസ് വളരുന്ന തലമുറയ്ക്ക് സല്യൂട്ട് നല്‍കിയത്. പൊലിസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യമെന്നാരും ചോദിച്ചില്ല. സ്‌കൂളിലെ ചുമരും തൂണും മതിലുമൊക്കെ പൊലീസ് ചായം പൂശി വൃത്തിയാക്കി. ചെലവു മുഴുവന്‍ ജനമൈത്രിയുടെ നിധിയില്‍ നിന്ന് എടുത്തു. രാവിലെ ഏഴു മുതല്‍ ഇരുട്ടുന്നതു വരെ ജോലി തീര്‍ത്തിട്ടാണ് പൊലീസുകാര്‍ സ്ഥലം വിട്ടത്. പെയിന്റിങ്ങ് പണികള്‍ ചൊവാഴ്ച രാവിലെയാണ് തീര്‍ന്നത്. മാര്‍ച്ച് 17 ാം തിയതി നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു വെളള പൂശല്‍. സ്‌കൂളിലെ ചില കേടായ ട്യുബുലൈറ്റുകളും മാറ്റുകയും ചെയ്തു. പൊലീസുകാരായ ഡി ദിലീപ്, വിവേകാനന്ദന്‍, സി വിപിന്‍, എം ഷിനോജ്. വിനിഷ് ഭരതന്‍, സുഭാഷ് തുടങ്ങിയവര്‍ ദൗത്യത്തിലുണ്ടായിരുന്നു. കൂടാതെ ഈ മാസം 21 ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പില്‍ അവതരിപ്പിക്കാന്‍ വേണ്ടി ലഹരി വിരുദ്ധ നാടകങ്ങളും റിഹേഴ്‌സിലും പൊലീസ് സേനയുടെ നേതൃത്വത്തില്‍ ഇവിടെ നടന്നു.


ബറ്റാലിയന്‍ കമാഡന്റ് പി എന്‍ സജിയുടെ നേതൃത്വത്തില്‍ പൊലീസ് മുട്ടികുളങ്ങരയില്‍ നടത്തുന്ന ജനസേവന പദ്ധതികള്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. 2016 ഏപ്രിലില്‍ 20 ഓളം കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കി കൊണ്ടാണ് പൊലീസ് സാമ്പത്തികമായും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന കുട്ടിക്കുറുമ്പുകള്‍ക്ക് പിന്തുണ നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ജനമൈത്രി ഫണ്ടിലേക്ക് കിട്ടുന്ന 300000 രൂപയാണ് ഇത്തരത്തിലുള്ള സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മുന്നുറോളം സ്ത്രികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പൊലീസ് രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തിയിരുന്നു. ധനസഹായം ആവശ്യമുള്ളവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. യുവാക്കളെ ലഹരി വിമുക്തമാക്കാന്‍ ബോധവത്കരണ ക്ലാസുകളും പൊലീസ് സംഘടിപ്പിക്കുന്നുണ്ട്.

മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കുമുണ്ട് ഇവിടത്തെ പൊലീസിന്റെ കൈത്താങ്ങ്. പാലക്കാട് ജില്ലാ ആശുപത്രി അന്ധതാ നിവാരണ സൊസൈറ്റിയും പുതുപ്പരിയാരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സഹകരണത്തോടെ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് കഴിഞ്ഞ മാസം നടത്തിയിരുന്നു. തിമിര ബാധിതര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും പൊലീസിന്റെ നേതൃത്വത്തില്‍ നടന്നു. നാട്ടിലെ ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളെ പൊലീസ് പ്രോത്സാഹിപ്പിക്കും. ജെഴ്‌സിയും പന്തും മറ്റും വാങ്ങി നല്‍കും. നീന്തല്‍ പരിശീലിപ്പിക്കാനും പൊലീസ് രംഗത്തുണ്ട്. സജി സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാട്ടുകാരെ നീന്തല്‍ പഠിപ്പിക്കാന്‍ പുഴയില്‍ ഇറങ്ങിയത്. ബറ്റാലിയനിലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസപമരായി പിന്നാക്കം നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നത്

പൊലീസ് ക്യാമ്പില്‍ തന്നെയാണ് പഠിക്കാന്‍ അവസരം ഒരുക്കിയിരുന്നത്. 20 കുട്ടികളുമായി തുടങ്ങിയ പദ്ധതി ഇന്ന് 120 കുട്ടികളില്‍ എത്തി നില്‍ക്കുന്നു. പാഠങ്ങള്‍ പഠിപ്പിക്കുന്നതിനൊടോപ്പം കുട്ടികള്‍ക്ക് ആവശ്യമായ ചാര്‍ട്ടുകള്‍, മാപ്പുകള്‍, ഗ്ലോബുകള്‍ എല്ലാം നല്‍കുന്നതും ജനമൈത്രി പൊലീസുകാരാണ്. അടുത്തുള്ള ജുവനെല്‍ ഹോമിലെ കുട്ടികള്‍ക്കും പൊലിസിന്റെ കൈത്താങ്ങുണ്ട്. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കളിക്കോപ്പുകളും നല്‍കുന്നതും ജനമൈത്രി പൊലീസാണ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊലീസിന് ജനകീയ മുഖം നല്‍കുമെന്ന് രണ്ടാം ബറ്റാലിയനിലെ അസി. കമാന്റ് പിഎന്‍ സജി നാരദാ ന്യൂസിനോടു പറഞ്ഞു. പാലക്കാട് ജില്ലയിലെ പല സ്‌കുളുകളിലും കോളേജുകളിലും നിരവധി ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കെഎപി രണ്ടാം ബറ്റാലിയനിലെ പൊലീസ് സേനയ്ക്ക് ഒപ്പം പഞ്ചായത്ത് പ്രതിനിധികളും പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നു.