ഒരാൾക്ക് അയാളുടെ ക്ലീവേജ് കാണിച്ച് നടക്കാനിഷ്ടമുണ്ടെങ്കിൽ അയാൾ അങ്ങനെ നടക്കട്ടെ. തട്ടമിട്ട് നടക്കുക എന്നത് എന്റെ ഇഷ്ടമാണ്- ഫാത്തിമ ജസീല പറയുന്നു

"മോൾ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്?" എന്നായിരുന്നു ദേഷ്യത്തോടെ സംവിധായകൻ സിബി മലയിലിന്റെ ചോദ്യം. ഇതൊക്കെ ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട് എന്നവകാശപ്പെട്ട അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ ജസീലയെ ഉപദേശിക്കാനും മറന്നില്ല.

ഒരാൾക്ക് അയാളുടെ ക്ലീവേജ് കാണിച്ച് നടക്കാനിഷ്ടമുണ്ടെങ്കിൽ അയാൾ അങ്ങനെ നടക്കട്ടെ. തട്ടമിട്ട് നടക്കുക എന്നത് എന്റെ ഇഷ്ടമാണ്- ഫാത്തിമ ജസീല പറയുന്നു

അൾജീരിയയിലെ ഒരു സ്റ്റീം ബാത്ത് കേന്ദ്ര (ഹമാം) ത്തിൽ മസാജറായി ജോലി ചെയ്യുന്ന ഫാത്തിമ എന്ന മുസ്ലീം സ്ത്രീയുടെ കഥയാണ് 'ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക് ചർച്ച ചെയ്യുന്നത്. സഹോദരനാൽ നിരന്തരമായി പിന്തുടരപ്പെടുന്ന ഫാത്തിമയ്ക്ക് ആകെ സമാധാനം ലഭിക്കുന്നത് സ്റ്റീം ബാത്ത് കേന്ദ്രത്തിൽ മാത്രമാണ്. രാജ്യത്തിന്റെ തലസ്ഥാന നഗരം ഒരു തീവ്രവാദി ആക്രമണത്തിനു വിധേയമാവുകയും ഫാത്തിമ അതിനു സാക്ഷിയാവുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കഴിഞ്ഞതിനു ശേഷം ചോദ്യോത്തര വേളയിൽ ഫാത്തിമ ജസീല എന്ന പെൺകുട്ടി സംവിധായികയോട് ചിത്രത്തെപ്പറ്റി അവൾക്കുള്ള ചില വിയോജിപ്പുകൾ അറിയിച്ചു. ചിത്രത്തിൽ ഇസ്‌ലാമോഫോബിയ ഉണ്ടെന്നും സ്ത്രീക്ക് സമാധാനം ലഭിക്കുന്നത് സ്റ്റീൻ ബാത്ത് കേന്ദ്രങ്ങളിൽ മാത്രമാണെന്ന ധാരണ തെറ്റാണെന്നും ജസീല സംവിധായികയോട് പറഞ്ഞു. ലോകത്തെല്ലായിടത്തും മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്നത് ഇത്തരം അസ്വാതന്ത്ര്യമാണെന്ന തെറ്റായ സന്ദേശം സിനിമ നൽകുന്നുണ്ടെന്നും ജസീല വാദിച്ചു. ജസീല സംസാരിച്ച് കഴിഞ്ഞതും സദസ്യരിൽ നിന്നും നീണ്ട കരഘോഷങ്ങൾ മുഴങ്ങി. ജസീലയുടെ ആരോപണങ്ങൾക്കൊക്കെ തൃപ്തികരമല്ലാത്ത ചില മറുപടികൾ നൽകി ചോദ്യത്തര വേള അവസാനിച്ചു. ഇതാണ് എല്ലാവരും അറിഞ്ഞ കഥ. ഇനിയാണ് കഥയുടെ ബാക്കി.

സിനിമയും ചോദ്യോത്തര വേളയും കഴിഞ്ഞ് പുറത്തിറങ്ങിയ ജസീലയുടെ ചോദ്യത്തെയും വേഷത്തെയും വിമർശിച്ച് പല വമ്പന്മാരും അവളോട് സ്വകാര്യമായി സംസാരിച്ചു. "മോൾ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്?" എന്നായിരുന്നു ദേഷ്യത്തോടെ സംവിധായകൻ സിബി മലയിലിന്റെ ചോദ്യം. ഇതൊക്കെ ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട് എന്നവകാശപ്പെട്ട അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ ജസീലയെ ഉപദേശിക്കാനും മറന്നില്ല. പക്ഷെ, തന്റെ വേഷവും ചിന്തകളും തന്റെ വ്യക്തിത്വമാണെന്നും അത് പണയപ്പെടുത്താൻ ഞാനൊരുക്കമല്ലെന്നും അവൾ പറയുന്നു. ഒരാൾക്ക് അയാളുടെ ക്ളീവെജ്‌ കാണിച്ച് നടക്കാനിഷ്ടമുണ്ടെങ്കിൽ അയാൾ അങ്ങനെ നടക്കട്ടെ. തട്ടമിട്ട് നടക്കുക എന്നത് എന്റെ ഇഷ്ടമാണ്. ബിക്കിനിയിട്ട് ബീച്ചിലൂടെ നടക്കുമ്പോൾ ആളുകൾ അവരെ ശ്രദ്ധിക്കുന്നത് പോലെ തട്ടമിട്ട് തീയറ്ററിൽ കേറുമ്പോൾ എന്നെയും ആളുകൾ നോക്കുന്നുണ്ട്. ആളുകളുടെ കാഴ്ചയുടെ പ്രശ്നമാണത്.

തട്ടമിട്ടതിന്റെ പേരിൽ എന്നെ ഒരുപാട് പേര് വിമർശിച്ചിട്ടുണ്ട്. ഖുർആന്റെ സൂറത്തുകളും അതിന്റെ ആശയവും മനസ്സിലാക്കിയ ഞാൻ മനസ്സിലാക്കുന്നത് സിനിമയും സംഗീതവുമൊക്കെ മാറ്റി നിർത്തണമെന്നല്ല. നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നല്ല, എങ്ങനെയാണ് ഞാൻ ചിന്തിക്കുന്നതെന്നനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്.ഫാത്തിമ ജസീല

'വൈ ഐ ഹൈഡ് റ്റു സ്‌മോക്ക്' എന്ന സിനിമയുടെ പോസ്റ്ററിൽ പൂർണ നഗ്നയായ ഒരു സ്ത്രീ പുകവലിക്കുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ആളുകളെ ആകർഷിക്കാനുള്ള ഒരു തന്ത്രമാണത്. സിനിമയുടെ പേരും വളരെ ആകാംക്ഷയുണർത്തുന്ന ഒന്നാണ്. നല്ല മാർക്കറ്റിങ് തന്ത്രം അതിലൊക്കെയുണ്ട്. ഈ സിനിമ കണ്ടാൽ പുക വലിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് മനം മാറ്റമുണ്ടായാലോ എന്ന് കരുതിയാണ് സിനിമ കാണാൻ തീരുമാനിച്ചത്. പക്ഷെ, സിനിമ അങ്ങനെയൊന്നുമല്ല. ഹമാമിൽ മാത്രം സ്വാതന്ത്ര്യം ലഭിക്കുന്നു എന്നിവർ പറഞ്ഞ ഈ സ്ത്രീകൾ അവർ മാത്രമുള്ള സമയങ്ങളിൽ ജീവിതം ആഘോഷമാക്കുന്നവരാണ്. മുഖമക്കനയൊക്കെ അഴിച്ചു വെച്ച് അവർ ഉല്ലാസവതികളായാണ് ജീവിക്കുന്നത്. അത് പോലെ തന്നെ സ്ത്രീകൾക്കായി മാത്രമുള്ള ഒരുപാട് ഇടങ്ങൾ അവിടങ്ങളിലൊക്കെയുണ്ട്. സംവിധായിക തന്റെ ബാല്യകാലത്തെ അനുഭവങ്ങളിൽ നിന്ന് സിനിമയുണ്ടാക്കിയതാണെന്ന് പറയുന്നു. അന്നത്തെ ഹമാമുകളൊക്കെ ഇപ്പോ വേശ്യാലയങ്ങളാണ്. അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളാവാം ഇങ്ങനെ സിനിമയെടുക്കാൻ അവരെ പ്രേരിപ്പിച്ചത്.

കോഴിക്കോട് മീഡിയ വണ്ണിൽ പിജി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ഫാത്തിമ ജസീല. ഖത്തർ മലയാളിയായ ജസീലയുടെ നാട് തൃശൂരാണ്. വാർത്താ അവതാരകയാവണമെന്നാഗ്രഹിക്കുന്ന ജസീല തട്ടമിട്ട് വാർത്ത വായിക്കാൻ ഏതൊക്കെ ചാനലുകൾ സമ്മതിക്കുമെന്ന ഗൗരവമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. സിനിമയേയും സിനിമാ സംബന്ധിയായ ചർച്ചകളെയും ഏറെ ഇഷ്ടപ്പെടുന്ന ഈ പെൺകുട്ടി പൊതുബോധത്തിനെതിരെ നടക്കാനുള്ള ധീരമായ തയ്യാറെടുപ്പിലാണ്. തട്ടമിട്ട് വാർത്ത വായിക്കുന്ന ഒരു മാധ്യമപ്രവർത്തകയാകണം. നിശ്ചയദാർഢ്യത്തോടെ അവൾ പറഞ്ഞു നിർത്തി.

Story by