യോഗയോട് സഭയുടെ സമീപനം എന്ത്? ഉദാഹരണമാണ് സൈജു അച്ചന്‍; ഹിമാലയത്തില്‍ അലഞ്ഞ് യോഗ പഠിച്ച ആദ്യ പുരോഹിതന്‍ ആലുവയിലുണ്ട്

മലയാളിയായ ഫാ. സൈജു തുരുത്തിയില്‍ പള്ളിയ്ക്കുള്ളില്‍ യോഗ പരിശീലിപ്പിക്കുകയാണ്. ഫാ.സൈജുതുരുത്തിയിലാണ് സഭയുടെ അനുമതിയോടെ ഹിമാലയത്തില്‍ പോയി യോഗ പഠിച്ച് പരിശീലിപ്പിക്കുന്നത്

യോഗയോട് സഭയുടെ സമീപനം എന്ത്? ഉദാഹരണമാണ് സൈജു അച്ചന്‍; ഹിമാലയത്തില്‍ അലഞ്ഞ് യോഗ പഠിച്ച ആദ്യ പുരോഹിതന്‍ ആലുവയിലുണ്ട്

ഴ വരുമ്പോള്‍ ജനാലയ്ക്കരികിലേയ്ക്ക് കസേര വലിച്ചിട്ട് ആകാശത്തിന്റെ നനഞ്ഞ നൂലിഴകളില്‍ നോക്കിയിരുന്ന ആ കുട്ടിയിലായിരുന്നു തുടക്കം. ഓര്‍ത്തോര്‍ത്ത് ചെല്ലുമ്പോള്‍ സൈജുഅച്ചന് ആ കുട്ടിയെ കാണാനാവുന്നുണ്ട്. എത്ര നേരമെന്നറിയില്ല. മഴയെ നോക്കിയിരിക്കുന്ന കുട്ടികളെല്ലാം ദൈവത്തെ കാണുമോയെന്നറിയില്ല. സൈജു അതു കണ്ടു. പിന്നെയും ഓര്‍ക്കുകയാണ് സൈജു ആലുവയിലെ ഏലിമലയില്‍ മറയൂരില്‍ നിന്നു വന്ന ആദിവാസികള്‍ പുല്ലുമേഞ്ഞ ധ്യാനപ്പുരയിലിരുന്ന്, അതേ... മുതിര്‍ന്നവര്‍ വേദനകള്‍ പങ്കിടുമ്പോഴും നിശബ്ദനായി അതു കേട്ടിരിക്കുമായിരുന്നു സൈജു. മഴയെ ധ്യാനിക്കുമ്പോലെ.

ഏലിമലയിലെ മടക്കുകളും തിരിവുകളും ശാന്തമായ ശ്വാസഗതി പോലെയാണ്. കാറോടിച്ചു കയറുമ്പോള്‍, മലയാറ്റൂര്‍ കഴിഞ്ഞാല്‍ എറണാകുളം ജില്ലയിലെ രണ്ടാമത്തെ മലമുകളിലേയ്ക്കാണ് എത്തുന്നതെന്നറിയുമായിരുന്നില്ല. ധ്യാനത്തില്‍ നിമഗ്നമായ ഒരു പച്ചപുതച്ച യോഗിയായി ഏലിമല ശാന്തമായിരുന്നു. യോഗാ സാധനയുടെ കേരളത്തിലെ മലയായി ഇവിടം മാറുകയാണ്.അശ്ലീലം കണ്ട പയ്യന്‍സ്

ചില കഥകളിലൂടെയാണ് സൈജുഅച്ചന്‍ പറഞ്ഞു തുടങ്ങിയത്. അതിലൊന്ന് ഒരു ആണ്‍കുട്ടിയുടേതാണ്. അശ്ലീല സിനിമകള്‍ കണ്ടിട്ടും മതിയാകാതെ ഭ്രാന്തമായി അതു തന്നെ ചെയ്യുന്ന കൗമാരക്കാരന്‍. എങ്ങോട്ടെന്നു പറയാതെ അവനുമായി മാതാപിതാക്കളാണ് ഇവിടെ എത്തിയത്. യോഗയ്‌ക്കൊന്നും അവന്‍ കൂട്ടാക്കിയില്ല. കാറില്‍ നിന്ന് ഇറങ്ങിയില്ല. അന്നവനോട് സൈജു അച്ചന്‍ സംസാരിച്ചു. പിന്നീടവന്‍ വന്നു. യോഗ ശീലിച്ചു. വര്‍ഷം ഒന്നാകുന്നു. അവനിപ്പോള്‍ മിടുക്കനാണ്. ശ്രദ്ധയോടെ പഠിക്കുന്നവന്‍.അശ്ലീല സിനിമകള്‍ കണ്ടു മദം പൊട്ടിയ അവനെ യോഗയാണ് സമാധാനത്തിലേയ്ക്ക് തളച്ചത്.

വിവാഹ മോചനത്തോട് അടുത്തെത്തിയ ദമ്പതികളുടെ അനുഭവമാണ് മറ്റൊന്ന്. പാരസ്പര്യം നഷ്ടപ്പെട്ട ആ ദമ്പതികള്‍ രാവിലെ കുറച്ചു സമയം ഒന്നിച്ച് യോഗ ചെയ്യാന്‍ തുടങ്ങി. അര മണിക്കൂറില്‍ താഴെ. കുട്ടിയും അവര്‍ക്കൊപ്പം ചേര്‍ന്നു. ജോലിയിലും ജീവിതത്തിലും മികവോടെ അവരിപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഒന്നിച്ചുള്ള ധ്യാനം കൂടാനെത്തും. ഹിമാലയത്തില്‍ യോഗയുടെ ഉള്ളറിഞ്ഞ ഗുരുക്കളില്‍ നിന്ന് വിദ്യ അഭ്യസിച്ച സൈജു അച്ചനോട് ചോദിക്കാതിരിക്കാനായില്ല, ഹിമാലയത്തില്‍ നിന്നു തിരുച്ചിറങ്ങുമ്പോള്‍ എന്താണ് കൂടെയുണ്ടാവുക. അച്ചന്‍ പറഞ്ഞു- ഹിമാലയം.ഹിമാലയത്തിന്റെ ഉന്നതങ്ങളില്‍, ഭൂമിയില്‍ നിന്നകന്ന വൈകുന്നേരങ്ങളില്‍, ആകാശത്തോടടുത്ത്, ഏകനായി കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ ഫാ. സൈജു തുരുത്തിയില്‍ ക്രിസ്തുവിന്റെ മലമുകളിലെ പ്രാര്‍ത്ഥനകളുടെ ആഴം അറിയുകയായിരുന്നു. പൂഞ്ഞാറ്റില്‍ നിന്ന് എംസിബിഎസിലൂടെ സന്യാസത്തിലേയ്ക്കെത്തിയ യുവവൈദികന്‍. സെമിനാരിയില്‍ പ്രാര്‍ത്ഥനയക്കു വേണ്ടിയുള്ള ഒരുവര്‍ഷം യോഗയും പരിശീലിച്ചിരുന്നു. എല്ലാവരേയും പോലെ സെമിനാരി പഠനത്തിലെ പരിശീലന ഒരു ഭാഗമായി മാത്രമാണ് സൈജു അതിനെ കണ്ടത്.

പട്ടം കിട്ടിയ ശേഷം ഒരു ബൈക്ക് അപകടമുണ്ടായി. നാല്‍പ്പത് ദിവസത്തോളം വീല്‍ച്ചെയറില്‍. ഒറ്റയ്ക്കുള്ള ദിനങ്ങള്‍. വീല്‍ച്ചെയറിലിരുന്നുള്ള ബലിയര്‍പ്പണങ്ങള്‍. അക്കാലത്താണ് നിശബ്ദതയിലും ഏകാന്തതയിലും മൗനത്തിലുമായിരിക്കുന്ന പ്രാര്‍ത്ഥനയാണ് താന്‍ തേടുന്നതെന്ന് സൈജു തിരിച്ചറിഞ്ഞത്.

അച്ചന്‍ യോഗ പഠിക്കുന്നു

ബാംഗ്ളൂരിലെ വിവേകാനന്ദ സ്‌കൂള്‍ ഓഫ് യോഗയിലേയക്ക് യോഗ പഠിക്കാന്‍ പോയതങ്ങനെയാണ്. യോഗയില്‍ ലോകത്തിലെ ഏക ക്യാംപസാണത്. ഒരു വര്‍ഷത്തെ ഡിപ്ലോമയ്ക്ക് ശേഷം എംഎസ്സി യോഗയ്ക്ക് ചേര്‍ന്നു. അവിടെ വരുന്നവരിലേറെയും വിദേശങ്ങളില്‍ യോഗാധ്യാപകരായി പോകുന്ന കരിയര്‍ സ്വപ്നങ്ങള്‍ മനസില്‍ കാണുന്നവരായിരുന്നു. അഭ്യാസത്തിന് പ്രാധാന്യം നല്‍കിയുള്ള കഠിന പരിശീലനത്തിന്റെ ക്യാംപസ് ജീവിതം കഴിയുമ്പോഴും താന്‍ തേടുന്നത് ശാരീരികമായ യോഗയല്ല ആധ്യാത്മികമായതാണല്ലോയെന്ന് സൈജു ഓര്‍ത്തുകൊണ്ടിരുന്നു.യഥാര്‍ത്ഥ യോഗ അന്വേഷിച്ചുള്ള യാത്ര എത്തിച്ചത് ഹിമാലയസാനുക്കളില്‍. യോഗയെ ആത്മാവില്‍ ആചരിക്കുന്ന സന്യാസികള്‍. ശരീരം എന്ന മാധ്യമത്തിലൂടെ ആത്മാവിലേയ്ക്ക് ഊറിവീഴുന്ന യോഗാനുഭവമുള്ള യോഗാഗുരുക്കള്‍. ഹിമാലയത്തിലെ ഉള്‍വനങ്ങളിലും കൊടും ശൈത്യത്തിലും ഗംഗയുടെ തീരത്തെ പുല്‍ക്കുടിലുകളിലെ ഗുരുക്കന്മാരും പ്രവേശന'പരീക്ഷണ'ങ്ങളും ചേര്‍ന്ന ആദ്യനാളുകള്‍. മുന്നില്‍ വിദ്യതേടി വരുന്നയാള്‍, അതിനര്‍ഹനാണോയെന്ന് പരീക്ഷിച്ച ശേഷം മാത്രമേ ഗുരുക്കള്‍ സ്വീകരിക്കൂ. സൈജു സ്വീകരിക്കപ്പെട്ടു. ആ കുടിലുകളില്‍ അവര്‍ക്കൊപ്പം കഠിനമായ യോഗാധ്യാനം. സ്വാമി ദിഗ് വിജയാനന്ദ, സ്വമി ആസ്തേയ, സ്വാമി പ്രേമാനന്ദ, സ്വാമി രാമ ആശ്രമ പരിശീലനം തുടങ്ങി രണ്ടു വര്‍ഷത്തോളം നീണ്ട ഹിമാലയ വാസം. സൈജു പരിചയപ്പെട്ട ഗുരുക്കളെല്ലാം ക്രിസ്തുവിനെ അറിഞ്ഞവരാണ്. ക്രിസ്തുവിന്റെ ആധ്യാത്മിക ജീവിതാനുഭവവും കുരിശുമെല്ലാം തിരിച്ചറിഞ്ഞവര്‍. ക്രിസതുവിനേയും ഗുരു സ്ഥാനത്ത് കാണുന്നവര്‍. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ഗുരുക്കന്മാര്‍ അനുവദിച്ചിരുന്നു. രാവിലെയാണ് യോഗാധ്യാനം. ദിവസവും വൈകുന്നേരങ്ങളില്‍ മലമുകളില്‍ കുര്‍ബ്ബാനയര്‍പ്പിച്ചു. പകല്‍ മുഴുവന്‍ യോഗയനുഷ്ഠിച്ച ശേഷം വൈകുന്നേരത്തെ കുര്‍ബ്ബാനയുടെ അനുഭവം ഏറെ തെളിമയാര്‍ന്നതായിരുന്നു. ഹിമാലയത്തില്‍ രണ്ടു വര്‍ഷം കടന്നു പോയി. നാട്ടിലേയ്ക്ക് തിരിച്ചു വരണമെന്നും ഈ യോഗയുടെ 'ക്രിസ്തു: അനുഭവം' പ്രചരിപ്പിക്കണമെന്നും തീരുമാനിച്ച് സൈജു ഹിമാലയമിറങ്ങി. അപ്പോഴേയ്ക്കും യോഗാപഠനത്തിന്റെ അഞ്ചാണ്ടുകള്‍ കഴിഞ്ഞിരുന്നു.

ബൈബിളും യോഗയും

ഹിമാലയത്തില്‍ നിന്നും മടങ്ങിയെത്തി യോഗാഗുരുവായി സൈജു പരിശീലനം തുടങ്ങിയിട്ട് ഇപ്പോള്‍ ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു. നാലായിരത്തോളം പേരെ ഇതിനകം പരിശീലപ്പിച്ചു കഴിഞ്ഞു. സൈജുവിന്റെ കേരളത്തിലെ ആദ്യ ദിനങ്ങള്‍ കഠിനമായിരുന്നു. വ്രതവും പ്രാര്‍ത്ഥനയുമെല്ലാം നമുക്കുണ്ടല്ലോ, ബൈബിളില്‍ യോഗയെപ്പറ്റി പറഞ്ഞിട്ടുണ്ടോ? പിന്നെയെന്തിന് യോഗ- എന്ന ചോദ്യത്തെയാണ് സൈജു ആദ്യം നേരിട്ടത്. ഹിമാലയത്തില്‍ പോയി വന്ന്, ഭ്രാന്ത് പുലമ്പുന്നോ എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍. സൈജു മറുപടികളൊന്നും പറഞ്ഞില്ല. ആയിരക്കണക്കിന് നൂറ്റാണ്ടുകളിലൂടെ തെളിഞ്ഞൂറിയ ഒരു വിദ്യയെ നിരസിക്കാന്‍ ആര്‍ക്കുമാവില്ലെന്നും കാലം തെളിയിക്കുമെന്നും സൈജു കാത്തിരുന്നു. സ്വന്തം സന്യാസ സമൂഹമായ എംസിബിഎസ് സൈജുവിനൊപ്പം നില്‍ക്കുകയും ആദ്യഘട്ടത്തില്‍ തന്നെ സൈജുവില്‍ നിന്ന് യോഗാപരിശീലനം നേടുകയും ചെയ്തു.ഒരു ശാരീരിക അഭ്യാസം മാത്രമായി യോഗയെ ചുരുക്കുകയാണ് പലരും. ലൈഫ് സ്‌റ്റൈലിന്റെ ഭാഗമായ ഒന്ന്. മോര്‍ണിങ് വാക്ക് പോലെ ശരീരത്തിലെ ദുര്‍മേദസ് കുറയ്ക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം- എന്നൊക്കെ കരുതുന്നവരുമുണ്ട്. എന്നാല്‍, യഥാര്‍ത്ഥയോഗയുടെ അനുഭവം എല്ലാവരേയും കൂടുതല്‍ നല്ല മനുഷ്യരാക്കും. യോഗ ഒരു മതത്തിന്റേയുമല്ല. അത് ഏതൊരു ഭാഷയും പോലെയാണ്. ആ ഭാഷ നാം പഠിക്കുന്നതിലൂടെ... സത്യം തിരിച്ചറിയാന്‍ എളുപ്പമാകും. ഇംഗ്ലീഷ്, ക്രിസ്ത്യാനിയുടേതാണ് എന്ന് അവകാശപ്പെടുന്ന വിഢിത്തമാണ് യോഗ ഹിന്ദുവിന്റേതാണെന്ന് പറയുന്നത്. യോഗ ഒരു ഭാഷയാണ് മനസുള്ളവര്‍ക്ക്, മനസിലാകുന്ന ഒന്ന്- ഫാ.സൈജുവിന്റെ അനുഭവം അതാണ്.

3000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് പതഞ്ജലി യോഗയെ രേഖപ്പെടുത്തിയത്. അതിനും മുന്‍പ് എത്രയോ ആയിരം വര്‍ഷങ്ങളുടെ ചരിത്രമാണ് യോഗയ്ക്കുള്ളത്. മതമോ, രാഷ്ട്രീയമോ പോലുള്ള അതിര്‍ത്തികളില്ലാത്ത കാലത്താണ് യോഗയുടെ ആരംഭം- സൈജു അച്ചന്‍ പറയുന്നു.

അച്ചന്റെ ഒരു ദിവസം

ദിവസവും രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് 4.45- 5.45 വരെ ഒരു മണിക്കൂര്‍ യോഗാധ്യാനം ചെയ്ത ശേഷം കൂര്‍ബ്ബാനയര്‍പ്പിച്ചാണ് സൈജുവിന്റെ എല്ലാ ദിനങ്ങളും ആരംഭിക്കുന്നത്. രാത്രി കിടക്കുന്നതിനു മുന്‍പ് പ്രാണായാമം പരിശീലിച്ച് മയക്കത്തിലേയ്ക്ക്. പണ്ടുണ്ടായ ബൈക്കപകടത്തിന്റെ ബലഹീനതകള്‍ മാറിയ വ്യക്തിപരമായ അനുഭവമടക്കം യോഗ സൈജുവിന് ശാരീരികമായും ആധ്യാത്മകിമായും അനുഭവേദ്യമായി കഴിഞ്ഞു.

ഹിമാലയ അനുഭവം

അച്ചനായി പൗരോഹിത്യ ശ്രുശ്രൂഷ തുടങ്ങിയപ്പോള്‍ ഹിമാലയത്തില്‍ പോയി മുനിമാരെ കണ്ട് യോഗയെ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചത്. സഭയാണ് ഒരു ലക്ഷത്തോളം രൂപ ചെലവാക്കിയത്. ഹിമാലയത്തിലെ ഗുരുക്കള്‍ ബൈബിള്‍ പടിക്കുന്നവരാണ്. അവര്‍ മതങ്ങളില്‍ വിശ്വസിക്കുന്നില്ല. ഡിവൈന്‍ എന്ന വാക്കാണ് ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഹിമാലയ വാസികള്‍ വെട്ടിപ്പിടിക്കണമെന്നോ സമ്പത്ത് കുന്നുകൂട്ടണമെന്നോ ആഗ്രഹിക്കാത്ത നിര്‍മലരാണ്. ഹിമാലയെ ഒരു മതത്തിന്റേതുമാല്ല. അത് ഇന്ത്യയുടെ സംസ്‌ക്കാരമാണ്.മഞ്ഞു വീഴ്ചയും ശൈത്യവും വരുമ്പോഴാണ് ആരാണ് ഗുരു എന്നതിന് ശരിയായ അര്‍ത്ഥം കിട്ടുന്നത്. ഗുഹകള്‍ക്കുള്ളില്‍ ചെറിയ തീകൂട്ടി ഞങ്ങള്‍ ശിഷ്യരെ അതിനു ചുറ്റും ഇരുത്തും. അക്കാലത്ത് എല്ലാ പുറം പണികളും അവരാണ് ചെയ്യുന്നത്. വെള്ളം കോരലും വിറകു വെട്ടുമെല്ലാം അവര്‍ ചെയ്യും. ഹിമാലയത്തില്‍ വസിച്ച് ശൈത്യത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്കാകും ഞങ്ങള്‍ ശിഷ്യര്‍ പുറത്തിറങ്ങിയാല്‍ വിറങ്ങലിച്ച് മരിച്ചു പോകും- സൈജു അച്ചന്‍ പറയുന്നു.

(പുനഃപ്രസിദ്ധീകരണം)


Read More >>