സ്വപ്ന ഉദ്യോഗപരീക്ഷകളില്‍ മിന്നുന്ന തിരുനങ്കൈ; പക്ഷേ, സര്‍ക്കാര്‍ ജോലി സ്വപ്നം മാത്രം!

രജിസ്ട്രാര്‍, ഹൈക്കോടതിയില്‍ റീഡര്‍, തഞ്ചാവൂര്‍ ജില്ലയില്‍ വില്ലേജ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ പരീക്ഷകളില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ നിയമനം കൊടുത്തിട്ടില്ല. ഒപ്പം പരീക്ഷയെഴുതിയ പലര്‍ക്കും ജോലി കിട്ടി. തിരുനങ്കൈ എന്ന കാരണം കൊണ്ടുമാത്രം സ്വപ്‌നയ്ക്കു നിയമന ഉത്തരവ് കൊടുത്തിട്ടില്ല.

സ്വപ്ന ഉദ്യോഗപരീക്ഷകളില്‍ മിന്നുന്ന തിരുനങ്കൈ; പക്ഷേ, സര്‍ക്കാര്‍ ജോലി സ്വപ്നം മാത്രം!

കൊച്ചി മെട്രോയില്‍ ട്രാന്‍ജന്റര്‍മാര്‍ക്കും തൊഴില്‍ നല്‍കിയതു രാജ്യാന്തരതലത്തില്‍ വാര്‍ത്തയായപ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇപ്പോഴും സ്ഥിതി അത്ര മെച്ചപ്പെട്ടിട്ടില്ല. തിരുനര്‍കള്‍ എന്നു വിളിയ്ക്കുന്ന അവരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള വൈമനസ്യം ഇപ്പോഴുമുണ്ടെന്നാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകളില്‍ നിന്നും അറിയുന്നത്. സേലം സ്വദേശിയായ തിരുനങ്കൈ പ്രിതിക യാഷിനി എസ്‌ഐ ജോലി നേടിയതു നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ്. പരീക്ഷകളില്‍ വിജയിച്ചിട്ടും തിരുനങ്കൈ ആയതിന്റെ പേരില്‍ അവരെ ഒഴിവാക്കുകയായിരുന്നു.

തിരുനങ്കൈ ആയ സ്വപ്‌നയാണു ലിംഗവിവേചനത്തിന്റെ അടുത്ത ഇര. ആണായി ജനിച്ചു തന്റെ പെണ്‍ സ്വത്വം തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ ചോദ്യങ്ങളെ നേരിടുകയാണു സ്വപ്‌ന. പത്താം ക്ലാസ്സും പ്ലസ് ടൂവും നല്ല മാര്‍ക്കോടെ പാസ്സായ സ്വപ്‌ന വിദൂരപഠനം വഴി ബിരുദം നേടി. ഇപ്പോള്‍ ബിരുദാനന്തര ബിരുദത്തിനു പഠിയ്ക്കുന്ന അവർ സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകളും എഴുതുന്നുണ്ട്. മൂന്നു പരീക്ഷകളില്‍ വിജയിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാന്‍ നിയമന ഉത്തരവ് നല്‍കാതെ തന്നെ തിരസ്‌കരിക്കുകയാണെന്ന് അവര്‍ പരാതിപ്പെടുന്നു.

'സത്യസന്ധമായി ജീവിയ്ക്കുന്ന ഞങ്ങളെപ്പോലത്തെ തിരുനങ്കൈകള്‍ക്കു സര്‍ക്കാരിന്റെ നടപടികള്‍ അത്ഭുതമായി തോന്നുന്നു. ഞാന്‍ തിരുനങ്കൈ ആണെന്നു തിരിച്ചറിഞ്ഞ നാള്‍ തൊട്ടു ദിവസവും ചോദ്യങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്തു സഹപാഠികളുടെ പരിഹാസങ്ങളും ചോദ്യങ്ങളും കാരണം അപമാനമായിരുന്നു. ദേഷ്യപ്പെടാനും സാധിക്കാതെ എല്ലാം സഹിക്കുകയായിരുന്നു. ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ അപമാനം ശീലമായി മാറി. പ്ലസ് ടൂവിനു നല്ല മാര്‍ക്കു കിട്ടിയിട്ടും കോളേജില്‍ പഠിക്കാന്‍ അവസരം കിട്ടിയില്ല. വിദൂരവിദ്യാഭ്യാസം വഴിയാണ് ഇപ്പോള്‍ പഠിയ്ക്കുന്നത്,' സ്വപ്ന തന്റെ അനുഭവങ്ങൾ വിവരിക്കുന്നു.

സര്‍ക്കാര്‍ ജോലിയ്ക്കു ശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാർ ഓഫീസുകളില്‍ തിരുനങ്കൈകളെ ജോലിയ്‌ക്കെടുക്കാന്‍ അനുമതി ഇല്ലായിരുന്നു. അതിനായി നിയമപോരാട്ടം നടത്തി അനുമതി വാങ്ങിച്ചെടുത്തു സ്വപ്ന. ഇപ്പോള്‍ ഗ്രൂപ് 2 ല്‍ രജിസ്ട്രാര്‍, ഹൈക്കോടതിയില്‍ റീഡര്‍, തഞ്ചാവൂര്‍ ജില്ലയില്‍ വില്ലേജ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ പരീക്ഷകളില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ നിയമനം കൊടുത്തിട്ടില്ല. ഒപ്പം പരീക്ഷയെഴുതിയ പലര്‍ക്കും ജോലി കിട്ടി. തിരുനങ്കൈ എന്ന കാരണം കൊണ്ടുമാത്രം സ്വപ്‌നയ്ക്കു നിയമന ഉത്തരവ് കൊടുത്തിട്ടില്ല.

തമിഴ്‌നാട് സര്‍ക്കാര്‍ തിരുനങ്കൈകളെ പിന്നോക്ക വിഭാഗക്കാരില്‍ ഉള്‍പ്പെടുത്തിയതും തമാശയായി തോന്നുന്നെന്നു സ്വപ്‌ന പറയുന്നു. ഓരോ ജാതിക്കാര്‍ക്കും സംവരണം നല്‍കുന്നതു പോലെയേ തിരുനങ്കൈകള്‍ക്കും സംവരണം നല്‍കാന്‍ പാടുള്ളൂയെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

'തിരുനങ്കൈ എന്ന കാരണം കൊണ്ടു ജാതി മാറ്റണമെന്നതില്‍ എന്തു ന്യായമാണുള്ളത്? എസ് സി/എസ് ടി വിഭാഗത്തിലുള്ള തിരുനങ്കൈകളെ ഇതു ബാധിയ്ക്കുന്നുണ്ട്,' സ്വപ്‌ന പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന്റെ 28 ആം വകുപ്പ് മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തിരുനങ്കൈ/അരവാണി തുടങ്ങിയവരെ പിന്നോക്ക വിഭാഗക്കാരായി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമമാണത്. ഇതിനെപ്പറ്റിയുള്ള കേസ് ഹൈക്കോടതിയില്‍ നടക്കുന്നുണ്ട്. പല കേസുകളും മുന്‍ഗണനയോടെ പരിഗണിയ്ക്കുന്ന കോടതി തിരുനങ്കൈകളുടെ വിഷയത്തിനും മുന്‍ഗണന കൊടുക്കണമെന്നും സ്വപ്‌ന ആവശ്യപ്പെടുന്നു.

മെട്രോയില്‍ കരാര്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉദ്യോഗമാണു തിരുനങ്കൈകള്‍ക്കു നല്‍കിയതെന്നു പ്രചരിപ്പിക്കുന്നവര്‍ അറിയാന്‍. കേരളത്തിലും സ്ഥിതി അത്രയ്ക്കു മാറിയിട്ടൊന്നുമില്ല. നിലവിലെ ചട്ടപ്രകാരം ഭിന്നലിംഗക്കാരെ സര്‍ക്കാര്‍ ജോലിക്കായി പരിഗണിക്കുന്നതിന് തടസ്സമുണ്ടെന്നാണ് പിഎസ്‌സി യുടെ നിലപാട്. ഭിന്നലിംഗക്കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നിലനില്‍ക്കവെയാണ് പിഎസ്‌സിയുടെ ഈ വിവേചനം.

കേരളത്തില്‍ ഇതിനെതിരെ പോരാടുന്ന അനുബോസിനെ പറ്റി നാരദ എഴുതിയിരുന്നത് ഇവിടെ വായിക്കാം