സ്ത്രീകളിലെ ചേലാകർമ്മം: ക്രൂരതയും മനുഷ്യാവകാശലംഘനവും

സ്ത്രീകളിലെ ചേലാകര്‍മ്മം അവരുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ശരീരത്തിന്മേലുള്ള അവരുടെ അവകാശത്തെ ഹനിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ ബാഹ്യമായ ജനനേന്ദ്രിയഭാഗം ഛേദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്ത്രീകളുടെ ലൈംഗികാഭിനിവേശം നിയന്ത്രിക്കുന്നതിനുള്ള കാടന്‍ രീതിയാണു ചേലാകര്‍മ്മം. ചേലാകര്‍മ്മം കൊണ്ട് ആരോഗ്യത്തിനു പ്രയോജനമൊന്നും ഇല്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ബൊഹ്‌റകളുടെ മതനേതാവായ സയ്യിദ്‌ന പറയുന്നത് ചേലാകര്‍മ്മം നിരോധിക്കാത്ത രാജ്യങ്ങളില്‍ അവര്‍ ആ ക്രൂരകര്‍മ്മം തുടരുമെന്നാണ്.

സ്ത്രീകളിലെ ചേലാകർമ്മം: ക്രൂരതയും മനുഷ്യാവകാശലംഘനവും

സ്ത്രീകളിലെ ചേലാകര്‍മ്മം നിരോധിക്കുന്നതിനായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ നാലു മന്ത്രാലയങ്ങള്‍ക്കു നോട്ടീസ്. സ്ത്രീകളുടെ ചേലാകര്‍മ്മം എന്ന നരാധമമായ ചടങ്ങ് ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്നതാണ്. ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം വരുന്ന ബൊഹ്‌റാ സമൂഹത്തില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം അനുഷ്ഠിച്ചു വരുന്നുണ്ട്. ലോകമാകമാനം പ്രതിഷേധിക്കുന്ന ചടങ്ങാണിത്.

സ്ത്രീകളിലെ ചേലാകര്‍മ്മം അവരുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ശരീരത്തിന്മേലുള്ള അവരുടെ അവകാശത്തെ ഹനിക്കുകയും ചെയ്യുന്നു. ചേലാകര്‍മ്മത്തിലൂടെ സ്ത്രീകളുടെ ബാഹ്യമായ ജനനേന്ദ്രിയഭാഗം ഛേദിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ലൈംഗികാഭിനിവേശം നിയന്ത്രിക്കുന്നതിനുള്ള കാടന്‍ രീതിയാണു ചേലാകര്‍മ്മം. ഒരോ രാജ്യത്തിലും ഒരോ രീതിയിലാണു ചേലാകര്‍മ്മം അനുഷ്ഠിക്കുന്നത്.

ലോകാരോഗ്യ സംഘടന നാലു തരത്തിലുള്ള ചേലാകര്‍മ്മങ്ങള്‍ വിവരിക്കുന്നു.

ഒന്ന്: സ്ത്രീലിംഗഛേദം എന്നു വിളിക്കുന്ന ഇതില്‍ കൃസരിയെ ഭാഗികമായോ പൂര്‍ണ്ണമായോ ഛേദിക്കുന്നു. ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ കൃസരിയുടെ ചുറ്റുമുള്ള ചര്‍മ്മം മാത്രം നീക്കം ചെയ്യുന്നു.


രണ്ട്: കൃസരിയും ഭഗത്തിന്റെ അകംചുളിവുകളും നീക്കം ചെയ്യുന്ന രീതി. ചിലപ്പോള്‍ ഭഗത്തിന്റെ പുറംചുളിവുകളും നീക്കം ചെയ്യാറുണ്ട്.


മൂന്ന്: യോനിദ്വാരത്തില്‍ തുന്നിക്കെട്ടി വാവലുപ്പം കുറയ്ക്കുന്ന രീതി. ചേലാകര്‍മ്മം ചെയ്തിട്ടോ അല്ലാതെയോ ഇതു ചെയ്യാറുണ്ട്.


നാല്: ചികിത്സാവശ്യങ്ങള്‍ക്കല്ലാതെ സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ചെയ്യുന്ന എല്ലാ അപകടകരമായ മുറിപ്പെടുത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തുന്നു. തുളയ്ക്കല്‍, ഛേദിക്കല്‍, ചുരണ്ടല്‍, പൊള്ളിയ്ക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.


ഈ ചടങ്ങുകളെല്ലാം അനസ്‌തേഷ്യയോ വൈദ്യസഹായം ഇല്ലാതെയോ ആണു ചെയ്യുക.

ഇന്തോനേഷ്യയിലും മലേഷ്യയിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ചേലാകര്‍മ്മം അനുഷ്ഠിക്കാറുണ്ട്. ആഫ്രിക്കയിലാണ് ഇതു രൂക്ഷമായിട്ടുള്ളത്. അവിടെ നിന്നുമാണു ചേലാകര്‍മ്മം ലോകശ്രദ്ധ ആകര്‍ഷിച്ചത്. ഇന്ത്യയില്‍ ബൊഹ്‌റ സമൂഹം ചോലാകര്‍മ്മം അനുഷ്ഠിക്കുന്നുണ്ട്. ഇരകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ബൊഹ്‌റ പെണ്‍കുട്ടികളില്‍ 80-90 ശതമാനവും ചേലാകര്‍മ്മത്തിന് ഇരയാകുന്നുണ്ട് എന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ചിലപ്പോള്‍ വയറ്റാട്ടികളായിരിക്കും അതു ചെയ്യുക.

ഇന്ത്യയില്‍ ഒന്നാം തരവും നാലാം തരവും ആണു പിന്തുടരുന്നത്. ഖട്‌ന എന്നാണ് അതിനെ വിളിയ്ക്കുക. ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 200 ദശലക്ഷം പെണ്‍കുട്ടികള്‍ ചേലാകര്‍മ്മത്തിന് ഇരയായിട്ടുണ്ടെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്.

ചേലാകര്‍മ്മത്തിന്റെ അപകടങ്ങള്‍

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണു ചേലാകര്‍മ്മം കൊണ്ടുണ്ടാകുക. താല്‍ക്കാലികമായി വേദന, രക്തസ്രാവം, പനി, രോഗപ്പകര്‍ച്ച, ആഘാതം എന്നിവയും, ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. ദീര്‍ഘകാലത്തില്‍ മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന, പ്രസവസമയത്തുള്ള പ്രശ്‌നങ്ങൾ എന്നിവയുണ്ടാകാം. ശസ്ത്രക്രിയയിലൂടെ മാത്രമേ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ.

'ഖട്‌ന, ചേലാകര്‍മ്മം അല്ലെങ്കില്‍ ഖാഫ്ദ് അനുഷ്ഠിക്കുന്നതു ലിംഗപരമായ അസമത്വവും സ്ത്രീകളോടുള്ള വിവേചനവും കാണിക്കുന്നു. ഇതു ചെയ്യുന്നതു കൗമാരപ്രായക്കാരിലായതിനാല്‍ കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുകയും അവര്‍ക്കു ശരീരത്തിനു മേലുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്കു സുരക്ഷയ്ക്കുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, ശാരീരികമായ പൂര്‍ണ്ണത്വം, ക്രൂരതകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം, മനുഷ്യത്വമില്ലാത്തതും അവഹേളിക്കുന്നതുമായ പരിചരണം എന്നിവയില്‍ നിന്നുമുള്ള സുരക്ഷ എന്നിവയെല്ലാമുണ്ട്. ഇതു കുട്ടികളുടെ അവകാശവും മനുഷ്യാവകാശവും ലംഘിക്കുന്നു. മനുഷ്യാവകാശത്തിനെക്കുറിച്ചുള്ള ആഗോള പ്രഖ്യാപനം ലംഘിക്കുന്നു എന്നു മാത്രമല്ല, അമേരിക്ക, ഓസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുറ്റകൃത്യവുമാണ്,' സുപ്രീം കോടതിയിലെ പരാതിയില്‍ പറയുന്നു.

ചേലാകര്‍മ്മത്തിനെതിരേയുള്ള ആഗോളപ്രവര്‍ത്തനം

അടുത്ത കാലത്തായി ചേലാകര്‍മ്മത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. 'സ്പീക്ക് ഔട്ട് ഫോര്‍ എഫ് ജി എം' എന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനം, എ പിഞ്ച് ഓഫ് സ്‌കിന്‍ എന്ന സിനിമയിലെ ഇരകളുടെ സംഭാഷണങ്ങള്‍, ചേലാകര്‍മ്മത്തിലെ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ അതിന്റെ ഭാഗമാണ്.

ചേലാകര്‍മ്മം കൊണ്ട് ആരോഗ്യത്തിനു പ്രയോജനമൊന്നും ഇല്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മതപരമായി നിര്‍ബന്ധമുള്ളതല്ല ഖട്‌ന എന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. എന്തായാലും, ജൂണ്‍ 2016 ന് ബൊഹ്‌റകളുടെ മതനേതാവായ സയ്യിദ്‌നയുടെ പത്രക്കുറിപ്പില്‍ പറയുന്നത് ചേലാകര്‍മ്മം നിരോധിക്കാത്ത രാജ്യങ്ങളില്‍ അവര്‍ ആ ക്രൂരകര്‍മ്മം തുടരുമെന്നാണ്.