'എനിക്കിത് കൂടുതൽ ആത്മവിശ്വാസം നൽകുന്നു'- കറുപ്പ് അഭിമാനമായൊരു പെൺകുട്ടി

നിറം ദൈവം തരുന്നതാണ്. അതുകൊണ്ട് തന്നെ അതിൽ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്- വനിതയുടെ കവർഗേളായ മരിയ ഫ്രാൻസിസ് നാരദ ന്യൂസിനോട് സംസാരിക്കുന്നു

എനിക്കിത് കൂടുതൽ ആത്മവിശ്വാസം നൽകുന്നു- കറുപ്പ് അഭിമാനമായൊരു പെൺകുട്ടി

എന്തുകൊണ്ടാണ് വെളുപ്പ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കണക്കാക്കപ്പെടുന്നത്. കാലങ്ങളായി സമൂഹത്തിൽ നിർമ്മിക്കപ്പെട്ട ബോധമാണിത്. കറുപ്പിന് ഏഴഴക് എന്നൊക്കെ പറയുമെങ്കിലും ഇന്നും കറുപ്പിന്റെ സൗന്ദര്യത്തെ അംഗീകരിക്കാത്തവരാണ് ഭൂരിഭാഗം പേരും. കമ്പോളവത്കരണത്തിനും പരസ്യങ്ങൾക്കും ഈ ബോധം നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്. തൊലി വെളുക്കുകയാണ് മേനിയഴക് എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ് പരസ്യങ്ങളെല്ലാം. അറിവും കഴിവും ഇവിടെ വിസ്മരിക്കപ്പെടുന്നു.

സിനിമകളിലേയും പരസ്യങ്ങളിലേയുമെല്ലാം നായികമാർ വെളുത്ത സ്ത്രീകൾ ആകുന്നത് പോലെതന്നെയാണ് മാഗസിനുകളുടെ കവർ പേജും. എന്നാൽ കഴിഞ്ഞ ലക്കം വനിത മാഗസിൻ ഇതിനൊരു മാറ്റം കുറിച്ച് വിപ്ലവമാവുകയാണ്. ഹൂ കെയർ കളർ എന്ന കാമ്പയിനിങിന്റെ ഭാഗമായാണ് ഈ മാറ്റം. തൊലി കറുത്ത പെൺകുട്ടി ഒരു മാഗസിന്റെ കവർ ഫോട്ടൊ ആകുന്നത് കേരളത്തിൽ ഇതാദ്യം. ചെന്നൈ സ്വദേശിയായ മരിയ ഫ്രാൻസിസ് ആണ് വനിതയുടെ കവർഗേൾ അയി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ എൻ ഐ എഫ് റ്റിയിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയാണ് മരിയ. ഈ വർഷത്തെ മിസ് മില്ലേനിയൽ ആയി തിരഞ്ഞെടുക്കപ്പെട്ട മരിയ വോഗ്യു ഹബ് നിർമ്മിച്ച പരസ്യ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മരിയ ഫ്രാൻസിസ് നാരദ ന്യൂസിനോട് വിശേഷങ്ങൾ പങ്ക് വെക്കുകയാണ്.

കവർ ഗേൾ ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ

ഫോട്ടോഗ്രാഫറായ ശ്യാം സാർ പറഞ്ഞാണ് ഈ ഫോട്ടോഷൂട്ടിനെ കുറിച്ച് അറിയുന്നത്. കേട്ടപ്പോൾ തന്നെ സന്തോഷമായി. വലിയ സന്തോഷം വരുകയാണെന്ന് അപ്പോൾ തന്നെ തോന്നിയിരുന്നു. വനിത ലോകത്താകെ പ്രചരിക്കുന്ന മാഗസിൻ ആണല്ലൊ, അതിന്റെ കവർ പേജ് ആവുക എന്നത് വലിയ കാര്യമാണ്. വനിതയുടെ തന്നെ കവർ ഗേൾ ആകാനുള്ള മത്സരത്തിൽ കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു.പക്ഷെ അന്ന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. അന്ന് വലിയ സങ്കടം തോന്നിയിരുന്നു. എന്നാൽ ഇപ്പൊൾ സന്തോഷം മാത്രമാണ്. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഇരുണ്ട നിറമുള്ള ഒരാൾ കവർഗേൾ ആകുന്നതിനോട്

വനിത മാത്രമല്ല ഒരു മാഗസിനും കേരളത്തിൽ ഇതുവരെ ഇരുണ്ട നിറമുള്ള ഒരു പെണ്ണിനെ കവർ ഗേൾ ആയി തിരഞ്ഞെടുത്തിട്ടില്ല. എനിക്ക് കിട്ടിയ ഈ അവസരം എല്ലാർക്കും പ്രചോദനം നൽകുമെന്ന് ഉറപ്പാണ്. കറുപ്പ് ഒരു മോശം നിറമല്ലെന്ന് അവർക്കും ചിന്തിക്കാൻ കഴിയണം. അവരുടെ ആഗ്രഹങ്ങൾക്ക് കറുപ്പ് ഒരു തടസമാവരുത്. നിറം ദൈവം തരുന്നതാണ്. അതുകൊണ്ട് തന്നെ അതിൽ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്.

മോഡലിങ്

രണ്ട് വർഷമെ ആയിട്ടുള്ളൂ മോഡലിങ്ങിലേക്ക് വന്നിട്ട്. മോഡലിങ്ങിനോട് തന്നെയാണ് കൂടുതൽ താത്പര്യം.പഠനത്തിനോടൊപ്പം മോഡലിങ്ങും കൊണ്ട് പോകണം. എന്നാലും പഠനത്തിന് തന്നെയാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്.

സിനിമ

അങ്ങനെയൊരു സ്വപനം കഠിനമായൊന്നുമില്ല . എങ്കിലും അവസരം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും.കറുത്തവൾ എന്ന നിലയിൽ

ചെറുതായിരുന്നപ്പോൾ കറുത്തതിന്റെ പേരിൽ കുറേ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. വിഷമവും ഉണ്ടായിട്ടുണ്ട്. എന്നാൽ ആ വിഷമം അങ്ങനെ കൊണ്ട് നടക്കാറില്ല. ഇപ്പോൾ ഒരു പ്ലാറ്റ് ഫോം കിട്ടിയതോടെ കൂടുതൽ ആത്മവിശ്വാസം വന്നു.

വനിതയുടെ ഹൂ കെയർ കളർ കാമ്പയിങിനോട്

നിറം കറുപ്പായി എന്ന കാരണം കൊണ്ട് സ്വപ്നങ്ങൾ വേണ്ടെന്ന് വെക്കുന്ന കുറേപേരുണ്ട്. എന്നാൽ ഈ കാമ്പയിനിങിലൂടെ അവർ പുറത്തേക്ക് വരും എന്ന് തന്നെയാണ് വിചാരിക്കുന്നത്. ഇത്തരത്തിലൊരു പ്രശ്നം നടക്കുന്നുവെന്ന് അളുകൾ അറിയേണ്ടതും അത്യാവശ്യമാണ്. എങ്കിൽ മാത്രമേ കറുപ്പിനോടുള്ള ഈ വിമുഖത മാറുകയുള്ളൂ.

Read More >>