ഇരുമ്പ് ജോബി, ദി ഗുണ്‍മാൻ (IRON JOBI, THE GUN MAN): ഷാരോണ്‍ റാണി എഴുതിയ കഥ

താൻ എത്ര ഒറ്റയ്ക്കാണ് എന്ന് ജോബിക്ക് തോന്നി. 'ഗുണ്ടകൾക്ക് ഫ്രണ്ട്സില്ല ഉണ്ടെങ്കിൽ തന്നെ ആരാധകരാണ്'. എന്ന് ലോജിക്ക് അയാളോട് പറഞ്ഞു. 'അപ്പൊ അപ്പനും അമ്മയും '? ജോബി ലോജിക്കിനോട് ചോദിച്ചു. 'വേണോങ്കി തൃഷയെ പോലൊരു കാമുകി ആവാം.'ലോജിക്ക് പറഞ്ഞു- ഷാരോണ്‍ റാണി എഴുതിയ കഥ

ഇരുമ്പ് ജോബി, ദി ഗുണ്‍മാൻ (IRON JOBI, THE GUN MAN): ഷാരോണ്‍ റാണി എഴുതിയ കഥ

എഴുത്ത്, വര: ഷാരോണ്‍ റാണി


അവൻ ഇരുമ്പ് ജോബി . ഭീകരന്മാരിൽ കൊടും ഭീകരൻ. അരയ്ക്കു ചുറ്റും ആറ്‌ പിച്ചാത്തി വെച്ചവൻ. കയ്യിൽ സദാ തോക്കുമായി നടക്കുന്നവൻ. മുഖത്ത് വെട്ടേറ്റ വടുക്കളുള്ളവൻ. ദേഹം നിറയെ അടിയുടെയും, ഇടിയുടെയും,വെടിയുടെയും ചോരച്ചവി മാറാത്ത പാടുകൾ. ഒറ്റയാന്മാർക്കവൻ പേക്കിനാവ്. കടുവകൾക്കവൻ കിടുവാ . ശത്രുവിനെ നോക്കിക്കത്തിക്കുന്നവൻ. അറുപത്തിയെട്ടു കൊലക്കേസുകളിൽ പ്രതി. ഉറുമ്പ് കടിക്കുന്നിടവും, കൊതുക് കുത്തുന്നിടവും, കുരു പൊട്ടുന്നിടവും തോക്കിൻ തുംബുകൊണ്ട് മാത്രം ചൊറിയുന്നവൻ. ജയിൽ വാസം അവനു വെറും പൂവാസം. പരോൾ അവനു കരോൾ.

അവന്റെ പരോൾ വാസത്തിലെ ഒരു രാത്രി.

ഇന്ത്യൻ സമയം രാത്രി 12 മണി. അവന്റെ മൊബൈലിൽ ഇരുമ്പ് ജോബി, ദി ഗുണ്‍മാൻ സമയം 12:30. ജോബി ഫാസ്റ്റാണ്. വിശാലമായ ഒറ്റ മുറി വീട്. വാതിൽ ഒരു ഇരുമ്പ് ഷട്ടെറാണ്. അത് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും നഗരം കൊടുമ്പിരി കൊള്ളും. അക്രമാസക്ത്തരായ തെരുവ് നായ്ക്കൾ പോസ്സ്റ്റില്ലാതെയും അത് കേട്ട് പേടിച്ചു പെടുക്കും.

മുറിയിൽ ചുവന്ന നിറമുള്ള അരണ്ട വെളിച്ചം.

മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകൾ,

ജീപ്പ് ടയറുകൾ,

കാർട്ടുണുകൾ,

ചതുരത്തടിപ്പെട്ടികൾ,

പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ ,

സിഗെരെട്ട് കൂടുകൾ,

പെയിൻറ് പാട്ടകൾ,

വെടിമരുന്നുകൾ,

ഗുണ്ടുകൾ.

അവയ്ക്ക് നടുവിൽ ഒരു കറങ്ങുന്ന കസേരയിൽ തോക്കും ഇറുക്കിപ്പിടിച്ചു ഇരിക്കുന്ന ജോബി എന്ന ഗുണ്‍മാൻ. ഗുണ്ടകൾ ഉറങ്ങാറില്ല. കാലുകൾ മേശപ്പുറത്താണ്. മേശപ്പുറത്ത് കാലിയാക്കിയ മദ്യക്കുപ്പിയും, ഗ്ലാസും , ആഷ്ട്രേയിൽ പുകയുന്ന സിഗെരെട്ട് കുറ്റികളും. തോക്കിൻ തുംബുകൊണ്ട് അയാൾ കവിൾ ചൊറിഞ്ഞുകൊണ്ടിരിക്കുന്നു. അയാളുടെ ശ്വാസവും നെഞ്ചിടിട്പ്പുമല്ലാതെ മറ്റൊരു ശബ്ദവും ആ മുറിയിലില്ല.


Image Titleജോബി മൊബൈൽ എടുത്തു . സെറ്റിങ്ങ്സിൽ പോയി സമയം അര മണിക്കൂർ കൂടെ കൂട്ടി വെച്ചു. തുറന്നു കിടക്കുന്ന ജനാലയിലെ ഇരുട്ടിലെയ്ക്കയാൾ ടോർച്ചടിച്ചു. ഇല്ല നേരം വെളുത്തില്ല. രാത്രി മുറുകുന്തോറും ജോബിയുടെ നെഞ്ചിടിപ്പ് കൂടി. അയാൾ തൻറെ പുലിത്തോൽ പ്രിന്റുള്ള ബെഡ് ഷീറ്റ് വിരിച്ച കിടക്കയിൽ കയറിക്കിടന്നു. ആദ്യം നിവർന്നു കിടന്നു, പിന്നെ ഇടത്തേയ്ക്ക് ചെരിഞ്ഞു കിടന്നു, പിന്നെ വലത്തേയ്ക്ക് ചെരിഞ്ഞു കിടന്നു, പിന്നെ കമിഴ്ന്നു കിടന്നു. പിന്നെ എഴുനേറ്റിരുന്നു.ജോബിയുടെ അടിവയറ്റിൽ അയാൾ ചില ഏറ്റുമുട്ടലുകളിൽ വിഴുങ്ങിത്തോൽപ്പിച്ച് ഉടുംബുകളുണ്ടായിരുന്നു . അവ തെക്കോട്ട്‌, അല്ല വടക്കോട്ട്‌, അല്ല കിഴക്കോട്ടു എന്നിങ്ങനെ ഓടുന്നുണ്ടായിരുന്നു.

"ജോബിയെ തൊൽപ്പിക്കാനാവില്ല ചെറ്റകളെ.." ജോബി ഉടുംബുകളോടായി അലറി.

അവ ജോബിയുടെ ഹൃദയത്തിലേയ്ക്ക് ഓടിക്കയറുകയും അവിടെ കൂത്താടുകയും ചെയ്തു.

" എർറാറാ നാക്ക്‌ മുക്കെ നാക്ക് മുക്കെ നാക്ക് മുക്കെ..." താളം മുറുകി.

ജോബിയുടെ രക്ത ധമനികൾ പിണഞ്ഞു നുറുങ്ങി. " എർറാറാ നാക്ക്‌ മുക്കെ നാക്ക് മുക്കെ നാക്ക് മുക്കെ... .."

ഒരു കൂട്ടം ഉടുമ്പുകൾ ജോബിയുടെ വരണ്ട പാറ പോലെ ഉറച്ച ഹൃദയത്തിനു ചുറ്റും തീയിട്ടു . അതിനുള്ളിൽ കയറി നിന്ന് ഗൻജിറ മേളം തുടങ്ങി. അതിന്റെ 'മുഴും...മുഴും..' എന്ന ശബ്ദം ജോബിയുടെ പല്ലുകളെ പുളിപ്പിച്ചു. ഇരുമ്പ് ജോബി, ദി ഗുണ്‍മാൻ തോക്ക് തൻറെ നെഞ്ചിനു നേരെ പിടിച്ചു. പച്ചപ്പായൽ പിടിച്ച കരിമ്പാറകൾ വരെ ഉരുകുന്ന ഉച്ചത്തിൽ കോറസ് ഉയരുകയാണ്." എർറാറാ നാക്ക്‌ മുക്കെ നാക്ക് മുക്കെ നാക്ക് മുക്കെ... " ആ പാറയ്ക്കും മീതെ തിര പോലെ ജോബിയുടെ രക്തം തിളച്ചുയർന്നു. തോക്കൊന്നു ചൂണ്ടിപ്പോയാൽ പിന്നെ വെടി വെച്ചേ ജോബി തോക്ക് താഴ്ത്തൂ. സ്വന്തം നെഞ്ചു ചിതറിക്കാനും മാത്രം ജോബി ഒരു വിഡ്ഢിയല്ല. ജോബി തറയിൽ കിടന്ന ഒരു ബിയർ കാൻ എടുത്തു അത് മേശ മേലെ വെച്ചു . പത്തടി ദൂരെ മാറി നിന്ന് തുരുതുരെ വെടി വെച്ചു. ഭിത്തി മുഴുവൻ തുളയിട്ടു ബിയർ കാൻ ഒന്ന് ആടി നിന്നു. ഉന്നം പിഴച്ച ജോബിക്ക് കക്കൂസിൽ പോകാൻ മുട്ടി . അവിടെയും ഉടുമ്പുകൾ കൂത്താടി കൂടെച്ചെന്നു.അയാളെ സമാധാനമായി ആ കൃത്യം നിർവഹിക്കാൻ അനുവദിച്ചില്ല. തിരിച്ചു മുറിയിൽ എത്തിയ ജോബി മേശയുടെ ഇരുവശവും കായ്കൾ മുറുകെ പിടിച്ചു. രണ്ടേ രണ്ടു ഫ്രയിമുകളിൽ അയാളുടെ റ്റൈട്ട് ക്ലോസപ്പും, ലോങ്ങ്‌ ഷോട്ടും പാട്ടിൻറെ താളത്തിൽ ചാടി മറിഞ്ഞു. മേശ വലിച്ചു ജോബി ഭിത്തിയിലെയ്ക്കിടിച്ചു . അതിനടിയിലെയ്ക്ക് ജോബി തൻറെ ഇരുമ്പ് ശരീരത്തെ കുത്തിക്കയറ്റി. അപ്പോഴും ജോബി തോക്ക് നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു ." എർറാറാ നാക്ക്‌ മുക്കെ നാക്ക് മുക്കെ നാക്ക് മുക്കെ..."നെഞ്ചിടിച്ചിടിച്ചയാൾക്ക് തല കറങ്ങി. തല കറങ്ങിക്കറങ്ങി ജോബി വാള് വെച്ചു. വാള് വെച്ചു ജോബി തളർന്നു വീണു.തളർന്ന ജോബി എഴുനെല്ക്കാൻ ശ്രമിക്കുകയാണ്. എഴുനെല്ക്കാൻ ശ്രമിക്കുന്ന ജോബിയുടെ തല മേശ മേൽ 'ടക്'. എന്നൊന്നിടിച്ചു . എഴുനേറ്റ ജോബിക്ക് പിന്നിലേയ്ക്ക് നടക്കാൻ തോന്നി.വിഴുങ്ങി തോൽപ്പിച്ച് ഉടുമ്പുകൾ അയാളെ വെറുതെ വിട്ടില്ല. വയറ്റിൽ ഡിജേ നൈറ്റ് കളിക്കുന്ന ഉടുമ്പുകൾ. താൻ എത്ര ഒറ്റയ്ക്കാണ് എന്ന് ജോബിക്ക് തോന്നി. 'ഗുണ്ടകൾക്ക് ഫ്രണ്ട്സില്ല ഉണ്ടെങ്കിൽ തന്നെ ആരാധകരാണ്'. എന്ന് ലോജിക്ക് അയാളോട് പറഞ്ഞു. 'അപ്പൊ അപ്പനും അമ്മയും '? ജോബി ലോജിക്കിനോട് ചോദിച്ചു. 'വേണോങ്കി തൃഷയെ പോലൊരു കാമുകി ആവാം.'ലോജിക്ക് പറഞ്ഞു.
Image Titleജീവിതത്തിലൊരിക്കൽ പോലും ലോജിക്കിനെ അനുസരിച്ചിട്ടില്ലാത്തവനായണ് ജോബി. അയാൾക്ക് താൻ അനുഭവിച്ച പെൺ ഉടലുകൾ ഓർമ്മ വന്നു. താൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? അയാൾ ആലോചിച്ചു . ഉണ്ട്. അവളിപ്പോൾ കെട്ടി നാല് പിള്ളേരുമായി ഭർത്താവിനോടൊപ്പം സസുഖം ജീവിക്കുന്നു. അപ്പന്റെ ഇടികൊള്ളാൻ വയ്യാതെ അഞ്ചാം വയസ്സിൽ തന്നെ ഉപേക്ഷിച്ച് പോയ അമ്മയെ ഒന്ന് ഓർത്തു. അപ്പനെ ഓർത്തപ്പോൾ ജോബിയുടെ ചോര പിന്നെയും തിളച്ചു... എ റാറാ നാക്കെ മുക്കെ ...ഉടുമ്പുകൾ വിളയാട്ടം തുടങ്ങി .ലോകത്തിനു എന്ത് സംഭവിച്ചാലും അപ്പന്റെ കൈകൊണ്ടു തല്ലു കൊള്ളുന്നത് ജോബിക്കായിരുന്നു. അവിടെ നിന്നാണ് ജോബി എന്ന ഗുണ്ടയുടെ ജനനം. ഉടലിന്റെ വേദന എത്ര വേണേലും കടിച്ചമർത്താൻ അയാൾ പഠിച്ചു .വീടിന്റെ നെടും തൂണിൽ കെട്ടിയിടട്ട് തന്റെ കൈ തളരുവോളം എന്നാണ് അപ്പന്റെ തല്ലിന്റെ കണക്ക് ."അടീങ്കെടാ അടീങ്കെടാ അടീങ്കെടാ അടീങ്കെടാ ...എന്ന് ഉടുമ്പുകൾ ... വളർന്നപ്പോൾ ജോബി അപ്പനെ അടിച്ചു, കാണുന്നവരെയൊക്കെ ഇടിച്ചു . ആ രാത്രി അയാൾ ഏകാന്തമായ ആ ഒറ്റമുറി വീട്ടിൽ കിടന്നു സാമ്പാറ് പോലെ തിളച്ചു.

ബദ ലാരിസോണ ലാരിസോണ ലാരിസോണ ...എന്ന് പിന്നെയും ഉടുമ്പുകൾ .നേരം വെളുക്കാനിനി നാല് മണിക്കൂർ കൂടെ ബാക്കി. തടവുശിക്ഷയേക്കാൾ വലിയൊരു ശിക്ഷയില്ലെന്നു തോന്നി അയാൾക്ക്. ഒരീച്ച പറക്കുന്ന ശബ്ദം പോലുമില്ലാത്ത ഏകാന്തത. ഒന്നും ചെയ്യാനില്ലാത്ത പകലുകൾ. ഉറക്കം വരാത്ത രാത്രികൾ... ജോബി ഏകാന്ത തടവുകാരനായിരുന്നു. ജീവിതകാലം മുഴുവനും അങ്ങനെ തന്നെയായിരുന്നില്ലേ? വലിയ ബുദ്ധിയൊന്നുമില്ലാത്ത ജോബിയുടെ തലച്ചോറിൽ അന്ന് അദ്യമായി ഒരു ട്യൂബ് ലൈറ്റ് മിന്നി. ജീവിതം കൊതിയൂറിക്കുന്നൊരു മുട്ടായിയാണെന്ന് അയാളോടൊരു കുട്ടി ഉടുമ്പു പറഞ്ഞു. ആ മുട്ടായി ഉറിഞ്ചി ഉറിഞ്ചി തിന്നാൻ ജോബിയുടെ നാവു തരിച്ചു .നേരം വെളുക്കാൻ ഇനി മൂന്നു മണിക്കൂർ കൂടെ ബാക്കി. "സെലോ സെലോ... എന്ന് പെൺഉടുമ്പുകൾ കോറസ് പാടി മുണ്ടു പൊക്കിച്ചാടി . അയാൾക്ക് ജീവിതത്തോട് അസഹ്യമായ കൊതിതോന്നി.നേരം വെളുക്കാൻ ഇനി രണ്ടു മണിക്കൂർ കൂടി .ജീവിക്കണം അയാളോടാണ് ഉടുമ്പുകൾ പറഞ്ഞു. അതിനെന്തു മറുപിടി കൊടുക്കണമെന്നറിയാതെ ജോബി നാല്പത്തഞ്ചു മിനിറ്റ് മിണ്ടാതിരുന്നു.

പതിനഞ്ചാം മിനുട്ടിൽ ഒന്ന് എങ്ങി ഒരു മണിക്കൂർ ആയപ്പോഴേക്കും അയാൾക്ക് കരച്ചിലടക്കാൻ കഴിയാതെയായി. "മാട് സത്താ മനുഷ്യൻ തിന്നാ തോലെ വെച്ച് മേളം കട്ടി കൂത്തുകട്ടെടാ...." ഉടുമ്പുകൾ ആടി. അവരോടോപ്പം പതുക്കെ പതുക്കെ ജോബിയുമാടി.നേരം വെളുക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ അയാൾ ഉടുമ്പുകളുടെ കോട്ടയിൽ നിന്നും ബാഗുമെടുത്തൊടി .ജീവിതത്തിലേക്ക്.