സൈക്കിളില്‍ നിന്നിറങ്ങാതെ ജോര്‍ജ്ജേട്ടന്റെ 50 വര്‍ഷം; സായിപ്പിന്റെ സൈക്കിളില്‍ അന്നൊരിക്കല്‍ കയറിയതാണ്...

വണ്ടി ഓടിക്കുന്ന ആളുകളെ ഒന്ന് നോക്കിക്കേ എല്ലാവര്‍ക്കും അസുഖങ്ങളാണ്. നടുവേദനയെന്ന് പറയുന്നതു കാണാം. എവിടെ പോകണമെന്ന് പറഞ്ഞാലും വണ്ടി വേണം . പക്ഷെ ഞാന്‍ അങ്ങനെയല്ല, എവിടെ പോയാലും ഈ സൈക്കിളില്‍ ആയിരിക്കും- ജോര്‍ജ്ജേട്ടന്‍സ് സൈക്കിള്‍ കഥ ഒന്നു വേറെയാണ്!

സൈക്കിളില്‍ നിന്നിറങ്ങാതെ ജോര്‍ജ്ജേട്ടന്റെ 50 വര്‍ഷം; സായിപ്പിന്റെ സൈക്കിളില്‍ അന്നൊരിക്കല്‍ കയറിയതാണ്...

ശ്രീജിത്ത് കെ ജി

കൊച്ചിയുടെ ഹൃദയത്തിലൂടെ ജോര്‍ജ്ജേട്ടന്റെ സൈക്കിള്‍ പായാന്‍ തുടങ്ങിയിട്ട് അന്‍പതു വര്‍ഷങ്ങള്‍ തികയുകയാണ്. 21 ആമത്തെ വയസ്സില്‍ പെസ്റ്റ് കണ്‍ട്രോള്‍ ഇന്ത്യയില്‍ പ്ലാന്റ് ഓപ്പറേറ്ററായി ജോലി കിട്ടിയപ്പോള്‍ മട്ടാഞ്ചേരിയിലെ ഒരു സായിപ്പിന്റെ കയ്യില്‍ നിന്ന് 100 രൂപയ്ക്ക് വാങ്ങിയ സൈക്കിളിലാണ് ചെലവന്നൂര്‍ പുലക്കായ്പറമ്പില്‍ പി എല്‍ ജോര്‍ജ്ജ് എന്ന ജോര്‍ജ്ജേട്ടന്‍ യാത്ര തുടങ്ങിയത്.
അത്‌ലറ്റ്‌സ് കമ്പനിയുടെ സൈക്കിളായിരുന്നു അത്. കയ്യില്‍ കാശില്ലാതെ വന്നപ്പോള്‍ തന്റെ കയ്യിലുള്ള സൈക്കിള്‍ വിറ്റ് പണം തരാന്‍ വര്‍ക്ക്‌ഷോപ്പില്‍ ചെന്ന് സായിപ്പ് ആവശ്യപ്പെടുന്നത് കണ്ടപ്പോഴാണ് 100 രൂപ രൊക്കം നല്‍കി അന്ന് ജോര്‍ജ്ജേട്ടന്‍ സൈക്കിള്‍ സ്വന്തമാക്കിയത്. ആദ്യത്തെ സൈക്കിള്‍. ഇംഗ്ലണ്ട് നിര്‍മ്മിത സൈക്കിളില്‍ തോന്നിയ കമ്പമാണ് സായിപ്പില്‍ നിന്ന് സൈക്കിള്‍ വാങ്ങിക്കാന്‍ ജോര്‍ജ്ജേട്ടനെ പ്രേരിപ്പിച്ചത്. അമ്പത് വര്‍ഷം നീണ്ട സൈക്കിള്‍ യാത്രയ്ക്ക് തുടക്കമിട്ടത് ആ അറ്റ്‌ലസ്

സൈക്കിളാണെന്നും ജോര്‍ജ്ജേട്ടന്‍ അഭിമാനത്തോടെ പറയുന്നു.


പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കടവന്ത്രയില്‍ നിന്ന് തിരിച്ചു വരുന്ന വഴി ഏളംകുളത്ത് വച്ച് അറ്റ്‌ലസ് സൈക്കിള്‍ രണ്ടായി ഒടിഞ്ഞു പോയത്. ജോര്‍ജ്ജേട്ടന്‍ നിലത്തു വീണു. പരിക്കു പറ്റിയതിനെക്കാള്‍ സൈക്കിള്‍ നഷ്ടപ്പെട്ടതാണ് നൊമ്പരമായത്. അതുവരെ 40 വര്‍ഷം അറ്റ്‌ലസ് കൂടെയുണ്ടായിരുന്നു.സൈക്കിളില്ലാത്ത യാത്രയെക്കുറിച്ച് ചിന്തിക്കാന്‍ പ്രയാസമുള്ളതു കൊണ്ട് പിറ്റേദിവസം തന്നെ പോയി 3000 രൂപ കൊടുത്ത് ബിഎസ്എ ലേഡിബേര്‍ഡ് സൈക്കിള്‍ വാങ്ങി. ഇപ്പോള്‍ ആണെങ്കില്‍ 6000 രൂപ കൊടുക്കേണ്ടി വരും.ആലുവ എന്‍ എ ഡി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, ഐലന്റ് തുടങ്ങി എവിടെ യാത്ര ചെയ്താലും ജോര്‍ജ്ജേട്ടന്‍ സൈക്കിളിലേ പോകു. ബസ്സില്‍ പോകാന്‍ അന്നും ഇന്നും താത്പര്യമില്ല. എട്ടു മണിക്ക് ഓഫീസില്‍ എത്താന്‍ പറഞ്ഞാല്‍ ജോര്‍ജ്ജേട്ടന്‍ കിറു കൃത്യമാണ്. ജോലിയില്‍ നിന്നും റിട്ടയേഡ് ആയാലും സൈക്കിളില്‍ സവാരി നിര്‍ബന്ധമായിരുന്നു. അത്യാവശ്യം മദ്യപിക്കുമായിരുന്നു. സൈക്കിള്‍ യാത്രയ്ക്ക് ഫുള്‍ സ്റ്റോപ് ഇടാന്‍ ഡോക്ടര്‍ പറഞ്ഞതോടെ ദീര്‍ഘ ദൂരമുള്ള സവാരികള്‍ വേണ്ടെന്നു വച്ചു. മകളെ കെട്ടിച്ചു വിട്ട ചമ്പക്കരയിലും ജോര്‍ജ്ജേട്ടന്‍ സൈക്കിളിലേ പോകു. ഇടക്കാലത്ത് മൊട്ടോര്‍ സൈക്കിള്‍ ഓടിച്ചുവെങ്കിലും സൈക്കിളിനെ വിട്ടു ഒരു കളിയില്ലെന്നും ജോര്‍ജ്ജേട്ടന്‍ പറയുന്നു.


മോട്ടോര്‍ സൈക്കിള്‍ കഴുകി വൃത്തിയാക്കി കൊടുത്തു അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. കലാഭവന്‍ മണിയെ ഏറെ സ്‌നേഹിക്കുന്ന ജോര്‍ജ്ജേട്ടന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പാടിയാണ് സൈക്കിള്‍ യാത്രയ്ക്കു തുടക്കവും ഒടുക്കവും ഇടുന്നത്. മൂന്നരസെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് ജോര്‍ജ്ജേട്ടനും കുടുംബവും താമസിക്കുന്നത്.

ഭാര്യ മേരി 14 കൊല്ലമായി മാനസിക അസ്വാസ്ഥ്യം മൂലം കഴിയുകയാണ്. എല്ലാ മാസവും ആശുപത്രിയില്‍ പോകണം. ചെലവായി മരുന്നുകള്‍ക്ക് മാത്രം വരുന്നത് 2000 രൂപയോളം വരും. കൂടാതെ ഡോക്ടര്‍ കാണാന്‍ ഫീസ് ഇനത്തില്‍ 300 രൂപയും . അതിന് ബുദ്ധിമുട്ടുണ്ടാകുന്നു. സൈക്കിളും പാട്ടുകളും കൂട്ടുകാരും കൂടി ആകുമ്പോള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന വേദനകള്‍ കുറച്ച് മറക്കാനാവും. ചെറു പുഞ്ചിരിയോടെ ജോര്‍ജ്ജേട്ടന്‍ തുടര്‍ന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളോ,അവശതകളോ അലട്ടാതെ നിത്യവും നാടന്‍ പാട്ടിന്റെ ഈണത്തില്‍ സൈക്കിള്‍ ചവിട്ടിയുള്ള യാത്ര തുടരുകയാണ്.