ശരീരത്താല്‍ പെണ്ണായത് കൊണ്ടാണ് പെങ്കുട്ടികളുടെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്; ആണ്‍കുട്ടികളുടെ കൂടെയാണ് ഇരിക്കുന്നത്' പ്രവീണിനെ പെണ്ണാക്കല്ലേ സാറേ

നെന്മാറ എന്‍എസ്എസ് കോളേജിലെ പ്രവീണ്‍ ക്യാംപസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്‌ഫോബിയ മാറിവരുന്നതിന്റെ ഗംഭീര ഉദാഹരണമാണ്. പ്രവീണയ്ക്ക് ക്യാംപസില്‍ പ്രവീണായി ജീവിക്കാനാവുന്നു. വീടും അധികാരികളും അപ്പോഴും ആ ട്രാന്‍സ് ഐഡന്റിയെ നിരന്തരം വേട്ടയാടുന്നു. പ്രവീണ്‍ സ്വന്തം ജീവിതം നാടകമായി തെരുവില്‍ അവതരിപ്പിക്കുകയാണ്; പേര് ട്രാന്‍സ്മാന്‍ എന്നു തന്നെ

ശരീരത്താല്‍ പെണ്ണായത് കൊണ്ടാണ് പെങ്കുട്ടികളുടെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്; ആണ്‍കുട്ടികളുടെ കൂടെയാണ് ഇരിക്കുന്നത് പ്രവീണിനെ പെണ്ണാക്കല്ലേ സാറേ

''അതേ ഞാനൊരു ട്രാന്‍സ്‌മെന്‍ ആണ്. അങ്ങനെ തന്നെ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതും'' പ്രവീണ്‍ ഇത് പറയുമ്പോള്‍ ശബ്ദത്തില്‍ അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. തന്നെ തള്ളിപ്പറയുന്ന വീട്ടുകാരുടേയും അധ്യപകരുടേയും ഇടയില്‍ തല ഉയര്‍ത്തിതന്നെ ജീവിക്കും എന്ന ഉറപ്പ്. അമ്മയും മൂന്ന് ഏട്ടന്മാരുമടങ്ങുന്നതാണ് പ്രവീണിന്റെ കുടുംബം. ചെറുതായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. ഏട്ടന്മാരും അമ്മയുമായി പേരിന് മാത്രമേ സംസാരിക്കാരുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് തനിക്ക് വേണ്ടി താന്‍ തന്നെ ജീവിക്കണം എന്ന് പ്രവീണിന് നേരത്തേ അറിയാമായിരുന്നു. ഒരേ വീട്ടില്‍ തന്നെയായിരുന്നുവെങ്കിലും നാലുപേരും നാലായി തന്നെ ജീവിച്ചു. പ്രവീണയായി ജീവിച്ച് പ്രവീണായി, ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവായി മാറിയ വ്യക്തി.

''ചെറുപ്പം മുതലേ ആക്റ്റീവായിരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. എന്നാല്‍ വലുതായി തുടങ്ങിയപ്പോള്‍ എനിക്ക് പെണ്‍കുട്ടികളോടായിരുന്നു ആകര്‍ഷണം തോന്നിയത്. ആദ്യം ഞാന്‍ കരുതി എനിക്ക് എന്തെങ്കിലും അസുഖം ആകുമെന്ന്. പത്താം ക്ലാസില്‍ എത്തിയപ്പോഴാണ് എനിക്ക് എന്റെ ഐഡന്റിറ്റി മനസ്സിലായി തുടങ്ങിയത്. വീട്ടുകാര്‍ക്കും എന്റെ മാറ്റം മനസ്സിലാകുന്നുണ്ടായിരുന്നു. മെന്റലോ, ബാധയോ ആയിരിക്കുമെന്നാണ് അവര്‍ ആദ്യം കരുതിയത്. മരിച്ച് പോയ അച്ഛന്‍ എന്റെ ശരീരത്തില്‍ കയറിയതാണെന്ന് പറഞ്ഞ് അമ്പലങ്ങളിലൊക്കെ കൊണ്ട് പോകുമായിരുന്നു.ബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് അവര്‍ ചെയ്തതെല്ലാം എനിക്ക് അത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. കള്ള് വരെ കുടിപ്പിച്ചിരുന്നു''-പ്രവീണ്‍ പറഞ്ഞു.

''പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രവീണിന് ആദ്യ പ്രണയം ഉണ്ടാകുന്നത്. എന്നാല്‍ അവളുമായുള്ള പ്രണയം ജീവിതത്തില്‍ കൂടെ കൂട്ടാന്‍ കഴിയുന്നതല്ല എന്നറിഞ്ഞപ്പോള്‍ മാനസ്സികമായി തളര്‍ന്ന പ്രവീണ്‍ സ്‌കൂളില്‍ വില്ലനായി മാറി' ഞാന്‍ അപ്പോള്‍ മരിക്കാനൊക്കെ ശ്രമിച്ചിരുന്നു. കത്തിയൊക്കെ കൊണ്ടായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. ശരിക്കും ഒരു വില്ലന്‍. എനിക്ക് കിട്ടാത്തത് ആര്‍ക്കും കിട്ടണ്ട എന്ന ചിന്തയായിരുന്നു മനസ്സില്‍. അതോടെ അധ്യാപകരൊക്കെ ഇതറിഞ്ഞു. അവര്‍ എന്നോട് സംസാരിച്ചു. പക്ഷേ ഞാന്‍ എന്താണെന്ന് എനിക്കോ അവര്‍ക്കോ അറിയില്ലായിരുന്നു. എന്റെ ഫീലിങ്‌സ് മാത്രമാണ് അവര്‍ ചോദിച്ചതു ഞാന്‍ പറഞ്ഞതും. ട്രാന്‍സ്‌മെന്‍, ലെസ്ബിയന്‍ തുടങ്ങിയ വാക്കുകളൊന്നും ഞാന്‍ കേട്ടിരുന്നേ ഇല്ല''

''പിന്നീട് ബാംഗ്ലൂര്‍ നിംഹാന്‍സിലേക്ക് പ്രവീണിനെ കൊണ്ടു പോയി. എന്നാല്‍ അവിടെ നിന്നും സംസാരിച്ചത് ആ ഫീലിങ്‌സിനെ കുറിച്ചായിരുന്നു. മൂന്നുമാസം ബാംഗ്ലൂരില്‍ കഴിഞ്ഞു. പ്രണവിന്റെ അമ്മയായിരുന്നു കൂടെ ഉണ്ടായിരുന്നത്. ''പരീക്ഷയായപ്പോള്‍ എനിക്ക് പഠിക്കണം എന്ന് പറഞ്ഞ് ഞാന്‍ തന്നെയാണ് ഇവിടേക്ക് വരാന്‍ നിര്‍ബന്ധിച്ചത് അതിന് ശേഷം വീണ്ടും വന്നാണ് പത്താം ക്ലാസ് എഴുതി എടുത്തത്. ഞാനൊരു ലെസ്ബിയനാണെന്നായിരുന്നു എല്ലാവരും കരുതിയത്. ഈ സമയത്തും എന്റെ വസ്ത്രധരണം ആണ്‍കുട്ടികളെ പൊലെ ആയിരുന്നു. ജീനും ഷര്‍ട്ടുമൊക്കെയായിരുന്നു ധരിച്ചിരുന്നത്. യൂണിഫോമായ ചുരിദാര്‍ ധരിക്കാതിരിക്കാനായില്ല. അതും ഇഷ്ടപ്പെടാതെയായിരുന്നു ധരിച്ചിരുന്നത്''

പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിന് ഗവണ്മെന്റ് സ്‌കൂളില്‍ തന്നെ അഡ്മിഷന്‍ വാങ്ങി. ആപ്പോഴാണ് പ്രവീണിന് മറ്റൊരു പ്രണയം ഉണ്ടാകുന്നത്. ''ആ പ്രണയവും ടീച്ചെഴ്‌സൊക്കെ അറിഞ്ഞു. അതിലൊരു ടീച്ചര്‍ കൃത്യമായി എനിക്ക് വേണ്ടത് എന്താണന്ന് മനസ്സിലാക്കുകയായിരുന്നു. നെമാറ തന്നെയുള്ള കല്പന രാമചന്ദ്രന്‍ എന്ന ചേച്ചിയുടെ അടുത്തേക്കായിരുന്നു ടീച്ചര്‍ എന്നെ കൊണ്ട് പോയത്. ചേച്ചി ഒരു കൗണ്‍സിലര്‍ ആയിരുന്നു. എന്നും രാവിലേയും വൈകുന്നേരവും ചേച്ചി വിളിക്കുമായിരുന്നു. എന്നെ പൂര്‍ണമായും മാറ്റിയ കാലഘട്ടമായിരുന്നു അത്. പതിയെ പതിയെ ഞാന്‍ മുഴുവനും പഠനത്തിലേക്ക് മാത്രം ശ്രദ്ധിച്ച് തുടങ്ങുകയായിരുന്നു. അവര്‍ നടത്തുന്ന ക്യാമ്പുകളിലേക്കൊക്കെ എന്നെ കൊണ്ടുപോകുമായിരുന്നു. ആ രണ്ട് വര്‍ഷം മാത്രമേ അവര്‍ എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. പ്ലസ് ടു കഴിഞ്ഞതോട് കൂടെ അവരുടെ ഫോണ്‍ കോളുകളൊക്കെ കുറഞ്ഞു. അതോട് കൂടെ ഞാന്‍ അതില്‍ നിന്ന് ഡൈവേര്‍ട്ട് ആയി പോയി. പിന്നെ എന്താണ് ചെയ്യുന്നതെന്നോ പറയുന്നതെന്നോ എനിക്ക് തന്നെ അറിയില്ലായിരുന്നു''
''ഡിഗ്രിക്കും ഗവണ്മെന്റ് കോളേജില്‍ തന്നെ അഡ്മിഷന്‍ കിട്ടി. ആ സമയത്താണ് മുടി മുറിച്ചത്. വീട്ടില്‍ പ്രശ്‌നമാകുമെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ആ ഇടക്കാണ് ഫേസ് ബുക്ക് വഴി ഒരു കൂട്ടുകാരിയെ കിട്ടുന്നത്. ഒരു ദിവസം അവള്‍ വീട്ടിലെക്ക് വന്നു. എന്നാല്‍ ഏട്ടന്‍ അവളെ വിട്ടില്‍ കയറ്റാന്‍ സമ്മതിച്ചില്ല. 'നിന്നെപോലെ ഉള്ള ആരെങ്കിലുമാണെങ്കില്‍ വീട്ടില്‍ കയറ്റില്ല' എന്നായിരുന്നു ഏട്ടന്‍ പറഞ്ഞത്. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ചാറ്റും ഫോണ്‍ കോള്‍സും കണ്ടപ്പോള്‍ ഏട്ടന്‍ ഫോണ്‍ എടുത്ത് കൊണ്ട് പോയി. വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാ എന്നായപ്പോള്‍ ഞാനും അവളും തൃശ്ശൂരുള്ള സഹയാത്രികയില്‍ പോയി. പ്രശ്‌നങ്ങളൊക്കെ പറഞ്ഞു. അവളെ അവളുടെ വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചു. തിരിച്ച് വീട്ടില്‍ പോയിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇടപെടണം എന്ന കത്ത് എഴുതി കൊടുത്ത് ഞാനും വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. ഫോണ്‍ തിരിച്ച് ചോദിച്ചപ്പോള്‍ തരില്ല എന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ ഡാന്‍സ് പഠിപ്പിക്കുകയും ട്യൂഷന്‍ ക്ലാസ് എടുക്കുകയും അക്ഷയയില്‍ ജോലിക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവിടേക്ക് പോകാനുള്ള സാഹചര്യമൊക്കെ വീട്ടുകാരായിട്ട് ഇല്ലാതാക്കി. 'പ്രവീണ വന്നാല്‍ ഇവിടെ കയറ്റരുത്' എന്ന് വരെ ഏട്ടന്‍ അക്ഷയയില്‍ പോയി പറഞ്ഞു.''

''പിന്നെ കോളേജില്‍ പോകാന്‍ തന്നെ വലിയ ബുദ്ധിമുട്ടായി തുടങ്ങി. ഒരു ദിവസം അക്ഷയയില്‍ വീണ്ടും ജോലിക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ ഏട്ടന്‍ വന്ന് വന്ന് ഉന്തിയിടുകയും എന്താണ് എന്റെ തീരുമാനമെന്ന് ചോദിച്ച് ദേഷ്യപ്പെടുകയും ചെയ്തു. എനിക്ക് എന്റെ കാര്യങ്ങള്‍ ചെയ്യണം എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണെങ്കില്‍ ഇവിടെ നില്‍ക്കെണ്ട, വീട് വിട്ട് പോയ്‌കൊള്ളൂ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പറഞ്ഞ് വിട്ടു. നേരെ സഹയാത്രികയിലേക്കാണ് പോയത്. അന്ന് രാത്രി ഞാന്‍ ഇവിടെ ഉണ്ട് എന്ന് വിളിച്ച് പറയുകയും ചെയ്തു. അന്ന് എന്റെ കയ്യില്‍ ആഭരണങ്ങളൊക്കെ ഉണ്ടായിരുന്നു. പിറ്റേ ദിവസം കമ്യൂണിറ്റി മീറ്റിങ്ങ് നടക്കുന്ന സമയത്ത് അമ്മയും കുടുംബക്കാരുമൊക്കെ വന്നു. അമ്മ അവിടുന്ന് സംസാരിക്കുകയും എന്റെ ആഭരണങ്ങളൊക്കെ വാങ്ങി പോവുകയു ചെയ്തു. വീട്ടുകാര്‍ കാണാതായെന്ന കേസ് ഫയല്‍ ചെയ്യാന്‍ വേണ്ടി വരെ ശ്രമിച്ചു. എന്നാല്‍ എനിക്ക് 21 വയസ്സായി എന്ന കാരണം കൊണ്ട് മാത്രം അതിന് പറ്റിയില്ല.'' ''എനിക്ക് ഡിഗ്രി മുഴുവനാക്കണം എന്നുണ്ടായിരുന്നു. അമ്മ പോകുമ്പോള്‍ ആവശ്യപ്പെട്ടതും അതായിരുന്നു. കുറച്ച് ദിവസം സഹയാത്രികയില്‍ തന്നെ നിന്നെങ്കിലും അവിടുന്ന് നെന്മാറയുള്ള കോളേജില്‍ പോയി വരിക സാധ്യമായിരുന്നില്ല. അതെനിക്ക് വലിയ പ്രശ്‌നമായിരുന്നു. അപ്പോഴാണ് ഞങ്ങളുടെ നെന്മാറയിലുള്ള ഡോക്ടര്‍ ജയന്‍ എന്നെ ഏറ്റെടുക്കാം എന്ന് പറഞ്ഞത്. നെന്മാറയിലെ ആലത്തൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാന്‍ താമസം മാറ്റി. അവിടെ അഡോപ്റ്റ് ചെയ്ത രണ്ട് ആണ്‍കുട്ടികള്‍ കൂടെ ഉണ്ട്. അവര്‍ക്ക് ആര്‍ക്കും അറിയില്ല ഞാനൊരു ട്രാന്‍സ് മെന്‍ ആണെന്ന്.

കോളേജില്‍ എത്തുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു എങ്ങനെ അവിടെ നില്‍ക്കുമെന്ന് പക്ഷെ കൂട്ടുകാരെല്ലാവരും എന്നെ അംഗീകരിച്ചു.'' ''ചുരിദാര്‍ ധരിക്കാന്‍ എനിക്കിനി വയ്യ എന്ന് ഞാന്‍ പ്രിന്‍സിപ്പാളിന്റെ അടുത്ത് ചെന്ന് പറഞ്ഞു. ഇപ്പോള്‍ പാന്റും ഷര്‍ട്ടുമാണ് എന്റെ വേഷം. ശരീരത്താല്‍ പെണ്ണായത് കൊണ്ട് പെങ്കുട്ടികളുടെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്; ആണ്‍കുട്ടികളുടെ കൂടെയാണ് ഇരിക്കുന്നത്. വേറെ പ്രശ്‌നങ്ങളൊന്നും കോളേജില്‍ ഇല്ല.'' ''നിയമപരമായ കാര്യങ്ങള്‍ക്ക് പ്രിസിപ്പാളിന്റെ അടുത്ത് ചെന്നാല്‍ നല്ലത് പോലെ ഷൗട്ട് ചെയ്യും. ഒറ്റക്ക് പോയാല്‍ മാത്രമെ ഈ പ്രശ്‌നമുള്ളൂ. പാര്‍ട്ടിക്കാരെ ആരെയെങ്കിലും കൂട്ടി ചെല്ലുമ്പോള്‍ സൗമ്യമായിട്ട് സംസാരിക്കുകയും ചെയ്യും. അമ്മ കോളേജില്‍ വന്ന് സംസാരിച്ചിരുന്നു. ആദ്യം എന്റെ ഗാര്‍ഡിയനായി ജയന്‍ സാറിനെ ആക്കാമെന്ന് പറഞ്ഞ അമ്മ കോളേജില്‍ വന്ന് സംസാരിച്ചപ്പോഴേക്കും ആ അഭിപ്രായം മാറി. ഓരോന്ന് പറഞ്ഞ് അമ്മയെ ബ്രെയിന്‍ വാഷ് ചെയ്യുകയായിരുന്നു അവര്‍. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന്റെ ആവശ്യത്തിനായി പ്രിന്‍സിപ്പളിന്റെ അടുത്ത് ചെന്നപ്പോള്‍ എന്നോട് ദേഷ്യപ്പെടുകയായിരുന്നു ചെയ്തത്.

'പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ എന്ത് തോന്നിവാസവും ചെയ്യാന്‍ പറ്റുമോ' എന്നാണ് അന്ന് എന്നോട് ചോദിച്ചത്. പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്തെ അറ്റന്റന്‍സ് ഷോട്ടേജ് വന്ന സമയത്ത് ഡോക്ടര്‍ ജയന്‍ സാറായിരുന്നു എനിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തന്നത്. ജെന്‍ഡര്‍ ക്രൈസിസ് എന്നായിരുന്നു കാരണം എഴുതിയത്. ആ പേര് കണ്ടപ്പോഴേ പ്രിന്‍സിപ്പാള്‍ ദേഷ്യപ്പെട്ടു. അയാള്‍ ഡോക്ടര്‍ ആണ് എന്നതിന് എന്താണ് ഉറപ്പ്? ഇതൊന്നും ഇവിടെ സ്വീകരിക്കാന്‍ പറ്റില്ല. യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കാന്‍ പറ്റില്ല. ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് വന്നതിന് പൊലീസില്‍ ഏല്‍പ്പിച്ചാല്‍ ഇപ്പോള്‍ തന്നെ നിന്നെ അറസ്റ്റ് ചെയ്യും ' എന്നൊക്കെയായിരുന്നു പ്രിന്‍സിപ്പാളിന്റെ ഭീഷണി. പക്ഷേ എസ്എഫ്‌ഐയിലെ ചേട്ടന്മാരെ കൂട്ടി ചെന്നപ്പോള്‍ കാര്യം നടക്കുകയും ചെയ്തു.'' ''സ്‌കോളര്‍ഷിപ്പ് സഹയാത്രിക ഇടപെട്ട് അപേക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ടാം വര്‍ഷ ബി എ ഹിസ്റ്ററിയാണ്. പഠനം എന്തായാലും പൂര്‍ത്തിയാക്കണം. എന്റെ ജീവിതത്തെ ആസ്പദമാക്കി 'ഞാന്‍ ട്രാന്‍സ്‌മെന്‍' എന്ന നാടകം ഇന്ന് വൈകീട്ട് പാലക്കാട് ലൈബ്രറിക്ക് സമീപത്ത് വെച്ച് നടക്കുന്നുണ്ട്. എന്റെ കഥ ഞാന്‍ അഭിനയിക്കുകയാണ്. എന്തായാലും തോറ്റുകൊടുക്കാന്‍ തയ്യാറല്ല''- പ്രവീണ്‍ പറയുന്നു.

Read More >>