സിനിമയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കാര്യമായെടുക്കാതെ സർക്കാർ സംവിധാനങ്ങൾ; ഗോസിപ്പ് കോളത്തിലൊതുക്കി സിനിമാ പ്രസിദ്ധീകരണങ്ങൾ

തെലുഗ് നടി ശ്രീ റെഡ്ഢിയടക്കം പല നടിമാരും നടത്തിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ പൊലീസോ വനിതാ കമ്മീഷനുകളോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമായാണ്.

സിനിമയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കാര്യമായെടുക്കാതെ സർക്കാർ സംവിധാനങ്ങൾ; ഗോസിപ്പ് കോളത്തിലൊതുക്കി സിനിമാ പ്രസിദ്ധീകരണങ്ങൾ

'മീ റ്റൂ' കാമ്പെയിന്റെ ഭാഗമായും വിവിധ വിഷയങ്ങളുടെ ഭാഗമായും സിനിമാരംഗത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടിമാർ നടത്തുന്ന വെളിപ്പെടുത്തലുകളെ കാര്യമായെടുക്കാതെ സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും. നടിമാരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പോലും ഗോസിപ്പ് കോളങ്ങളിലൊതുക്കുകയാണ് സിനിമാ പ്രസിദ്ധീകരണങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ. തെലുഗ് നടി ശ്രീ റെഡ്ഢിയടക്കം പല നടിമാരും നടത്തിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ പൊലീസോ വനിതാ കമ്മീഷനുകളോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമായാണ്. കാസ്റ്റിങ് കൗച്ച് വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ച പോലും വിഫലമാകുകയായിരുന്നു.

തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെയും ലൈംഗിക ചൂഷണത്തിനെതിരെയും പ്രതികരിച്ചതിന് യാതൊരു മറുപടിയും ലഭിക്കാതായപ്പോൾ ശ്രീ റെഡ്ഢി തെരുവിൽ നഗ്നയായി പ്രതിഷേധിക്കുകയായിരുന്നു. ഇതിനോട് പോലും ക്രിയാത്മകമായി പ്രതികരിക്കാൻ വനിതാ സംഘടനകൾക്കുൾപ്പെടെ കഴിഞ്ഞില്ല. സിനിമാ മേഖലയിൽ ഇതെല്ലാം സർവ്വസാധാരണമാണെന്ന നിലപാടാണ് പൊതുസമൂഹം സ്വീകരിച്ചത്. തൊഴിലിടത്തിൽ സ്ത്രീ പീഡനം എന്ന നിലയിൽ ഇതിനെ ഉൾക്കൊള്ളാൻ പ്രമുഖ വനിതാ സംഘടനകൾ പോലും തയ്യാറാകുന്നില്ല.

ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബിബിസി തയ്യാറാക്കുന്ന പുതിയ ഡോക്യുമെന്ററിക്ക് വേണ്ടി ബോളിവുഡ് താരങ്ങളായ താരങ്ങളായ രാധിക ആപ്തെയും ഉഷ ജാധവും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.'ബോളിവുഡിന്റെ കറുത്ത രഹസ്യങ്ങൾ' (Bollywood's Dark Secret) എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി തയ്യാറാക്കുന്നത് രജിനി വൈദ്യനാഥനാണ്. 'ചിലർ ദൈവങ്ങളെപ്പോലെയാണ് കണക്കാക്കപ്പെടുന്നത്. അവർ വളരെ ശക്തരാണ്, അതുകൊണ്ടു തന്നെ എന്റെ ശബ്ദം ഒരു വിഷയമായി ആളുകൾ കരുതുന്നില്ല. അല്ലെങ്കിൽ ഞാൻ ശബ്ദിക്കുന്നതോടെ എന്റെ കരിയർ തകരുമെന്ന് ആളുകൾ കരുതുന്നു' - രാധിക ആപ്‌തെ പറഞ്ഞതായി ബിബിസി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.

സിനിമാലോകത്തെ ശക്തരായ പുരുഷന്മാർ ലൈംഗികത ആവശ്യപ്പെടുന്നത് സാധാരണമാണെന്നാണ് മറാത്തി അവാർഡ് ജേതാവുകൂടിയായ നടി ഉഷ ജാധവ് പറഞ്ഞത്. 'എനിക്ക് കിട്ടിയ അവസരത്തിനു പകരമായി എന്തെങ്കിലും തിരികെ നൽകാൻ ഒരിക്കൽ ഒരാൾ ആവശ്യപ്പെട്ടു. എന്തെങ്കിലും എന്ന് പറഞ്ഞാൽ പണമാണോ? - എന്റെ കയ്യിൽ പണമില്ല. പണമല്ല ആവശ്യമെന്ന് അയാൾ പറഞ്ഞു. അയാൾക്കൊപ്പം അന്തിയുറങ്ങണം - അതായിരുന്നു ആവശ്യം. ചിലപ്പോൾ നിർമാതാവിനൊപ്പമാകാം. അല്ലെങ്കിൽ സംവിധായകനൊപ്പമാകാം. അതുമല്ലെങ്കിൽ രണ്ടുപേർക്കൊപ്പവുമാവാം' - ഉഷ ജാധവ് വെളിപ്പെടുത്തുന്നു. ഇവർക്ക് പുറമെ പേര് വെളിപ്പെടുത്താത്ത താരങ്ങളും പുതുതായി സിനിമയിലെത്തിയ യുവ നടിമാരും തങ്ങളുടെ കയ്‌പേറിയ അനുഭവങ്ങൾ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ശനി, ഞായർ ദിവസങ്ങളിൽ ഈ ഡോക്യൂമെന്ററി ലോകം മുഴുവൻ സംപ്രേക്ഷണം ചെയ്യും. ഇതോടെ ഇന്ത്യൻ സമൂഹം ഏറ്റെടുക്കാതിരുന്ന വിഷയം അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കുമെന്നുറപ്പാണ്.

Read More >>