ഞാന്‍ നന്നായി മദ്യപിക്കുന്നയാളാണ്: ഹൈവേകളിലെ ആയിരക്കണക്കിന് മദ്യശാലകളുടെ 'അടി'വേര് പിഴുത ഹര്‍മാന്‍ പറയുന്നു

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മദ്യത്തോടുള്ള തന്റെ നിലപാട് സിദ്ധു വ്യക്തമാക്കിയത്. ''ഞാന്‍ തീര്‍ച്ചയായും മദ്യം കഴിക്കുന്നയാളാണ്. വീട്ടിലിരുന്നും പബ്ബുകളിലും റസ്റ്റോറന്റുകളിലും വെച്ചും ഞാന്‍ അടിക്കാറുണ്ട്'' അദ്ദേഹം പറയുന്നു. മദ്യത്തോട് ഇത്രക്ക് താല്‍പര്യമുള്ളയാള്‍ പിന്നെന്തിനാണ് ഇത്തരമൊരു ഹരജിയുമായി രംഗത്തുവന്നതെന്ന ചോദ്യം സ്വാഭാവികം

ഞാന്‍ നന്നായി മദ്യപിക്കുന്നയാളാണ്: ഹൈവേകളിലെ ആയിരക്കണക്കിന് മദ്യശാലകളുടെ അടിവേര് പിഴുത ഹര്‍മാന്‍  പറയുന്നു

ഹൈവേകളിലെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള വിധി ഇന്നലെയാണ് പ്രാബല്യത്തില്‍ വന്നത്. ഇതോടെ രാജ്യത്തെ ആയിരക്കണക്കിന് ബാറുകളും മദ്യവില്‍പ്പന ശാലകളാണ് അടച്ചുപൂട്ടിയത്. ഈ വിധിക്ക് കാരണമായ ഹരജി കൊടുത്തത് പഞ്ചാബ് സ്വദേശിയായ ഹര്‍മാന്‍ സിദ്ധുവെന്ന 46കാരനാണ്. ഇനി ഹര്‍മാന്‍ സിദ്ധു കടുത്ത മദ്യവിരുദ്ധനാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. മദ്യവിരുദ്ധന്‍ അല്ലെന്ന് മാത്രമല്ല, അത്യാവശ്യം നല്ല രീതിയില്‍ മദ്യം സേവിക്കുന്നയാളാണ് സിദ്ധു.


ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മദ്യത്തോടുള്ള തന്റെ നിലപാട് സിദ്ധു വ്യക്തമാക്കിയത്. ''ഞാന്‍ തീര്‍ച്ചയായും മദ്യം കഴിക്കുന്നയാളാണ്. വീട്ടിലിരുന്നും പബ്ബുകളിലും റസ്റ്റോറന്റുകളിലും വെച്ചും ഞാന്‍ അടിക്കാറുണ്ട്'' അദ്ദേഹം പറയുന്നു. മദ്യത്തോട് ഇത്രക്ക് താല്‍പര്യമുള്ളയാള്‍ പിന്നെന്തിനാണ് ഇത്തരമൊരു ഹരജിയുമായി രംഗത്തുവന്നതെന്ന ചോദ്യം സ്വാഭാവികം. അതിന് സിദ്ധുവിന് പറയാനുള്ളത് തനിക്ക് സംഭവിച്ച ഒരു വാഹനാപകടത്തെക്കുറിച്ചാണ്. 1996ല്‍ ഹിമാചല്‍ പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. പരിക്ക് ഏറെക്കുറെ ഭേദമായെങ്കിലും ഇദ്ദേഹത്തിന്റെ കഴുത്തിന് താഴെ തളര്‍ന്ന് ജീവിതം കസേരയിലായി. ഇതേത്തുടര്‍ന്നാണ് ഹൈവേകളില്‍ മദ്യം കഴിച്ച് വാഹനം ഓടിക്കുന്നതുകൊണ്ടുള്ള അപകടങ്ങളെക്കുറിച്ച് സിദ്ധു ചിന്തിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച സിദ്ധു മദ്യം കഴിച്ച് വാഹനമോടിക്കുന്നത് നിരവധിപ്പേരുടെ മരണത്തിന് കാരണമാകുമെന്ന് പറഞ്ഞു. 'അറൈവ് സെയ്ഫ്' എന്ന തന്റെ എന്‍ ജി ഒയുടെ നേതൃത്വത്തിലാണ് സിദ്ധു കേസുമായി ആദ്യം പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി സിദ്ധുവിന് അനുകൂലമായി വിധിച്ചെങ്കിലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ കോടതി വിധിയെ ചോദ്യം ചെയ്ത് രംഗത്തുവന്നു. ഇതേത്തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.