ട്രാന്‍സ്‌ജെന്‍ഡറിനെ കഥാപാത്രമാക്കി കേരളത്തിലെ ആദ്യ ഫോട്ടോ സ്റ്റോറി; ദമ്പതികളുടെ കലാസൃഷ്ടി

ഗായത്രി എന്ന ട്രാന്‍സ്‌ജെന്ററിന്റെ കഥ പറഞ്ഞ് ലിപിക അയ്യപ്പത്തിന്റെ സംവിധാനത്തില്‍ വിഷ്ണു പരമേശ്വരന്റെ ഫോട്ടോ സ്റ്റോറി; ട്രാന്‍സ് ജെന്‍ഡറായ മായ ആന്‍ ജോസഫാണ് ഫോട്ടോയിലെ ഗായത്രി

ട്രാന്‍സ്‌ജെന്‍ഡറിനെ കഥാപാത്രമാക്കി കേരളത്തിലെ ആദ്യ ഫോട്ടോ സ്റ്റോറി; ദമ്പതികളുടെ കലാസൃഷ്ടി

ഗായത്രി എന്ന ട്രാന്‍സ്‌ജെന്ററിന്റെ കഥ പറഞ്ഞ് ലിപിക അയ്യപ്പത്തിന്റെ സംവിധാനത്തില്‍ വിഷ്ണു പരമേശ്വരന്റെ ഫോട്ടോ സ്റ്റോറി പുറത്തിറങ്ങി. സാങ്കല്‍പ്പിക കഥാപാത്രമായ ഗായത്രിയുടെ വേഷം ചെയ്തിരിക്കുന്നത് ട്രാന്‍സ്‌ജെന്ററായ മായ ആന്‍ ജോസഫ് ആണ്. 57 ചിത്രങ്ങളാണ്ണ് ആകെ ഉള്ളത്. ഗായത്രിയുടേയും കൂട്ടുകാരന്‍ ഗോപിയുടെയും കഥ പറയുന്നതാണ് ഈ ചിത്രങ്ങള്‍. ഗോപിയായി വേഷമിട്ടിരിക്കുന്നത് കണ്ണൂര്‍ സ്വദേശിയായ നവനീത് കൃഷ്ണനാണ്.

ചെറുപ്പം മുതല്‍ കൂട്ടുകാരായിരുന്നു ഗണേശനും ഗോപിയും. അന്ന് മുതലേ ഗോപിയോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്ന ഗണേശൻ കൗമാര കാലത്താണ് ഗോപിയോട് തുറന്ന് പറയുന്നത്. എന്നാല്‍ ഗോപി അത് മനസിലാക്കുന്നില്ല. ഗണേഷന്‍ പതിയെ ഗായത്രിയായി മാറുന്നു. മാധവന്‍ എന്നൊരാള്‍ കുളിക്കടവില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ സമയം ഗോപി കടവിലെത്തുകയും മാധവിനെ തള്ളിമാറ്റുകയും ചെയ്യുന്നു. ഗോപി മാധവിനെ വെള്ളത്തില്‍ മുക്കികൊല്ലുന്നു. ഗോപി നാട് വിട്ട് ഓടിപ്പോകുന്നു. ഓടിപ്പോയ ഗോപിയെ കാത്തിരിക്കുന്ന ഗായത്രിയും പിന്നീട് അവരുടെ കൂടികാഴ്ച്ചയുമാണ് കഥ.


'ധാരാളം കേട്ട കഥ തന്നെയാണ് പറഞ്ഞത്. സ്ഥിരം വരുന്ന കഥാപാത്രങ്ങള്‍ക്ക് പകരം പുതിയ ഒരാളെ കൊണ്ടുവന്നു എന്ന് മാത്രം. ഇന്നും ട്രാന്‍സ് ജന്റേര്‍സിനെ സ്വാഭാവിക ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് ആളുകള്‍ നോക്കി കാണുന്നത്. അതല്ല എന്ന് ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്''-സംവിധായിക ലിപിക അയ്യപ്പത്ത് പറയുന്നു.

''അക്ഷരാര്‍ത്ഥത്തില്‍ ഒരു തപസ്യ തന്നെയായിരുന്നു തമസ്സിനുള്ളില്‍. ഒരു പുനര്‍ജനിക്കായി. ഗായത്രിമന്ത്രങ്ങള്‍ ഉരുക്കഴിക്കുമ്പോഴും അശാന്തമായിരുന്നു എന്റെ മനസ്സ്. തുളസ്സിക്കതിരിന്റെ നൈര്‍മല്യം എന്റെ കാര്‍കൂന്തലിന് നിറവേകിയിരുന്നില്ല. നാഗക്കാവിലേക്കുള്ള സ്ഥിരദൂരം സുപരിചിതമെങ്കിലും ഓരോ ചുവടുകളും അപൂര്‍ണ്ണതയുടെ പദധ്വനി പോലെയായിരുന്നു. എന്നിരുന്നാലും യക്ഷിത്തറയില്‍ ജ്വലിപ്പിക്കുന്ന തിരിനാളം എന്റെ ആത്യന്തികമായ പ്രതീക്ഷയായിരുന്നു. മനമുരുകി തെളിക്കുന്ന ദീപജ്വാല. സ്വപ്നങ്ങളില്‍ എന്നും പ്രഭ തൂകുന്ന ഒരു മഞ്ഞള്‍ താലി ചുവന്ന പട്ടിലും ആഭരണാദികളിലും പൂര്‍ണ്ണയായൊരു സ്ത്രീയായി പുത്തനൊരു യാത്രയ്‌ക്കൊരുങ്ങുകയായിരുന്നു ഞാന്‍. പ്രതീക്ഷകളുടെ പൂത്താലവുമേന്തി പുതിയൊരു കാത്തിരിപ്പിനു തിരി തെളിക്കയായിരുന്നു ഞാന്‍.എന്നെ സ്‌നേഹിക്കുന്ന കുറച്ചു പേരുടെയെങ്കിലും കാത്തിരിപ്പാണ് 'പ്രതീക്ഷ ' എന്ന ഈ കൊച്ചു ചിത്രകഥ (ഫോട്ടോ സ്റ്റോറി)- മായ ഫേസ്ബുക്കില്‍ കുറിക്കുന്നു.മായയെ മുന്നില്‍ കണ്ട് തന്നെയാണ് ഞാന്‍ ഗായത്രിയെ സൃഷ്ടിച്ചത്. വിവാഹം കഴിക്കാനും ഒരാളാല്‍ സ്‌നേഹിക്കപ്പെടാനും കൊതിക്കുന്ന ധാരാളം ട്രാന്‍സ്ജന്റേര്‍സിനെ എനിക്കറിയാം. ഒരാളാല്‍ അംഗീകരിക്കപെടുക എന്നതാണ് അവരുടെ വലിയ സ്വപ്നം. ആ ഒരു വീക്ഷണത്തില്‍ നിന്ന് കൊണ്ടാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഇതിനായി ഒരുപാട് പേരുടെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ട്. ലിപിക പറയുന്നു. മായ ട്രാന്‍സ്ജെന്റെര്‍ ആണ് എന്നതിനാല്‍ തന്നെ ഷൂട്ടിങ്ങിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ ധാരാളം. വിശ്വാസപരമായി അവരെ അംഗീകരിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല എന്നതു കൊണ്ട് തന്നെയാണ് ഷൂട്ടിങ്ങിനായി കാവ് കിട്ടാന്‍ പ്രയാസപ്പെ ട്ടത്. പിന്നീട് ഇരിങ്ങോല്‍ കാവില്‍ സെറ്റിട്ടാണ്ണ് ഷൂട്ട് നടത്തിയത്. വരിക്കാശ്ശേരി മന, തൃശ്ശൂര്‍, ചാലക്കുടി എന്നിവടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. ഒരുമാസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.


ചിത്രത്തിന്റെ നിറമാണ് ഇതിനെ ആസ്വാദ്യകരമാക്കുന്ന മറ്റൊരു ഘടകം. ആ ജീവിതത്തിന്റെ സത്ത മുഴുവന്‍ കിട്ടാനാണ് ഇത്തര ത്തിലൊരു തിരഞ്ഞെടുപ്പ് നടത്തിയത് ക്യാമറ ചെയ്ത വിഷ്ണു പരമേശ്വരന്‍ പറയുന്നു. കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ രണ്ടാമത്തേതുമാണ് ഇത്തരത്തിലൊരു ഫോട്ടോ സ്റ്റോറി. പ്രതീക്ഷ എന്നാണ് ഈ ചിത്രകഥക്ക് പേരിട്ടിരിക്കുന്നത്. ഇതേ ഫോട്ടോ ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കുന്നതിന്റെ പണിപുരയിലാണവര്‍. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുമെന്ന് സംവിധായിക പറഞ്ഞു.

അച്ഛനും അമ്മക്കുമൊപ്പം വാടക വീട്ടിൽ താമസിക്കുന്ന മായക്ക് സ്വന്തം സ്വത്വം നാട്ടിൽ പറഞ്ഞതുകൊണ്ട് മാത്രം വീട് നഷ്ടപ്പെട്ടത് നിരവധി തവണ. യോഗാ ട്രെയിനറായി ജോലി നോക്കുകയാണ് മായ ഇപ്പോള്‍. മോഡലായ മായ കൂവാഗം എന്നൊരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ഗോപി ആയി വേഷമിട്ട നവനീത് കൃഷ്ണൻ മദ്രാസ് ഐ ഐ റ്റി യില്‍ നാനോടെക്‌നോളജിയില്‍ ബിരുദാന്തര ബിരുദം ചെയ്യുന്നു. കണ്ണൂർ സ്വദേശിയാണ്. ഹിമേഷ് കുഞ്ഞിരാമനാണ് ഫോട്ടോ സഹായി.

Read More >>