ഇത്രയും കാലം ജീവിച്ചതിന് ഒരു അര്‍ത്ഥമുണ്ടായിരിക്കുന്നു; സുരഭി

''എനിക്ക് കല്‍പ്പന ചേച്ചിയെയും കെപിഎസി ലളിത ചേച്ചിയെയും സുകുമാരി ചേച്ചിയെയുമൊക്കെപോലെ നല്ലൊരു നടിയാവാണം. ഹാസ്യ കഥാപാത്രങ്ങളോട് ഒരുപാട് ഇഷ്ടമുണ്ട്. നല്ല വേഷങ്ങള്‍ കിട്ടണം, ചെയ്യണം. എല്ലാം കലാകാരുടെയും ആഗ്രഹം പോലെത്തന്നെ. ഇന്നതേ ചെയ്യു, ഇന്നത് ചെയ്യില്ലയെന്നൊന്നുമില്ല. നല്ല വേഷങ്ങള്‍ക്കു പ്രയോറിറ്റി കൊടുക്കും. അതിനപ്പുറത്തേക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല''. മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായ സുരഭി ലക്ഷ്മി നാരദ ന്യൂസിനോട് മനസു തുറക്കുന്നു.

ഇത്രയും കാലം  ജീവിച്ചതിന് ഒരു അര്‍ത്ഥമുണ്ടായിരിക്കുന്നു; സുരഭി

കോഴിക്കോട് ജില്ലയിലെ നരിക്കുനിയെന്ന നാട്ടിന്‍പുറത്തു നിന്ന് ഇന്ത്യന്‍ സിനിമയുടെ പുരസ്‌കാര പട്ടികയില്‍ ഇടം നേടിയ നടി സുരഭി ലക്ഷ്മിയുടെ കലാജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളാണിത്. ഇരുപതിലേറെ മലയാള ചിത്രങ്ങളില്‍ വേഷമിട്ട സുരഭിയെ തേടി മികച്ച നടിക്കുള്ള 2016ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരമെത്തിയത് അഭിനയമികവിന്റെ പുതിയ തലങ്ങളിലേക്കാണ്. അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മിന്നാമിനുങ്ങിലെ വേഷത്തിനു ലഭിച്ചിരുന്നു. കഥയിലെ രാജകുമാരി എന്ന ടെലിവിഷന്‍ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള സുരഭിയെ മലയാളികള്‍ അറിഞ്ഞത് മീഡിയാ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ പ്രധാന കഥാപാത്രമായ പാത്തുവിലൂടെയായിരുന്നു.

മികച്ച നാടക നടി കൂടിയായ സുരഭിയെ സുവര്‍ണ തിയേറ്റേഴ്‌സിന്റെ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടിക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാരം തേടിയെത്തിയിരുന്നു. അബുദാബി തിയേറ്റര്‍ ഫെസ്റ്റിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. കെ വിനോദ്കുമാര്‍ വളാഞ്ചേരി സംവിധാനം ചെയ്ത 'ബോംബെ ടെയ്ലേഴ്സ്' എന്ന നാടകത്തിലെ അഭിനയത്തിനു കേരളാ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിക്കുകയുണ്ടായി. 2005 മുതല്‍ നാടക രംഗത്തു സജീവമായി. വടകര വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിന്നാണു സുരഭി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. നരിക്കുനി സ്വദേശികളായ കെ പി ആണ്ടി- രാധ ദമ്പതികളുടെ മകളായ സുരഭി ലക്ഷ്മി നാരദ ന്യൂസിനോട് മനസു തുറക്കുന്നു.

അപ്രതീക്ഷിതമായാണ് സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം എന്ന വാര്‍ത്ത പുറത്തുവന്നത്. എന്തു തോന്നി? പ്രതീക്ഷിച്ചിരുന്നോ പുരസ്‌കാരം?

മലയാളത്തില്‍ നിന്ന് മിന്നാമിനുങ്ങും മത്സരത്തിനുള്ള പട്ടികയിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ സന്തോഷം തോന്നിയിരുന്നു. പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാന ജൂറി പരാമര്‍ശം വന്നപ്പോള്‍ തന്നെ ഞാന്‍ ഹാപ്പിയായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടണേന്ന് ഒരു പാടു പ്രാര്‍ത്ഥിച്ചു. കുടുംബത്തിലുള്ള കുട്ടികളൊക്കെ എന്നും അമ്പലത്തില്‍പോയി എനിയ്ക്ക് അവാര്‍ഡ് കിട്ടാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.(ചിരിക്കുന്നു). അവാര്‍ഡ് കിട്ടിയാല്‍ ചിലര്‍ക്ക് സ്‌കൂട്ടി വേണം, ചിലര്‍ക്ക് മൊബൈല്‍ അങ്ങനെ വലിയ ഓഫറുകളൊക്കെയുണ്ടായിരുന്നു. ഇനിയിപ്പോള്‍ അതൊക്കെ വാങ്ങിക്കൊടുക്കണല്ലോന്ന് വിചാരിക്കുമ്പോഴാ... കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സിനിമകളിലെ നടിമാര്‍ക്കൊപ്പം മത്സരിക്കുമ്പോള്‍ അവാര്‍ഡ് കിട്ടുമോന്നൊക്കെ സംശയമുണ്ടായിരുന്നു. എന്തായാലും ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. ബന്ധുക്കളും നരിക്കുനിക്കാരുമൊക്കെ നല്ല പിന്തുണ തന്നിരുന്നു. അവാര്‍ഡ് കിട്ടുമെന്ന് തന്നെയാണ് എല്ലാരും പറഞ്ഞത്. അതുപോലെ സംഭവിച്ചു. ഒരുപാട് ഹാപ്പിയാണ് ഞാന്‍.

ദേശീയ പുരസ്‌കാരത്തോടെ ഒരു നടി എന്ന നിലയില്‍ ഉത്തരവാദിത്വം വര്‍ധിച്ചെന്ന് തോന്നുണ്ടോ?

ഞാന്‍ സിനിമയില്‍ ചെയ്തതൊക്കെ ചെറിയ ചെറിയ വേഷങ്ങളാണ്. അത് ഉത്തരവാദിത്വത്തോടെ തന്നെയായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയതുകൊണ്ട് ഉത്തരവാദിത്വം വര്‍ധിക്കുമെന്നൊന്നുമില്ല. എല്ലാം ഉത്തരവാദിത്വത്തോടെ തന്നെയാണ് ചെയ്യുന്നത്. ഇനിയും ആ ഉത്തരവാദിത്വം തന്നെയുണ്ടാകും. നല്ല വേഷങ്ങള്‍ ഇനിയും കിട്ടണം. കിട്ടുമെന്നറിയാം. 20ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ഞാന്‍ ചെയ്തു. അതെല്ലാം വളരെ ഉത്തരവാദിത്തപരമായിരുന്നു. എന്റെ പരിമിതികളിലും സാധ്യതകളിലും നിന്നുകൊണ്ട് പരമാവധി കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട്. എം 80 മൂസയൊക്കെ ഹിറ്റായത് അതുകൊണ്ടാണ്. ഇനിയും സുരഭി പഴയ സുരഭി തന്നെയായിരിക്കും.

എന്ന് നിന്റെ മൊയ്തീന്‍ പോലുള്ള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളാണ് സുരഭി കൈകാര്യം ചെയ്തത്. ദേശീയ പുരസ്‌കാരത്തോടെ കൂടുതല്‍ സെലക്ടീവ് ആകേണ്ടതുണ്ടെന്ന് തോന്നുന്നുണ്ടോ?

ദേശീയ പുരസ്‌കാരം കിട്ടിയതോണ്ട് നായികയായെ ഇനി ഞാന്‍ അഭിനയിക്കൂന്ന് പറയാന്‍ പറ്റുമോ? ഞാന്‍ പറഞ്ഞല്ലൊ ഇതുവരെ കിട്ടിയ വേഷങ്ങളിലെല്ലാം ഞാന്‍ പൂര്‍ണ തൃപ്തയാണ്. അതൊന്നും മോശം ക്യാരക്ടേഴ്‌സായിരുന്നില്ല. സന്തോഷത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയും ചെയ്ത വേഷങ്ങളാണ്. ഇനിയും അത്തരം വേഷങ്ങള്‍ ചെയ്യും. അനിലേട്ടന്‍ വളരെ നല്ലൊരു ക്യാരക്ടര്‍ എനിക്ക് നല്‍കി. അത് കുഴപ്പല്ലാതെ ചെയ്യാന്‍ കഴിഞ്ഞു. അതാണ് മിന്നാമിനുങ്ങ്.

എം 80 മൂസയെന്ന പരമ്പരയിലൂടെയാണ് സുരഭിയെ മലയാളികള്‍ അറിഞ്ഞത്. പാത്തുവില്‍ നിന്ന് മിന്നാമിനുങ്ങിലെ കഥാപാത്രത്തിലെത്തുമ്പോള്‍ സുരഭിയിലെ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു ?


പാത്തു ഹിറ്റല്ലെ. എന്നെ എല്ലാരും അറിയാന്‍ തുടങ്ങിയത് അങ്ങനെയാണല്ലൊ. എം 80 മൂസ ഹിറ്റായതുകൊണ്ട് അതിലെ പാത്തുവും ഹിറ്റായി. അതിനുമപ്പുറം ഞാന്‍ ചെയ്ത വേഷങ്ങള്‍ നിരവധിയുണ്ട്. നാടകത്തിലൊക്കെയായി. ബോംബൈ ടൈലേഴ്‌സിലും ഏറെക്കുറെ കോഴിക്കോടന്‍ സ്ലാങ്ങ് സംസാരിക്കുന്ന കഥാപാത്രമാണ്. മിന്നാമിനുങ്ങിലെത്തുമ്പോള്‍ കുറച്ച് ഗൗരവതരമാണ് കാര്യങ്ങള്‍. തിരുവനന്തപുരം സ്ലാങ്ങാണിതില്‍ ഉപയോഗിച്ചത്. അത് കുഴപ്പം തോന്നിയിട്ടില്ല.

കോഴിക്കോട് സ്ലാങ്ങാണ് സുരഭിയുടെ ഭാഷയുടെ സൗന്ദര്യം. അതെപ്പോഴെങ്കിലും പാരയായിട്ടുണ്ടോ? ഉദ്ദേശിച്ചത് കഥാപാത്രങ്ങള്‍ക്കാണ്?

ഹേയ്. ഇല്ലേയില്ല. ഞാന്‍ പറഞ്ഞില്ലെ, മിന്നാമിനുങ്ങില്‍ തെക്കന്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ്. അത് കുഴപ്പമില്ലാതെ തന്നെ ചെയ്തു. എം 80 മൂസയിലെ പാത്തുവിന് സമാനമായ കോഴിക്കോടന്‍ കഥാപാത്രങ്ങള്‍ എന്നെത്തേടിയെത്തിയിരുന്നു. ചെറുതായി അലോസരത തോന്നിയെങ്കിലും സ്വീകരിച്ചിരുന്നു. അതിനൊരു ബ്രേക്കിടണമെന്ന് ആലോചിക്കുമ്പോഴാണ് മിന്നാമിനുങ്ങിലേക്ക് എത്തുന്നത്. അത് ബ്രേക്കാവുകയും ചെയ്തു. നന്നായി ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണല്ലോ അവാര്‍ഡ് തേടിവന്നത്. ഇനിയും അത്തരം വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ഒരുപാട് ആഗ്രഹമുണ്ട്.

മിന്നാമിനുങ്ങിലെ പ്രധാന കഥാപാത്രമായി കാസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ എന്തു തോന്നി? ചിത്രം പുറത്തുവന്നിട്ടില്ലെങ്കിലും കഥാപാത്രത്തോട് നൂറുശതമാനം കൂറുപുലര്‍ത്താനായെന്നതിന്റെ ഫലമായി ഈ പുരസ്‌കാരത്തെ വിലയിരുത്തിയിരുന്നോ?


എന്നെ ഈ കഥാപാത്രം ഏല്‍പ്പിക്കാനുള്ള അനിലേട്ടന്റെ ചങ്കൂറ്റത്തില്‍ അഭിമാനം തോന്നുന്നു. ആദ്യമായിട്ടല്ലെ ഇങ്ങനെയൊരു വേഷം ചെയ്യുന്നത്. 58 സീനുകളില്‍ അങ്ങനെ ഞാന്‍ തെളിഞ്ഞു നിന്നു. അതിയായ സന്തോഷമുണ്ടായിരുന്നു. മനോജേട്ടന്‍ (തിരക്കഥാക്കൃത്ത് മനോജ് രാംസിങ്) ഓരോ സീനും വായിച്ചു തരും. എന്തു മനോഹരമായിട്ടാണ് മനോജേട്ടന്‍ അതിലെ ഓരോ സീനുകളും എഴുതിയിരിക്കുന്നത്. എന്റെയോ അനിലേട്ടന്റയോ മനോജേട്ടന്റെയോ എഫേര്‍ട്ടിനപ്പുറം യൂണിറ്റിലെ ഓരോ അംഗങ്ങളുടെയും ഡെഡിക്കേഷനാണ് മിന്നാമിനുങ്ങിന് കൈമുതലായത്. പിന്നെ എല്ലാരുടേയും സപ്പോര്‍ട്ടുണ്ടായിരുന്നു. എന്റ സോഹദരന്‍ സുധീഷ് കുമാറാണ് എല്ലാത്തിനും പിന്തുണ തന്നത്. സന്തോഷേട്ടന്‍, സുമിത ചേച്ചി എല്ലാരും പ്രോത്സാഹിപ്പിച്ചു. പിന്നെ കുടുംബക്കാരും നാട്ടുകാരുമൊക്കെ എല്ലാത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. നാട്ടുകാരെപ്പോഴും എന്റെ കുടുംബക്കാരും കൂടിയാണ്. അവരുടെയൊക്കെ സപ്പോര്‍ട്ടില്‍ നിന്നാണ് ഇപ്പോഴത്തെ ഈ സുരഭി ലക്ഷ്മിയുണ്ടായത്.

ദേശീയ അവാര്‍ഡ് ജേതാവ് എന്ന നിലയില്‍ സുരഭി സ്വയം വിലയിരുത്തുന്നതെന്താണ്?

ഇത്രയും കാലം ജീവിച്ചതിന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു അര്‍ത്ഥമുണ്ടായിരിക്കുന്നുവെന്ന് തോന്നുന്നു. ഇത് മനോജേട്ടന്റെ വാക്കുകളാണ്. അത് ഞാന്‍ പറഞ്ഞെന്നു മാത്രം. എനിക്ക് കല്‍പ്പന ചേച്ചിയെയും കെപിഎസി ലളിത ചേച്ചിയെയും സുകുമാരി ചേച്ചിയെയുമൊക്കെപോലെ നല്ലൊരു നടിയാവാണം. ഹാസ്യ കഥാപാത്രങ്ങളോട് ഒരുപാട് ഇഷ്ടമുണ്ട്. നല്ല വേഷങ്ങള്‍ കിട്ടണം, ചെയ്യണം. എല്ലാം കലാകാരുടെയും ആഗ്രഹം പോലെത്തന്നെ. ഇന്നതേ ചെയ്യു, ഇന്നത് ചെയ്യില്ലയെന്നൊന്നുമില്ല. നല്ല വേഷങ്ങള്‍ക്കു പ്രയോറിറ്റി കൊടുക്കും. അതിനപ്പുറത്തേക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല.