കേരളം മുഷ്ടി ചുരുട്ടിയ വാക്യങ്ങൾ ശേഖരിച്ച് ജോര്‍ജ് പുളിക്കന്റെ പുസ്തകം

മുദ്രാവാക്യമെന്നത് പറയാതെ പറയലാണ്. മുഴുവന്‍ കാര്യങ്ങളും പറയില്ലെങ്കിലും എല്ലാം പറയും. മുദ്രാവാക്യങ്ങള്‍ ചരിത്രത്തിലേക്കുള്ള വാതായനങ്ങളാണ്. ഓരോ മുദ്രാവാക്യത്തിലും ഓരോ കാലഘട്ടത്തിന്റെ മുദ്ര പതിഞ്ഞു കിടപ്പുണ്ടെന്നു കാണാം.- ജോര്‍ജ് പുളിക്കന്‍ എഴുതിയ പുസ്തകം പരിചയപ്പെടാം.

കേരളം മുഷ്ടി ചുരുട്ടിയ വാക്യങ്ങൾ ശേഖരിച്ച് ജോര്‍ജ് പുളിക്കന്റെ പുസ്തകം

മാധ്യമപ്രവർത്തകൻ ജോര്‍ജ് പുളിക്കന്‍ എഴുതിയ പുസ്തകമാണ് തോറ്റ ചരിത്രം കേട്ടിട്ടില്ല. എഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചിത്രം വിചിത്രം, ദുബായിലെ ഗോള്‍ഡ് എഫ്എം റേഡിയോയില്‍ പുളിക്കന്‍ സ്പീക്കിംഗ് എന്നീ പരിപാടികളുടെ അവതാരകനാണ്‌ ലേഖകൻ.

മുദ്രാവാക്യങ്ങള്‍ എഴുതിയവരും വിളിച്ചുകൊടുത്തവരും ഏറ്റുവിളിച്ചവരുമൊന്നും അവ കുറിച്ചുവെയ്ക്കുകയോ സൂക്ഷിച്ചുവെയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ രചന വെല്ലുവിളിയായിയിരുന്നെങ്കിലും അത് ഏറ്റെടുക്കാൻ ജോര്‍ജ് പുളിക്കന്‍ തയ്യാറായതിനാലാണ് ഈ പുസ്തകം യാഥാർഥ്യമായത്. 1957-ലെ ആദ്യ മന്ത്രിസഭ മുതലുള്ള ആറു പതിറ്റാണ്ടുകാലത്തെ മൂര്‍ച്ചയും മുഴക്കവുമുള്ള മുദ്രാവാക്യങ്ങളെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളിലേക്കുമുള്ള ഒരന്വേഷണമാണിത്. ഇതേക്കുറിച്ച് പുളിക്കൻ തന്നെ പറയുന്നത് ഇങ്ങനെ:


'ഈ പുസ്തകത്തിനുവേണ്ടിയുള്ള ' ശേഖരിക്കല്‍ ' മാത്രമാണ് ഞാന്‍ നടത്തിയത്. അതിനാല്‍ ഈ മുദ്രാവാക്യത്തില്‍ എല്ലാമൊതുക്കുകയാണ് -തെക്കു തെക്കൊരു ദേശത്ത്ചേര്‍ത്തല എന്നൊരു തീരത്ത് പുസത്കമെഴുതി തീരുമ്പോള്‍ ആവേശത്താല്‍ ഞാന്‍ വിളിക്കും ആമോദത്താല്‍ ഞാന്‍ വിളിക്കും ഈ പുസ്തകം എന്റേതല്ല ഈ പുസ്തകം നമ്മുടേതാണ്.


പുസ്തകത്തിലെ ഒന്നാം അദ്ധ്യായം വായിക്കാം:

കാലം സാക്ഷി ചരിത്രം സാക്ഷി

മുദ്രാവാക്യങ്ങള്‍ ചരിത്രത്തിലേക്കുള്ള വാതായനങ്ങളാണ്. ഓരോ മുദ്രാവാക്യത്തിലും ഓരോ കാലഘട്ടത്തിന്റെ മുദ്ര പതിഞ്ഞു കിടപ്പുണ്ടെന്നു കാണാം. ഗുളികപ്പരുവത്തിലുള്ള ഈ ചെറുവാക്യങ്ങളില്‍ ഒരു കാലവും അതിന്റെ കോലവും നമുക്ക് വായിച്ചെടുക്കാനാകും. മുദ്രാവാക്യമെന്നത് പറയാതെ പറയലാണ്. മുഴുവന്‍ കാര്യങ്ങളും പറയില്ലെങ്കിലും എല്ലാം പറയും. ആദ്യകാലത്ത് മുദ്രാവാക്യങ്ങളേക്കാള്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഗാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത്തരപാട്ടുകള്‍ ജനഹൃദയങ്ങളെ സ്പര്‍ശിക്കുകയും അവരത് ഏറ്റുപാടുകയും അവരെ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു- സ്വാതന്ത്ര്യസമരകാലത്ത് കേട്ട ഈ പാട്ട് നോക്കുക-

തടംതല്ലിത്തകര്‍ക്കുമീതടിനിയിലൂടെ നമ്മള്‍മടിയാതെ സഹജരെതുഴഞ്ഞുപോകഅമരത്തു ഗാന്ധി നിന്നാല്‍ അണിയത്തു നെഹൃ നിന്നാല്‍സുമധുരം സരോജിനി പാടിയും തന്നാല്‍..

ആദ്യകാലഘട്ടങ്ങളിലുണ്ടായ ഇത്തരം ഇത്തരം നിരവധിയായ ഗാനങ്ങളുടെ താളവും വരികളിലെ സത്യസന്ധതയുമൊക്കെ ജനങ്ങള്‍ അപ്പാടെ നെഞ്ചേറ്റുകയായിരുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നായി ഐക്യകേരളം പിറന്നപ്പോള്‍ മലയാളക്കരയാകെ മതിമറന്നാഹാളാദിച്ചു. അന്നത്തെ മുദ്രാവാക്യങ്ങളും പാട്ടിന്റെ രൂപത്തിലുള്ളതായിരുന്നു.

പഥം പഥം ഉറച്ചു നാംപാടിപ്പാടി പോകുകപാരിലൈക്യ കേരളത്തിന്‍കാഹളം മുഴക്കുവാന്‍പി.ഭാസ്‌ക്കരന്‍ മാഷിന്റെ കരവാള്‍ എന്ന പാട്ടുസമാഹാരത്തിലെ ഈവരികള്‍ കേട്ടാല്‍ എഴുന്നേറ്റ് മാര്‍ച്ച് ചെയ്യാന്‍ തോന്നാത്തവര്‍ ഇപ്പോഴും ഉണ്ടാവില്ല. ഐക്യകേരപ്പിറവിയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുദ്രാവാക്യരൂപത്തില്‍ മുഴക്കിയതും ഇത്തരം പാട്ടുകളില്‍ നിന്നുള്ള വരികളാണ്. കോണ്‍ഗ്രസുകാരുടെ ഒരു പാട്ടിങ്ങനെ -

ചേരുവിന്‍ യുവാക്കളെചേരുവിന്‍ സഖാക്കളെചോരയെങ്കില്‍ ചോരയാലീകേരളം വരക്കുവാന്‍ ജന്മിത്വമില്ല, രാജത്തമില്ല,മര്‍ദ്ദനമില്ല.. കേരളം സ്വാതന്ത്ര്യംകൊണ്ട കേരളമൊന്നാണൈക്യ കേരളം.

കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ആഘോഷിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ചോര തിളപ്പിച്ചു-

പോരുവിന്‍ യുവാക്കളേചേരുവിന്‍ സഖാക്കളേചോരയെങ്കില്‍ ചോരയാലീകേരളം വരക്കുവാന്‍

വീരന്‍ പഴശ്ശിരാജശ്രേഷ്ഠന്റെ വീരസു വാണിക്കേരളംധീരനാം വേലുത്തമ്പി വാണൊരുകോമളഭൂവീക്കേരളംവാര്യങ്കുന്നത്ത് ഹാജിതന്‍രണശൂരതയേന്തും കേരളം.

മുന്‍എം.എല്‍.എയും അധ്യാപകനും എഴുത്തുകാരനുമായ പിരപ്പന്‍കോട് മുരളി പറയുന്നു - എല്ലാ ജനങ്ങളേയും ആകര്‍ഷിക്കാന്‍ കഴിയുന്നതും എല്ലാ ജനജീവിതത്തേയും സ്പര്‍ശിക്കാന്‍ കഴിയുന്നതുമായ ഒരാശയത്തെ ഏറ്റവും ലളിതമായി സംഗീതാത്മകമായ ഒരു വാക്യം കൊണ്ട് ജനഹൃദയങ്ങളില്‍ എത്തിക്കുകയാണ് മുദ്രാവാക്യങ്ങള്‍ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഗാന്ധിജി ഉയര്‍ത്തിയ ഉപ്പുസത്യാഗ്രഹം എന്ന സന്ദേശമാണ് ഇന്ത്യ കേട്ട ഏറ്റവും മനോഹരമായ മുദ്രാവാക്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിലൂടെ ഗാന്ധിജി മനുഷ്യരെ മുഴുവന്‍ പഠിപ്പിച്ച ഒരു സത്യമുണ്ട്. നിങ്ങള്‍ ഒരു മുദ്രാവാക്യമുണ്ടാക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയണം. ജനങ്ങള്‍ക്ക് താല്പര്യമുള്ളതാകണം. ജനങ്ങളെ അണിനിരത്താന്‍ പ്രേരിപ്പിക്കുന്നതാകണം. ജനങ്ങളെയാകെ യോജിപ്പിക്കാന്‍ കഴിയുന്നതാകണം. ഈ എല്ലാ ഗുണങ്ങളും ഉപ്പുസത്യാഗ്രത്തിനുണ്ട് എന്നതാണ് അതിനെ മനോഹരമാക്കുന്നത്.

ഗുട്ടന്‍സ്

ആലപ്പുഴയില്‍ പണ്ടൊരു സഖാവ് ഭാസ്‌കരനുണ്ടായിരുന്നു. ഗുട്ടന്‍സ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. ഒരു ദിവസം സഖാവ് മറ്റു സഖാക്കളുമായി സൊറ പറഞ്ഞിരിക്കുമ്പോള്‍ ഇന്‍ക്വിലാബ് സിന്ദാബാദിന്റെ അര്‍ഥമെന്താണെന്ന് ഒരാള്‍ ചോദിച്ചു - ഇങ്ങനെ ഒരു തൊന്തരവ് ഒരിക്കലെങ്കിലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ കുറച്ചുനേരത്തെ അധികഠിനമായ മൗനത്തിനുശേഷം ഭാസ്‌ക്കരന്‍ സഖാവ് പറഞ്ഞു - അത് തൊഴിലാളികളുടെ ഒരു ഗുട്ടന്‍സ് ആണ്. അന്നവിടെ മുഴങ്ങിയ ചിരി ഗുട്ടന്‍സ് എന്ന ഇരട്ടപ്പേര് അദ്ദേഹത്തിനു സമ്മാനിച്ചു.


Read More >>