അയാൾ തടവുകാരനല്ല; ഷാ‍ർജ ഷെയ്ക്കിനും പിണറായിക്കുമുള്ള അഭിവാദ്യം സുഹൃത്തുക്കളുടെ തമാശ

തമാശയുടെ ഉള്ളടക്കത്തില്‍ ചെയ്തതാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. ചിത്രം ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ടതില്‍ ജസീമിനും സുഹൃത്തുക്കള്‍ക്കും വിഷമമുണ്ട്: സുഹൃത്തുക്കൾ

അയാൾ തടവുകാരനല്ല; ഷാ‍ർജ ഷെയ്ക്കിനും പിണറായിക്കുമുള്ള അഭിവാദ്യം സുഹൃത്തുക്കളുടെ തമാശ

സോഷ്യല്‍ മീഡയിയില്‍ വ്യാപകമായി പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ഥ്യം പുറത്ത്. ഷാര്‍ജ ഷെയ്ക്കിനും പിണറായി വിജയനും അഭിവാദ്യങ്ങള്‍ എന്ന് ബാഗേജിന് പുറത്ത് എഴുതിയ ചെറുപ്പക്കാരന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെറലായത്. ഷാര്‍ജ ജയിലില്‍ തടവില്‍ കിടന്ന 149 ഇന്ത്യക്കാരില്‍ ഒരാളാണെന്നാണ് ബാഗേജില്‍ എഴുതിയിരുന്നത്. കോഴിക്കോട് സ്വദേശി അബ്ദുൾ ജസീമിന്റേതാണ് ചിത്രമെന്നും ഇയാള്‍ ജയിലിലായിരുന്നില്ലെന്നും തമാശയ്ക്ക് വേണ്ടി ബാഗേജിലെഴുതിയാണെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

നാട്ടില്‍ പോകുന്ന ജസീമിന് സുഹൃത്തുക്കള്‍ നല്‍കിയ ഒരു തമാശ ആയിരുന്നു ആ ചിത്രമെന്ന് സുഹൃത്ത് ഫിനോജ് പറഞ്ഞു. തമാശയുടെ ഉള്ളടക്കത്തില്‍ ചെയ്തതാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. ചിത്രം ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ടതില്‍ ജസീമിനും സുഹൃത്തുക്കള്‍ക്കും വിഷമമുണ്ട്. ദുബായിലെ പ്ലാന്റേഴ്‌സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജസീമിന്റെ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ പോയത്. ആ സമയത്തെ തമാശയ്ക്ക് വേണ്ടിയാണ് സുഹൃത്തുക്കള്‍ ബാഗേജിലെഴുതിയതും. താന്‍ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ചിത്രം വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും തെറ്റായി വ്യാഖാനിച്ചു. അതില്‍ അവര്‍ ഖേദിക്കുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ഫിനോജ് നാരദ ന്യൂസിനോട് പറഞ്ഞു.

ചിത്രം സോഷ്യല്‍ മീഡയില്‍ എത്തിയതോടെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കാതെ ആളുകള്‍ കണ്ണുമടച്ച് ഷെയര്‍ ചെയ്തു. പിണറായി വിജയനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചിത്രം ഷെയര്‍ ചെയ്തവരില്‍ പെടുന്നു. എന്നാല്‍ ചിത്രം വ്യാജമാണെന്ന് അറിഞ്ഞതോടെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായത്. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു നടപടി. ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരായത്. മോചിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ വ്യാഴാഴ്ചതന്നെ നാട്ടിലേക്കു തിരിച്ചു. ബാക്കിയുള്ളവര്‍ ഇന്നും മടങ്ങും.

Read More >>