ഒരു മുതലയെയും ആരും ഇങ്ങനെ അറസ്റ്റ് ചെയ്തിട്ടുണ്ടാവില്ല: എതിര്‍ത്തും അനുകൂലിച്ചും ലോകം; വീഡിയോ കാണാം

സാധാരണ മുതലകളെ കീഴടക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തി പരാജയപ്പെട്ടപ്പോഴാണ് കൈവിലങ്ങിടേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഒരു മുതലയെയും ആരും ഇങ്ങനെ അറസ്റ്റ് ചെയ്തിട്ടുണ്ടാവില്ല: എതിര്‍ത്തും അനുകൂലിച്ചും ലോകം; വീഡിയോ കാണാം

ഒരു ദിവസം വീടിന്റെ മുറ്റത്തെ പുല്‍ത്തകിടിയില്‍ ക്ഷണിക്കാതെ വന്ന അതിഥിയെക്കണ്ട് വീട്ടുകാര്‍ ഞെട്ടി. കൂറ്റനൊരു മുതലയാണ് പുതിയ അതിഥി. ഭയന്നുവിറച്ച വീട്ടുകാര്‍ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. അവരെത്തി നോക്കുമ്പോള്‍ മുതല ചില്ലറക്കാരനല്ല. പൂട്ടാന്‍ നോക്കിയ വനംവകുപ്പ് ജീവനക്കാരെ തിരിച്ചുപൂട്ടാനാണ് മുതല ശ്രമിച്ചത്.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുതലയെ പൂട്ടാനാകുന്നില്ല എന്നായപ്പോള്‍ പത്തൊമ്പതാമത്തെ പണിയായ കൈവിലങ്ങ് പുറത്തെടുക്കാതെ രക്ഷയില്ലെന്നായി ഇവര്‍ക്ക്. ഒടുവില്‍ മുതലയുടെ കൈകാലുകള്‍ വിലങ്ങുവെച്ച് വായ മൂടിക്കെട്ടിയാണ് സ്ഥലത്തു നിന്ന് നീക്കിയത്. അമേരിക്കയിലെ ലുയ്‌സിയാനയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സാധാരണ മുതലകളെ കീഴടക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തി പരാജയപ്പെട്ടപ്പോഴാണ് കൈവിലങ്ങിടേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഒരു ജീവനക്കാരന്‍ മുതലയുടെ വായ മൂടിക്കെട്ടിയ സമയത്താണ് മറ്റൊരു ജീവനക്കാരന്‍ പുറത്തുകയറിയിരുന്ന് കൈകളില്‍ വിലങ്ങിട്ടത്. ഫെയ്‌സ്ബുക്കിലാണ് സംഭവത്തിന്റെ വീഡിയോ ആദ്യമായി പോസ്റ്റുചെയ്തത്. അതേസമയം ജീവനക്കാരുടെ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയാണ് നടന്നതെന്നും ഇതിനെതിരെ കേസിനു പോകണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

Story by