പന്ന്യന്‍ രവീന്ദ്രന്റെ അപരന്‍ അഥവാ നളിനപ്രഭ എന്ന കമ്യൂണിസ്റ്റുകാരന്‍

''ലാല്‍സലാം സഖാവേ, പന്ന്യനല്ലേ?'' ആ വിളി ആസ്വദിച്ച് ആണെന്നോ അല്ലെന്നോ ഉള്ള അര്‍ത്ഥത്തില്‍ നളിനപ്രഭയൊന്നു തലയാട്ടി ചിരിച്ചു. ഈ സംഭവം നടന്നത് പത്ത് വര്‍ഷം മുമ്പാണെന്ന് ഓര്‍ക്കണം. അന്നുമുതല്‍ നളിനപ്രഭ തിരിച്ചറിഞ്ഞു, തന്നെക്കണ്ടാല്‍ സഖാവ് പന്ന്യന്‍ രവീന്ദ്രനെപ്പോലെയാണെന്ന്.

പന്ന്യന്‍ രവീന്ദ്രന്റെ അപരന്‍ അഥവാ നളിനപ്രഭ എന്ന കമ്യൂണിസ്റ്റുകാരന്‍

ഒറ്റനോട്ടത്തില്‍ പന്ന്യന്‍ തന്നെ. യാതൊരു മാറ്റവുമില്ല. ചരിച്ചു വകഞ്ഞ് നീട്ടിവളര്‍ത്തിയ മുടി. കട്ടിമീശയും സൗമ്യമായ പുഞ്ചിരിയും. ഒന്നുകൂടി നോക്കിയാല്‍ മനസ്സിലാകും, പന്ന്യന്‍ രവീന്ദ്രനല്ല, ചേര്‍ത്തല സ്വദേശിയായ നളിനപ്രഭയാണിത്. അവിശ്വസനീയമായ രൂപസാദൃശ്യമാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സഖാവ് പന്ന്യന്‍ രവീന്ദ്രനും ബാങ്കുദ്യോഗസ്ഥനായ നളിനപ്രഭയും തമ്മില്‍. കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ നടന്ന സിപിഐ സമ്മേളനത്തില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു.

മുടിയില്‍ മാത്രമല്ല, ഇവര്‍ തമ്മില്‍ സാമ്യം. അടിയുറച്ച കമ്യൂണിസ്റ്റ് അനുഭാവിയാണ് നളിനപ്രഭ. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ, വിശ്വാസത്തിന്റെ ചെങ്കൊടി ഇവരില്‍ ഭദ്രമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്യം. ഏതൊരാളെയും പോലെ സാധാരണക്കാരനായ വ്യക്തിയായിരുന്നു നളിനപ്രഭയും. ബാങ്കുദ്യോഗസ്ഥനായിരുന്നപ്പോഴും മുടി നീട്ടിവളര്‍ത്താന്‍ ഇഷ്ടമുണ്ടായിരുന്ന, നീളമുള്ള മുടി സ്വന്തമായിരുന്ന ഒരുവന്‍. ബോധപൂര്‍വ്വം പന്ന്യന്‍ രവീന്ദ്രനകാന്‍ ശ്രമിച്ചതൊന്നുമല്ല നളിനപ്രഭ, അങ്ങനെ ആയിപ്പോയതാണ്.

ഒരിക്കല്‍ നല്ല മഴയുള്ള ഒരു വൈകുന്നേരം. ചായ കുടിക്കാന്‍ വൈക്കത്തെ തലയോലപ്പറമ്പിലുള്ള ഒരു കടയില്‍ കയറിയതായിരുന്നു നളിനപ്രഭ. മഴയൊന്നു തോര്‍ന്നിട്ട് പോകാമെന്ന് കരുതി ചായക്കടയില്‍ തന്നെ ഇരുന്ന നളിനപ്രഭയെ നോക്കി ബുദ്ധിജീവി ലുക്കുള്ള ഒരാള്‍ ചോദിച്ചു, ''സഖാവേ, ലാല്‍സലാം, പന്ന്യനല്ലേ?'' ആ വിളി ആസ്വദിച്ച് ആണെന്നോ അല്ലെന്നോ ഉള്ള അര്‍ത്ഥത്തില്‍ നളിനപ്രഭയൊന്നു തലയാട്ടി ചിരിച്ചു. ഈ സംഭവം നടന്നത് പത്ത് വര്‍ഷം മുമ്പാണെന്ന് ഓര്‍ക്കണം. അന്നുമുതല്‍ നളിനപ്രഭ തിരിച്ചറിഞ്ഞു, തന്നെക്കണ്ടാല്‍ സഖാവ് പന്ന്യന്‍ രവീന്ദ്രനെപ്പോലെയാണെന്ന്.

ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുന്ന സമയത്ത് നളിനപ്രഭയ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇടതുപക്ഷത്തോടായിരുന്നില്ല ചായ്‌വ്. മില്‍മയില്‍ ജോലി കിട്ടി അവിടെ കെ. ആര്‍. ഗൗരിയമ്മയ്‌ക്കൊപ്പം യൂണിയന്‍ പ്രവര്‍ത്തനം. അങ്ങനെയാണ് നളിനപ്രഭ ഇടതുപക്ഷ സഹയാത്രികനാകുന്നത്. പിന്നീട് ബാങ്കില്‍ ജോലി കിട്ടി. അപ്പോഴും വിശ്വസിച്ചതും നിലകൊണ്ടതും ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടിയാണ്. ബാങ്കുദ്യോഗസ്ഥനായിട്ടും മുടി നീട്ടി വളര്‍ത്തുന്ന ശീലം ഉപേക്ഷിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. അപ്പോഴൊന്നും പന്ന്യന്‍ രവീന്ദ്രനെന്ന കമ്യൂണിസ്റ്റ് നേതാവുമായിട്ടുള്ള സാമ്യത്തെക്കുറിച്ച് നളിനപ്രഭ ചിന്തിച്ചിട്ടു കൂടിയില്ല. പന്ന്യന്‍ രവീന്ദ്രനെന്ന് കമ്യൂണിസ്റ്റ് നേതാവിനെ ഫോട്ടോയിലല്ലാതെ നേരിട്ട് കണ്ടിട്ടില്ല. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇദ്ദേഹത്തെ ഒരിക്കല്‍ നേരിട്ടു കാണുന്നത്.

ആ കഥ ഇങ്ങനെ. ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ നളിനപ്രഭ കണ്ടത് പന്ന്യന്‍ രവീന്ദ്രനെയാണ്. അന്ന് പന്ന്യന്‍ എന്ന പേര് രാഷ്ട്രീയത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലമാണ്. പാര്‍ട്ടിയുടെ തലപ്പത്തുള്ളൊരാള്‍ ഒരു സാധാരണ ഹോട്ടലില്‍ കയറിയിരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് നളിനപ്രഭ അമ്പരക്കാതിരുന്നില്ല. വെള്ളഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് കയ്യിലൊരു ബാഗും പിടിച്ച് നില്‍ക്കുന്ന പന്ന്യനെ അന്നാണ് ആദ്യമായി കാണുന്നത്. ഭക്ഷണം കഴിച്ച് കൃത്യം ഇരുപത്തിരണ്ട് രൂപ മേശപ്പുറത്ത് വച്ച് അദ്ദേഹം ഇറങ്ങിപ്പോകുന്നത് കണ്ടു. പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗം പലയിടത്തും വച്ച് കേള്‍ക്കാനിടയായി. ഇതില്‍ നിന്നെല്ലാം പന്ന്യന്‍ രവീന്ദ്രന്‍ എന്ന കമ്യൂണിസ്റ്റുകാരനോടുള്ള ഇഷ്ടം കൂടിവരികയായിരുന്നു എന്ന് നളിനപ്രഭ പറയുന്നു. ''കണ്ടാല്‍ പന്ന്യന്‍ രവീന്ദ്രനെപ്പോലെയുണ്ടല്ലോ എന്ന പറച്ചില്‍ ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. കാരണം അദ്ദേഹത്തിന്റെ ലളിതജീവിതവും പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഒരു ചെറിയ കാര്യമല്ലല്ലോ. അദ്ദേഹമൊരു നിസ്സാരവ്യക്തിത്വമല്ല എന്നെനിക്ക് മനസ്സിലായി.'' നളിനപ്രഭ പറയുന്നു.

ബസ്സിലൊക്കെ വച്ചു കാണുമ്പോള്‍ പലരും അടുത്തുവന്ന് പാര്‍ട്ടിയുടെ പരിപാടി എവിടെയാണ്, എവിടെപ്പോകുന്നു എന്നൊക്കെ അന്വേഷിക്കും. ഒറിജിനല്‍ അല്ലെന്ന് മനസ്സിലാകുമ്പോള്‍ ചിലര്‍ സോറി പറയും, അല്ലെങ്കില്‍ സെല്‍ഫിയെടുത്ത് പിരിയും. പന്ന്യന്‍ രവീന്ദ്രന്റെ പ്രസംഗം എവിടെയുണ്ടെങ്കിലും നളിനപ്രഭ കേള്‍ക്കാന്‍ പോകും. ഒരിക്കല്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ സാക്ഷാല്‍ പന്ന്യന്‍ രവീന്ദ്രന്‍ തന്നെ തന്റെ അപരനെ കണ്ട് അമ്പരന്നിട്ടുണ്ട്. അന്ന് കുറെനേരം ഇവര്‍ തമ്മില്‍ സംസാരിച്ചു. ചേര്‍ത്തല കോടതിക്കവലയ്ക്ക് സമീപമാണ് നളിനപ്രഭ താമസിക്കുന്നത്. ഇന്നും ചേര്‍ത്തലയിലും പരിസരത്തും നളിനപ്രഭ അറിയപ്പെടുന്നത് പന്ന്യന്റെ പേരിലാണ്. അതൊരു അംഗീകാരമായി തന്നെ നളിന പ്രഭ സ്വീകരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനരംഗത്തെ സജീവസാന്നിദ്ധ്യമാണ് നളിന പ്രഭ. റ്റിഎപിഎം എന്ന ചാരിറ്റബിള്‍ ട്രസ്റ്റും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

Read More >>