അഭിമുഖം: ഷാരോണ്‍ റാണി 'ലേഡീവീഡി സെക്‌സ് പറയുകയും ചെയ്യുകയും ചെയ്യും'

സ്ത്രീ പറഞ്ഞ് തുടങ്ങിയാല്‍ പുരുഷന്മാര്‍ പറയുന്നിടത്തൊന്നും നില്‍ക്കില്ല. അതിനേക്കാള്‍ കൂടുതല്‍ പറഞ്ഞു കളയും. അത്തരമൊരു പറച്ചിലില്‍ തീര്‍ന്ന് പോകുന്നതേ ഉള്ളൂ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന ഈ ആണധികാരം- 'ലേഡീ വീഡി'യുടെ ഷാരോണ്‍ റാണി പറയുന്നു.

അഭിമുഖം: ഷാരോണ്‍ റാണി ലേഡീവീഡി സെക്‌സ് പറയുകയും ചെയ്യുകയും ചെയ്യും

എകെജി ബാലപീഡകനാണെന്ന വിവാദ പരാമര്‍ശ കാലത്ത്, ഒരാര്‍ട്ട് വന്നു. പുള്ളിക്കാരി എന്ന സോഷ്യല്‍മീഡിയയിലെ ഹിറ്റ് ക്യാരക്ടര്‍ ബല്‍റാമിന്റെ മടിയില്‍ കയറിയിരുന്ന് 'നമുക്കൊന്ന് പ്രേമിച്ചാലോ' എന്ന് ചോദിച്ചു. പോരേ പൂരം. പിന്നെ തെറവിളിയായി. ശിശുപീഡന ആരോപണമായി. ആ പുള്ളിക്കാരിയെ രചയിതാവ് പിന്‍വലിച്ചു. മടങ്ങിയെത്തിയത് ലേഡീവീഡിയുമായി. ഷാരോണ്‍ റാണിയാണ് രചയിതാവ്. മാവേലിക്കരയില്‍ ജനിച്ച് തിരുവനന്തപുരത്ത് പഠിച്ച് ബാംഗ്ലൂരിലും ഹൈദ്രാബാദിലും ജീവിച്ച് ഭൂട്ടാനിലേയ്ക്ക് പറന്ന് ഗ്രാഫിക് നോവലിസ്റ്റായി പ്രശസ്തയായ മലയാളി. വൃത്തങ്ങളിട്ട് അകപ്പെടുത്താനാവാത്ത ഷാരോണ്‍ റാണിയുടെ 'ലേഡീ വീഡി' മലയാളത്തിലെ ആദ്യ പെണ്‍പോണ്‍ സീരീസാണ്. ഷാരോണ്‍ ലൈംഗികത തുറന്നു പറയുകയാണിവിടെ. ഇതുവരെ ചിത്രീകരിച്ച ലേഡീ വീഡിയും കാണാം:വീഡി വലിക്കുന്ന ലേഡിയാണല്ലോ 'ലേഡീ വീഡി'. സംഭവം സൂപ്പറായിട്ടുണ്ട് ഷാരോണ്‍. #pullikkari ക്കൊപ്പം ലൈംഗികത പളപളാന്നു പറയുന്ന ലേഡീ വീഡി പൊളിച്ചടുക്കും?

രണ്ട് വര്‍ഷം മുന്‍പ് വരച്ചു തുടങ്ങിയ ഒരു ക്യാരക്ടറാണ് ലേഡി വീഡി. ബീന്‍ ബാഗിന് മുകളിലിരുന്ന് സിഗററ്റ് വലിക്കുന്ന ഒരു പെണ്ണ്. ലേഡീവീഡി എന്ന് പേരുമിട്ടു. എനിക്ക് കുറച്ച് പോണ്‍ ഐഡിയകള്‍ ഉണ്ടായിരുന്നു. അത് ഈ ക്യാരക്ടറിനെ കൊണ്ട് ചെയ്യിക്കുന്നത് കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് ഈ സീരീസ് ആരംഭിക്കുന്നത്.

ലേഡിയും വീഡിയും...?

ഞാന്‍ നല്ലത് പോലെ സിഗററ്റ് വലിക്കുന്ന സ്ത്രീയാണ്. ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകണ്ട എന്ന കാരണം കൊണ്ട് പബ്ലിക്കായി വലിക്കുന്നില്ല എന്ന് മാത്രം. കടകളില്‍ പോയി സിഗററ്റ് വാങ്ങാന്‍ ചെല്ലുന്നത് തന്നെ ഒരു അനുഭവമാണ്. ഒരു അന്തം വിട്ട നോട്ടമൊക്കെ നോക്കിയാണ് അവര്‍ സിഗററ്റ് എടുത്തു തരിക. എന്നാൽ ഈ നോട്ടമൊന്നും എന്നെ ബാധിക്കാറേ ഇല്ല. ആളുകള്‍ നോക്കുമ്പോള്‍ മൈന്റ് ചെയ്യാറില്ല എന്നതാണ് കാര്യം.
കട്ട പോണ്‍ പറയുന്ന ഒരു സ്ത്രീ, സദാചാര മലയാളികളുടെ കുരു നന്നായിട്ട് പൊട്ടിക്കും?

ഞാന്‍ അന്ന് വി.ടി ബലറാമിന്റെ ചിത്രം വരച്ചപ്പോള്‍ പീഡോഫീല്‍ പ്രശ്‌നം പറഞ്ഞ് കുറേ പേര്‍ ബഹളം വെച്ചിരുന്നു. അപ്പോള്‍ എനിക്ക് ഇങ്ങനെ ഒരു കാരക്ടര്‍ ചെയ്യാന്‍ കുറച്ച് കൂടെ ബോള്‍ഡ്‌നെസ്സ് കിട്ടി. കുറച്ച് നാളായി ലേഡീവീഡി മനസിലുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ ചെയ്യണമെന്ന് ഒരു ധാരണ ഉണ്ടായിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഓട്ടോമറ്റിക്കായി അങ്ങ് വരച്ച് തുടങ്ങുകയായിരുന്നു. ഇന്നത് വരക്കണം എന്ന് വിചാരിച്ച് വരച്ചതല്ല. എന്തോ ഒരു ടോക്ക് അങ്ങോട്ട് എത്തിക്കുകയായിരുന്നു.

ലേഡീ വീഡിയുടെ ഭാഷ?

ലേഡീവീഡി മലയാളത്തിലും ഇടക്ക് ഇംഗ്ലീഷിലും സംസാരിക്കും. പക്ഷേ മലയാളത്തില്‍ സംസാരിക്കുന്നതിന് ഒരൂ പ്രശ്‌നമുണ്ട്. വാക്കുകളെല്ലാം പുരുഷ കേന്ദ്രീകൃതമാണ്. ഈ കമ്പി കഥ എന്നു പറയുന്നതില്‍ തന്നെ അത് ഉണ്ടല്ലോ. പുരുഷന്മാരുടെ ശരീരത്തില്‍ എന്ത് മാറ്റം വരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മള്‍ ലൈംഗികതയെ കുറിച്ച് പറയുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു ഫെമിനൈന്‍ സാധനം ഉണ്ടാകണമെന്ന് ഉണ്ടായിരുന്നു. മലയാളത്തില്‍ വേറെ പോണ്‍ വര്‍ക്കുകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ആകെ കണ്ടത് കമ്പി പുസ്തകങ്ങളിലെ കാര്‍ട്ടൂണുകള്‍ മാത്രമാണ്. അതെല്ലാം മേല്‍പ്പറഞ്ഞ 'കമ്പി' തന്നെയാണല്ലോ.
ലേഡീവീഡിയെ അവതരിപ്പിക്കാന്‍ 'പ്രത്യേക' ധൈര്യം വേണ്ടി വന്നോ ഷാരോണിന്?

ഇതിനായി ഞാന്‍ പ്രത്യേകം ധൈര്യമൊന്നും ഉണ്ടാക്കിയിട്ടില്ല. ഈ ധൈര്യം എനിക്ക് ആദ്യമേ ഉള്ളതാ. ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്താന്‍ പൊതുവേ സ്ത്രീകള്‍ തയ്യാറാകാറില്ല. അത്രക്ക് കംഫേര്‍ട്ടായ സ്ഥലങ്ങളില്‍ നിന്ന് ഞാന്‍ പറയാറുണ്ട്. അല്ലാത്ത സമയത്ത് മറ്റൊരു ഭാഷ ഉപയോഗിക്കും. വളരെ ടെക്‌നിക്കലായ ഭാഷയായിരിക്കും അത്.

സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടക്കുന്ന ഇടമാണല്ലോ സൈബര്‍ സ്‌പേസ്. ലേഡീവീഡിയും അവിടെയാണുള്ളത്?

സാധാരണയായി സൈബര്‍ സ്‌പേസില്‍ തന്നെയാണ് ഞാന്‍ എന്റെ വര്‍ക്കുകള്‍ ഇടുന്നത്. എല്ലാവരിലേയ്ക്കും നമ്മുടെ ആശയം എത്തിക്കാന്‍ പറ്റിയ മാധ്യമവും ഇതു തന്നെയാണ്. ഒരു പ്രിന്റ് മീഡിയയിലൂടെയൊന്നും അത് ഓടുകയില്ല.

മാധവിക്കുട്ടിയുടെ എന്റെ കഥ ഷാരോണും വായിച്ചിട്ടുണ്ടല്ലോ. എന്റെ കഥ വന്നിട്ട് 45 വര്‍ഷമായി ?

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് എന്റെ കഥ ആദ്യമായി വായിക്കുന്നത്. എന്നാല്‍ അതില്‍ അത്രമാത്രം തുറന്ന് പറച്ചിലുകളൊന്നും ഉള്ളതായി തോന്നിയിട്ടൊന്നുമില്ല. ഇതിനേക്കാള്‍ കൂടുതല്‍ അന്ന് അവര്‍ക്ക് പറയാമായിരുന്നു. പക്ഷേ അന്നത്തെ കാലത്ത് അത് വലിയൊരു വിപ്ലവമാണ്. ആ പുസ്തകം കണ്ട് ഞെട്ടിപ്പോയ ആണുങ്ങളോട് പറയാനുള്ളത് ഇതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പറയാനുണ്ട് എന്നുതന്നെയാണ്. അത് എന്റെ കഥയില്‍ മാത്രം ഒതുങ്ങുന്നതല്ല.
സ്ത്രീ രതി എഴുതിയാല്‍ അവളുടെ അനുഭവം തന്നെയാണ്/ തന്നെയാകണം എന്ന 'ശാഠ്യ'മാണ് എല്ലാവര്‍ക്കും?

എനിക്കതില്‍ പേടിയുന്നുമില്ല. ഇതില്‍ ഞാന്‍ പറയുന്നത് എന്റെ അനുഭവങ്ങള്‍ മാത്രമല്ല. എനിക്ക് തോന്നുന്ന കാര്യങ്ങളാണ്. സ്ത്രീ ലൈംഗികത പറയുമ്പോള്‍ പേടിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത് എന്ന് എനിക്കറിയാം. ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടല്ലോ. എനിക്ക് അതില്‍ നിന്ന് വരച്ചേ പറ്റുള്ളൂ. എന്റെ ചിത്രങ്ങള്‍ക്ക് വരുന്ന കമന്റ് കണ്ടാലറിയാം. മോശം കമന്റുകളാണ് അവയൊക്കെ. അതിനൊന്നും ഞാന്‍ ഒന്നും പറയാന്‍ പോകാറില്ല. വേറൊന്നും കൊണ്ടല്ല, അവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

''ഇത്തരക്കാരിയാണ്'' ഷാരോണ്‍, എന്നാല്‍ ''ട്രൈ'' ചെയ്യാം എന്നതാകുമല്ലേ ഇന്‍ബോക്‌സിലെ വയലന്‍സ്?

തീര്‍ച്ചയായും ഞാനത് നേരിട്ട് കൊണ്ടേ ഇരിക്കുന്നതാണ്. എന്നാല്‍ ഞാന്‍ കാര്യമാക്കുന്നതേയില്ല. മാത്രമല്ല 'നല്ല കുട്ടി' എന്ന പേര് സമ്പാദിക്കണം എന്ന് എനിക്ക് യാതൊരു ഉദേശ്യവുമില്ല. ചെയ്യാന്‍ തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക എന്നേയുള്ളൂ. ഇതൊന്നും ചെയ്യാതിരിക്കാന്‍ പറ്റില്ല എന്ന് മനസ്സ് പറയുമ്പോള്‍ എന്ത് ചെയ്യും.

എല്ലാ സ്ത്രീയുടെ വിജയത്തിന് 'പിന്നിലും' ഒരു പുരുഷന്‍ ഉണ്ട് എന്നു പറഞ്ഞാണ് ലേഡീ വീഡിയുടെ വരവു തന്നെ?

എല്ലാ പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ട് എന്നാണല്ലോ പൊതുവെ പറയാറ്. അതിനൊരു മറു പറച്ചിലാണ് ഇത്. തീര്‍ച്ചയായും പുരുഷന്റെ വിജയത്തിന് വേണ്ടി മാത്രമുള്ളതല്ല സ്ത്രീ. പിന്നില്‍ നില്‍ക്കുക എന്നതാണ് സ്ത്രീയുടെ കടമ എന്നതിനെ പരിഹസിക്കാന്‍ തോന്നി. ഒപ്പം അതിനൊരു രസം കൂടെയുണ്ട്. അവളത് ആസ്വദിക്കുകയാണ്. വേറൊരു കാര്യം, നല്ല സെക്‌സ് നമുക്ക് ഉന്മേഷം തരുന്നതാണ്. അത് ആസ്വദിക്കുന്ന സ്ത്രീക്ക് കുറച്ച് കൂടെ നന്നായി കാര്യങ്ങളെ സമീപിക്കാന്‍ കഴിയും. ലേഡീവീഡി അത് ആസ്വദിക്കുന്ന ഒരു സ്ത്രീ ആണ്. അല്ലാതെ സെക്‌സ് വെറുക്കുന്ന സ്ത്രീ അല്ല. എന്നാല്‍ അവളൊരു കാമഭ്രാന്തി ഒന്നുമല്ല. സെക്‌സിനെ നല്ലത്/ മോശം എന്നൊന്നും മാറ്റി നിര്‍ത്താന്‍ ലേഡീവീഡിക്ക് ആവുകയുമില്ല. സെക്‌സില്‍ അവള്‍ ആക്റ്റീവായ ലേഡിയാണ്. മാത്രമല്ല എൽജിബിറ്റി കൂട്ടുകാരുടെ കട്ടക്ക് നിൽക്കുകയും ചെയ്യും ലേഡി വീഡി.
ലേഡീവീഡി ലെസ്ബിയനുമാണോ, 'ആന്റീ കൊമ്പുവെച്ചു' വരയില്‍?

ലേഡി വീഡിക്ക് എൽജിബിറ്റി കൂട്ടുകാർ കൂടെ ഉണ്ടെന്ന് പറഞ്ഞല്ലോ,അതുകൂടെ പറയേണ്ട കാര്യമാണെന്ന് ലേഡീവീഡിക്ക് അറിയാം. ഇത്തരം ബന്ധങ്ങള്‍ തുറന്ന് പറയാന്‍ പേടിക്കുന്നവരാണ് അധികവും. എന്നാല്‍ ലേഡീവീഡി അങ്ങനെയല്ല. ഏത് തരം സെക്‌സിനെ കുറിച്ചും തുറന്ന് പറയാന്‍ തയ്യാറാണ്.

സെക്‌സ് ടോയ്‌സിനെ കുറിച്ചു പറഞ്ഞതിന് ഒരു എംഎല്‍എയെ നിര്‍ത്തിപ്പൊരിച്ച കേരളത്തില്‍ സെക്‌സ് ടോയ്കളുപയോഗിക്കുന്ന ലേഡീബീഡി മലയാളിയുടെ പൊതുബോധത്തിന് നല്ല ഷോക്കാകും?

മിക്ക സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള സെക്‌സ് ടോയ്കള്‍ ഉപയോഗിക്കുന്നവരാണ്. സ്വയംഭോഗം ചെയ്യാന്‍ അത് ആവശ്യമുണ്ടല്ലോ. ആളുകളുടെ ഫ്രെസ്‌ട്രേഷന്‍ കുറക്കാന്‍ ഇതൊക്കെ ഉണ്ടായാലേ പറ്റുകയുള്ളൂ. ഇവ വില്‍ക്കുന്ന കടകള്‍ നിര്‍ബന്ധമായും ഉണ്ടാകണം. കേരളത്തില്‍ ഇന്നുവരെ അങ്ങനെയൊരു കട ഉണ്ടായിട്ടില്ല.

പോണ്‍ കാണുന്ന സ്ത്രീകളുണ്ടെന്നു പോലും മലയാളി വിശ്വസിക്കില്ല?

കേരളത്തില്‍ ഉണ്ടാകുന്ന പോണുകള്‍ പൂര്‍ണ്ണമായും പുരുഷ കേന്ദ്രീകൃതമാണ്. അവ അഡ്രസ്സ് ചെയ്യുന്നതും പുരുഷന്മാരെയാണ്. വിദേശത്തൊക്കെ കുറച്ചു കൂടെ സ്ത്രീകളുടെ പക്ഷത്ത് നിന്നുള്ള പോണ്‍ വീഡിയോകള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ കുറേ കൂടെ ഫ്രീയാണ്. നമ്മളും അത്തരത്തില്‍ അതിനെ അഡ്രസ്സ് ചെയ്യേണ്ടതാണ്, മലയാളത്തില്‍. ലേഡീവീഡി പോണ്‍ കാണും. സെക്‌സ് ടോയ് ഉപയോഗിക്കും. സെക്‌സിനെ കുറിച്ച് സംസാരിക്കും. സെക്‌സ് ചെയ്യുകയും ചെയ്യും. സെക്‌സ് സംസാരിക്കാന്‍ വേണ്ടി തന്നെയാണ് ലേഡീബീഡി ഉണ്ടായത്. എന്നാല്‍ ന്യൂഡിറ്റി ചെയ്യുക എന്ന് ലേഡീവീഡി ഉദ്ദേശിക്കുന്നില്ല.
എന്തിനാണ് ലേഡീവീഡി സെക്‌സ് സംസാരിക്കുന്നത്?

സെക്‌സ് സംസാരിക്കാന്‍ വേണ്ടി തന്നെയാണ് ലേഡി വീഡി ഉണ്ടായത് എന്ന് പറഞ്ഞല്ലോ. അവള്‍ സ്ത്രീ ആണ്. അവള്‍ക്ക് ഒന്നിനേയും പേടിയില്ല. ആരെങ്കിലും എന്തെങ്കിലും പറയും എന്നതിനെ കുറിച്ച് അവള്‍ ചിന്തിക്കുന്നേ ഇല്ല. അതിനെയൊക്കെ അതിജീവിക്കുന്ന സ്ത്രീയാണ്. ആള് കുസൃതിയുമാണ് ;)

കാണുന്നവരില്‍ എന്തെങ്കിലുമൊക്കെ സംഭവിക്കണം എന്ന് ലേഡീവീഡി കരുതുന്നുണ്ടോ?

തികച്ചും പൊളിറ്റിക്കലാണ് ലേഡീവീഡി. അതിന് അതിന്റേതായ ആവശ്യമുണ്ട്. ഇപ്പോള്‍ ലേഡീവീഡി ഉണ്ടാവുക എന്നത് തന്നെ ഒരാവശ്യമാണ്. സെക്സിനെ കൂടുതൽ ഫ്രീ ആയികാണാൻ നമുക്ക് ആകണം എന്ന് തന്നെയാണ് ലേഡി വീഡി ആഗ്രഹിക്കുന്നത്.

വര മാത്രമല്ലല്ലോ,പറയുന്നവളുമാണ്. എങ്ങനെയാണ് വാക്കുകളുടെ തിരഞ്ഞെടുപ്പ്?

ആദ്യം വാക്കുകളാണ് ഉണ്ടാകുന്നത്. പിന്നെയാണ് വരയുണ്ടാകുന്നത്. എനിക്ക് അങ്ങനെയാണ് കെട്ടൊ. ഒരാശയം മനസ്സിലേക്ക് വന്നതിനു ശേഷമാണ് എന്ത് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ ചെയ്ത് വരുമ്പോള്‍ പലപ്പോഴും വാക്കുകളൊക്കെ മാറാറുണ്ട്. പിന്നെയും പിന്നെയും മാറിയാണ് അവസാനത്തേത് ഫിക്‌സ് ചെയ്യുന്നത്.

നാട്ടിന്‍ പുറങ്ങളിലെയും ഹോസ്റ്റലുകളിലും മറ്റും കൂട്ടമായി താമസിക്കുന്ന സ്ത്രീകള്‍ക്കിടയിലും നടക്കുന്ന സെക്‌സ് വര്‍ത്തമാനങ്ങള്‍ പുറത്തേക്ക് വരാറില്ല?

ഭാഗ്യത്തിന് എനിക്ക് കിട്ടിയ സുഹൃത്തുക്കളെല്ലാം സെക്‌സിനെ അത്യാവശ്യം ഫ്രീ ആയി കാണുന്നവരാണ്. അതുകൊണ്ട് എനിക്ക് അവരുമായി സംസാരിക്കാനുള്ള അവസരങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നെ ഒരുപാട് ലിബറേറ്റ് ചെയ്തിട്ടുള്ളതാണ് ഭൂട്ടാനിലെ ജീവിതം. അവിടുത്തെ ആളുകളൊക്കെ എന്നെ ഒരുപാട് മാറ്റിയിട്ടുണ്ട്. സെക്‌സ് ആയിരുന്നാലും മറ്റെന്തായിരുന്നാലും ഫ്രീ ആയിട്ട് കാണുന്നവരാണ് അവര്‍. അവിടുത്തെ ശില്‍പ്പകലയിലും ചിത്രങ്ങളിലുമെല്ലാം ലൈംഗികാവയവങ്ങള്‍ അങ്ങനെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതും വളരെ പബ്ലിക്കായി. എന്നാല്‍ ഇത്ര പുരോഗമിച്ചു എന്ന് പറയുകയല്ലാതെ, പണ്ട് ഇവിടുത്തുകാരും വരച്ചിരുന്നു എന്ന് പറയുകയല്ലാതെ, നമുക്ക് ഇപ്പോഴും അതിന് പറ്റുന്നില്ല

മലമ്പുഴ യക്ഷിക്ക് 50 വയസായി. യക്ഷിക്കു ശേഷം പൊതുജനമധ്യേ അങ്ങനെയൊരു തുറന്നു നില്‍ക്കലില്ല?

സമൂഹം കുറേ റിജിഡായി മാറിയിട്ടുണ്ട് ഇപ്പോള്‍. സംഘപരിവാര്‍ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. മുന്‍പ് ഇത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.
പുരുഷന്മാരോട് പോണ്‍ പറയുമ്പോള്‍?

പണ്ട് കോളേജില്‍ പഠിക്കുമ്പോഴാണ് വട്ടം കൂടിയിരുന്ന് പോണ്‍ പറഞ്ഞത്. അതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ഉണ്ടായിരുന്നു. ജോലി ചെയ്യുന്ന മിക്ക സ്ഥലങ്ങളിലും ഞാന്‍ ഒരു സ്ത്രീ മാത്രമേ ഉണ്ടാവാറുള്ളൂ. അവരോടൊപ്പം നില്‍ക്കുന്നത് കൊണ്ട് മാറി നില്‍ക്കേണ്ടി വന്നില്ല. ആണുങ്ങളുടെ പോണ്‍ വര്‍ത്തമാനങ്ങള്‍ കേട്ടിട്ടുണ്ട്.

ഇപ്പോഴത്തെ ആണ്‍കുട്ടികള്‍ അത്ര തുറിച്ചു നോട്ടക്കാരല്ല. അവര്‍ കൂടി ലേഡീ വീഡിയുടെ കാഴ്ചപ്പുറത്തുണ്ട്?

ഇപ്പോള്‍ എല്ലാവരും ഒരുപാട് മാറിയിട്ടുണ്ട്. എനിക്ക് പിരീഡ്‌സായാല്‍ പാഡ് വാങ്ങിത്തരുന്നത് എന്റെ ബ്രോ ആണ്. അവന് അതില്‍ എന്തെങ്കിലും പ്രശ്‌നമില്ലെന്ന് മാത്രമല്ല, വലിയ അഭിമാനത്തോട് കൂടെയാണ് അവന്‍ അത് ചെയ്യുന്നത്. ഇപ്പോള്‍ ഇന്റെര്‍നെറ്റൊക്കെ സാധാരണമായതോടെ കൂടി അവര്‍ക്ക് കുനിഞ്ഞ് നില്‍ക്കുന്ന പെണ്ണുങ്ങളെ ഒളിഞ്ഞ് നോക്കേണ്ട കാര്യമൊന്നുമില്ല. ആവശ്യമുള്ളതെല്ലാം അവര്‍ക്ക് നെറ്റില്‍ കിട്ടും. ഡേറ്റിങ് സൈറ്റുകള്‍ ഒരുപാടുള്ള ഈ സമയത്ത് അവര്‍ അത്രമാത്രം ഫ്രെസ്ട്രേറ്റഡ് അല്ല. ലേഡി വീഡി പുതിയകാലത്തോട് കൂടിയാണ് സംസാരിക്കുന്നത്. അല്ലെങ്കില്‍ അവരോടാണ് സംസാരിക്കേണ്ടത്.

ലേഡീ വീഡിയെ കണ്ട് ആളുകള്‍ പൊട്ടിച്ചിരിക്കുമോ?

ഹ്യൂമര്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതവരെ പൊട്ടിച്ചിരിപ്പിക്കുമോ എന്നെനിക്കറിയില്ല. #പുള്ളിക്കാരി ചെയ്ത എന്റെ അടുത്ത് നിന്ന് ലേഡി വീഡിയെ അവര്‍ പ്രതീക്ഷിക്കുന്നില്ല. അതൊരുപക്ഷേ ലേഡീവീഡി പോണ്‍ പറയുന്നതിനോടുള്ള അമ്പരപ്പാവാം. എന്നാല്‍ സ്ത്രീകള്‍ ഇതുവരെ മോശമായി എന്നോട് പ്രതികരിച്ചിട്ടില്ല. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. ആണുങ്ങളും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ലേഡി വീഡിക്ക് വരുന്ന കമന്റുകളാണ് സഹിക്കാന്‍ പറ്റാത്തത്. ഒരുമാതിരി ബുദ്ധിയില്ലാത്ത കമന്റുകള്‍. കുറച്ച് ലൈംഗിക ചുവയുള്ള, ഞാനും ഇങ്ങനെയാണെന്ന രീതിയില്‍ എന്നേയും ട്രോളിക്കൊണ്ടുള്ള കമന്റുകളാണ്. പക്ഷേ ഞാന്‍ അത് കാര്യമാക്കാറില്ല. എന്റെ വരകള്‍ മനസ്സിലാക്കാത്തവരോട് എനിക്കൊന്നും പറയാനില്ല. മനസ്സിലാകുന്നവര്‍ ഒരു ചെറിയ കൂട്ടം ആളുകള്‍ ആയിരിക്കും. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. മാത്രമല്ല നമുക്ക് ഒരിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടിവരക്കാന്‍ പറ്റില്ല. നമ്മുടെ ഉള്ളിലുള്ള ഇന്‍സ്പിരേഷന്‍ കൊണ്ടാണ് നമ്മള്‍ വരക്കുന്നത്.

ലേഡി വീഡി പറഞ്ഞ് തുടങ്ങിയിരിക്കുന്നു. എവിടെവരെ പറയും?

സ്ത്രീ പറഞ്ഞ് തുടങ്ങിയാല്‍ പുരുഷന്മാര്‍ പറയുന്നിടത്തൊന്നും നില്‍ക്കില്ല. അതിനേക്കാള്‍ കൂടുതല്‍ പറഞ്ഞു കളയും. അത്തരമൊരു പറച്ചിലില്‍ തീര്‍ന്ന് പോകുന്നതേ ഉള്ളൂ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന ഈ ആണധികാരം.

പറയുന്നത് തെറിയായി പോകുമോ?

ആദ്യത്തെ ലേഡി വീഡിയെ വരച്ചത് ഇംഗ്ലീഷില്‍ ആണ്. രണ്ടാമത് വരച്ച ചിത്രത്തിലും ഇംഗ്ലീഷ് ഉണ്ടായിരുന്നു. മലയാളത്തില്‍ എഴുതുമ്പോള്‍ അത് തെറി ആകുന്നു എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നാല്‍ പിന്നെ തോന്നി മലയാളത്തില്‍ തന്നെ പറയണമെന്ന്. എന്നാല്‍ അതോടൊപ്പം ഇംഗ്ലീഷും പറയുന്നുണ്ട്. രണ്ട് ഭാഷയും എന്നെ സ്വാധീനിച്ചത് കൊണ്ടാണ്. എന്നാല്‍ ഇംഗ്ലീഷില്‍ ഇത് പറയുന്നതിന് സ്വാതന്ത്ര്യം കൂടുതലുണ്ട്. അതേ സമയം മലയാളത്തില്‍ ഇല്ലതാനും. അതുകൊണ്ട് തന്നെ മലയാളത്തില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ഒന്നു പാളിയാല്‍ ലേഡി വീഡിയുടെ എല്ലാ കാരക്ടറും പോകും.

കാര്‍ട്ടൂണ്‍, ട്രോളുകളും സിനിമയിലെ സംഭാഷണം/ പാട്ട് എന്നിവയില്‍ നിന്നാണ് പ്രചോദനം പിടിക്കുന്നതെന്ന് കണ്ടിട്ടുണ്ട്. ഒന്നാമത് മലയാളം സിനിമാ പാട്ട് പച്ചപ്പോണാണ്. ലേഡി വീഡിയുടെ പ്രചോദനങ്ങളോ?

ലേഡി വീഡി പാട്ടൊക്കെ പാടും. എന്നാല്‍ സിനിമയില്‍ നിന്നൊന്നും യാതൊരു ഇന്‍സ്പിരേഷനും ഇല്ല. ലേഡി വീഡിയുടെ ഇൻസ്പിരേഷൻ അവളുടെ ചിന്തകൾ തന്നെയാണ്. അവൾക്ക് പറയാൻ തോന്നുന്നതൊക്കെ അവൾ പറയും ചെയ്യും. അത്രമാത്രം.


പുള്ളിക്കാരി എവിടെ പോയി എന്ന് എല്ലാവരും ചോദിക്കുന്നതു കണ്ടു?

പുള്ളിക്കാരി എവിടേം പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. 'പുള്ളിക്കാരി'ക്ക് പകരമായി ലേഡീ വീഡിയെ കൊണ്ടുവന്നതല്ല. പുള്ളിക്കാരിക്ക് പറയാനുള്ള കാര്യങ്ങള്‍ വേറെയാണ് ലേഡീ വീഡിക്ക് പറയാനുള്ള കാര്യങ്ങള്‍ വേറെയാണ്. രണ്ടുപേരും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല.

ആണിനോട് ലേഡീ വീഡി എന്താണ് പറയുന്നത്?

ലേഡീ വീഡി കണ്ട് മാസ്ട്രുബേഷന്‍ ചെയ്യാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല. ഇനി അഥവാ ചെയ്താല്‍ തന്നെ അത് പുരുഷന്മാരായിരിക്കും. എന്നാല്‍ പുരുഷനെ ഒരു കാര്യം ഓര്‍മപ്പെടുത്തുന്നുണ്ട്. വുമണ്‍സ് ആര്‍ സെക്ഷ്വലി ആക്റ്റീവ്. സ്ത്രീകള്‍ ഒരു ഉപകരണമൊന്നുമല്ല. പുരുഷന്റെ ലൈംഗികതയെ അടിച്ചമര്‍ത്തുകയൊന്നുമല്ല. മറിച്ച് സ്ത്രീ ഇത്തരത്തിലൊന്നും പറയാന്‍ പാടില്ല എന്ന ബോധത്തെ ചോദ്യം ചെയ്യുകയാണ്. നല്ലവളാകണം അല്ലെങ്കില്‍ കുലസ്ത്രീ ആകണമെന്ന് ലേഡീ വീഡി ചിന്തിക്കുന്നില്ല. കുലസ്ത്രീ അല്ല, പച്ചയായ സ്ത്രീ ആണ് ലേഡീ വീഡി.ലേഡീവീഡി ക്ലീവേജ് കാണിക്കുമോ?

പോസിനനുസരിച്ച് കാണുകയോ കാണാതിരിക്കുകയോ ആകാം.

ലേഡീ വീഡിയുടെ നിറം?

ഡാര്‍ക്ക്

Read More >>