ഭാവന പൊരിച്ചു; ജീന്‍ പോള്‍ കരിച്ചു: ഇത്തവണ 'വ്യാജ'ഹണി ബീ

പ്രേക്ഷകര്‍ ആഘോഷമാക്കിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും ഭാവനയുടെ രണ്ടാം വരവ് എന്ന നിലയിലും അമിത പ്രതീക്ഷാഭാരമുള്ള ചിത്രം തിയറ്ററില്‍ ആരവമുയര്‍ത്തുന്നില്ല.

ഭാവന പൊരിച്ചു; ജീന്‍ പോള്‍ കരിച്ചു: ഇത്തവണ വ്യാജഹണി ബീ

എലിപത്തായമോ സ്വയംവരമോ അല്ല ജീന്‍പോള്‍ ലാലിന്റെ ഹണി ബീ 2 ആണ് കാണാന്‍ കയറിയതെന്ന് ഉത്തമബോധ്യമുണ്ടായിട്ടും എച്ചുകെട്ടലുകള്‍ക്കും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ക്കുമിടയില്‍ സിനിമ തീര്‍ത്തും അരോചകമാകുന്ന തിയറ്റര്‍ അനുഭവമാണ് ഹണി ബീ 2. കൊച്ചിയിലെ മച്ചാന്‍മാരുടെ കഥ പറഞ്ഞ് കയ്യടി വാങ്ങിയ ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തിലേയ്ക്ക് എത്തുമ്പോള്‍ കുത്തിനിറച്ച ഇമോഷണല്‍ ഡ്രാമ കൊണ്ട് പ്രേക്ഷകരെ മടുപ്പിക്കുകയാണ് ജീന്‍പോള്‍ ലാല്‍.

ഹണി ബീ ഒന്നാം ഭാഗം തിരക്കേടില്ലാത്ത അനുഭവമായിരുന്നു. കോമഡിയും സെന്റിമെന്റ്‌സും കൗണ്ടറും കള്ളുകുടിയും മച്ചാ മച്ചാ വിളിയും ഡാര്‍ക്കു സീനുമൊക്കെയായി കൊച്ചിയിലെ മച്ചാന്‍മാര്‍ അരങ്ങു തകര്‍ത്തപ്പോള്‍ ഭേദപ്പെട്ട വിജയം ജീന്‍ പോള്‍ ലാലിനൊപ്പം നിന്നു. 'കള്ളുകുടി, വളി, കുണ്ടി, ഡാര്‍ക്ക് സീന്‍, മച്ചാന്‍, ബ്രോ, ദ്വയാര്‍ഥ പ്രയോഗങ്ങള്‍ തുടങ്ങിയവ ഓരോ സീനിലും കുത്തിനിറച്ചാല്‍ സിനിമ ഗംഭീരമാകുമെന്നു തിരക്കഥാകൃത്തും സംവിധായകനുമായ ജൂനിയര്‍ ലാലിന് തെറ്റിദ്ധാരണയുണ്ടെന്ന് തോന്നും ചിത്രം കണ്ടാല്‍. ഹാസ്യം സ്വഭാവികമാണെന്നും സിനിമ റിയലാണെന്നും കാണിച്ചു തന്ന മഹേഷിന്റെ പ്രതികാരവും അങ്കമാലി ഡയറീസും ഒക്കെ ആസ്വദിച്ചവര്‍ക്ക് ഒരു ബാധ്യതയാകും ഹണി ബീ 2.


പ്രേക്ഷകര്‍ ആഘോഷമാക്കിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും ഭാവനയുടെ രണ്ടാം വരവ് എന്ന നിലയിലും അമിത പ്രതീക്ഷാ ഭാരമുള്ള ചിത്രം തിയറ്ററില്‍ ആരവമുയര്‍ത്തുന്നില്ല. എയ്ഞ്ചല്‍ എന്ന ഭാവനയുടെ കഥാപാത്രം തന്നെയാണ് ചിത്രത്തില്‍ മികച്ചു നില്‍ക്കുന്നതും. ചടുലമായി കഥ പറഞ്ഞ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച രണ്ടാം ഭാഗത്തിന്റെ ഒന്നാം പകുതിയ്ക്ക് അവകാശപ്പെടാം. സെബാനും ഏഞ്ചലും കപ്പല്‍ച്ചാലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നാം ഹണി ബീയുടെ ക്ലൈമാക്‌സില്‍ നിന്നാണ് ലാല്‍ ജൂനിയര്‍ രണ്ടാം ഭാഗത്തിലേയ്ക്ക് ക്യാമറ തിരിക്കുന്നത്.


സെബാനുമായുള്ള വിവാഹത്തിന് ഏയ്ഞ്ചലിന്റെ വീട്ടുകാര്‍ സമ്മതിക്കുന്നതും സെബാന്റെ വീട്ടിലേയ്ക്കു പെണ്ണ് അന്വേഷിച്ചു ചെല്ലുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞു പോകുന്നത്. സെബാന്റെയും ഏയ്ഞ്ചലിന്റേയും കല്യാണ തലേന്ന് നടക്കുന്ന കല്യാണ ഊട്ടാണ് രണ്ടാം പകുതിയിലേറെയും. മനോഹരമായി ചിത്രീകരിച്ചിട്ടും അനാവശ്യമായ സംഭാഷണ ശകലങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും ഏച്ചുക്കെട്ടിയ രംഗങ്ങളും ചിത്രത്തിന്റെ ശോഭ കെടുത്തുന്നു. അബുവും (ശ്രീനാഥ് ഭാസി), ഫെര്‍ണോയും (ബാബു രാജ്്), അംബ്രോസും (ബാലു വര്‍ഗീസ്) കൊച്ചിക്കാരുടെ ഭാഷയും സൗഹൃദവും പറഞ്ഞ് പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറിയത് സ്വഭാവികത കൊണ്ടായിരുന്നു. ആ സ്വഭാവികതയുടെ തുടര്‍ച്ചയാണ് ഹണി ബീ 2 വിന് നഷ്ടപ്പെടുന്നതും.

കൗണ്ടറുകള്‍ കൈവിട്ടാല്‍ ബൂമാറാങ്ങായി തിരികെ കൊത്തുമെന്ന് കാണിച്ചു തരുന്നുണ്ട് ഈ സിനിമ. സെബാന്റെ കുടുംബത്തെ പരിചയപ്പെടുത്തുവാനും അച്ഛന്‍- മകന്‍ ബന്ധത്തിന്റെ പാടിപതിഞ്ഞ പിണക്കവും ഇണക്കവും അസ്വാര്യസങ്ങളും അടയാളപ്പെടുത്താനാണ് സംവിധായകന്‍ മുഴുവന്‍ എനര്‍ജിയും ഉപയോഗിക്കുന്നത്. കോമഡിയ്ക്ക് കോമഡി. കുടുംബകഥയ്ക്ക് സെന്റിമെന്റ്‌സ്്. റോമാന്‍സിന് റോമാന്‍സ്, പാട്ടിന് പാട്ട് എന്ന സമവാക്യത്തില്‍ ഒരുക്കിയിറക്കിയതാണ് ചിത്രത്തിന്റെ തിരക്കഥ. സെബാന് പകരം തിരക്കഥയാണ് കടലില്‍ കളയണ്ടേതെന്ന് പ്രേക്ഷകന്‍ അറിയാതെ ഓര്‍ത്തു പോകും ചില രംഗങ്ങളില്‍. ഇന്നത്തെ തലുമുറയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള പക്വത കുറവിനെയാണ് ജീന്‍ പോള്‍ ചിത്രത്തിലൂടെ വരച്ചിടുന്നത്.


അനുരാഗക്കരിക്കിന്‍ വെള്ളത്തിലെ ഗംഭീരപ്രകടനത്തിനു ശേഷമെത്തിയ ആസിഫ് അലിയുടെ പ്രകടനം എടുത്തു പറയത്തക്ക വിധം മികച്ചതായില്ല. ഏയ്ഞ്ചലായി എത്തിയ ഭാവനയാണ് ചിത്രത്തിന്റെ നട്ടെല്ല്. മനോഹരമായ പ്രകടനം. സ്‌ക്രീന്‍ പ്രസന്‍സിലും ഭാവന തന്നെയായിരുന്നു ആകര്‍ഷണം. ലാല്‍, സുരേഷ് കൃഷ്ണ, അമിത്, ആസിം, കവിത നായര്‍, കൃഷ്ണപ്രഭ. ജോയ് മാത്യു, ശശി കലിംഗ, ചെമ്പില്‍ അശോകന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരുടെ പ്രകടനവും നന്നായിരുന്നു. ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ സെബാന്റെ അപ്പനായി വരുന്ന ശ്രീനിവാസനും അമ്മ ലെനയും. കൊച്ചച്ചന്‍ പ്രേംകുമാറിനും ഒന്നും ഒരു ഘട്ടത്തിലും ഹണി ബീ 2 വിനെ രക്ഷിച്ചെടുക്കാന്‍ കഴിയുന്നില്ല. പ്രേംകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമായി മാറുന്നില്ല ഹണി ബീ 2. ഛായാഗ്രാഹകന്‍ ആല്‍ബിയും സംഗീത സംവിധായകന്‍ ദീപക് ദേവുമാണ് കയ്യടി അര്‍ഹിക്കുന്ന രണ്ട് പേര്‍.

ആള്‍ക്കൂട്ടത്തിന്റെ കൂടിയാട്ടമാണ് ഹണി ബീ 2. കുറെ കഥാപാത്രങ്ങള്‍ ചിരിക്കാനും ചിരിപ്പിക്കാനും പാടുപെട്ടുന്ന ദയനീയ കാഴ്ച. ഭാവനയുടെ തിരിച്ചു വരവാണ് സന്തോഷിപ്പിക്കുന്ന ഏക ഘടകം. അത് മാറ്റി നിര്‍ത്തിയാല്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ ഒരുക്കി 2017 ല്‍ വരവറിയിച്ച മലയാള സിനിമയ്ക്ക ഉച്ചിയില്‍ കിട്ടിയ കനത്ത പ്രഹരമാണ് ഹണി ബീ 2.