പുരുഷന്‍ ടോപ്പ്‌ലെസ് ആയി നടക്കുന്ന വീട്ടില്‍ സ്ത്രീകള്‍ക്ക് അങ്ങനെ നടക്കാന്‍ സാധിക്കുന്നില്ല?

''സ്ത്രീശരീരം അശ്ലീലമാണ്, പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന പൊതുബോധത്തെ പൊളിച്ചടുക്കുന്നതിന് വേണ്ടി ഒരു സ്റ്റെപ്പ് വരേണ്ടതാവശ്യമാണ്. ഞാനുദ്ദേശിക്കുന്നതും ഇത്തരമൊരു പൊളിച്ചെഴുത്താണ്'' - രഹ്ന ഫാത്തിമ

പുരുഷന്‍ ടോപ്പ്‌ലെസ് ആയി നടക്കുന്ന വീട്ടില്‍ സ്ത്രീകള്‍ക്ക് അങ്ങനെ നടക്കാന്‍ സാധിക്കുന്നില്ല?

''പുരുഷശരീരം എല്ലായിടങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ട്. അതേ സമയം സ്ത്രീശരീരം അശ്ലീലമാണെന്ന ഒരു പൊതുധാരണയും നിലനില്‍ക്കുന്നു. ഈ ഒരു കാഴ്ചപ്പാട് മാറേണ്ടതല്ലേ? അപ്പോള്‍ അതിലേക്കൊരു ഒരു ചുവടുവയ്പ് എന്ന രീതിയിലാണ് ഈ സമരം. ശരീരത്തിനും രാഷ്ട്രീയമുണ്ട്. തങ്ങളുടെ ശരീരം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. അതായത് ഏത് രീതിയില്‍ വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം എന്നൊക്കെ സ്വന്തം താത്പര്യങ്ങളാണ്. സ്ത്രീശരീരം അശ്ലീലമാണ്, പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന പൊതുബോധത്തെ പൊളിച്ചടുക്കുന്നതിന് വേണ്ടി ഒരു സ്റ്റെപ്പ് വരേണ്ടതാവശ്യമാണ്. ഞാനുദ്ദേശിക്കുന്നതും ഇത്തരമൊരു പൊളിച്ചെഴുത്താണ്''- സ്ത്രീ ശരീരത്തിന്റെ അമിത ലൈഗികവത്കരണത്തിനെതിരെ ചരിത്രമാകുന്ന മാറ് തുറക്കല്‍ സമരം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയും നടിയുമായ രഹ്ന ഫാത്തിമ പറയുന്നു.




പുരുഷന്‍ ടോപ്പ്‌ലെസ് ആയി നടക്കുന്ന വീട്ടില്‍ സ്ത്രീകള്‍ക്ക് അങ്ങനെ നടക്കാന്‍ സാധിക്കുന്നില്ല. കാരണം സ്ത്രീയല്ലേ അങ്ങനെ നടക്കാന്‍ പാടില്ല എന്നാണ് അലിഖിത നിയമം. എന്നാല്‍ വീട്ടില്‍, മുറിക്കുള്ളില്‍ തങ്ങളിത് പ്രാവര്‍ത്തികമാക്കാറുണ്ടെന്നും തങ്ങളുടെ കുട്ടികളെങ്കിലും സ്ത്രീശരീരം, സഹോദരിയുടെ ശരീരം ഇത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കണമെന്നുമാണ് രഹ്നയുടെ വിശദീകരണം. ഈ തിരിച്ചറിവുണ്ടായാല്‍ സ്ത്രീശരീരത്തെ ആക്രമിക്കാനുള്ള പ്രവണത കുറയും. മൂടി വയ്ക്കുമ്പോള്‍, അടച്ചുവയ്ക്കുമ്പോള്‍ അതിനുള്ളില്‍ എന്തോ വലിയ സംഭവമാണെന്ന രീതിയിലാണ് പലരും ഇതിന് പുറകെ നടക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന പല സംഭവങ്ങളും ഇത്തരം ആഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ശരീരത്തെക്കുറിച്ചുള്ള പൊതുബോധത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള തെളിച്ചം രഹനയ്ക്ക് ലഭിക്കുന്നതിന് പിന്നില്‍ പല ഘട്ടങ്ങളുണ്ടായിരുന്നു. സ്വന്തം ശരീരം എന്താണെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഇത് ആരംഭിച്ചത്. ''കഴിഞ്ഞ കുറച്ചു നാളുകള്‍ വരെ എന്റെ ശരീരം എന്താണെന്നുള്ള ബോധ്യം വരെ എനിക്കുണ്ടായിരുന്നില്ല. എന്റെ ശരീരത്തിന്റെ മാറ്റങ്ങള്‍ എന്താണെന്ന് പറഞ്ഞു തരാന്‍ എന്റെ അമ്മയ്ക്ക് പോലും സാധിച്ചിട്ടില്ല. നാലഞ്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയിട്ട്. അതുവരെ പൊതുബോധത്തില്‍ ജീവിക്കുന്നഒരു സ്ത്രീയ്ക്ക് ലഭിക്കുന്ന അറിവുകള്‍ മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ. എന്റെ ശരീരത്തെക്കുറിച്ച് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അത് അറിയാനുണ്ട്.'' ശരീരത്തെക്കുറിച്ചുള്ള പൊതുബോധ്യത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പല ഘട്ടങ്ങളിലൂടെ കടന്നുവന്നു എന്ന് രഹന വെളിപ്പെടുത്തുന്നു.

കടുത്ത ചൂടിലും മാറിടങ്ങള്‍ പൂട്ടിക്കെട്ടിത്തന്നെ വയ്ക്കണമെന്ന അവസ്ഥയിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്. മേല്‍ക്കുപ്പായത്തിനും അടിക്കുപ്പായത്തിനും അടിയിലാണ് മുലകള്‍ക്കുള്ള സ്ഥാനം. ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ പോലും മുലകള്‍ മറച്ചുപിടിക്കേണ്ട അവശ്യവസ്തുവാണ്. രാവിലെ എഴുന്നേറ്റ് കുനിഞ്ഞു നിന്ന് മുറ്റമടിക്കുമ്പോള്‍ ഡ്രസ്സ് കഴുത്തിന് താഴെ കൂട്ടിപ്പിടിക്കണം. ആരെങ്കിലും അവിടുന്നോ ഇവിടുന്നോ നോക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. കോളറുള്ള ഷര്‍ട്ടിട്ട് പുറത്തിറങ്ങി മുറ്റമടിക്കുന്ന അവസ്ഥ വന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. മുറ്റമടിക്കുമ്പോള്‍ മാത്രമല്ല, ബസിലോ പൊതുസ്ഥലത്തോ എവിടെയെങ്കിലും വച്ച് എന്തെങ്കിലും സാധനം താഴെപ്പോയാല്‍ അത് കുനിഞ്ഞെടുക്കാന്‍ പോലും സാധിക്കില്ല. ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് വേണം അങ്ങനെ ചെയ്യാന്‍.





ഇത്രയും സൂക്ഷ്മമായി വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു സൂക്ഷിക്കണം ശരീരം എന്ന പൊതുബോധം നിലനില്‍ക്കുമ്പോഴും ശരീരത്തിന്റെ രാഷ്ട്രീയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഈ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥ. ഇപ്പോഴത്തെ ഈ മാറുതുറക്കല്‍ സമരം വരെ അതിനുള്ള ഉദാഹരണങ്ങളാണ്. ഫാത്തിമ എന്ന് പേരായ, മുസ്ലീമായ ഒരു സ്ത്രീ ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ് മുന്നില്‍ വിലക്കി നിന്നവര്‍ അനവധി- ''ഒരിക്കല്‍ എന്റെ വീടിന്റെ അടുത്തുള്ള ബീച്ചില്‍ ടീഷര്‍ട്ടും ത്രീഫോര്‍ത്തും ഇട്ടാണ് കുളിച്ചത്. ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഈ പേര് വച്ചിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല, ഇങ്ങനെ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നെല്ലാം പറഞ്ഞിട്ടുണ്ട്. എന്റെ പേര് വച്ച് എങ്ങനെ നടക്കണമെന്ന് എന്ത് ധരിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത് എന്ന് മറുപടി കൊടുത്തു. പര്‍ദ്ദ ധരിക്കണമെന്ന് വാശി പിടിച്ചവരുടെ മുന്നില്‍ പര്‍ദ്ദയല്ല, എനിക്കിഷ്ടമുള്ളത് ഇതാണെന്ന രീതിയിലാണ് ഞാന്‍ നടന്നത്. അങ്ങനെയാണ് ഞാന്‍ ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തത്.'' എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ് എന്ന് രഹ്ന പ്രഖ്യാപിച്ചു തുടങ്ങിയതിന്റെ ആദ്യഘട്ടം ഇവിടെ തുടങ്ങുന്നു.




ഉത്സവപ്പറമ്പുകളിലും പൊതുസ്ഥലങ്ങളിലും സ്ത്രീ മാറി ഒതുങ്ങി നില്‍ക്കണം. കാരണം അങ്ങനെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകളെ പിടിക്കാനും തോണ്ടാനും ആളുകള്‍ വരുമെത്രേ. അതിനാല്‍ ഇവിടങ്ങളൊക്കെ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പടേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ ഇവിടങ്ങളിലെല്ലാം തന്നെ പുരുഷശരീരം ആഘോഷിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുലിക്കളിയിലെ സ്ത്രീസാന്നിദ്ധ്യമായി രഹന ഫാത്തിമ എത്തുന്നത്. ''പുലിക്കളിയില്‍ നിപ്പിളിന്റെ അവിടെ മാത്രം പെയിന്റെ ചെയ്തിട്ടുണ്ടായിരുന്നു. അത് അവരുടെ നിര്‍ബന്ധമായിരുന്നു. അവിടെ നഗ്‌നത അനുവദിക്കാന്‍ പറ്റില്ല, ഇത്രയേ നമുക്ക് പറ്റുകയുള്ളൂ എന്ന് പറഞ്ഞു. എന്റെ ശരീരത്തില്‍ തന്നെ പെയിന്റ് ചെയ്‌തോളൂ എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, അങ്ങനെ അനുവദിക്കാന്‍ പറ്റുന്ന ഒരുകൂട്ടരായിരുന്നില്ല. അത് ഒരു കോ ഓര്‍ഡിനേറ്റഡ് പ്രോഗ്രാമായിരുന്നുവല്ലോ? അത് ഒരു ഗ്രൂപ്പിന്റെ കൂടെയായതിനാല്‍ മറ്റുള്ളവരെയും കൂടി മാനിക്കണമെന്നുള്ളത് കൊണ്ട് അനുവദിച്ചു''




പിന്നീട് ഇതേ രഹ്ന ഫാത്തിമയെ മോഡലിംഗിലും ഏക എന്ന ചിത്രത്തിലും കണ്ടു- ''എനിക്ക് സാധ്യമല്ലെന്ന് കരുതിയിരുന്ന മേഖലകളാണ് ഇതൊക്കെ. എന്റെ ശരീരം വെച്ചും ഈ രൂപം വെച്ചും ഇതൊന്നും സാധിക്കില്ലെന്നുള്ള തോന്നലായിരുന്നു. അപ്പൊ, അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് സാധിക്കില്ലെന്നുള്ളത് നമ്മള് നോക്കണമല്ലോ? നമ്മള്‍ പരിശ്രമിക്കുക. ഏറ്റവും ഫസ്റ്റ് എത്തുക എന്നതല്ലല്ലോ? നിന്നെക്കൊണ്ട് ഒന്നും പറ്റില്ല എന്നു പറഞ്ഞ് അടിച്ചു തളര്‍ത്തുന്നവരുടെ അടുത്ത്, അല്ല എനിക്കും പറ്റും, എനിക്കും സാധിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട് എന്ന് ബോധിപ്പിക്കലേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. സ്ത്രീയായത് കൊണ്ട് എന്നെ പലകാര്യത്തിലും മാറ്റി നിര്‍ത്തപ്പെടേണ്ട. ഒരുരീതിയിലും ബോഡി ഷെയ്മിങ് ചെയ്യേണ്ട കാര്യമില്ലല്ലോ? പല ഘട്ടത്തിലും ഞാന്‍ ഫെയ്‌സ് ചെയ്ത കാര്യങ്ങള്‍ തന്നെ ഞാന്‍ പ്രതിരോധിച്ച് മുന്നോട്ടു പോവാന്‍ പോയിട്ടുള്ളത്. എനിക്ക് മാത്രമല്ല, മറ്റു സ്ത്രീകള്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് എന്‍ട്രി ചെയ്തിട്ടുള്ളത്.'' പുരുഷന്‍മാര്‍ ഷര്‍ട്ടില്ലാതെ ഒരു ഫോട്ടോയെടുത്ത് നിപ്പിള്‍ കാണിച്ച് പ്രൊഫൈല്‍ പിക്ച്ചര്‍ ഇട്ടാല്‍ ഒരു കുഴപ്പവുമില്ല. പക്ഷേ, ഒരു സ്ത്രീ അങ്ങനെ ഇടുമ്പോഴാണ് പ്രശ്‌നമെന്നും രഹ്ന കൂട്ടിച്ചേര്‍ക്കുന്നു.




സ്ത്രീയുടെ ശരീരത്തെ പുരുഷന്‍ വല്ലാതെ ഭയക്കുന്നുണ്ട്. അതാണ് അതില്‍ നിന്ന് മനസ്സിലാക്കുന്നത്. കാരണം, മുലയൂട്ടുമ്പോള്‍ അവിടെ മാതൃത്വമാണ് പ്രത്യക്ഷമാവുന്നത്. അല്ലാതെ കാണിക്കുമ്പോള്‍ അവിടെ ലൈംഗികത മാത്രമാണ് വരുന്നത് എന്നു പറയുന്നത് എന്ത് ലോജിക്കാണ്? കാണുന്നവന് തോന്നുന്നതേ തോന്നു- കാമമാണെങ്കിലും മാതൃത്വമാണെങ്കിലും- ബിക്കിനിയുടെ ഫോട്ടോ മുതല്‍ വധഭീഷണിയിലൂടെയാണ് രഹ്ന കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. തളര്‍ത്താനുള്ള ഇമോഷണല്‍ ബ്ലാക്ക്‌മെയ്‌ലിങ് വരെ നടത്തിയിട്ടുണ്ട്.

''അമ്മയുടെ അടുത്ത് പ്രശ്‌നമുണ്ടാക്കുക. അമ്മ വഴി എനിക്ക് സമ്മര്‍ദ്ദമുണ്ടാക്കുക. അങ്ങനെ പലതരത്തിലും ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അവര്‍ പറഞ്ഞത്, നിങ്ങള്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ അമ്മയെ പള്ളിയില്‍ അടക്കം ചെയ്യാന്‍ പറ്റില്ല, എന്നോട് പറഞ്ഞതാണ്. ബാക്കി എല്ലാം കഴിഞ്ഞു. അവര്‍ പലതും പറഞ്ഞിട്ടും ഒരു രക്ഷയുമുണ്ടായില്ല. ഞാന്‍ എന്റെ തീരുമാനത്തില്‍ നിന്ന് മാറാന്‍ തയ്യാറല്ലായിരുന്നു. അവര്‍ പിന്നെ അവസാനമായിട്ട് ചെയ്യുന്നത്, അടക്കം ചെയ്യണമെങ്കില്‍ പള്ളിയില്‍ കൊണ്ടുവരണമല്ലോ? ഈ നിലയിലാണ് നിങ്ങള്‍ പോവുന്നതെങ്കില്‍ ഒരു കാരണവശാലും അമ്മയെ പള്ളിയില്‍ അടക്കാന്‍ സാധിക്കില്ല. ഞാന്‍ പറഞ്ഞു. വേണ്ട, എനിക്ക് ഒരു നിര്‍ബന്ധവുമില്ല എന്റെ അമ്മയെ പള്ളിയില്‍ തന്നെ അടക്കണമെന്ന്. ഞാന്‍ മെഡിക്കല്‍ കോളേജിനു കൊടുത്തോളാം. അങ്ങനെ, ഞാന്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ അമ്മയെ വെച്ചിട്ട് പലരീതിയിലും ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും നടക്കില്ല. ഞാന്‍ എങ്ങനെ ജീവിക്കണമെന്നുള്ളത് ഞാന്‍ തന്നെ തീരുമാനിക്കും. ഇത് ചെയ്തു തരാന്‍ പറ്റില്ല എന്നുള്ളത് നിങ്ങളുടെ കാര്യമല്ലേ പറഞ്ഞത്? എനിക്ക് അല്ലാതെയും വഴികളുണ്ട്. ഞാന്‍ ആ രീതിയില്‍ ചെയ്‌തോളാം.'' രഹ്നയുടെ വാക്കുകള്‍.




ഹാദിയ തന്റെ സ്വാതന്ത്ര്യത്തിനായി നിലപാടെടുത്ത അതേ കേരളത്തിലാണ് മുസ്ലീമായി ജീവിച്ച് വളരുകയും സ്വതന്ത്രചിന്തകയായി മാറുകയും ചെയ്ത രഹ്നയുടെ പോരാട്ടം- 'ഹാദിയ എന്ന പെണ്‍കുട്ടി ഒരു ചങ്ങലയില്‍ നിന്ന് വേറൊരു ചങ്ങലയിലേക്ക് മാറിയെന്നല്ലാതെ എന്താണ് പറയാനുള്ളത്? എന്ത് വ്യത്യസ്തതയാണ് മനസ്സിലായിട്ടുള്ളത് എന്ന് ആ കുട്ടിക്ക് ഇപ്പോള്‍ ബോധ്യമാവില്ല. കുറച്ചു കഴിഞ്ഞിട്ടേ ബോധ്യമാവൂ. കാരണമെന്താണെന്നു വെച്ചാല്‍, ഈ മതവും സമൂഹവും സ്ത്രീക്ക് ചുറ്റും കെട്ടിയുണ്ടാക്കുന്ന ചങ്ങലയുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അത് പൊട്ടിച്ചെറിഞ്ഞ് വരിക തന്നെ വേണം. അല്ലാതെ ഒരു ചങ്ങലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിയതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. കൂടുതല്‍ പിരിമുറുകുകയേ ഉള്ളൂ അവിടെ. അത് പതിയെ മനസ്സിലാവൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, അനുഭവിച്ചറിയുക തന്നെയാണ് ഓരോ സ്ത്രീയുടെയും അവസ്ഥ. അനുഭവിച്ച് തന്നെ അറിഞ്ഞാലേ അവര്‍ മുന്നോട്ടു വരികയുള്ളൂ. മാറ്റം സ്വീകരിക്കുകയുള്ളൂ എന്നാണ് പലരുടെയും അവസ്ഥയില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത്''

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ രഹ്നയ്ക്ക് ഈ രാഷ്ട്രീയ നിലപാടുകള്‍ ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലേ എന്നു ചിന്തിക്കുന്നവരും ഏറെ- ''സമരങ്ങളില്‍ പങ്കെടുക്കുകയും പൊളിറ്റിക്കലായി ഇടപെടുകയും ചെയ്യുന്നതിനാല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണത്തിന്റെ നിഴലിലായിരുന്നു കുറച്ചുകാലം. ഭരണഘടനയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന് മേലുദ്യോഗസ്ഥരുടെ അടുത്ത് പരാതി എത്തി. ഫോണ്‍കോള്‍ ടാപ്പിംഗ് മുതല്‍ വിജിലന്‍സ് അന്വേഷണം വരെ നേരിടേണ്ടി വന്നിട്ടുണ്ട്. താമസിക്കുന്ന സ്ഥലത്തു നിന്നും മാറേണ്ടി വന്നു എന്ന ചെറിയ ഒരു നടപടി മാത്രമേ നേരിടേണ്ടിവന്നുള്ളൂ. മുടിയില്ലാത്ത പെണ്‍കുട്ടികള്‍, മുടിയുള്ള ആണ്‍കുട്ടികള്‍, താടിവെച്ച ആണ്‍കുട്ടികള്‍ ഇവരൊക്കെ അസമയത്ത് വരുന്നു എന്നായിരുന്നു കാരണം. ബിഎസ്എന്‍എല്ലില്‍ ടെലകോം ടെക്‌നീഷ്യനായിട്ടാണ് രഹ്നയുടെ പോസ്റ്റ്. പക്ഷേ ജോലി ചെയ്യുന്നത് കസ്റ്റമര്‍ സര്‍വ്വീസ് സെക്ഷനിലാണ്. പതിനെട്ട് വയസ്സില്‍ തന്നെ വാപ്പയുടെ മരണത്തെ തുടര്‍ന്ന് ആശ്രിതനിയമനം വഴിയാണ് ജോലി കിട്ടിയത്. അടുത്ത ജോലിക്കയറ്റത്തിനുള്ള ടെസ്റ്റുകള്‍ കഴിഞ്ഞു. ഇനി സീനിയര്‍ എഞ്ചിനീയറാകും.




ജോലിയെ ബാധിക്കും എന്ന് ആദ്യമൊക്കെ പേടിയുണ്ടായിരുന്നു. എന്തൊക്കെയാണ് സ്ത്രീയുടെ അവകാശങ്ങള്‍, സ്വന്തം പരിധിയില്‍ നിന്നുകൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ബോധ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മനസ്സിലായ കാര്യം സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും പറയാന്‍ ഒരാള്‍ക്കും വിലക്കുകള്‍ ഇല്ല എന്നാണ്. ഡ്യൂട്ടി സമയത്ത് പൊതുപരിപാടികളില്‍ ഒന്നും തന്നെ പങ്കെടുക്കാന്‍ പാടില്ല എന്നാണ് നിയമം. അങ്ങനെ ഒരു കാര്യവും താന്‍ ചെയ്യുന്നില്ലെന്നും രഹ്ന ഉറപ്പിച്ച് പറയുന്നു.

കിസ്സ് ഓഫ് ലവ്വിന്റെ ഭാഗമായിട്ട് ആണ് രഹ്ന സജീവ സമരത്തിലേക്ക് എത്തുന്നത്. പല പ്രശ്‌നങ്ങളും അറിയാനും അതിലൊക്കെ ഇടപെടാനും സാധിച്ചത് ഈ പ്ലാറ്റ്‌ഫോം ലഭിച്ചത് കൊണ്ടാണ്. രഹ്നയുടെ എല്ലാ സമരങ്ങളിലും ഏഴുവയസ്സുകാരിയായ മകളും പങ്കാളിയാണ്. ''അവളുടെ ശരീരത്തെക്കുറിച്ച് അതിന്റെ മാറ്റത്തെക്കുറിച്ച് അവള്‍ അറിഞ്ഞുവരേണ്ട പ്രായമാണിത്. എല്ലാ സമരത്തിലും ഞാന്‍ അവളെയും ഒപ്പം കൂട്ടാറുണ്ട്. നമ്മുടെ ചുറ്റും നടക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മള്‍ പറഞ്ഞുകൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ നേരിട്ടറിയാന്‍ അവള്‍ക്ക് കഴിയും. ഇപ്പോള്‍ അവള്‍ എന്താണ് മനസ്സിലാക്കുന്നതെന്ന് എനിക്കറിയില്ല. കാര്യങ്ങള്‍ കേട്ടറിയുന്നതിനേക്കാള്‍ കൂടുതല്‍ കണ്ടറിയുക എന്നതാണ് പ്രധാനം. അവര്‍ സ്വയം എന്തായിത്തീരണം സമൂഹത്തിനെ എങ്ങനെ മനസ്സിലാക്കണം എന്നൊരു പഠനത്തിന്റെ ഭാഗമായിട്ടാണ് അവളെയും മുന്നോട്ട് കൊണ്ടുവരുന്നത്. ഞാനൊക്കെ പണ്ട് പല മുണ്ടു പൊക്കിയുള്ള അശ്ലീല പദര്‍ശനങ്ങളും കാണുമ്പോള്‍ അയ്യേ എന്ന് പറഞ്ഞ് കടന്നുപോയിട്ടുണ്ട്. ഉള്ളിലൊരു ഭയപ്പാടും കാണും. അവിടുന്ന് മാറിപ്പോകുകയാണ് ചെയ്തുകൊണ്ടിരുന്നത്. അയ്യേ എന്ന് ഭയപ്പെടേണ്ട കാര്യമില്ല എന്ന് പിന്നീട് മനസ്സിലായി.''


മാറുതുറക്കല്‍ സമരങ്ങള്‍ നടത്തുന്നത് വെറും പ്രദര്‍ശനമാണെന്നും ആകര്‍ഷിക്കാനാണെന്നും പറയുന്നവരോട് ഇത്രയേ പറയാനും ചോദിക്കാനുമുള്ളൂ- ''പ്രദര്‍ശിപ്പിച്ചിട്ട് എന്താണ് ലാഭം? ആളുകളെ എത്രത്തോളം ആകര്‍ഷിക്കാന്‍ പറ്റും? സമൂഹം നല്‍കുന്നത് ഒരു മോശം അനുഭവമാണ്. ഇതിത്രയുമേ ഉള്ളൂ എന്ന് മനസ്സിലാക്കിക്കൊടുക്കുക എന്നേ ലക്ഷ്യമുള്ളൂ. ഒരു തീപ്പിടുത്തമുണ്ടായി എന്ന് കരുതുക. വസ്ത്രങ്ങളെല്ലാം കത്തിനശിച്ചതിന് ശേഷം പുറത്തിറങ്ങി ഓടേണ്ടി വരുന്നു. ആ അവസ്ഥയിലും ആക്രമിക്കപ്പെട്ടേക്കാം എന്ന അവസ്ഥയാണുള്ളത്. ഡ്രസ്സ് എങ്ങനെ ധരിക്കണം, അത് എത്രത്തോളം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം, അത് ധരിക്കണോ ധരിക്കാതെ നടക്കണോ എന്നുള്ള കാര്യം സ്ത്രീയാണ് തീരുമാനിക്കേണ്ടത്.'' അടച്ചുവച്ച മാറിടങ്ങള്‍ക്ക് ദ്വയാര്‍ത്ഥപ്പേരുകളും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപമകളും നല്‍കുന്ന സമൂഹത്തോട് രഹ്ന ഫാത്തിമ തുറന്നു പറയുന്നു- മുലകള്‍ അശ്ലീലമല്ല, അവ തുറന്നു പിടിച്ചാല്‍ ഇത്രയുമേ ഉള്ളൂ എന്ന്.

Read More >>