'സുസ്വന' സ്വപ്നം സ്വരമായൊഴുകി; കൊച്ചിയുടെ ആദ്യ കുട്ടി ബാൻഡുമായി സുനിൽ ദത്ത്

ട്രിനിറ്റി കോളേജ് ഓഫ് ലണ്ടന്റെ എക്സാം നല്ല മാർക്കോട് കൂടി പാസ്സാകുന്ന തന്റെ കുട്ടികളെ വച്ച് എന്തുകൊണ്ട് ഒരു മ്യൂസിക് ബാൻഡ് ഉണ്ടായിക്കൂടാ എന്ന ചിന്തയാണ് ഇത്തരമൊരു മ്യൂസിക് ബാൻഡ് ഉണ്ടാക്കിയെടുക്കാൻ കാരണമായതെന്ന് സുനിൽ നാരദ ന്യൂസിനോട് പറഞ്ഞു.

സുസ്വന സ്വപ്നം സ്വരമായൊഴുകി; കൊച്ചിയുടെ ആദ്യ കുട്ടി ബാൻഡുമായി സുനിൽ ദത്ത്

കൊച്ചിയിലെ ആദ്യത്തെ കുട്ടികളുടെ മ്യൂസിക് ബാൻഡുമായി സുനിൽ ദത്ത് എന്ന സംഗീതാദ്ധ്യാപകനും സുസ്വനം മ്യൂസിക് ബാൻഡ് അക്കാദമിയും വാർത്തകളിൽ ഇടം നേടുകയാണ്. രണ്ടും മൂന്നും ക്ലാസ്സിൽ പഠിക്കുന്നവരടക്കം 11 കുരുന്നുകളെ ചേർന്നാണ് മ്യൂസിക് ബാൻഡ് ഒരുക്കിയിരിക്കുന്നത്.

ഹിന്ദുസ്ഥാനി സംഗീതം മലബാറുകാർക്ക് പരിചിതമാക്കിയ ഉസ്താദ് തിരൂർ ഷായുടെ മകനാണ് സുനിൽ ദത്ത് ഷാ. സുഹൃത്തുക്കളായ രാജേഷ് മേനോൻ, സീമ, ഹരീഷ്, സക്കീർ ഹുസൈൻ എന്നിവരുമായി ചേർന്ന് 4 വർഷം മുമ്പാണ് സുനിൽ സുസ്വനം മ്യൂസിക് അക്കാദമി എന്ന സ്ഥാപനം ആരംഭിക്കുന്നത്. ട്രിനിറ്റി കോളേജ് ഓഫ് ലണ്ടന്റെ എക്സാം നല്ല മാർക്കോട് കൂടി പാസ്സാകുന്ന തന്റെ കുട്ടികളെ വച്ച് എന്തുകൊണ്ട് ഒരു മ്യൂസിക് ബാൻഡ് ഉണ്ടായിക്കൂടാ എന്ന ചിന്തയാണ് ഇത്തരമൊരു മ്യൂസിക് ബാൻഡ് ഉണ്ടാക്കിയെടുക്കാൻ കാരണമായതെന്ന് സുനിൽ നാരദ ന്യൂസിനോട് പറഞ്ഞു. ഒരു സംഗീത ട്രൂപ് തുടങ്ങിയാലോ എന്ന നിർദേശം വച്ചപ്പോൾ കുട്ടികളും രക്ഷിതാക്കളും അത് സ്വമനസ്സാലെ ഏറ്റെടുക്കുകയും എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയതായും സുനിൽ പറയുന്നു.രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണവും കുട്ടികളുടെ ആത്മാർഥമായ പരിശ്രമവുമാണ് ഇങ്ങനെയൊരു ബാൻഡ് ഇപ്പോൾ ഉണ്ടായതിനു പിന്നിൽ. 11 അടങ്ങുന്ന ട്രൂപ്പിൽ 9 പേരും പെൺകുട്ടികളാണ്. പ്ലസ് ടുവിൽ പഠിക്കുന്ന വോക്കൽ സിങ്ങർ പൂജ ഒഴികെ ബാക്കിയെല്ലാവരും കുഞ്ഞു കുരുന്നുകളാണ്. അമാന സൂസൻ സജി(സിംഗർ) , ശ്രദ്ധ എ നായർ(സിംഗർ), മിയ സാറ ബേബി(സിംഗർ),നഫീസ ഹനിയ(സിംഗർ), പൂജ എ നായർ(സിംഗർ), അഫ്രോസ ഷാ(ഗിറ്റാർ) , ജെന്നിഫർ ജോർജ്(ഗിറ്റാർ), അനാമിക ലാമി(കീബോർഡ്), റൈന ജോസ്(കീബോർഡ്), ഓഷിൻ കൃഷ്ണ(കോംഗോ ഡ്രം), നിരാമയ് ലാമി(ഡ്രംസ് ), എന്നിവരാണ് ട്രൂപ്പിലെ അംഗങ്ങൾ.ഇപ്പോൾ ഒരുപാട് വേദികൾ കിട്ടാറുണ്ടെന്നും എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത് എന്നും കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.സുനിലിനെപ്പോലൊരു അദ്ധ്യാപകന്റെ മികച്ച ശിക്ഷണം ലഭിക്കുന്നതിനാൽ കുട്ടികളുടെ ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷയാണ് തങ്ങൾക്കെന്നും രക്ഷിതാവായ നിമിഷ നാരദ ന്യൂസിനോട് പറഞ്ഞു.പ്രായഭേദമന്യേ എല്ലാവർക്കും സംഗീതം പഠിക്കാൻ കഴിയുന്ന അക്കാഡമിയിൽ ഇപ്പോൾ 150 പേരോളം സംഗീതം പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. അച്ഛനായ തിരൂർ ഷായുടെ പേരിലുള്ള ഷാ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കൂടിയാണ് സുനിൽ

Read More >>