ക്വീൻ ഓഫ് ദ്വയ ട്രാൻസ്ജെൻഡർ സൌന്ദര്യ മത്സരം: ശ്രുതി സിത്താരയ്ക്ക് കിരീടം

രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സിവിൽ സെർവന്റ് ആവണം എന്ന ആഗ്രഹത്തിൽ ജീവിക്കുന്ന ശ്രുതി അതുവഴി സമൂഹത്തിനും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കും വേണ്ടി തന്നാലാവുന്നതു ചെയ്യണമെന്ന ആഗ്രഹത്തിലാണ്. ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ ക്വീൻ ഓഫ് ദ്വയയുടെ കിരീടവും കീഴടങ്ങി.

ക്വീൻ ഓഫ് ദ്വയ ട്രാൻസ്ജെൻഡർ സൌന്ദര്യ മത്സരം: ശ്രുതി സിത്താരയ്ക്ക് കിരീടം

ക്വീൻ ഓഫ് ദ്വയ ട്രാൻസ്ജെൻഡർ സൌന്ദര്യ മത്സരത്തിന്റെ രണ്ടാം പതിപ്പിൽ ശ്രുതി സിത്താര കിരീടം ചൂടി. അമ്പതിനായിരം രൂപയാണ് സമ്മാന തുക. യു‌എസ്ഡി ഗ്ലോബൽ എന്ന ബഹുരാ‍ഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥയായ സാറ ഷെയ്ക്ക ആണ് ഫസ്റ്റ് റണ്ണർ അപ്പ്. ട്രാൻസ്ജെൻഡർ സംഘടനയായ ഒയാസിസിന്റെ സെക്രട്ടറി ശ്രീമയി ആണ് സെക്കൻഡ് റണ്ണർ അപ്പ്. സിനിമാ താരങ്ങളായ അംബ്ക, നദിയ മൊയ്തു, മമ്ത മോഹൻ‌ദാസ്, ക്വീൻ ഓഫ് ദ്വയ 2017 ശ്യാമ എസ് പ്രഭ എന്നിവർ ചേർന്നാണ് വിജയികൾക്ക് കിരീടം ചൂടിയത്. ഹരിണി ചന്ദന, അയിഷ ഡൂഡിൽ, രാഗ രഞ്ജിനി, നടാഷ എന്നിവർ നയിച്ച നാലു ടീമുകളിലായി പതിനാറു പേരായിരുന്നു മത്സരാർത്ഥികൾ. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ശ്രുതി സിത്താര സിവിൽ സർവീസ് സ്വപ്നം സാക്ഷാ‍ത്കരിക്കാനുള്ള പരിശ്രമത്തിലാണ്. രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സിവിൽ സെർവന്റ് ആവണം എന്ന ആഗ്രഹത്തിൽ ജീവിക്കുന്ന ശ്രുതി അതുവഴി സമൂഹത്തിനും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കും വേണ്ടി തന്നാലാവുന്നതു ചെയ്യണമെന്ന ആഗ്രഹത്തിലാണ്. ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ ക്വീൻ ഓഫ് ദ്വയയുടെ കിരീടവും കീഴടങ്ങി.

പ്രൌഢ ഗംഭീരമായ വേദിയിൽ ട്രാൻസ്ജെൻഡർ സുന്ദരിമാർ ചുവടു വച്ചപ്പോൾ സദസിൽ നിന്ന് കരഘോഷവും ആരവവും മുഴങ്ങുകയായിരുന്നു. ചടുലമായ ചുവടുകളോടെയും വശ്യമായ വാക്കുകളിലൂടെയും കാണികളുടെ മനസു കവർന്ന ട്രാൻസ് യുവതികളിൽ ആർക്കായിരിക്കും ക്വീൻ ഓഫ് ദ്വയ എന്ന് ഊഹിക്കാൻ പോലും കാണികൾക്ക് ആവുന്നുണ്ടായിരുന്നില്ല. ഒടുവിൽ ആകെയുണ്ടായിരുന്ന 16 പേരിൽ 6 പേർ അവസാന റൌണ്ടിലേയ്ക്ക് യോഗ്യത നേടുകയും ശ്രുതി, സാറ, ശ്രീമയി എന്നിവർ ജേതാക്കളാവുകയും ചെയ്തു.

ശ്രുതി സിത്താര

ട്രാൻസ്ജെൻഡർ സുന്ദരിമാരുടെ സൌന്ദര്യ മത്സരം പോലെ തന്നെ വേദിയിൽ കാണികളുടെ മനസു കവർന്ന നടന- ഗാന പരിപാടികളും അരങ്ങേറി. പ്രശസ്ത ട്രാൻസ്ജെൻഡർ നർത്തകിയായ മാലിക പണിക്കർ, സിനിമാ താരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, ഇനിയ, ഷംന കാസിം, കൃഷ്ണപ്രിയ ആൻഡ് ബോണി സംഘം, ട്രാൻസ്ജെൻഡർ നർത്തകിയായ ദീപ്തി കല്യാണി തുടങ്ങിയവരുടെ നൃത്തവും നിരവധി പ്രഗദ്ഭരുടെ സംഗീത പരിപാടിയും വേദിയിൽ അരങ്ങേറി.

നടൻ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ട്രാൻസ് സെക്ഷ്വലായി വേഷമിട്ട ജയസൂര്യ പ്രത്യേക ക്ഷണിതാവായിരുന്നു. വലിയ താരനിരയാണ് ട്രാൻസ്ജെൻഡർ സുന്ദരിമാരെ തെരഞ്ഞെടുക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.

ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി ആയ അനന്യ ആയിരുന്നു 'ക്വീൻ ഓഫ് ദ്വയ'യുടെ അവതാരക. ക്വീൻ ഓഫ് ദ്വയ ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്ന ആർജെ അനന്യ 'ബെസ്റ്റ് പബ്ലിക് ബിഹേവിയർ' എന്ന സബ്ടൈറ്റിൽ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഒരു സൗന്ദര്യമത്സരത്തിൽ അവതാരകയാവുന്ന കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ എന്ന പ്രത്യേകതയുമായാണ് അനന്യ ക്വീൻ ഓഫ് ദ്വയ വേദിയിൽ നിറഞ്ഞു നിന്നത്.
ശ്രുതി സിത്താര, സാറ ഷെയ്ക്ക, ശ്രീമയി

ഡാലു സുനില്‍ മേനോന്‍ എന്നിവരായിരുന്നു കൊറിയോഗ്രാഫേഴ്‌സ്. അജ്മലും സ്റ്റെഫിന്‍ ലാലുമായിരുന്നു ഡിസൈനര്‍മാര്‍. ട്രാൻസ്ജെൻഡർ തൃപ്തി ഷെട്ടി ഓര്‍ണമെന്റ്‌സ് ഡിസൈന്‍.
സാറ ഷെയ്ക്കRead More >>