തണുത്ത പ്രഭാതം, സൈക്കിളില്‍ മോഹന്‍ലാല്‍: ചിത്രം പകര്‍ത്താന്‍ ജിതേഷ് കാത്തിരുന്നത് മൂന്നു വര്‍ഷം

തികച്ചും അപൂര്‍വ്വമായ ഒരു ഫോട്ടോ ഫീച്ചര്‍ കേരള കൗമുദി ഇന്ന് പ്രസിദ്ധീകരിച്ചു.ഒരുപാട് ഓര്‍മ്മകളിലൂടെ തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടുന്ന മോഹന്‍ലാല്‍- ചിത്രം പകര്‍ത്തുകയും എഴുതുകയും ചെയ്ത ജിതേഷ് ദാമോദര്‍ പറയുന്നു.

തണുത്ത പ്രഭാതം, സൈക്കിളില്‍ മോഹന്‍ലാല്‍: ചിത്രം പകര്‍ത്താന്‍ ജിതേഷ് കാത്തിരുന്നത് മൂന്നു വര്‍ഷം

തണുത്ത വെളുപ്പാന്‍ കാലത്ത് വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് സൈക്കിളില്‍ തനിയെ മോഹന്‍ലാല്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ കേരള കൗമുദിയ്ക്കായി പകര്‍ത്തിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 40 വര്‍ഷത്തെ കഥകള്‍ പറയാനുണ്ട് ആ ഒറ്റച്ചിത്രത്തിന്. സിനിമയില്‍ വരുന്നതിനു മുന്‍പുള്ള കാലഘട്ടം- മോഹന്‍ലാലും, പ്രിയദര്‍ശനും, ജി സുരേഷ് കുമാറും, എം ജി ശ്രീകുമാറുമൊക്കെ സിനിമാ മോഹങ്ങളുമായി ചുറ്റിതിരിഞ്ഞ വഴികളിലൂടെ ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു ആ യാത്രയും ചിത്രങ്ങളുമെന്ന് ജിതേഷ് ദാമോദര്‍ പറയുന്നു.


മൂന്ന് വര്‍ഷം കാത്തിരുന്നു ജിതേഷ് ഈ ചിത്രത്തിനായി. 17 വര്‍ഷം മോഹന്‍ലാലുമായുള്ള സൗഹൃദമാണ് അസാധാരണമായ ഈ ചിത്രത്തിലേക്ക് ക്യാമറ തിരിക്കാന്‍ ഇടയാക്കിയത്.പണ്ട് കോഫി ഹൗസിലേയ്ക്കുള്ള ലാലിന്റെ യാത്ര സൈക്കിളിലായിരുന്നു. കോഫി ഹൗസിലും പങ്കജ് ഹോട്ടലിലും ചേര്‍ന്നിരുന്നാണ് ആ സുഹൃത്തുക്കള്‍ സിനിമ സ്വപ്‌നം കണ്ടിരുന്നത്. രാത്രി ഒരുപാട് വൈകിയാണ് പിരിയുക. സൈക്കിളിലോ സ്വന്തം സ്‌കൂട്ടറിലോ ആയിരിക്കും മടക്കം. അന്നത്തെ കുസൃതികള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന സുഹൃത്ത് എം ബി സനല്‍കുമാറാണ് മോഹന്‍ലാലിന്റെ യാത്രയ്ക്കു പിന്നില്‍.


ഗീതാഞ്ജലിയുടെ ഷൂട്ടിങ്ങ് മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത് നടക്കുമ്പോള്‍ മോഹന്‍ലാല്‍ സൈക്കിള്‍ യാത്ര നടത്തിയേക്കുമെന്ന് സൂചന കിട്ടിയതിനെ തുടര്‍ന്ന് സനലിനെ ജിതേഷ് വിളിച്ചിരുന്നു. എന്നാല്‍ അന്ന് അത് നടന്നില്ല. വില്ലന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ഈ തവണ ആ ആഗ്രഹം നടക്കുമെന്ന് ജിതേഷിന്റെ മനസ്സ് പറഞ്ഞു. പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ സ്റ്റ്യാചു ജംഗ്ഷനില്‍ ജിതേഷ് സ്ഥാനം പിടിച്ചു. ക്യാമറ തയ്യാറാക്കി. ഒരു തടസ്സവും സംഭവിക്കരുതേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.കൃത്യം നാലരയോടെ മാധവരായരുടെ പ്രതിമയ്ക്കു താഴെ ലാലേട്ടന്‍ കാറില്‍ വന്ന് ഇറങ്ങി. സൈക്കിള്‍ സുഹൃത്തുക്കള്‍ ഒരുക്കിവച്ചിരുന്നു. ആദ്യം സൈക്കിളിന്റെ ബ്രേക്ക് പരിശോധിച്ചു. പണി കിട്ടരുതല്ലോ- മെല്ലെ സൈക്കിളില്‍ കയറി. മാധവരായരുടെ പ്രതിമയ്ക്കു ചുറ്റം സൈക്കിള്‍ ചവിട്ടി. നാല്പതു വര്‍ഷമായിട്ടും പ്രതിമയ്ക്ക് ഒരു മാറ്റവുമില്ലെന്ന് ചിരിയോടെ കമന്റ്. ഇന്നത്തേത്തു പോലെ വിശാലമായ റോഡുകള്‍ ഇല്ലെന്നും നഗരത്തിനു വല്ലാത്ത മാറ്റം വന്നുവെന്നും ലാലേട്ടന്‍ ചിരിയോടെ പറഞ്ഞു- ജിതേഷ് വിവരിക്കുന്നു.


എറണാകുളത്തേക്കു തിരുവനന്തപുരത്തു നിന്ന് വിമാനത്തിലായിരുന്നു മടക്കം. ആറു മണിക്കായിരുന്നു ഫ്‌ളെറ്റ്. അഞ്ചു മണിയോടെ സവാരി മതിയാക്കി മടങ്ങുകയായിരുന്നു. ആദ്യമായല്ല മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ജിതേഷ് പകര്‍ത്തുന്നത്. വണ്‍ഡേ വിത്ത് മോഹന്‍ലാല്‍ എന്ന പേരില്‍ ഫ്‌ളാഷ് മൂവിസില്‍ 18 പേജുകളോളം ലാലിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് അമ്മ സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ ലാല്‍ വന്നപ്പോള്‍ ജിതേഷ് അദ്ദേഹത്തെ ചെന്നു കണ്ടു. മോനേ നീ കലക്കി. ഗംഭീരമായി എന്ന് ലാലേട്ടന്‍ പറഞ്ഞതാണ് ഏറ്റവും വലിയ അഭിനന്ദനം.


2009 ലാണ് ജിതേഷ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം പകര്‍ത്തുന്നത്. 2009 ഡിസംബര്‍ 31 ന് തിരുവനന്തപുരത്തിലൂടെ രാത്രി നഗരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി നടന്നു നീങ്ങുന്ന ലാലിനെ ജിതേഷ് ക്യാമറയില്‍ പകര്‍ത്തി. ചിത്രം രാത്രിയിലെ നഗരം എന്ന പേരില്‍ കേരള കൗമുദിയില്‍ അടിച്ചു വന്നു. 2011 ല്‍ ജിതേഷിന്റെ നിരവധി ഫോട്ടോകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അന്തരംഗത്തിലെ ഛായപടങ്ങള്‍ എന്ന പുസ്തകം മോഹന്‍ലാലാണ് എറണാകുളത്തു വച്ചു പ്രസിദ്ധീകരിച്ചത്. കലാകൗമുദിയില്‍ പ്രശസ്തരുടെ നഷ്ടപ്പെട്ട ചിത്രങ്ങള്‍ എന്ന പംക്തി ചെയ്യാനായി ജിതേഷുമായി മോഹന്‍ലാല്‍ സഹകരിച്ചിരുന്നു. കേരള കൗമുദിയിലെ സണ്‍ഡേ സപ്ലിമെന്റില്‍ ക്യാമറയ്ക്കു പിന്നിലെ മോഹന്‍ലാല്‍ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധികരിച്ചിരുന്നു. അന്ന് മോഹന്‍ലാലുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞതും ഭാഗ്യമായി ജിതേഷ് കാണുന്നു.


കാസര്‍ഗോഡില്‍ നിന്ന് കേരളകൗമുദിയില്‍ ജോലി തേടിയാണ് 2004 ല്‍ തിരുവനന്തപുരത്ത് ജിതേഷ് എത്തിയത്. തിരുവന്തപുരത്ത് വട്ടിയൂര്‍കാവിലാണ് ഇപ്പോള്‍ താമസം. കേരള കൗമുദിയില്‍ ചീഫ് സബ് എഡിറ്ററായ ആശാ മോഹനാണ് ഭാര്യ.നിരഞ്ജന്‍, നന്മ എന്നിവര്‍ മക്കളാണ്.


ഗുജറാത്ത് വംശഹത്യയുടെ തീവ്രത അടയാളപ്പെടുത്തുന്ന മുഖമായ കുത്തബുദ്ദീന്‍ അന്‍സാരിയുടെ ചിത്രത്തെ ആസ്പദമാക്കി രചിച്ച ഏകാംഗ നാടകം ജിതേഷ് അവതരിപ്പിച്ചിട്ടുണ്ട്. ഛായഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ സിനിമാജീവിതത്തെ അടയാളപ്പെടുത്തുന്ന സെല്ലുലോയിഡിലെ സ്വപ്‌നാടകന്‍ എന്ന രണ്ടാമത്തെ പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട്:ജിതേഷ് ദാമോദര്‍, കേരളകൗമുദി