'ആമി'യുടെ ഫസ്റ്റ് ലുക്ക് വന്നു; ഇനി കമല സുരയ്യയ്ക്കായി കാത്തിരിപ്പ്

മതം മാറി ചരിത്രം സൃഷ്ടിച്ച എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നതിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വന്നു. മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായ വേഷമാണ് പുറത്തു വിട്ടത്. ഫസ്റ്റ്ലുക്കിന് പ്രേക്ഷകരുടെ വലിയ സ്വീകരണം. മാധവിക്കുട്ടി മതം മാറിയ ശേഷം കമലസുരയ്യ ആയി പര്‍ദ്ദയിട്ട ചിത്രങ്ങള്‍ ഉടന്‍ എത്തും എന്ന പ്രതീക്ഷയാണ് വര്‍ദ്ധിക്കുന്നത്.

ആമിയുടെ ഫസ്റ്റ് ലുക്ക് വന്നു; ഇനി കമല സുരയ്യയ്ക്കായി കാത്തിരിപ്പ്

വിദ്യാബാലനെക്കാളും ലുക്ക് മഞ്ജുവിനു തന്നെ- മാധവിക്കുട്ടിയായി മഞ്ജുവിന്റെ വേഷപ്പകര്‍ച്ചയുടെ ആദ്യ ചിത്രം പുറത്തുവന്നു. മഞ്ജുവിന് മാധവിക്കുട്ടിയാകാനാകുമോ എന്ന ചോദ്യങ്ങളെല്ലാം അസ്തമിക്കുന്നതായി ലുക്ക്. കഥയും കവിതയും നിറങ്ങളും പ്രണയവുമെല്ലാം നിറയുന്ന മാധവിക്കുട്ടിയുടെ ഛായാചിത്രങ്ങളിലേതിനു സമാനമായ ഭാവത്തിലാണ് മഞ്ജു. 65 വയസുവരെ മാധവിക്കുട്ടി അണിഞ്ഞ വേഷമാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ ലുക്കിലുള്ളത്. 65 വയസിനു ശേഷമാണ് മതംമാറി കമല സുരയ്യയായത്.


ചിത്രകാരിയും എഴുത്തുകാരിയും മാത്രമായിരുന്നില്ല മാധവിക്കുട്ടി. ജീവിച്ചിരുന്ന കാലമത്രയും മരണശേഷവും സദാചാരക്കാരെ പ്രകോപിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. സിനിമയെടുക്കാന്‍ സംവിധായകന്‍ കമല്‍ തയ്യാറായപ്പോള്‍ അതും പലരേയും പ്രകോപിപ്പിച്ചു. തൊട്ടാല്‍ പൊള്ളുന്ന ആ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് സെല്ലുലോയ്ഡിലൂടെ ജെ.സി ഡാനിയേലിനെ അവതരിപ്പിച്ച കമലാണെന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. ദളിതയായ സ്ത്രീയെ നായികയാക്കിയതിന് ജീവിതം നഷ്ടപ്പെട്ട ഡാനിയേലിനെ കമല്‍ സത്യം ചോരാതെ അവതരിപ്പിച്ചു. പലരേയും പ്രകോപിപ്പിക്കുന്നതും അതാണ്- മാധവിക്കുട്ടിയും കമലാസുരയ്യയും പറയാതെ പോയ സത്യം ആമി പറയുമോ എന്ന്.

65 വയസിനു ശേഷമുള്ള, പര്‍ദ്ദയിട്ട ജീവിതത്തെ മഞ്ജു അവതരിപ്പിക്കുന്നത് എങ്ങനെയാകും എന്ന്...വേഷപ്പകര്‍ച്ച എങ്ങനെയാകും എന്നാണ് ഇനി അറിയാനുള്ളത്. മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ വായിച്ചും ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചും ആമിയാകാന്‍ ഒരുങ്ങുകയാണ് മഞ്ജു.