മീശയില്‍ പ്രധാനമായും സ്ഥലമാണ്; അങ്ങോട്ടുമിങ്ങോട്ടും നടന്നാല്‍ ചിലപ്പോള്‍ വഴി തെറ്റിപ്പോകുന്ന സ്ഥലം: എസ്. ഹരീഷ്

എസ്. ഹരീഷിന്റെ ആദ്യ നോവല്‍ വായനക്കാരില്‍ എത്തുന്നു. മീശ- എന്നാണ് പേര്. നോവലിനെ കുറിച്ച് ആദ്യമായി പറയുകയാണിവിടെ എസ്. ഹരീഷ്.

മീശയില്‍ പ്രധാനമായും സ്ഥലമാണ്; അങ്ങോട്ടുമിങ്ങോട്ടും നടന്നാല്‍ ചിലപ്പോള്‍ വഴി തെറ്റിപ്പോകുന്ന സ്ഥലം: എസ്. ഹരീഷ്

ഒട്ടും ധൃതിയില്ലാതെയാണ് എസ്. ഹരീഷിന്റെ കഥയെഴുത്ത്. കുറേക്കാലം കൊണ്ടെഴുതിയ രണ്ട് പുസ്തകങ്ങളിലെ കഥകളില്‍ ഹരീഷ് നാഴികക്കല്ലാണ്. കഥകള്‍ ഹരീഷിനിപ്പുറവും അപ്പുറവും എന്നു തിരിക്കാനാവും നിരൂപകര്‍ക്ക്. ഇപ്പോഴിതാ ഹരീഷിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. കഥാസമാഹാരമായ 'ആദ'ത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഉടനാണ് നോവല്‍ വരുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 'മീശ' എന്നാണ് നോവലിന്റെ പേര്. നോവലിനെ കുറിച്ച് ആദ്യമായി ഹരീഷ് നാരദ ന്യൂസിനോട് സംസാരിക്കുന്നു.

എസ്. ഹരീഷ് നോവലെഴുതുന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിട്ടാണ് മലയാള സാഹിത്യലോകം കാണുന്നത്. ആദ്യത്തെ നോവല്‍ എപ്പോഴാണ് വരുന്നത് എന്നൊരു ചോദ്യമുണ്ടായിരുന്നു. ഇപ്പോള്‍ അതു സംഭവിച്ചിരിക്കുന്നു, എങ്ങനെയാണ് ആദ്യനോവലിലേക്കുള്ള വഴി?

എന്നാണെങ്കിലും ഒരു നോവലെഴുതണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഒരുപാട് സമയമെടുത്തൊന്നുമല്ല ഇതെഴുതിയത്. കുറെക്കാലം ഈ നോവലിന് പുറകെ നടന്നിരുന്നു എന്നത് സത്യമാണ്. പക്ഷേ എഴുതിയപ്പോള്‍ പെട്ടെന്ന് എഴുതി. ഒരഴുത്തുകാരന് ഏറ്റവും നന്നായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് നോവലിലാണെന്നാണ് എനിക്ക് തോന്നുന്നത്. എഴുതിക്കഴിഞ്ഞപ്പോള്‍ അങ്ങനെ തോന്നി. ഇനിയിപ്പോള്‍ പേടിക്കാതെ നോവലെഴുതാമെന്ന് തോന്നുന്നു. എഴുതിത്തുടങ്ങുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. കാരണം അത്ര വലിയ കാന്‍വാസാണ് നോവലിന്റേത്.

എഴുത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നോവല്‍ എഴുതണമെന്ന് മനസ്സിലുണ്ടായിരുന്നോ?

ഇല്ല. നോവലെഴുതണമെന്ന് ചിന്തിച്ചിരുന്നില്ല. എന്നാല്‍ ആ സമയത്ത് പന്ത്രണ്ട് അദ്ധ്യായങ്ങളുള്ള ഒരു നോവല്‍ ഞാന്‍ എഴുതിയിരുന്നു. എഴുതിക്കഴിഞ്ഞതിന് ശേഷം ഞാനത് ആദ്യം കാണിക്കുന്നത് നിര്യാതനായ കഥാകൃത്ത് എം. ആര്‍ അനൂപിനെയാണ്. അവനത് വായിച്ചിട്ട് എന്നോട് പറഞ്ഞത് ഹരീഷേ നിനക്കിത് പറ്റില്ല എന്നാണ്. ആര്‍. ഉണ്ണിയും പറഞ്ഞു, അത് ശരിയായില്ല എന്ന്. പിന്നീട് ഞാനത് മാറ്റി എഴുതി. കുറെക്കാലത്തിന് ശേഷം വായിച്ചപ്പോള്‍ ഭയങ്കര ബോറായിരുന്നു എന്നെനിക്കും തോന്നി. കഥയാണെങ്കിലും നമ്മള്‍ ആദ്യം എഴുതുമ്പോള്‍ അതൊരു പരാജയമായിരിക്കുമല്ലോ. പിന്നെ കുറെക്കാലത്തേയ്ക്ക് എഴുതാനൊരു ധൈര്യമില്ലായിരുന്നു. അന്ന് മാറ്റിവച്ച കഥയ്ക്ക് ഞാന്‍ പേരിട്ടിട്ടുണ്ടായിരുന്നില്ല. നമ്മുടെ നാട്ടില്‍ മുടിയേറ്റ് എന്നൊരു സംഭവമുണ്ട്. കാളിയും ദാരികനുമായി ബന്ധപ്പെട്ട ക്ഷേത്രകലയാണിത്. ഇതായിരുന്നു അതിന്റെ ഉള്ളടക്കം. പക്ഷേ എനിക്ക് അതില്‍ തൃപ്തി തോന്നിയില്ല.

താങ്കളുടെ നോവല്‍ വായനകള്‍ എങ്ങനെയാണ്? ഹരീഷ് എന്ന എഴുത്തുകാരനെ ഇത് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ചെറുപ്പം മുതല്‍ നാടന്‍ കഥകള്‍ വായിക്കാനാണ് എനിക്കിഷ്ടം. അറബിക് കഥകള്‍, കഥാസരിത്സാഗരം, മഹാഭാരതം ഇവയൊക്കെ വായിക്കാനാണ് താല്‍പര്യം. അതിനുശേഷമാണ് നമ്മള്‍ ലോകസാഹിത്യത്തിലേക്ക് പോകുന്നത്. പരിഭാഷകളാണ് കൂടുതലും വായിക്കുന്നത്. ഇംഗ്ലീഷ് വായിച്ചു തുടങ്ങിയപ്പോള്‍ യോസയുടേയു കാല്‍വിനോയുടെയും പുസ്തകങ്ങളാണ് വായിച്ചത്. എനിക്ക് കഥ പറച്ചിലിനോട് വലിയ താത്പര്യമാണ്. അതായത് ഏഷ്യയിലെ ഒരു കഥ പറച്ചില്‍ രീതിയുണ്ട്. നോവല്‍ എന്ന് പറയാന്‍ സാധിക്കുന്ന വലിയ സംഭവങ്ങള്‍ നമുക്കുണ്ടായിരുന്നു. അറബിക്കഥ വലിയൊരു നോവലാണെന്ന് തന്നെ പറയാം. കഥയില്‍ നമ്മുടെ പാരമ്പര്യം കഥാപാത്രങ്ങളെ തുറന്നുവിടുന്ന ഒരു രീതിയാണ്.

നമ്മുടെ ചുറ്റുമുളള സാധാരണക്കാരായ മനുഷ്യര്‍ കാര്യത്തേക്കാല്‍ കൂടുതല്‍ കഥ പറയുന്നവരാണ്. അത്തരത്തിലൊരു കഥയുടെ ലോകം ഹരീഷ് എന്ന് എഴുത്തുകാരന് ചുറ്റുമില്ലേ?

ശരിയാണ്. എന്റെ ചുറ്റുമുള്ളവര്‍, എന്റെ സുഹൃത്തുക്കള്‍ ഇവരെല്ലാവരും എന്റെ മുന്നില്‍ കഥ പറയുന്നവരാണ്. കഥകള്‍ വായിക്കാറൊന്നുമില്ല. പക്ഷേ അവരുടെ കൂടെയിരുന്നാല്‍ അതിഗംഭീരമായ കഥകള്‍ കേള്‍ക്കാനാകും. അത് എന്റെ കഥയില്‍ ഞാനത് പ്രയോഗിച്ചിട്ടുണ്ട്. സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ സിനിമ കണ്ട അവര്‍ക്കൊന്നും തന്നെ അവര്‍ പറഞ്ഞ കഥയാണെന്ന് മനസ്സിലായിട്ടില്ല. അവര്‍ ഇത്തരം കഥ പറച്ചിലുകാരാണ്. അതായത് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കഥയായി പൊലിപ്പിച്ച് പറയുന്നവരാണിവര്‍. ഇത്തരം കഥ കേള്‍ക്കലുകള്‍ സഹായകമായി എന്നെനിക്ക് തോന്നിയിട്ടുണ്ട്.

മീശ എന്ന നോവലിലേക്ക് വരുമ്പോള്‍?

ഇതില്‍ ഞാന്‍ പ്രധാനമായും സ്ഥലം ആണ് ഉദ്ദേശിക്കുന്നത്. അപ്പര്‍കുട്ടനാട് എന്നൊരു സ്ഥലമുണ്ട്, ഞാന്‍ ജീവിക്കുന്ന സ്ഥലം. വേമ്പനാട്ട് കായലും അതിന്റെ പരിസരപ്രദേശങ്ങളുമാണിവിടെ. ഒരുപാട് കഥകളുള്ളൊരു സ്ഥലമാണത്. ചെറുപ്പം മുതല്‍ അവിടെ നെല്‍ക്കൃഷി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പാടത്തിറങ്ങാത്ത ആളാണ് ഞാന്‍. അവിടവും അവിടത്തെ വ്യക്തികളും ജീവിതവുമൊക്കെ ചെറുപ്പം മുതല്‍ നമ്മുടെ മനസ്സിലുണ്ട്. കടലു കാണുമ്പോള്‍ നമുക്ക് തോന്നുന്ന ഒരു കൗതുകമുണ്ടല്ലോ, അതുപോലെയാണ് പാടം കാണുമ്പോള്‍ എനിക്കുണ്ടാകുന്ന കൗതുകം. കുട്ടനാടന്‍ പാടങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അങ്ങോട്ടുമിങ്ങോട്ടും നടന്നാല്‍ ചിലപ്പോള്‍ നമുക്ക് വഴിതെറ്റിപ്പോകും. ആ ഇഷ്ടമാണ് എനിക്ക് കഥയായി മാറിയത്.

കുട്ടനാട്ടിലെ ചെളിയെക്കുറിച്ച് പറഞ്ഞാല്‍ ഇതിന് രണ്ടുപയോഗമുണ്ട്. നനഞ്ഞുകഴിഞ്ഞാല്‍ അത് പശിമയുള്ളതായി കൃഷിക്കൊരുങ്ങും. ഉണങ്ങിയാല്‍ ഒരു തുളളി വെള്ളം പോലും അകത്തുകയറാത്ത വിധത്തില്‍ കട്ടിയായി ബണ്ടു പോലെയാകും. മടയായിത്തീരും. ഒരേസമയം രണ്ടു സ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുവാണ് ചെളി.

നോവലിന് വേണ്ടി അന്വേഷിച്ചു പോകുന്നതിനിടയില്‍ പറഞ്ഞു കേട്ടതില്‍ നിന്നും വ്യത്യാസമായി താങ്കള്‍ക്ക് കുട്ടനാട് എങ്ങനെയാണ് അനുഭവപ്പെട്ടത്?

കേട്ടറിഞ്ഞതില്‍ നിന്ന് ഒരുപാട് വ്യത്യാസമായിരുന്നു കാര്യങ്ങള്‍. നമ്മുടെ ധാരണ എന്ന് പറഞ്ഞാല്‍ കുട്ടനാട് കേരളത്തിന്റെ നെല്ലറ ആണെന്നാണ്. അങ്ങനെയല്ല, ഇരുന്നൂറ്റമ്പതോ മുന്നൂറോ വര്‍ഷം ആയിട്ടേയുള്ളൂ കുട്ടനാട്ടില്‍ നെല്‍ക്കൃഷി വ്യാപകമായിട്ട്. അതുപോലെ അരിയായിരുന്നില്ല നമ്മുടെ മുഖ്യ ആഹാരം. കുട്ടനാട്ടിലെ പുലയരുടെ ജോലി നെല്‍ക്കൃഷി ആയിരുന്നില്ല. അവര്‍ മത്സ്യബന്ധന മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവര്‍ അപ്പോഴൊന്നും അടിമകളായിരുന്നില്ല. പിന്നീട് കുട്ടനാട് ഒരു ഗ്രാമമായപ്പോഴാണ് നെല്‍കൃഷി വ്യാപകമായത്. എന്റെ തന്നെ ധാരണ മാറിപ്പോയി.

ചെറിയ ചെറിയ തുരുത്തുകളില്‍ നീന്തി ജീവിക്കുന്ന മനുഷ്യര്‍ അല്ലേ?

ശരിയാണ്. അവിടെ ആള്‍ത്താമസം വളരെ കുറവായിരുന്നു. അപ്പര്‍കുട്ടനാട്ടില്‍ അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ പുലയരുടെ അല്ലെങ്കില്‍ പറയരുടെ വീട് കാണാമെന്നല്ലാതെ മറ്റ് ആളുകള്‍ അവിടെ താമസിച്ചിരുന്നില്ല. കൃഷി ചെയ്യാന്‍ മാത്രം ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അവിടം. കൃഷി ചെയ്തതിന് ശേഷം തിരികെപ്പോരും. കുട്ടനാടന്‍ ജീവിതങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞിരിക്കുന്നത് തകഴിയാണ്. എന്നാല്‍ തകഴിയേക്കാള്‍ കൂടുതല്‍ പറഞ്ഞിട്ടുള്ളത് കാവാലം വിശ്വനാഥക്കുറുപ്പ് എന്ന എഴുത്തുകാരനാണ്. അത്ര പ്രശസ്തനൊന്നുമല്ല. അദ്ദേഹം ചെളി, കായല്‍രാജാവ് എന്നിങ്ങനെ കുറച്ച് നോവലുകളെഴുതിയിട്ടുണ്ട്. കുട്ടനാട് എന്ന സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കൂടുതല്‍ എഴുതിയിട്ടുള്ളത് അദ്ദേഹമാണ്.

മീശ എന്ന പേര് വല്ലാതെ പുരുഷനെ സൂചിപ്പിക്കുന്നുണ്ടല്ലോ?

അതങ്ങനെ നോവലില്‍ അര്‍ത്ഥമാക്കുന്നുണ്ട്. ഒരു പുരുഷ ലോകമുണ്ടല്ലോ. ഞാനതിന് പുറത്തല്ലല്ലോ. സ്വയമതിനോടുള്ള കളിയാക്കലുകളും ചേര്‍ന്നു നില്‍ക്കലുകളും ഇതിലുണ്ട്. ഇതിലെ സ്്ത്രീകള്‍ വളരെ ശക്തരായ കഥാപാത്രങ്ങളാണ് എന്നാണ് തോന്നുന്നത്. എഴുതിയ കഥകളില്‍ അധികം ശക്തിയില്ലാത്തവരാണ് സ്ത്രീകളെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മീശയിലങ്ങനെയല്ലെന്നാണ് തോന്നുന്നത്.

Read More >>