അരുന്ധതി റോയിയുടെ കഥാപാത്രത്തിന് ഡോ. സായിബാബയുടെ കത്ത്

നോക്കണം എത്ര കഠിനമാണ് നമ്മുടെ സ്വാതന്ത്ര്യ/ജനാധിപത്യ സങ്കല്‍പ്പനങ്ങള്‍! ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യ കാഴ്ച്ചകളെ തന്നെ മറയ്ക്കുന്നുണ്ട് ഇന്നും തുടരുന്ന ഭീതിതമായ ഭരണകൂട സംവിധാനങ്ങളും ഭരണകൂട ഭീകരതകളും എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഇത്രയും പറഞ്ഞുവെച്ചത്, സായിബാബയുടെ ഒരു കത്തിനെ കുറിച്ച് സംസാരിക്കാനാണ്. അണ്ടാ ജയിലില്‍ നിന്നും അദ്ദേഹം ഒരു കഥാപാത്രത്തിനയച്ച കത്ത്. അതെ ഒരു കഥാപാത്രത്തിന്, അരുന്ധതി റോയിയുടെ ഒരു കഥാപാത്രത്തിന്.

അരുന്ധതി റോയിയുടെ കഥാപാത്രത്തിന് ഡോ. സായിബാബയുടെ കത്ത്

"നമ്മുടെ ശത്രുക്കളുടെ വാക്കുകളെയല്ല,

നമ്മുടെ സുഹൃത്തുക്കളുടെ മൗനമായിരിക്കും

അവസാനം നമ്മളോര്‍ക്കുക."

-മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയര്‍

(The Trumpet of Conscience, Steeler Lecture, November 1967.)

ഡോ. ജി.എന്‍ സായിബാബ; ഇന്ന് ഏകാന്തതടവിന് വിധിക്കപ്പെട്ട് ജയിലില്‍ ജീവിക്കുന്ന മുന്‍ ഡല്‍ഹി സര്‍വ്വകലാശാല ഇംഗ്ലീഷ് സാഹിത്യാധ്യാപകന്‍. ശരീരത്തിന്റെ 90 ശതമാനവും പ്രവര്‍ത്തനശേഷി ഇല്ലാത്ത, ഒരു കൈ കൊണ്ട് മാത്രം തന്റെ വീല്‍ ചെയറില്‍ ജീവിതം ജീവിക്കുന്ന ഒരു മനുഷ്യന്‍. അദ്ദേഹത്തെ 'ഇന്ത്യന്‍ ജനാധിപത്യം' തടവിലാക്കിയിട്ട് ഏതാണ്ട് എട്ടുമാസമായിരിക്കുന്നു.

മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ജയിലിലടച്ചിരിക്കുന്നത്. മാവോയിസ്റ്റ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതുപോലും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കുറ്റകൃത്യമാകുന്നില്ല എന്ന സുപ്രീം കോടതി വിധിയെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹത്തെ ജയിലിലടച്ചിരിക്കുന്നത്. നമ്മുടെ ജനാധിപത്യ ബോധങ്ങളെയും ബോധ്യങ്ങളെയും അതിന്റെ കാപട്യങ്ങളെയും അദ്ദേഹത്തിന്റെ ജയിലഴിക്കുള്ളിലെ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്, നിശ്ചയമായും.


നാഗ്പൂരിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച 'അണ്ടാ' സെല്ലിലാണ് അദ്ദേഹത്തെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മുട്ടയുടെ ആകൃതിയിലുള്ള അങ്ങേയറ്റം സുരക്ഷാ സംവിധാനങ്ങളുള്ള ഒരു ബ്ലോക്ക് ആണ് യെരവാഡാ സെണ്‍ട്രല്‍ ജയിലിലെ അണ്ടാ സെല്‍. ഖലിസ്ഥാന്‍ വാദികളായിരുന്ന ഹര്‍ജിന്ദെര്‍ സിങ് ജിണ്ടയെയും സുഖ്‌ദേവ് സിങ് സുക്കയെയും തൂക്കിലേറ്റുന്നതിനു മുമ്പ് തടവില്‍ പാര്‍പ്പിച്ചിരുന്നിടം. 'ബ്ലൂസ്റ്റാര്‍ ഓപ്പറേഷനി'ലൂടെ സിഖ് കൂട്ടകുരുതിക്ക് നേതൃത്വം നല്‍കിയ സൈനിക മേധാവി അരുണ്‍ കുമാര്‍ വൈദ്യയെ വധിച്ചതിനായിരുന്നു ഇരുവരെയും തൂക്കിക്കൊന്നത്.

നോക്കണം എത്ര കഠിനമാണ് നമ്മുടെ സ്വാതന്ത്ര്യ/ജനാധിപത്യ സങ്കല്‍പ്പനങ്ങള്‍! ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യ കാഴ്ച്ചകളെ തന്നെ മറയ്ക്കുന്നുണ്ട് ഇന്നും തുടരുന്ന ഭീതിതമായ ഭരണകൂട സംവിധാനങ്ങളും ഭരണകൂട ഭീകരതകളും എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഇത്രയും പറഞ്ഞുവെച്ചത്, സായിബാബയുടെ ഒരു കത്തിനെ കുറിച്ച് സംസാരിക്കാനാണ്. അണ്ടാ ജയിലില്‍ നിന്നും അദ്ദേഹം ഒരു കഥാപാത്രത്തിനയച്ച കത്ത്. അതെ ഒരു കഥാപാത്രത്തിന്, അരുന്ധതി റോയിയുടെ ഒരു കഥാപാത്രത്തിന്. 'അത്യാഹ്ലാദങ്ങളുടെ മന്ത്രാലയം'' (Ministry of Utmost Happiness) എന്ന എറ്റവും പുതിയ നോവലിലെ 'അഞ്ജൂം' എന്ന കഥാപാത്രത്തിന് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്.

ആരും തിരിഞ്ഞുനോക്കാത്ത തനിക്കുവേണ്ടി സംസാരിക്കാന്‍ ഏറ്റവും ഉചിതമായ ആളെന്ന നിലയില്‍ അദ്ദേഹം കണ്ടെത്തിയത് അഞ്ജൂമിനെയാണ്. ഒരു ശ്മശാനത്തില്‍ 'ജാന്നെറ്റ് ഗസ്റ്റ് ഹൗസ്' എന്ന സത്രം നടത്തുന്ന കഥാപാത്രമാണ് അഞ്ജൂം. ഒപ്പം അദ്ദേഹം നോവലിലെ പല കഥാപാത്രങ്ങളോടും സംസാരിക്കുന്നുണ്ട്. തീര്‍ത്തും നിശബ്ദമായ, നിശബ്ദീകരിക്കപ്പെട്ട ഒരു രാഷ്ട്രീയാന്തരീക്ഷത്തില്‍ ശബ്ദമുയര്‍ത്താന്‍ അഞ്ജൂമിനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. കത്തില്‍ അദ്ദേഹം ഉന്നയിക്കപ്പെട്ട രാഷ്ട്രീയം വളരെ ശക്തമാണ്. അത് വ്യക്തിഗതമല്ല. എന്നാല്‍ അവയ്ക്ക് അണ്ടാ ജയിലിലെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതവുമായി അഭേദ്യ ബന്ധവുമുണ്ട്.

അതുകൊണ്ട് പുതിയ കത്ത് വായിക്കുന്നതിനു മുമ്പ് ആദ്യം അദ്ദേഹത്തിന്റ മറ്റൊരു കത്ത് മലയാളത്തില്‍ പരിചയപ്പെടുത്തട്ടെ. അതില്‍ അദ്ദേഹത്തിന്റെ അവസ്ഥ എന്താണ് എന്ന് വായനക്കാര്‍ക്ക് ബോധ്യമാകും എന്ന് ഉറപ്പുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ അവസാനം ഭാര്യ എ.എസ്. വസന്തകുമാരിക്ക് എഴുതിയതാണ് ഈ കത്ത്.ഭാര്യയ്ക്ക് അയച്ച കത്ത്

പ്രിയ വസന്തേ,

ശൈത്യകാലം വരികയാണ്, എനിക്ക് പേടി തോന്നുന്നു. ഇപ്പോള്‍ തന്നെ പനിപിടിച്ച് ഞാന്‍ വിറയ്ക്കുകയാണ്. ഒരു ബ്ലാങ്കറ്റ് എനിക്കില്ല. ഒരു സ്വറ്ററോ ജാക്കെറ്റോ പോലും എന്റെ കൈവശമില്ല. തണുപ്പു കൂടുന്തോറും എന്റെ കാലുകളിലെയും വലതുകയ്യിലേയും വേദന തീവ്രമാകുകയാണ്. ഈ നവംബറില്‍ ആരംഭിക്കുന്ന തണുപ്പ് ഞാനതിജീവിക്കാന്‍ സാധ്യതയില്ല, ഉറപ്പ്. അന്ത്യശ്വാസമെടുക്കുന്ന ഒരു മൃഗത്തിന്റെ അവസ്ഥയിലാണ് ഞാനിവിടെ. ഏതാണ്ട് എട്ടുമാസങ്ങള്‍ ഞാന്‍ പിടിച്ചു നിന്നു. ഈ ശൈത്യകാലം ഞാനതിജീവിക്കാന്‍ പോകുന്നില്ല. തീര്‍ച്ച. ഇനിയും എന്റെ ആഗോര്യസ്ഥിതിയെ കുറിച്ച് എഴുതുന്നതുകൊണ്ട് യാതൊരര്‍ത്ഥവുമില്ല.

എന്തുതന്നെയായാലും ഈ മാസം അവസാനത്തോടെയെങ്കിലും സീനിയര്‍ അഭിഭാഷകന്റെ കാര്യം തീര്‍പ്പാക്കണം. നവംബര്‍ ആദ്യവാരമോ ഒക്ടോബര്‍ അവസാനവാരമോ ജാമ്യാപേക്ഷ നല്‍കാന്‍ ശ്രീ ഗാഡ്‌ലിങ്ങിനെ അറിയിക്കുകയും വേണം. ഈ വഴിക്ക് കാര്യങ്ങള്‍ നീങ്ങിയില്ലെങ്കില്‍ എന്റെ കാര്യം കൈവിട്ടുപോകുമെന്ന് മറക്കരുത്. എനിക്കതില്‍ ഉത്തരവാദിത്വമില്ല. ഞാന്‍ കാര്യങ്ങള്‍ നിന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇതേ കുറിച്ച് ഞാന്‍ എഴുതുകയുമില്ല.


ശ്രീ റബേക്കാജിയോടും നന്ദിതാ നാരായണനോടും നീ കാര്യങ്ങള്‍ സംസാരിക്കണം. പ്രഫസര്‍ ഹരഗോപാലിനോടും മറ്റും കാര്യങ്ങള്‍ സംസാരിക്കാനും വിട്ടുപോകരുത്. എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊടുക്കണം. കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യണം. ഒരു യാചകനെ പോലെ നിന്നോട് എപ്പോഴും ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നതില്‍ ഒരു നിരാലംബനെ പോലെ നിരാശ തോന്നുന്നു. എന്നാല്‍ നിങ്ങളാരും ഒരിഞ്ച് അനങ്ങിയിട്ടില്ല. ഒരാള്‍ക്കും എന്റെ അവസ്ഥ മനസിലാകില്ല. 90 ശതമാനവും അംഗവൈകല്യം വന്ന ഒരാള്‍, അതും നിരവധി രോഗത്തിനുടമയായിട്ടുള്ള ഒരു കൈക്ക് മാത്രം ശേഷിയുള്ള ഒരാള്‍ ജയിലഴിക്കുള്ളില്‍ എങ്ങനെയായിരിക്കുമെന്ന് ഒരാള്‍ക്കും മനസിലാവില്ല. ആര്‍ക്കും എന്റെ ജീവിതത്തെ കുറിച്ച് ഒരു ആകുലതകളുമില്ല. ഇത് കുറ്റകരമായ അവജ്ഞാണ്, കഠോരമായ മനസ്ഥിതിയാണ് എന്ന് പറയാതിരിക്കാനാവില്ല.

നീ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം നിന്റെ ആരോഗ്യമാണ് എന്റെയും നമ്മുടെ കുടുംബത്തിന്റെയും ആരോഗ്യം. ഇപ്പോള്‍ നിന്റെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാന്‍ വേറാരുമില്ല. ഞാന്‍ നിന്റെയടുത്തെത്തുന്നതുവരെ ഒരു മറവിയുമില്ലാതെ നിന്റെ ആരോഗ്യം നീ ശ്രദ്ധിക്കണം.

ഒരുപാട് സ്‌നേഹത്തോടെ,

നിന്റെ സായ്.

ഇനി അരുന്ധതി റോയിയുടെ ഏറ്റവും പുതിയ നോവലിലെ കഥാപാത്രത്തിന് ഡോ.സായിബാബ അയച്ച കത്ത് വായിക്കാം. സുഹൃത്തുകൂടിയായ അരുന്ധതിറോയിക്കെഴുതാതെ അവരുടെ നോവലില്‍ ഏറ്റവും സ്വാതന്ത്ര്യമനുഭവിക്കുന്ന കഥാപാത്രമായ അഞ്ജൂമിനെ അഭിസംബോധന ചെയ്തുകൊണ്ട് ഈ കത്ത് അദ്ദേഹം എഴുതുന്നതിന്റെ രാഷ്ട്രീയം തീര്‍ച്ചയായും ആര്‍ക്കും ബോധ്യമാകും. മറവി ഒരു രോഗമാണ് എന്ന് പറഞ്ഞത് എം.എന്‍ വിജയന്‍മാഷാണ്. പക്ഷെ ഈ മറവി കുറ്റകരമായ മറവിയാണ്, പറയാതെ വയ്യ.

അഞ്ജൂമിനെഴുതിയ കത്ത്

പ്രിയ അഞ്ജൂം,

സുഖമാണോ? ജാന്നെറ്റ് ഗസ്റ്റ് ഹൗസിലെ മൊത്തം മന്ത്രാലയത്തോടൊപ്പവും നീ നല്ലത് ചെയ്യുന്നുണ്ട് എന്ന് പ്രതീക്ഷിക്കട്ടെ. ആറുമാസമായി ഡല്‍ഹിയില്‍നിന്നും ഞാനപ്രത്യക്ഷമായിട്ട്. ഇപ്പോഴും നീ എന്നെ ഓര്‍ക്കുന്നുണ്ടാകുമെന്നും കരുതുന്നു. ജയിലിലേയ്‌ക്കോ മറ്റേതെങ്കിലും ലോകത്തേക്കോ പോകുന്ന മനുഷ്യരെ മറക്കാനെളുപ്പമാണെന്നറിയാം. പുറത്തുള്ള ലോകത്തിനു മുന്നോട്ട് പോകേണ്ടതുണ്ട്.

കഴിഞ്ഞ രണ്ടുമാസമായി നിനക്കെഴുതണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്. എന്നെ കുറിച്ച് നിനക്കെന്താണ് എഴുതേണ്ടതെന്ന് തിട്ടമായിരുന്നില്ല. ഈ ഏകാന്തജയിലില്‍ മാസങ്ങള്‍ കടന്നുപോകുന്തോറും ആര്‍ക്കും എന്റെ കത്തുകള്‍ വായിക്കാനും മറുപടി അയക്കാനും താല്‍പര്യമില്ലാതായിട്ടുണ്ട്. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളെന്ന നിലയില്‍ നിനക്കെഴുതുമായിരുന്നു, പക്ഷെ നീ നിന്റെ കൂട്ടുകാരുമായി കൂടുതല്‍ തിരക്കായിരുന്നു എന്നാണ് ഏറ്റവും പുതിയ നിന്റെ ജീവിതവിശേഷങ്ങള്‍ സൂചിപ്പിച്ചുകൊണ്ടിരുന്നത്. എന്റെ കത്തുകള്‍ സഗൗരവം വായിക്കുകയും എന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എന്തെങ്കിലും കാര്യക്ഷമമായിത്തന്നെ ചെയ്യാനും തയ്യാറുള്ള ഭൂമിയിലെ ഏക വ്യക്തി നീയായിരിക്കുമെന്ന് എനിക്ക് പെട്ടെന്ന് തോന്നിയിരിക്കുന്നു. അത്തരമൊരു ചിന്ത ഉദിച്ചപ്പോള്‍ തന്നെ നിനക്കെഴുതണമെന്ന് ഞാന്‍ ഉറപ്പിച്ചു. അതാണ് ഇങ്ങനെ ഒരു കത്ത്.


അപ്പോഴാണ് മറ്റൊരു പ്രശ്‌നം ഒരു ബുള്‍ഡോസര്‍ കണക്കെ എന്റെ കണ്‍മുന്നില്‍ വന്നു നിന്നത്. ഏത് ഭാഷയിലാണ് ഞാനെഴുതേണ്ടത്? ഇംഗ്ലീഷില്‍ നിനക്കെഴുതുക എന്നത് നല്ല തമാശയാണ്. പക്ഷെ... ഞാന്‍ എന്താ ചെയ്യുക! നിനക്ക് നന്നായറിയാവുന്ന ഭാഷ എനിക്ക് തീരെ വശമില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ഞാന്‍ ഉര്‍ദു പഠിച്ചില്ല എന്നതാണ്. 2014-16 കാലങ്ങളില്‍ രണ്ടു പ്രാവശ്യമായി ഈ അണ്ടാ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കാലത്ത് ഞാനതിന് ഒരു ശ്രമം നടത്തിയതാണ്. എന്റെ ജീവിതത്തിലെ ആ മണ്ടത്തരം തിരുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതുമാണ്. എന്നാല്‍ ആ ഭാഷയില്‍ ഒരു കത്തെഴുതാനുള്ള പ്രാവീണ്യം ആര്‍ജ്ജിക്കാനായില്ല. (കാരണം ജാമ്യ ഉത്തരവുകള്‍ എന്നെ പുറത്തുകൊണ്ടുവരുകയും എന്റെ ജീവിതം വെച്ച് അത് കളിക്കുകയും ചെയ്യുകയായിരുന്നല്ലോ.) മാത്രവുമല്ല ഹിന്ദിയിലോ ഇംഗ്ലീഷിലോ കത്തെഴുതാനേ ഇവിടുത്തെ ജയിലധികാരികള്‍ എന്നെ അനുവദിക്കുന്നുമുള്ളു. ഒരു പരിധിവരെ വായിക്കാന്‍ സാധിച്ചിരുന്നെങ്കിലും ഹിന്ദി എങ്ങനെയാണ് എഴുതുന്നതെന്ന് എനിക്കറിയില്ല.

എന്റെ മാതൃഭാഷയായ തെലുങ്കിലും എന്നെ എഴുതാനിവിടെ അനുവദിക്കാറില്ല. അതൊന്നും സെന്‍സര്‍ചെയ്യാന്‍ അറിയാവുന്ന ഒരു സ്റ്റാഫ് പോലും ഇവിടില്ലത്രെ. അതുകൊണ്ട് എന്റെ പ്രിയപ്പെട്ടവള്‍ക്ക് തെലുങ്കില്‍ കത്തെഴുതാന്‍ പോലും എനിക്ക് നിര്‍വ്വാഹമില്ല. എന്റെ മാതൃഭാഷയില്‍ അവള്‍ക്കൊരു കത്തെഴുതാന്‍എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ എന്നെ അഭിനന്ദിച്ചേനെ. അവള്‍ക്കെന്നോട് തെലുങ്കിലെഴുതാമെന്ന് വിചാരിച്ചാലും നടക്കില്ല, കാരണം ഇവരനുവദിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ചിറ്റമ്മഭാഷയെയോ ചിറ്റപ്പന്‍ ഭാഷയെയോ ഉപയോഗിക്കേണ്ടിവരും. അവസാനം ഞാന്‍ തീരുമാനിച്ചു, നിനക്ക് നമ്മുടെ കൊളോണിയല്‍ ഭാഷയില്‍ കത്തെഴുതാമെന്ന്. സിയാനാബോയോ ഉറുദു അദ്ധ്യാപികയായ ടില്ലോയോ അതുമല്ലെങ്കില്‍ ഡോ. ആസാദ് ഭാരതീയനോ എന്റെ കത്ത് എന്റെ മനസിലെ ഒരു വാക്കും വിട്ടുപോകാതെ നിനക്ക് വായിച്ച് മനസിലാക്കിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.


മോശമായിക്കൊണ്ടിരിക്കുന്ന എന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിനക്കെഴുതുന്നതില്‍ സത്യമായും എനിക്ക് പരുങ്ങലുണ്ട്. എന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ഇപ്പോഴെന്റെ ശരീരത്തിലെ രോഗങ്ങളുടെ എണ്ണം ഇരുപതായിട്ടുണ്ട് എന്നും നീ നേരത്തെ അറിഞ്ഞിട്ടുണ്ടാകും. ആരോഗ്യകാരണങ്ങളാല്‍ എനിക്ക് ജാമ്യം അനുവദിച്ചുതന്ന മംബൈ ഹൈക്കോടതിയുടെ മുന്‍ ഉത്തരവില്‍ അത് പത്തൊമ്പതായിരുന്നല്ലോ. അന്ന് ആ കണക്ക് വളരെ കൃത്യമായിരുന്നു. ഇപ്പോഴെനിക്ക് കൂര്‍ക്കം വലിയുടെ (sleep apnea) രോഗവും വന്നിട്ടുണ്ട്. എന്റെ ശരീരത്തില്‍ ഇത് കണ്ടെത്തിയ ഹൈദരാബാദിലെ ഡോക്ടര്‍മാര്‍, എല്ലാ സമയവും തൊണ്ട തുറന്ന് വായു സഞ്ചാരയോഗ്യമാക്കാന്‍ എന്റെ മൂക്കില്‍ മെഷീന്‍ ഘടിപ്പിക്കണമെന്ന് ഉപദേശിച്ചിട്ടുണ്ട്. ഞാനത് ഹൈദരാബാദ് ആശുപത്രിയില്‍ വെച്ച് ശ്രമിച്ചെങ്കിലും എനിക്ക് ഒട്ടും ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.

നേരത്തെ പറഞ്ഞ പത്തൊമ്പത് രോഗങ്ങളിലൂടെ ഇവിടെ എനിക്ക് ഇനി പോകേണ്ടിവരില്ല എന്ന് തോന്നുന്നു. കാരണം വസന്ത, സദ്ദാം ഹുസൈന് ഒരു വാട്‌സ്അപ്പ് മസേജും ഫേസ്ബുക്ക് പോസ്റ്റ് തീര്‍ച്ചയായും അയച്ചിട്ടുണ്ടാകണം. എന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് എന്‍.എച്ച്.ആര്‍.സിക്ക് വസന്തയും മുരളീധരനും കൂടി അയച്ചിരുന്നു. പിന്നീട് അത് എല്ലായിടത്തും വിതരണം ചെയ്യുകയും ചെയ്തിരുന്നു. എനിക്കറിയാം നിനക്ക് വാട്ട്‌സ്ആപ്പോ ഫേസ്ബുക്കോ ഇഷ്ടമല്ലെന്ന്. പക്ഷെ എനിക്കുറപ്പുണ്ട് സദ്ദാം നിനക്ക് ഈ വിവരങ്ങള്‍ അദ്ദേഹത്തിന്റെ കൊച്ചു സ്മാര്‍ട്ട് ഫോണില്‍ കാണിച്ചു തരുമെന്ന്. സിനാബ് നിനക്കുവേണ്ടി ആ വിവരങ്ങളെല്ലാം ഉറുദുവില്‍ പരിഭാഷപ്പെടുത്തി തരികയും ചെയ്യും. ഈ ദിവസങ്ങളില്‍ ഞാന്‍ എന്റെ ഗുരുതരമായ രോഗങ്ങളെ കുറിച്ച് കൂടുതല്‍ ചിന്താകുലനാണ്. അതുകൊണ്ട് ഞാനെഴുതാനാഗ്രഹിക്കുന്ന ആര്‍ക്കും അവയെ കുറിച്ച് വിശദീകരിച്ച് എഴുതിപ്പോകും. എന്റെ അമ്മാമ്മയുടെ ഇളയ സഹോദരിയെ പോലെ ഇപ്പോള്‍ എനിക്ക് വേണ്ടി തന്നെ ഞാന്‍ ഒച്ചവെയ്ക്കുകയാണ്. ഏതൊരു സന്ദര്‍ശകനോടും അവര്‍ അഞ്ചും ആറും മണിക്കൂറുകള്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തന്നെ സംസാരിച്ചുകൊണ്ടിരിക്കും. എന്റെയൊക്കെ കുട്ടിക്കാലത്ത് അവരെ കണ്ടാല്‍ ഞങ്ങള്‍ ഓടിയൊളിക്കുമായിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ഏതാണ്ട് പത്തൊമ്പതോ ഇരുപതോ രോഗങ്ങളുള്ളപ്പോള്‍ ഈ പരാതിപറച്ചില്‍ തുടങ്ങിയതാണ്. പക്ഷെ അവര്‍ തൊണ്ണൂറു വയസുവരെ അതിജീവിച്ചു. അവരുടെ ഗുണങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ടാകുമെന്ന് തോന്നുന്നു. ആത്യന്തികമായി അവരുടെ പാരമ്പര്യമാണ് ഞാന്‍ സ്വായത്തമാക്കിയിട്ടുള്ളതും. വളരെ ഗുരുതരമായ എന്റെ രോഗങ്ങള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പരാതി പറയുമ്പോള്‍ അത് അവിശ്വസിക്കരുത്, അവ സത്യമാണ്. എന്നെ വിശ്വസിക്കണം.

നീ ഇപ്പോള്‍ ശ്മശാന ഭൂമിയിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്, ഞാന്‍ ഈ ദുനിയാവില്‍ നിന്ന്, 'അന്തസുള്ള'' ഈ സമൂഹത്തില്‍ നിന്ന് വളരെ വളരെ അകലെയുള്ള അണ്ടാ ജയിലിലും. നമ്മള്‍ രണ്ടും സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ്. വിരോധാഭാസമെന്ന് പറയട്ടെ നമ്മള്‍ രണ്ടും സമൂഹത്തെ സ്‌നേഹിക്കുന്നവരുമാണ്. എന്നിരുന്നാലും നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഈ ഒരു വ്യത്യാസമുണ്ട്; നീ അവിടെ തീര്‍ത്തും സ്വതന്ത്രയാണ്. ഇപ്പോള്‍ പിറവിയെടുത്ത സ്വകാര്യതയ്ക്കുള്ള അവകാശമുള്‍പ്പെടെ എല്ലാ മൗലികാവകാശങ്ങള്‍ക്കുമേലും നിയമം യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നമ്മളപ്പോഴും സംസാരിക്കുന്നത്. ഈ നിയന്ത്രണങ്ങളൊന്നുമില്ലാത്ത അപരിമിതമായ സ്വാതന്ത്ര്യം നീ അനുഭവിക്കുന്നുണ്ട്. ഞാന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. മൊത്തത്തില്‍ തന്നെ. ഒരു ജയിലിനകത്തെ മറ്റൊരു ജയിലിലാണ് ഞാന്‍ കഴിയുന്നത്. എനിക്കുവേണ്ടി നിയമം യുക്തിസഹമായ ചെറിയ ഒരു ഇളവുപോലും അതില്‍ നല്‍കുന്നില്ല, പിരമിതമായ സ്വാതന്ത്ര്യം പോലും എനിക്കനുവദിക്കുന്നുമില്ല. കുപ്രസിദ്ധ യു.എ.പി.എയുടെ അഞ്ച് വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ട ഭീകരവാദിയെ പോലെയാണ് എന്നെ കരുതുന്നത്. അല്ല. ഞാന്‍ മറന്നുപോയി. എന്നെ കരുതുകയല്ല, ഞാന്‍ യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെട്ട ഒരാളാണ്.


നൂറ്റാണ്ടുകള്‍ക്കു മുമ്പേ മാനവലോകത്തിന് നഷ്ടമായ പരിപൂര്‍ണ സ്വാതന്ത്ര്യവും സന്തോഷവും നീ അനുഭവിക്കുന്നുണ്ട്. മാനവസമൂഹ ചരിത്രത്തിലെ അപൂര്‍വ്വ മനുഷ്യജീവിയാണ് നീ. എന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നതിനു കാരണം അതാണ്. എന്റെ മോചനത്തിനുവേണ്ടി പ്രചരണം ഏറ്റെടുക്കാന്‍ വേറാര്‍ക്കാണ് യോഗ്യതയുള്ളത്? നീ എന്റെ കാര്യം ഏറ്റെടുക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഈ കത്ത് ചുരുക്കുന്നതിനു മുമ്പ് എനിക്കൊരപേക്ഷയുണ്ട്. നമ്മള്‍ രണ്ടുപേരുടെയും സുഹൃത്തായ മിസ് എ. റോയിയെ കാണുമ്പോള്‍ എന്റെ അഭിവാദ്യമറിയിക്കണം. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് വിവര്‍ത്തനം ചെയ്ത ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ ഹൈദരാബാദിലെ എന്റെ സുഹൃത്തുക്കള്‍ അവരെ കാത്തിരിക്കുകയാണ്. അവിടെ പോകാനും പുസ്തകം പ്രകാശനം ചെയ്യാനും സമയം കണ്ടെത്തണമെന്ന് അവരോട് പറയണം. ജി.എന്‍. സായിബാബയുടെ വിമോചനത്തിനുവേണ്ടി നീയും പുസ്തകപ്രകാശനത്തിനു പോകണം.

മറക്കുന്നതിനു മുമ്പ്, മിസ് ഉദയ ജെബീന് എന്റെ സ്‌നേഹം അറിയിക്കണേ.

ഒരുപാട് സ്‌നേഹങ്ങളോടെ,

നിന്റെ

ജി.എന്‍. സായിബാബ

അണ്ടാ സെല്‍,

സെണ്‍ട്രല്‍ പ്രിസണ്‍,

നാഗ്പൂര്‍,

31. ആഗസ്റ്റ്, 2017

PS: ടിലോയ്ക്കും സിയാനാബിനും സഈദയ്ക്കും നിമ്മോയ്ക്കും ഡോ ആസാദ് ഭാരതീയനും ജാന്നറ്റ് ഗസ്റ്റ് ഹൗസിലെ മറ്റ് അന്തേവാസികള്‍ക്കും എന്റെ അന്വേഷണങ്ങള്‍ അറിയിക്കണം.

PPS: മൂസ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിനും എന്റെ അന്വേഷണമറിയിക്കണം.

PPPS: എത്രയും പെട്ടെന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. നിനക്കറിയാല്ലോ ഒരു മറുപടിക്കായി ജയിലിലുള്ളവര്‍ എത്രമാത്രം കാത്തിരിക്കുന്നുവെന്ന്. നീ മറുപടി അയച്ചില്ലെങ്കിലും നിനക്ക് ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും, ഓര്‍മവേണം.

(പുതിയ ലെറ്റര്‍ പുറത്തുവിട്ടിരിക്കുന്നത് യാക്കോബിന്‍ എന്ന അന്തര്‍ദേശീയ മാധ്യമമാണ്. യാക്കോബിന് കടപ്പാട്.)


Read More >>