ട്രാഫിക് ബ്ലോക്ക് മടുത്തു; യുവാവ് ഓഫീസില്‍ പോകുന്നത് പുഴ നീന്തി

ആല്‍പ്‌സ് പര്‍വത നിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഇസാര്‍ പുഴ 1.24 മൈല്‍ നീന്തിയാണ് ഇദ്ദേഹം ദിവസവും ഓഫീസിലെത്തുന്നത്.

ട്രാഫിക് ബ്ലോക്ക് മടുത്തു; യുവാവ് ഓഫീസില്‍ പോകുന്നത് പുഴ നീന്തി

നഗരങ്ങള്‍ വികസിക്കും തോറും ട്രാഫിക് ബ്ലോക്കുകളും വികസിക്കുന്നത് പതിവാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊക്കെ യാത്രക്കാരെ വലയ്ക്കുന്ന തരത്തിലുള്ള ട്രാഫിക് ബ്ലോക്കാണുള്ളത്. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും കൃത്യസമയത്ത് എത്താനാകാതെ വിധിയെ പഴിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് ജര്‍മന്‍ സ്വദേശി ബെഞ്ചമിന്‍ ഡേവിഡ്. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് മടുത്തപ്പോഴാണ് ഒരു ദിവസം ബെഞ്ചമിന് പുഴ നീന്തി ഓഫീസിലേക്ക് പോകുക എന്ന ആശയം തോന്നിയത്.


പിന്നെ മടിച്ചുനിന്നില്ല, വെള്ളം കയറാത്ത ബാഗില്‍ വസ്ത്രങ്ങളും ലാപ്‌ടോപ്പുമടക്കം ആവശ്യമായ വസ്തുക്കളെല്ലാമെടുത്ത് പിറ്റേദിവസം തന്നെ ബെഞ്ചമിന്‍ പുഴയിലിറങ്ങി. ആല്‍പ്‌സ് പര്‍വത നിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഇസാര്‍ പുഴ 1.24 മൈല്‍ നീന്തിയാണ് ഇദ്ദേഹം ദിവസവും ഓഫീസിലെത്തുന്നത്. 12 മിനിറ്റാണ് നീന്താന്‍ ആവശ്യമായ സമയമെന്ന് ബെഞ്ചമിന്‍ പറയുന്നു. ''ഞാനാദ്യം ബൈക്കിലും ബസിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. ട്രാഫിക് ബ്ലോക്ക് സഹിക്കാവുന്നതിലുമപ്പുറമായപ്പോള്‍ ഈ വഴി തെരഞ്ഞെടുത്തു'' ബെഞ്ചമിന്‍ പറയുന്നു. നീന്തല്‍ നല്ല ഉന്മേഷം തരുന്നതായി ബെഞ്ചമിന്‍ പറയുന്നു.

കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ ശൈത്യകാലത്ത് നീന്തല്‍ ഒഴിവാക്കാറാണ് പതിവ്. ബെയ്‌സില്‍ സ്വദേശിയായ യുവ ഡിസൈനറാണ് ബെഞ്ചമിന് വെള്ളം കടക്കാത്ത ബാഗ് നിര്‍മിച്ചുനല്‍കിയത്. വെളളത്തിന്റെ ഒഴുക്കും ഗതിയും അനുസരിച്ചാണ് ധരിക്കാനുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് ബെഞ്ചമിന്‍ പറയുന്നു.

Read More >>