എന്നും ഹിന്ദിയോട് പോരാടി; സംഭാഷണമെഴുതി എംജിആറിനെ 'സൃഷ്ടിച്ചു': കരുണാനിധിയെന്ന യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍

പതിനാലാമത്തെ വയസില്‍ ഹിന്ദിയോട് എതിര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ കരുണാനിധി എഴുതിയ സംഭാഷണങ്ങള്‍ സിനിമയില്‍ പറഞ്ഞ് എംജിആര്‍ നാടിന്റെ മുഖ്യമന്ത്രിയായി- തമിഴ് രാഷ്ട്രീയം ശ്വസിച്ചു ജീവിച്ച കരുണാനിധി

എന്നും ഹിന്ദിയോട് പോരാടി; സംഭാഷണമെഴുതി എംജിആറിനെ സൃഷ്ടിച്ചു: കരുണാനിധിയെന്ന യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍

സിഎന്‍ അണ്ണാദുരൈയുടെയും എംജിആറിന്റെയും ഒപ്പം ദ്രാവിഡ രാഷ്ട്രീയത്തിന്റെ മഹാമേരുവായിരുന്നു അന്തരിച്ച ഡിഎംകെ നേതാവും അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി. 11 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തമിഴ്‌നാട്ടുകാര്‍ സ്‌നേഹത്തോടെ കലൈഞ്ജര്‍ എന്ന് വിളിച്ചിരുന്ന കരുണാനിധി.

1924ല്‍ നാഗപട്ടണം ജില്ലയില്‍ തിരുവാരൂരിനടുത്തുള്ള തിരുക്കുവളയില്‍ (അന്നത്തെ തഞ്ചാവൂര്‍ ജില്ലയില്‍ )ആണ് ജനനം. പാരമ്പര്യമായി സംഗീത കുടുംബം. പിതാവ് മുത്തുവേലര്‍ ഒരു നാഗസ്വരം വിദ്വാനായിരുന്നു.

1938ല്‍ നിര്‍ബന്ധിതമായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടത്തിയ സമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പതിനാലു വയസു മാത്രമേ കരുണാനിധിക്ക് അന്നുണ്ടായിരുന്നുള്ളു. രാഷ്ട്രീയ പ്രവേശനകാലത്തു കിഴക്കന്‍ തഞ്ചാവൂരില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായിരുന്നെങ്കിലും തമിഴ് ഭാഷയോടും സാമൂഹിക നീതിയോടുമുള്ള ആഭിമുഖ്യം കരുണാനിധിയെ പെരിയാര്‍ ഇവി രാമസാമയുടെയും സിഎന്‍ അണ്ണാദുരൈയുടെയും ആശയങ്ങളോട് അടുപ്പിച്ചു.

1944ല്‍ രാമസാമി ജസ്റ്റിസ് പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന് ദ്രാവിഡ കഴകം രൂപികരിച്ചു. 1948ല്‍ പാര്‍ട്ടി പിളര്‍ന്നു സിഎന്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപികരിച്ചു. 1953ല്‍ എംജി രാമചന്ദ്രന്‍ എന്ന എംജിആര്‍ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ ചേര്‍ന്നു. അങ്ങനെ എംജിആര്‍ യുഗത്തിന് തുടക്കമായി. 18 വര്‍ഷത്തിന് ശേഷം മദ്രാസ് സംസ്ഥാനത്തില്‍ അധികാരത്തില്‍ വന്നു. അങ്ങനെ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചു.1969ല്‍ സ്ഥാപകനായ സിഎന്‍ അണ്ണാദുരൈയുടെ മരണത്തോടെ പാര്‍ട്ടിയില്‍ എം കരുണാനിധിയും വിആര്‍ നെടുഞ്ചെഴിയാനും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടായി. എംജിആര്‍ പിന്തുണച്ചത് കരുണാനിധിയെ ആയിരുന്നു. അങ്ങനെ 1969ല്‍ കരുണാനിധി ആദ്യമായി മുഖ്യമന്തിയായി. സിഎന്‍ അണ്ണാദുരൈയുടെ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ തന്നെ പ്രഗത്ഭനായ ഭരണാധികാരിയാണ് താനെന്നു തെളിയിച്ചിരുന്നു. കരുണാനിധി ഗതാഗത വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ബസ് സര്‍വീസ് ദേശസാത്കരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി.

'കമ്മ്യൂണിസ്റ്റുകള്‍ ചോരയിലൂടെ നേടിയതാണ് ഒരു തുള്ളി മഷിയിലൂടെ ,ഒരു ഒപ്പിലൂടെ കരുണാനിധി നേടിയത് ' പില്‍ക്കാല കമ്മ്യൂണിസ്റ്റായ മണാലി കന്ദസാമി ഭൂപരിഷ്‌കരണത്തെ വാഴ്ത്തിയത് ഇപ്രകാരമാണ്.പ്രഗത്ഭനായ എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനും വാഗ്മിയും പത്രപ്രവര്‍ത്തകനും കൂടിയാണ് കലൈഞ്ജര്‍ എന്ന കരുണാനിധി. അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടി മുഖപത്രമായ മുറസൂലിയുടെ എഴുപത്തഞ്ചു വര്‍ഷം തികഞ്ഞു ഒരു വര്‍ഷമാകുമ്പോളാണ് കലൈഞ്ജറുടെ മരണം എന്നത് യാദൃശ്ചികമായിരിക്കും. അടിയന്തരാവസ്ഥ കാലത്തു പത്രപ്രവര്‍ത്തനത്തിനുള്ള നിയന്ത്രണങ്ങളെ ധൈര്യപൂര്‍വം നേരിട്ട ആളായിരുന്നു കരുണാനിധി.77 സിനിമകള്‍ക്കായി തിരക്കഥാകൃത്തും സംഭാഷണ രചയിതാവായും തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട് കരുണാനിധി. മൂന്നു നടന്‍മാരെ തമിഴ് സിനിമയുടെ നായകപദവിയിലേയ്ക്ക് എത്തിച്ച തൂലികയാണ് കരുണാനിധിയുടേത്. എംജിആറിനെ തമിഴ് സിനിമയുടെ നെടുനായകത്വത്തിലേയ്ക്ക് ഉയത്തിയ പരാശക്തിയുടെ സംഭാഷണങ്ങള്‍ കരുണാനിധിയുടേതായിരുന്നു. പിന്നീട് ശിവാജി ഗണേശനും എസ്എസ് രാജേന്ദ്രനും പ്രശസ്തിയിലേക്ക് ഉയരുന്നതും കരുണാനിധിയുടെ തിരക്കഥയിലൂടെയാണ്.

മുഖ്യമന്ത്രി എന്നനിലയിലും രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും തമിവ് ആധിപത്യത്തിനാണ് കരുണാനിധി എന്നും ശ്രമിച്ചത്. ചെന്നൈയിലെ വള്ളുവര്‍ കോട്ട നിര്‍മ്മിക്കുന്നതിലും ചിലപ്പതികാരം പ്രദര്‍ശനം നടത്തുന്നതിലും മുഖ്യപങ്ക് വഹിച്ചതും കരുണാനിധിയായിരുന്നു. തോല്‍ക്കാപ്പിയതിന്റെ വ്യാഖ്യാനം രചിച്ച എഴുത്തുകാരനെയും പൂംപുഹാര്‍,സിലപ്പതികാരം തുടങ്ങിയ തമിഴ് ഇതിഹാസ സിനിമകളുടെ സംഭാഷണ രചയിതാവായ സിനിമ ഇതിഹാസത്തെയും ഒപ്പം ദ്രാവിഡ രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന രാഷ്ട്രീയ നേതാവിനെയുമാണ് കരുണാനിധിയുടെ മരണത്തിലൂടെ തമിഴ് ജനതയ്ക്ക് നഷ്ടമായിരിക്കുന്നത്.
Read More >>