ഇസ്രയേലിന്റെ പോരാട്ടവീര്യത്തിന്റെ പശ്ചാത്തലകഥകൾ

ഇസ്രായേലിന്റെ പ്രതികൂലമായ ഭൗതികാവസ്ഥകൾ ജൂതന്മാരെ ബുദ്ധി ഉപയോഗിച്ചും പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടും നേരിടാൻ പ്രേരിപ്പിച്ചതാണ് ഇസ്രയേലിന്റെ സാങ്കേതികപരമായ ഉന്നമനത്തിന്റെ കാരണമായി പറയുന്നത്. സർഗാത്മകമായ ചിന്തകൾ നിലനിൽപ്പിനെ സഹായിക്കുകയും രാജ്യത്തിനെ ശക്തിപ്പെടുത്തുകയും ചെയ്തു.

ഇസ്രയേലിന്റെ പോരാട്ടവീര്യത്തിന്റെ പശ്ചാത്തലകഥകൾ

ഇസ്രയേൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് അതിന്റെ അതിശക്തമായ പട്ടാൾശൗര്യം ആയിരിക്കും. പശ്ചിമേഷ്യയിലെ ഈ കൊച്ചുരാജ്യം യുദ്ധക്കളത്തിലെ നിപുണത കൊണ്ട് ലോകരാജ്യങ്ങളെ അതിശയിക്കും. ഇസ്രയേൽ എന്ന പേരിന്റെ അർഥം തന്നെ ശക്തനായിരിക്കുക, ഭരിക്കുക എന്നൊക്കെ അർഥം വരുന്ന 'സരാർ' എന്ന പദത്തിൽ നിന്നാണുണ്ടായതെന്നും പറയപ്പെടുന്നു. 1948 ൽ മാത്രം സ്വാതന്ത്യം നേടിയ ഈ രാജ്യം എങ്ങിനെ ലോകത്തിലെ തന്നെ കരുത്തുറ്റ സൈനികശക്തിയുടെ ഉടമകളായി എന്ന് വിവരിക്കുകയാണ് യാക്കോവ് കാറ്റ്സും അമീർ ബോഹ്ബോത്തും ചേർന്നെഴുതിയ ദ വെപ്പൺ വിസാർഡ്സ്: ഹൗ ഇസ്രയേൽ ബികേം അ ഹൈ-ടെക് മിലിറ്ററി സൂപ്പർ പവർ എന്ന പുസ്തകം.

ഇസ്രായേലിന്റെ പ്രതികൂലമായ ഭൗതികാവസ്ഥകൾ ജൂതന്മാരെ ബുദ്ധി ഉപയോഗിച്ചും പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടും നേരിടാൻ പ്രേരിപ്പിച്ചതാണ് ഇസ്രയേലിന്റെ സാങ്കേതികപരമായ ഉന്നമനത്തിന്റെ കാരണമായി പറയുന്നത്. സർഗാത്മകമായ ചിന്തകൾ നിലനിൽപ്പിനെ സഹായിക്കുകയും രാജ്യത്തിനെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചതാകട്ടെ അതിരുകൾ ഇല്ലാത്ത മനുഷ്യപ്രയത്നവും.

ഉച്ചനീചത്വങ്ങളില്ലാത്ത സമൂഹമാണ് ഇസ്രയേലിന്റേത്. സൈനികസേവനത്തിൽ പോലും വർഗീകരണം ഇല്ലാത്ത ഘടനയാണ് ഉള്ളത്. ഇസ്രായേലി ഡിഫൻസ് ഫോഴ്സിൽ മേലുദ്യോഗസ്ഥനെ 'സർ' എന്ന് വിളിക്കുന്ന പതിവില്ല. മേലുദ്യോഗസ്ഥനുമായി തർക്കിക്കുന്നതിലും തടസ്സമില്ല. അത് അതിഥികളുടെ മുന്നിൽ വച്ചാണെങ്കിൽപ്പോലും. ജനസമ്പത്തിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമാണ് ഇസ്രയേൽ.

സജീവസേവനവും കരുതൽ സേനയുമായി വിഭജിച്ചിരിക്കുന്ന അവരുടെ മനുഷ്യശക്തി. സൈനികസേവനത്തിനിടയിൽ ആയുധങ്ങൾ ഉണ്ടാക്കാനും യുദ്ധമുഖത്തെ പ്രതിസന്ധികൾ തരണം ചെയ്യാനും ഉള്ള വൈദഗ്ധ്യം അവർ നേടുന്നു. തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിക്കാനുള്ള അവസരവും ലഭിക്കുന്നു.

ആശയപരമായതിനേക്കാൾ പ്രായോഗികമായ പ്രവർത്തനങ്ങൾക്കാണ് ഇസ്രയേൽ പരിഗണന നൽകുന്നത്. ചിന്തകൾ തൊടുത്ത് വിടുകയല്ല, പ്രവർത്തിച്ച് കാണിക്കുന്നതിലാണ് ഉത്സാഹം കൂടുതൽ. ഇസ്രയേൽ എയർ ഫോഴ്സിലെ കമാൻഡർ ആയിരുന്ന ഡേവിഡ് ഐവറി പറയുന്നത് പോലെ ഹാർവ്വാർഡിൽ പഠിച്ചാൽ ആശയപരമായി ഡോക്ടറേറ്റ് നേടാം, ഐഡിഎഫിൽ പ്രവർത്തിക്കുമ്പോൾ ജീവിതത്തിലാണ് ഡോക്ടറേറ്റ് നേടുന്നത്.

ദ വെപ്പൺ വിസാർഡ്സ് ഇസ്രയേലിന്റെ സാങ്കേതികവിദ്യ, ആയുധങ്ങൾ, തന്ത്രങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. 1948 ൽ ആയുധങ്ങൾ കള്ളക്കടത്ത് ചെയ്തത് മുതലുള്ള ചരിത്രം. ഇസ്രയേൽ സൈന്യത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രവും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.