മലയാളത്തിലെ ആദ്യത്തെ വര്‍ഗീയ സിനിമാ റിവ്യുവുമായി ആര്‍എസ്എസ് ചാനല്‍; മതസ്പര്‍ദ്ധയ്ക്ക് നടപടിയെടുക്കണമെന്ന് ആവശ്യം;മനോഹരമായ റിവ്യു എന്ന് പരിഹസിച്ച് സംവിധായകൻ ലിജോ പെല്ലിശ്ശേരി

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് അങ്കമാലി ഡയറീസ് എന്ന സിനിമയെക്കുറിച്ച് പൊള്ളവാദങ്ങളും കടുത്ത വര്‍ഗീയച്ചുവയുള്ള പരാമര്‍ശങ്ങളും തിരുകികയറ്റിയിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ക്രൈസ്തവബിംബങ്ങളുടെ ധാരാളിത്തമാണ് സിനിമയുടെ വ്യത്യസ്തതയെന്ന് ജനം ടി വി പച്ചയ്ക്ക് പറയുന്നു. ജനം ടിവിയുടെ സിനിമാ നിരൂപണത്തെ പരിഹസിച്ച് നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.'നല്ല മനോഹരമായ റിവ്യൂ .ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി' എന്നാണ് സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പരിഹാസരൂപേണയുള്ള പ്രതികരണം.

മലയാളത്തിലെ ആദ്യത്തെ വര്‍ഗീയ സിനിമാ റിവ്യുവുമായി ആര്‍എസ്എസ് ചാനല്‍; മതസ്പര്‍ദ്ധയ്ക്ക് നടപടിയെടുക്കണമെന്ന് ആവശ്യം;മനോഹരമായ റിവ്യു എന്ന്  പരിഹസിച്ച് സംവിധായകൻ ലിജോ പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയുടെ അവതരണഗാനത്തില്‍ ക്രിസ്ത്യന്‍ പള്ളി പലവുരു ദൃശ്യമാകുന്നുണ്ടെങ്കിലും ഒരമ്പലം പോലും കാണുന്നില്ലെന്നാണ് ജനം ടിവിയില്‍ പ്രത്യക്ഷപ്പെട്ട സിനിമാ നിരൂപണത്തിലെ(?) വിമര്‍ശനം. വര്‍ഗീയത പറയാനാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന നിരൂപണത്തില്‍ അങ്കമാലിയില്‍ അമ്പലങ്ങളില്ലേ എന്നും, അതൊരു സര്‍വ്വ സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്നും പച്ചയ്ക്ക് ചോദിക്കുന്നു. ബിംബങ്ങളിലൂടെ ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന സൃഷ്ടിയാണ് അങ്കമാലി ഡയറീസ് എന്ന കണ്ടെത്താലാണ് നിരൂപണത്തിലുള്ളത്.

മുന്‍ സിപിഐ പ്രവര്‍ത്തകനായ രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍ എന്നയാളുടെ പേരിലാണ് നിരൂപണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് സിനിമയുടെ വലിയ വ്യത്യസ്തതയെന്നാണ് നിരൂപണത്തിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ലിജോ ജോസ് സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമയേയും വര്‍ഗീയത മുക്കി വിലയിരുത്തുന്നുണ്ട് നിരൂപകന്‍.

കമിതാക്കളുടെ പ്രേമസാഫല്യത്തിനായി കത്തനാരുടെ വേഷത്തില്‍ പുണ്യാളന്‍ അവതരിക്കുന്നതാണ് രണ്ടര മണിക്കൂര്‍ നേരത്തെ ബഹളത്തിന്റെയും ക്‌ളാരനെറ്റിന്റേയും കുര്‍ബാനകളുടെയും അവസാനം ആമേന്‍ പറഞ്ഞു വെക്കുന്നത്. വിശുദ്ധന്‍ എന്ന മത സങ്കല്പത്തിനെ മഹത്വവല്‍ക്കരിക്കുവാന്‍ വേണ്ടി നടത്തിയ ഒരു കലാസൃഷ്ടിയാണ് ആമേന്‍.

കേരളത്തില്‍ ചരിത്രപരമായോ സാമൂഹിക സാംസ്‌കാരിക പരമായോ എടുത്ത് പറയത്തക്ക എന്തെങ്കിലും പ്രത്യേകത അങ്കമാലി എന്ന ചെറുകിട പട്ടണത്തിനുണ്ടോ? ആ നഗരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് വിമോചന സമരകാലത്തെ ആ മുദ്രാവാക്യമാണ് എന്നിങ്ങനെ നീളുന്നു നിരൂപകന്റെ സംശയങ്ങള്‍. ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന വെടി, പുക, വെട്ട് , കുത്ത്, പ്രദക്ഷിണം, കുര്‍ബാന, എന്നിവ ചൊടിക്കുന്ന പ്രദര്‍ശനങ്ങള്‍ക്കിടയില്‍ ഏക ആശ്വാസം 86 പുതുമുഖ നടന്മാരിലെ ചിലരുടെ അഭിനയമാണെന്ന് നിരൂപണത്തില്‍ പറയുന്നു.

കേരളത്തില്‍ ഒരു അധോലോകം വളര്‍ന്നു വരുന്നുണ്ടെന്നും യുവാക്കള്‍ ആഘോഷമാക്കുന്ന ക്രിമിനല്‍ വാസനയുടെ ഒന്നാം പ്രതിയാണ് മലയാള സിനിമയെന്നും അതിലേക്കുള്ള ലിജോ ജോസിന്റെ കനത്ത സംഭാവനയാണ് അങ്കമാലി ഡയറീസെന്നും നിരൂപണത്തിലെ മറ്റൊരു വാദം. സിനിമയ്ക്ക് തിരക്കഥയെഴുതിയ ചെമ്പന്‍ വിനോദ് ജോസിന്റെ സിനിമയിലെ ഡയലോഗ് പോലെ തന്നെ ഉള്‍ക്കാമ്പില്ലാത്ത കഥയില്‍ ആപാദ ചൂഢം മതം കുത്തി തിരുകി പ്രേക്ഷകര്‍ക്ക് വിളമ്പിയാല്‍ ഒടുവില്‍ വാര്‍ക്കപ്പണിയ്ക്ക് പോകേണ്ടി വരുമെന്നാണ് നിരൂപണമെഴുതിയ രഞ്ജിത്തിന്റെ മുന്നറിയിപ്പ്!

സിനിമാ പാരഡീസോ ക്ലബ്ബില്‍ ഇക്കാര്യം ചര്‍ച്ചയായപ്പോള്‍ സംവിധായകന്‍ ലിജോ പെല്ലിശേരി പ്രതികരണവുമായി എത്തി. 'നല്ല മനോഹരമായ റിവ്യൂ .ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി.രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം' എന്നാണ് പരിഹാസരൂപേണ ലിജോ ജോസ് പെല്ലിശേരി സിനിമാ പാരഡീസോ ക്ലബ്ബ് ഗ്രൂപ്പില്‍ നടത്തിയ പ്രതികരണം.

ജനം ടിവിയിലെ വര്‍ഗ്ഗീയ സിനിമാ നിരൂപണത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് നവമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ കാണിക്കുന്ന അമ്പലത്തിന്റേയും പള്ളിയുടേയും കണക്ക് വെച്ച് സിനിമാ റിവ്യു എഴുതുന്നവരാണ് ജനം ടിവിയെന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.

വര്‍ഗ്ഗീയത ചാലിച്ചെഴുതിയ നിരൂപണത്തിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിയമനടപടി സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണണം. മതസ്പര്‍ദ്ധ പ്രചരിപ്പിക്കുന്ന റിവ്യുവിനെതിരെ നിയമനടപടി വേണമെന്ന ആവശ്യം നവമാദ്ധ്യമങ്ങളിലടക്കം ഉയര്‍ന്നു കഴിഞ്ഞു.