തിയറ്റര്‍ ഒളിംപിക്‌സ്: ലോക നാടക മാമാങ്കത്തിന് ആദ്യമായി ഇന്ത്യ വേദിയാകുന്നു

അടുത്ത വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 8 വരെയാണ് തിയറ്റര്‍ ഒളിംപിക്‌സ് നടക്കുക. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവയുടെ നേതൃത്വത്തിലാണിത് സംഘടിപ്പിക്കുന്നത്.

തിയറ്റര്‍ ഒളിംപിക്‌സ്: ലോക നാടക മാമാങ്കത്തിന് ആദ്യമായി ഇന്ത്യ വേദിയാകുന്നു

ലോകത്തെ ഏറ്റവും വലിയ നാടകോത്സവമായ തിയറ്റര്‍ ഒളിമ്പിക്സിന് ഇതാദ്യമായി ഇന്ത്യ വേദിയാകും. അടുത്ത വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 8 വരെയാണ് തിയറ്റര്‍ ഒളിംപിക്‌സിന്റെ എട്ടാം പതിപ്പ് നടക്കുക. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവയുടെ നേതൃത്വത്തിലാണിത് സംഘടിപ്പിക്കുന്നത്.

500 ലേറെ നാടകങ്ങള്‍ രാജ്യത്തിന്റെ 15 നഗരങ്ങളിലായിട്ടാണ് അരങ്ങേറുക. ഇന്ത്യയില്‍ നിന്ന് 150 ലധികം നാടക സംഘങ്ങള്‍ക്ക് തിയറ്റര്‍ ഒളിംപിക്‌സിന്റെ ഭാഗമാകന്‍ കഴിയുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും 50 നാടക സംഘങ്ങളും പ്രത്യേക ക്ഷണിതാക്കളായി 70 ലധികം നാടക സംഘങ്ങളും അണിനിരക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും നാടകോത്സവത്തിന്റെ ഭാഗമായി വേദിയില്‍ ഉണ്ടാകും.

സൗഹൃദത്തിന്റെ പതാകകള്‍ എന്നതാണു തിയറ്റര്‍ ഒളിംപിക്‌സിന്റെ വിഷയം. 15 നഗരങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതില്‍ കൃത്യമായ പട്ടിക ഇതുവരെ പുറത്തുവിട്ടില്ല. ഉദ്ഘാടന ചടങ്ങുകള്‍ക്കായി ഡല്‍ഹിയും സമാപന വേദിയായി മുംബൈയും തെരഞ്ഞെടുത്തു. കേരളം നാടകോത്സവത്തിന്റെ വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ കലാ സാംസ്‌ക്കാരിക പൈതൃകം ഉയര്‍ത്തുവാന്‍ നാടകോത്സവം സഹായിക്കുമെന്ന് മഹേഷ് ശര്‍മ്മ പറഞ്ഞു. 1993 ല്‍ ഗ്രീസിലാണ് ആദ്യമായി തിയറ്റര്‍ ഒളിംപിക്‌സ് അരങ്ങേറിയത്.

Read More >>