അനന്യ കഴിഞ്ഞ തവണ മത്സരാര്‍ത്ഥി; ഇത്തവണ അവതാരക: ക്വീന്‍ ഓഫ് ദ്വയ രണ്ടാം സെഷനില്‍ താരങ്ങള്‍ നിരവധി

കേരളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ ക്വീന്‍ ഓഫ് ദ്വയയുടെ അവതാരികയാകുമ്പോള്‍...

അനന്യ കഴിഞ്ഞ തവണ മത്സരാര്‍ത്ഥി; ഇത്തവണ അവതാരക: ക്വീന്‍ ഓഫ് ദ്വയ രണ്ടാം സെഷനില്‍ താരങ്ങള്‍ നിരവധി

കഴിഞ്ഞ വര്‍ഷം ക്വീന്‍ ഓഫ് ദ്വയ സൗന്ദര്യ മത്സരത്തിന്റെ ഫൈനലിസ്റ്റായ സുന്ദരി ഇത്തവണ അവതാരകയായി വേദിയില്‍. കഴിഞ്ഞ വര്‍ഷത്തെ ക്വീന്‍ ശ്യാമയാവട്ടെ സാമൂഹ്യ നീതിവകുപ്പിലെ പ്രോഗ്രാം കോര്‍ഡിനേറ്ററായി രാജ്യത്തു തന്നെ ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരഭകയായ തൃപ്തി ഷെട്ടിയാണ് ഈ സീസണില്‍ ആഭരണ ഡിസൈന്‍. വനിതാ കവര്‍ ഗേളായ ദീപ്തിയടക്കം നിരവധി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കലാവിഷ്‌ക്കാരവുമുണ്ട്. വേദിയില്‍ മാറ്റുരയ്ക്കുന്ന ടീമുകളെ നയിക്കുന്നതാവട്ടെ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും നടിയുമായ ശീതള്‍ ശ്യാം- മറ്റേതൊരു സൗന്ദര്യ മത്സരത്തിലും അഭിമാനകരമാണ് ദ്വയ ക്വീന്‍. അഴകളവുകളുടെ പ്രദര്‍ശനം എന്നതിനപ്പുറം രാഷ്ട്രീയമാനങ്ങളുള്ളതാണ് ഈ രണ്ടാം സീസണ്‍. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശ പോരാട്ടങ്ങളുടെ തുടര്‍ച്ചയിലാണ് രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ക്വീനിനെ കണ്ടെത്തുന്ന ഈ ഷോ.

കഴിഞ്ഞ വര്‍ഷം ഫൈനലിസ്റ്റായിരുന്ന അനന്യ ബെസ്റ്റ് പബ്ലിക് ബിഹേവിയറിനുള്ള അവാര്‍ഡ് നേടിയിരുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. ''മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ പോലുള്ളവര്‍ പങ്കെടുക്കുന്ന വേദിയില്‍ അവതാരകയാകാനുള്ള അവസരം എന്റെ കരിയറില്‍ സുപ്രധാനമായ അംഗീകാരമാണ്'- അനന്യ പറയുന്നു.

നടിമാരായ സ്വാതി വേണുഗോപാലും പൂജിതയുമാണ് അനന്യയ്‌ക്കൊപ്പം സെലിബ്രിറ്റി അവതാകരായി വേദിയിലുണ്ടാവുക. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശ സമരങ്ങളില്‍ മുന്‍നിരയിലുള്ള അനന്യ, വീട്ടുകാരില്‍ നിന്ന് നേരിട്ട പീഡനത്തിനെതിരെ നടത്തിയ നിയമ പോരാട്ടം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ക്വീന്‍ ഓഫ് ദ്വയ 2018.

നാല് ടീമുകളായാണ് മത്സരം. അഴക്, ബുദ്ധി, പെരുമാറ്റം, പൊതുവിജ്ഞാനം തുടങ്ങി നിരവധി ഘടകങ്ങളാണ് ക്വീനിന്റെ തെരഞ്ഞെടുപ്പില്‍ വിധിനിര്‍ണ്ണയിക്കുന്നത്. ഞാന്‍ മേരിക്കുട്ടി സിനിമയിലൂടെ ട്രാന്‍സ്ജന്‍ഡറായി വേഷമിട്ട ജയസൂര്യയും അതിഥിയായി എത്തും.

Read More >>