ആ 100 വര്‍ഷങ്ങള്‍ക്ക് 50 വര്‍ഷം; കേണല്‍ അറീലിയാനോ ഏകാന്തത വെടിഞ്ഞിട്ട് അരനൂറ്റാണ്ട്!

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് എഴുതിയ ഏകാന്തതയുടെ നൂറു വര്‍ഷങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അരനൂറ്റാണ്ട്. നോവലിലെ ഭ്രമാത്മക യാഥാര്‍ത്ഥ്യം സ്വപ്നവും ജീവിതവും തമ്മിലുള്ള അതിലോലമായ പാളിയെ എടുത്തു കളഞ്ഞു. ജീവിതമാണോ സ്വപ്നമാണോ ശരിക്കും സ്വപ്നം... കേണല്‍ അറീനിയോയും ഉര്‍സുലയേയും മാറക്കാനാവില്ല- വായിച്ച ഓരോരുത്തരിലും ജനിതക സ്ഫോടനമുണ്ടാക്കി ഏകാന്തത.

ആ 100 വര്‍ഷങ്ങള്‍ക്ക് 50 വര്‍ഷം; കേണല്‍ അറീലിയാനോ ഏകാന്തത വെടിഞ്ഞിട്ട് അരനൂറ്റാണ്ട്!

തെക്കേ അമേരിക്കയും വടക്കേ അമേരിക്കയും തമ്മിലുള്ള പകയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, ഇരുകൂട്ടരും ഒരു പോലെ ആഘോഷിച്ച ഒന്നായിരുന്നു കൊളമ്പിയന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് എഴുതിയ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന നോവല്‍. അമേരിക്കാസില്‍ മാത്രമല്ല, ലോകം മുഴുവനും സകലതുറകളിലുള്ളവരും ആ നോവല്‍ വായിച്ചു, ആഘോഷമാക്കി.

1967 ല്‍ പ്രസിദ്ധീകരിച്ച നോവല്‍ കൊളമ്പിയയുടെ ചരിത്രം മാജിക്കല്‍ റിയലിസത്തിലൂടെ അവതരിപ്പിക്കുന്നു. കൊളോണിയല്‍ ജീവിതവും, എതിര്‍പ്പുകളും, ആയിരം ദിവസത്തെ യുദ്ധവും, യുണൈറ്റഡ് ഫ്രൂട്ട് കമ്പനി എന്ന അമേരിക്കന്‍ കമ്പനി ലാറ്റിൻ അമേരിക്കയെ ചൂഷണം ചെയ്തതും, ബനാന കൂട്ടക്കൊലയും എല്ലാം ബുവണ്ടിയ കുടുംബത്തിന്‌റെ കഥയിലൂടെ അവതരിപ്പിക്കുകയായിരുന്നു മാര്‍ക്കേസ്.

37 ഭാഷകളിലേയ്ക്കു മൊഴിമാറ്റം ചെയ്യപ്പെട്ട ഏകാന്തത 1982 ല്‍ മാര്‍ക്കേസിനു നോബല്‍ സാഹിത്യ പുരസ്‌കാരവും നേടിക്കൊടുത്തു. മിഗ്വല്‍ ഡി സെര്‍വാന്‌റെസിന്‌റെ ഡോണ്‍ ക്വിക്‌സോട്ടിനു ശേഷം സ്പാനിഷ് ഭാഷയിലെ ഏറ്റവും മഹത്തായ കൃതി എന്ന ഖ്യാതിയും ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ക്കുണ്ട്.


ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ മാന്ത്രികതയെക്കുറിച്ചു മാര്‍ക്കേസ് പറയുന്നത് അത് തന്‌റെ മുത്തശ്ശിയില്‍ നിന്നും കിട്ടിയതാണെന്നാണ്. അവര്‍ കഥകള്‍ പറയുമ്പോള്‍ അതീന്ദ്രിയവും അതിശയോക്തിയുമായി തോന്നുമെങ്കിലും വളരെ സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കും അവതരിപ്പിക്കുക എന്നും മാര്‍ക്കേസ് എഴുതിയിട്ടുണ്ട്.

എന്നിരുന്നാലും, ഏകാന്തതയില്‍ മാര്‍ക്കേസ് ഉപയോഗിച്ചിട്ടുള്ള രചനാസങ്കേതം അത്ര എളുപ്പത്തില്‍ വഴങ്ങിത്തരുന്നതല്ല. ചിലപ്പോഴൊക്കെ വായനയ്ക്കതീതം എന്നും തോന്നിപ്പോകും. കളിവാക്കുകളുടെ കഷായവും പ്രാചീനരഹസ്യങ്ങളും, അസ്വാഭാവികമായ സംഭവങ്ങളും ചേര്‍ന്ന മാന്ത്രികലോകമാണു മക്കൊണ്ടോയിലൂടെ മാര്‍ക്കേസ് പ്രദര്‍ശിപ്പിക്കുന്നത്.

ഈ നോവല്‍ ഒരു ചരിത്രരേഖയാണ്. ഏതെങ്കിലും ഏകാധിപതികളുടേയോ സംഭവങ്ങളുടേയോ അല്ല, ബന്ധങ്ങളുടെ നൂലിഴയില്‍ കെട്ടിയിടപ്പെട്ട പ്രാചീനരുടെ ചരിത്രമാണു മാര്‍ക്കേസ് ഏകാന്തതയില്‍ പറയുന്നത്. ദൈവത്തിന്‌റെ ഫോട്ടോ വരെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ജോസ് ആര്‍ക്കേഡിയോ ബുവെന്‍ഡിയ ഭ്രാന്തമായ ആവേശത്തിന്‌റെ പ്രതിനിധിയാണ്. ലാറ്റിനില്‍ മാത്രമേ സംസാരിക്കുകയുള്ളൂ എന്നു വാശി പിടിയ്ക്കുന്ന ജോസിന്‌റെ ജീവിതം അവസാനിക്കുന്നത് ഒരു ചെസ്റ്റ്‌നട്ട് മരത്തിന്‌റെ ചുവട്ടില്‍ ഭ്രാന്തനായിട്ടാണ്. ഉര്‍സുലയാകട്ടെ, ക്ഷമയുടേയും നിശ്ചയദാര്‍ഢ്യത്തിന്‌റേയും ഉത്തമമാതൃകയാകുന്നു.

ആദര്‍ശത്തിന്‌റെ ഒഴിയാബാധയും പ്രായോഗികഫലിതങ്ങളും ചേര്‍ന്നു ബുവണ്ടിയ കുടുംബത്തിനെ തുല്യമാക്കുന്നു. അവിടത്തെ സ്ത്രീകള്‍ പുരുഷന്മാരുടെ അടിമകളല്ല. സ്വപ്‌നങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള സങ്കരം അവരുടെ ജീവിതത്തിനെ ബാധിയ്ക്കുന്നില്ല. മക്കൊണ്ടൊ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത സ്വപ്‌നസാമ്രാജ്യമാണ്. ഏകാന്തതയും അന്യവത്ക്കരണവും മക്കൊണ്ടോയെ നമുക്കു പരിചിതമായ ലോകത്തു നിന്നും വ്യത്യസ്തമാക്കുന്നു. അവിടത്തെ ജനങ്ങള്‍ ജിപ്‌സികളുടെ അത്ഭുതങ്ങള്‍ കണ്ടു രസിക്കുന്നതു ആധുനികലോകത്തെ വായനക്കാര്‍ക്കു ചിലപ്പോഴെങ്കിലും പരിഹാസം തോന്നിപ്പിക്കുന്ന രീതിയിലായിരിക്കും. അതൊന്നും എഴുത്തുകാരനെ അലട്ടുന്നുമില്ല. തന്‌റെ കഥാപാത്രങ്ങള്‍ അവരുടെ അവസ്ഥയില്‍ സ്വസ്ഥമായിരിക്കട്ടേയെന്നു മാര്‍ക്കേസ് തീരുമാനിക്കുന്നു.

പ്രസിദ്ധീകരിച്ച് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ലോകത്തിലെ തന്നെ മികച്ച രചനകളുടെ കൂട്ടത്തില്‍ പ്രഭ മങ്ങാതെ നിലനില്‍ക്കുന്നു. മാര്‍ക്കേസ് ഇപ്പോള്‍ നമ്മോടൊപ്പമില്ല. എങ്കിലും, ഏകാന്തത വായിച്ചവരുടെ മനസ്സുകളില്‍ മക്കൊണ്ടോയും ബുവണ്ടിയ കുടുംബവും മാത്രമല്ല, വായനയുടെ ആ ലഹരിയും ഇപ്പോഴും നുയുന്നുണ്ടാകും എന്നതും മാര്‍ക്കേസിന്‌റെ മാന്ത്രികതയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.