അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അൽപ്പ സമയത്തിനകം തിരിതെളിയും

14 തീയറ്ററുകളിലായി ആകെ 445 പ്രദർശനങ്ങളാണ് ഇക്കുറി ഉണ്ടാവുക. മേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 195 സിനിമകൾ പ്രദർശിപ്പിക്കും. റഷ്യൻ ചലച്ചിത്ര സംവിധായകനായ അലക്‌സാണ്ടർ സുകുറോവിനോടുള്ള ആദരവായി അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകും.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അൽപ്പ സമയത്തിനകം തിരിതെളിയും

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തലസ്ഥാന നഗരിയിൽ അൽപ്പ സമയത്തിനകം തിരി തെളിയും. ലെബനീസ് സംവിധായകൻ സിയാദ് ദഈരിയുടെ ദി ഇൻസൾട്ടാണ് ഉദ്ഘാടന ചിത്രം. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും. ഓഖി ദുരന്ത പശ്ചാത്തലത്തിൽ ലളിതമായിട്ടായിരിക്കും ചടങ്ങുകൾ. ഉദ്ഘാടനച്ചടങ്ങിൽ ബംഗാളി അഭിനേത്രി മാധബി മുഖർജി, തമിഴ് നടൻ പ്രകാശ് രാജ് എന്നിവർ സംബന്ധിക്കും. ചലച്ചിത്ര മേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇനി വരുന്ന ഒരാഴ്ചക്കാലം തലസ്ഥാന നഗരം ചലച്ചിത്ര ലഹരിയിൽ ഉന്മാദിയാകും.

14 തീയറ്ററുകളിലായി ആകെ 445 പ്രദർശനങ്ങളാണ് ഇക്കുറി ഉണ്ടാവുക. മേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 195 സിനിമകൾ പ്രദർശിപ്പിക്കും. റഷ്യൻ ചലച്ചിത്ര സംവിധായകനായ അലക്‌സാണ്ടർ സുകുറോവിനോടുള്ള ആദരവായി അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകും. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങൾ റെട്രോസ്പെക്ടീവിൽ പ്രദർശിപ്പിക്കും. ഫിലിപ്പീനോ സംവിധായകനായ ലിനോ ബ്രോക്ക, കെ പി കുമാരൻ എന്നിവരുടെ ചിത്രങ്ങളും റെട്രോസ്പെക്ടീവിലുണ്ടാവും.

മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ മാറ്റുരക്കും. രണ്ട് മലയാള ചിത്രങ്ങളും മത്സരരംഗത്തുണ്ട്. സഞ്ജു സുരേന്ദ്രന്റെ 'ഏദൻ' എന്ന ചിത്രവും പ്രേം ശങ്കർ സംവിധാനം ചെയ്ത 'രണ്ടു പേർ' എന്ന ചിത്രവുമാണ് മത്സരവിഭാഗത്തിലെ മലയാളത്തെ പ്രതിനിധീകരിക്കുന്നത്. കണ്ടംപററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ് എന്ന വിഭാഗത്തിൽ മുഹമ്മദ് സാലിഹ് ഹാറൂൻ, മിഷേൽ ഫ്രാങ്കോ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ 'അവർക്കൊപ്പം' എന്ന പ്രത്യേക വിഭാഗവും ഇക്കുറി മേളയിലുണ്ടാവും.

അഭയാർത്ഥി പ്രശ്നം പ്രമേയമാക്കിയ മേളയിൽ 11000 പാസുകളാണ് വിതരണം ചെയ്തത്. ഇടം നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തുന്ന ഐഡന്റിറ്റി ആൻഡ് സ്‌പേസ് വിഭാഗത്തിൽ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഗീതു മോഹൻദാസിന്റെ ലയേഴ്‌സ് ഡയസും ഈ വിഭാഗത്തിലുണ്ട്.

സ്ത്രീ സുരക്ഷക്കായി ഇത്തവണ 30 വനിതാ വോളണ്ടിയർമാർ മേളയിലുണ്ടാവും. 24 മണിക്കൂറും ഡെലിഗേറ്റുകൾക്കായി തിയേറ്ററുകളിലേക്ക് സവാരി നടത്തുന്ന 20 ഓട്ടോകളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. തീയറ്ററുകളിലും പരിസരങ്ങളിലും സെക്യൂരിറ്റി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Read More >>