മാവോയിസ്റ്റല്ല ജല്ലിക്കട്ട്; സാബുവും ജാഫര്‍ ഇടുക്കിയും ഞെട്ടിച്ചു: എസ് ഹരീഷ്

ടൊറന്റോയിലെ പ്രദര്‍ശനത്തിലൊക്കെ നമ്മുടെ നാടും സംസ്‌ക്കാരവും അവര്‍ക്കെല്ലാം മനസിലാകുമോ എന്നു ചിന്തിച്ചു. പക്ഷെ നമ്മുടെ തമാശകള്‍ പോലും അവര്‍ക്ക് നന്നായി മനസിലാകുന്നു.

മാവോയിസ്റ്റല്ല ജല്ലിക്കട്ട്; സാബുവും ജാഫര്‍ ഇടുക്കിയും ഞെട്ടിച്ചു: എസ് ഹരീഷ്

അഭിമുഖം/ എസ്.ഹരീഷ്

ഏറെ കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട് നാളെ കേരളത്തിലെ തിയറ്ററുകളിലേക്കെത്തുകയാണ്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഹരീഷും എസ് ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരകഥ രചിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗ്ഗീസ്, ശാന്തി, ജാഫര്‍ ഇടുക്കി, സാബു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സിനിമയെ കുറിച്ച് കഥാകൃത്ത് കൂടിയായ എസ് ഹരീഷ് തന്റെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു.

മാവോയിസ്റ്റ് എന്ന കഥ ജല്ലിക്കട്ട് എന്ന സിനിമയാകുമ്പോള്‍

മാവോയിസ്റ്റ എന്ന കഥയല്ല ജല്ലിക്കട്ട്. അതില്‍ നിന്നും ഒരുപാട് വ്യത്യാസമുണ്ട്. അതിന്റെ അടിസ്ഥാനപരമായ പ്രമേയം എടുത്തെന്നേയുള്ളൂ. ഇത് 100 ശതമാനം ലിജോ ജോസ് പെല്ലിശ്ശേരി സിനിമയാണ്. അദ്ദേഹത്തിന്റെ ക്രിയേഷനാണിത്. ലിജോ എങ്ങനെ ആ കഥയെ കണ്ടു, എന്താണ് ലിജോ പറയാന്‍ ആഗ്രഹിക്കുന്നത് എന്നതാണ് ജല്ലിക്കട്ട്.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍

ഒന്നാന്തരം വിഷ്വല്‍ ട്രീറ്റാണ് ലിജോയുടേത്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കിങ് ആണ് ഈ സിനിമ. പുതിയ തലമുറ നെറ്റ്ഫ്‌ളിക്‌സ് വഴിയൊക്കെ ലോക സിനിമ കാണുന്നവരാണ്. അവര്‍ക്കിത് ഉള്‍ക്കൊള്ളാന്‍ പറ്റും. എന്നെ സംബന്ധിച്ച് ഈ സിനിമയില്‍ ഞാന്‍ തൃപ്തനാണ്.

'പോത്ത്' പോസ്റ്റര്‍

പോസ്റ്ററില്‍ പോത്ത് മാത്രമേയുള്ളൂവെന്നത് എനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഞാനീ സിനിമയെ കുറിച്ച് ആലോചിച്ചപ്പോള്‍ പോത്തായിരുന്നു എന്റെ മനസ്സില്‍ കേന്ദ്ര കഥാപാത്രമായി നിന്നിരുന്നത്. അതു തന്നെ ലിജോ മനസ്സില്‍ കണ്ടതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. സംവിധാകനാണ് സിനിമയുടെ ക്രിയേറ്റര്‍. പത്മാരാജന്റെ സിനിമകള്‍, ദിലീഷ് പോത്തന്റെ സിനിമ, ലിജോ പെല്ലിശ്ശേരിയുടെ സിനിമ അങ്ങനെ സംവിധാനകന്റെ പേരു പറഞ്ഞ് ആളുകള്‍ സിനിമ കാണുന്നത് നല്ല കാര്യമാണ്. സംവിധായകനാണ് സിനിമയുടെ ഏറ്റവും വലിയ ആളെന്നാണ് ഞാന്‍ കരുതുന്നത്.

സ്‌ക്രിപ്റ്റ് എന്നാല്‍ പൂര്‍ണ്ണമായൊരു ടെക്‌സറ്റല്ല

ഷൂട്ടിംഗ് വേളയില്‍ കുറച്ച് സമയമാണ് സെറ്റിലുണ്ടായിരുന്നത്. എന്റെ കുറേ തെറ്റിദ്ധാരണകള്‍ മാറി. സിനിമയില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന ഒരാളായതു കൊണ്ട് ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. സ്‌ക്രിപ്റ്റ് എന്നുപറഞ്ഞാല്‍ പൂര്‍ണ്ണമായൊരു ടെക്‌സറ്റല്ല എന്ന് മനസ്സിലായി. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുന്നത് സിനിമ കഴിയുന്നതോടു കൂടിയാണ്. ഞാനും ജയകുമാറുമാണ് സ്‌ക്രിപ്റ്റ് എഴുതിയത്. പക്ഷേ ഞങ്ങ്ള്‍ രണ്ടു പേരും മാത്രമാണ് അതെഴുതിയതെന്ന് പറയാനാകില്ല. ഒരുപാട് പേരുടെ സംഭാവനകള്‍ അതിലുണ്ട്.

ജാഫര്‍ ഇടുക്കിയും സാബുവും ഞെട്ടിച്ചു

അഭിനയത്തില്‍ എന്നെ ഞെട്ടിച്ചത് ജാഫര്‍ ഇടുക്കിയും സാബുവുമാണ്. ആന്റണിയും ചെമ്പന്‍ വിനോദും ശാന്തിയും കട്ടപ്പനയിലെ ജനങ്ങളും സിനിമയില്‍ ഗംഭീരമായി ജീവിക്കുകയാണ്. ശാന്തി കുറേ നേരമൊന്നുമില്ല. എന്നാല്‍ ഈ യുദ്ധം മുഴുവനും ശാന്തിയുടെ കഥാപാത്രത്തിനു വേണ്ടിയാണ്. ടൊറന്റോയിലെ പ്രദര്‍ശനത്തിലൊക്കെ നമ്മുടെ നാടും സംസ്‌ക്കാരവും അവര്‍ക്കെല്ലാം മനസിലാകുമോ എന്നു ചിന്തിച്ചു. പക്ഷെ നമ്മുടെ തമാശകള്‍ പോലും അവര്‍ക്ക് നന്നായി മനസിലാകുന്നു.

ലിജോയുമായി ഇനിയും സിനിമ

ലിജോയുടെ ഷൂട്ടിങ്ങില്‍ പങ്കെടുത്തപ്പോഴാണ് സിനിമയുടെ തിരക്കഥ എന്നത് എഴുതി തീരുന്ന ഒന്നല്ലെന്ന് മനസിലായത്. ആദ്യം പ്രദര്‍ശിപ്പിക്കുന്നതു വരെ... അല്ലെങ്കില്‍ ഫൈനല്‍ പ്രിന്റാകുന്നതുവരെ ആ പ്രോസസ് തുടരും. ലിജോയുമായി മറ്റൊരു സിനിമ ഉടനുണ്ടാകും. ആ സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്. പിന്നീടും ലിജോയോടൊപ്പം സിനിമകള്‍ ചെയ്യണമെന്നുണ്ട്.

Read More >>