സംഘപരിവാർ ഹർത്താലിനു ​ഗോമാതാക്കളുടെ പിന്തുണ; കോഴിക്കോട്ടുനിന്നും ട്രോൾ പകർത്തി 'റിപ്പോർട്ടർ' ബൈജു

സംഘപരിവാർ ഹർത്താലിനെ ​ഗോമാതാക്കളെ വച്ച് ട്രോളി റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ബൈജു. ഇന്നത്തെ കോഴിക്കോട് ജില്ലാ ഹർത്താലിനിടെ നടന്ന രസകരമായ കാഴ്ച.

സംഘപരിവാർ ഹർത്താലിനു ​ഗോമാതാക്കളുടെ പിന്തുണ; കോഴിക്കോട്ടുനിന്നും ട്രോൾ പകർത്തി റിപ്പോർട്ടർ ബൈജു

ഹർത്താൽ ആണെങ്കിലും പതിവുപോലെ സ്വകാര്യ വാഹനങ്ങൾ നിരത്തിലൂടെ ചീറിപ്പായുന്ന കോഴിക്കോട് ടൗൺ. ഏതു ഹർത്താലിനും കാഴ്ച കാണാനിറങ്ങുന്ന ആളുകൾ. വണ്ടി കിട്ടാതെയും ലക്ഷ്യസ്ഥാനത്ത് എത്താനാവാതെയും ബസ് സ്റ്റോപ്പിലും മറ്റും കുടുങ്ങി നിൽക്കുന്ന യാത്രികർ. കാവൽക്കണ്ണുകളുമായി നാലു ദിശയിലും നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ. ദൃശ്യഭം​ഗിയും മികവും പ്രാധാന്യവും ഒട്ടും ചോരാതെ കൃത്യമായി കാഴ്ചകളെ ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുകളുമായി നാലുപാടും ചുറ്റിക്കറങ്ങുന്ന പത്ര ഫോട്ടോ​ഗ്രാഫർമാർ, ചാനൽ വീഡിയോ ​ഗ്രാഫർമാർ, മറ്റു മാധ്യമപ്രവർത്തകർ.

അങ്ങനെ, നിരത്തിലോടുന്ന വാഹനങ്ങളെ തടയാനായി എന്നത്തേയും പോലെ ഹർത്താലനുകൂലികളെ പ്രതീക്ഷിച്ചു നിൽക്കുന്ന നിരവധി കണ്ണുകൾക്കു മുന്നിലേക്ക് എത്തുന്നത് മനുഷ്യന്മാരല്ല. പകരം ​ഒരു കൂട്ടം ഗോമാതാക്കൾ-അതായത് പശുക്കൾ. ‌സംഘപരിവാർ ഹർത്താലിന് ​ഗോമാതാക്കൾ തന്നെ ഐക്യദാർഢ്യം അർപ്പിച്ചാൽ എങ്ങനെയുണ്ടാവും? അത്തരമൊരു സംഭവത്തിനാണ് ഇന്ന് കോഴിക്കോട് ടൗൺ വേദിയായത്. ആരുടെ പേരിലാണോ ഇന്ത്യയിൽ സംഘപരിവാർ സംഘടനകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്, ആ മൃ​ഗങ്ങൾ തന്നെ അവർക്കു പിന്തുണയർപ്പിക്കുന്ന ഏറെ വ്യത്യസ്തമായൊരു ട്രോൾ കാഴ്ച.

ജില്ലയിൽ ബിജെപി ഓഫീസുകൾ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് തുടർച്ചയായ രണ്ടാംദിനവും ബിജെപി-ബിഎംഎസ് നേതൃത്വത്തിൽ നടത്തിവരുന്ന ഹർത്താലിലായിരുന്നു ഏവരെയും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സംഭവം അരങ്ങേറിയത്. എന്നാൽ പലർക്കും ഇതിലൊരു രസം തോന്നിയെങ്കിലും അത് യഥാസമയം ക്യാമറയിൽ പകർത്താനും പ്രേക്ഷകർക്കു മുന്നിൽ ആ രസമൊട്ടും ചോരാതെ എത്തിക്കാനും തോന്നിയത് ഒരാൾക്കു മാത്രമായിരുന്നു- റിപ്പോർട്ടർ ടിവിയിലെ കോഴിക്കോട് റീജ്യണൽ ചീഫ് കെ വി ബൈജുവിന്.

ഏറെ തിരക്കേറിയ കോഴിക്കോട് മാവൂർ റോഡിലായിരുന്നു ഈ ട്രോൾ സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തു നിന്നും വന്ന കിടാക്കളുൾപ്പെടെയുള്ള പശുക്കൂട്ടമാണ് റോഡ് തടഞ്ഞത്. വാഹനങ്ങൾക്കൊന്നും പോവാനാകാത്ത വിധം റോഡിനു കുറുകെ കയറിനിന്ന ​ഗോമാതാക്കൾ മൂന്നു മണിക്കൂറോളമാണ് ​ഗതാ​ഗതം സ്തംഭിപ്പിച്ചത്. സാധാരണ എല്ലാ ഹർത്താലിനും റോഡിൽ പശുക്കളൊക്കെ ഇറങ്ങാറുള്ളപോലെ ആദ്യം അ​വ​ഗണിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ഇവരുടെ ആധിപത്യം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇത് ക്യാമറയിലൊപ്പിയെടുക്കാൻ താൻ തീരുമാനിച്ചതെന്ന് ബൈജു നാരദാ ന്യൂസിനോടു പറഞ്ഞു.

​ഹർത്താൽ ലൈവ് കൊടുക്കുന്നതിനിടെയാണ് ഇതു കാണുന്നതെന്നും രാജ്യമൊട്ടാകെ പശുപ്രശ്നം കത്തിനിൽക്കുന്നതായതിനാൽ ഇത്തരമൊരു ദൃശ്യം രസകരമായിരിക്കുമെന്നു തോന്നിയെന്നും ബൈജു വ്യക്തമാക്കി.

പാർട്ടി ഓഫീസുകൾ തകർത്ത സംഭവമൊന്നും ​ഗോമാതാക്കൾക്ക് അറിയില്ലെങ്കിലും മൂത്രമൊഴിച്ചും ചിലർ പ്രതിഷേധിച്ചതായി ബൈജു റിപ്പോർട്ടിൽ പറയുന്നു. ​ഗോമാതാക്കൾ ഹർത്താലിനു പിന്തുണയർപ്പിച്ച് റോഡ് തടഞ്ഞു എന്നു പറയുമ്പോൾ ബിജെപിയുടെ മഹത്തായ ഭാ​ഗ്യമായാണ് പലരും ഇതിനെ ട്രോളുന്നത്. ബിജെപിയെ ​ഗോമാതാവ് അനു​ഗ്രഹിച്ചു എന്നാണ് ട്രോളുകളുടെ കാതൽ. ബൈജുവിന്റെ വാർത്താ വീഡിയോ ഇതിനോടകം നിരവധി ​പേരാണ് കണ്ടിരിക്കുന്നതും ഷെയർ ചെയ്തിരിക്കുന്നതും.

ബൈജുവിന്റെ ട്രോൾ റിപ്പോർട്ട് കാണാം



Read More >>