'മാൻഹോളി'ൽ നിന്നുയർന്ന് 'ഉന്മാദിയുടെ മരണ'ത്തിലൂടെ വീണ്ടും സുനി

ഒന്നു രണ്ട് ടേക്കിന് ശേഷമാണ് കഥയുടെ ഒഴുക്ക് അങ്ങ് പിടികിട്ടുന്നത്. ശരിക്കുമൊരു ഉന്മാദി തന്നെയാണ് ഞാൻ ആ സിനിമയിൽ. ഫുൾ ന്യൂഡായ സീനുകൾ വരെയുണ്ട്.- സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'ഉന്മാദിയുടെ മരണം' എന്ന സിനിമയിലെ നായകൻ സുനി ആർ എസ് സംസാരിക്കുന്നു

മാൻഹോളിൽ നിന്നുയർന്ന് ഉന്മാദിയുടെ മരണത്തിലൂടെ വീണ്ടും സുനി

സുനി ആർഎസ്, മലയാള സിനിമയിൽ ഈ പേര് ഉയർന്ന് കേൾക്കാൻ തുടങ്ങിയിരിക്കുന്നു. വിധു വിൻസന്റ് സംവിധാനം ചെയ്ത മാൻഹോളിലൂടെ സിനിമാ ലോകത്തേക്ക് കടന്ന് വന്ന സുനി ഇപ്പോൾ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'ഉന്മാദിയുടെ മരണത്തിലെ' നായകനാണ്. പാട്ടും നാടകവും സമരവും ഡാൻസുമൊക്കെയായാണ് സുനി സിനിമയിലേക്ക് എത്തുന്നത്.പഠിച്ചുകൊണ്ടിരിക്കെതന്നെ വാർക്കപ്പണിക്കാരാനായി ജീവിതത്തിന്റെ ചൂടും ചൂരും അറിഞ്ഞു. തന്റെ അനുഭവങ്ങളിൽ നിന്നുകിട്ടിയ ഊർജ്ജം കൊണ്ട് ഇവിടം വരെയെത്തി. ജീവിതം സമരമാക്കിയ സുനിയുടെ വിശേഷങ്ങളിലൂടെ

പഠനം

കാഞ്ഞിരം കുളം വീട്ടിൽ നിന്ന് അരമണിക്കൂറോളം നടന്നാൽ ഹൈസ്കൂളെത്തും അവിടെയാണ് പത്ത് വരെ പഠിച്ചത്. അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പത്താം ക്ലാസിൽ മൂന്ന് തവണ തോറ്റിട്ടാണ് ഒരുവിധം പാസായത്. പാസാകുമെന്ന് കരുതിയതല്ല. ആദ്യ തവണ തോറ്റപ്പോൾ പഠനമൊക്കെ വേണ്ടെന്ന് വെച്ച് പണിക്കിറങ്ങിയതായിരുന്നു. വാർക്കപ്പണിക്കായിരുന്നു അന്ന് പോയിരുന്നത്. ആ ഇടക്കാണ് ചിത്രം വര പഠിച്ചാലോ എന്ന് തോന്നിയത്. ഒരാറുമാസം വര പഠിക്കാൻ പോയതോട് കൂടെ ഫൈനാർട്സ് ചെയ്യണമെന്നായി ആഗ്രഹം. ഫൈനാർട്സ് ചെയ്യണമെങ്കിൽ പ്ലസ് ടു ജയിക്കണമല്ലോ. അതുകൊണ്ടാണ് വാശിപ്പുറത്ത് പത്ത് എഴുതിയെടുത്തത്. പിന്നെ ഹയർസെക്കണ്ടറി ഹ്യുമാനിറ്റീസ് എടുത്ത് പഠിച്ചു.

ഫൈനാർട്സ് പഠിക്കാൻ എൻട്രസ് ഒക്കെ എഴുതി മെമോ കാത്തിരിക്കയായിരുന്നു കുറെ കാലം. പിന്നീടാണ് അറിഞ്ഞത് മേമോ ഒന്നും വരില്ല ഒക്കെ ഓൺലൈനിലൂടെയാണെന്ന്. അപ്പോഴേക്കും ആദ്യ അലോട്ട്മെന്റൊക്കെ കഴിഞ്ഞിരുന്നു. പിന്നെ കിട്ടിയത് മാവേലിക്കര ആയിരുന്നു. അന്ന് അവിടെ ഹോസ്റ്റലൊന്നുമില്ല. പുറത്ത് നിന്ന് പഠിക്കാൻ സാമ്പത്തികവും ഇല്ലായിരുന്നു. അതുകൊണ്ട് തൽകാലത്തേക്ക് ഫൈനാർട്സ് എന്ന മോഹത്തെ അടക്കി നിർത്തേണ്ടി വന്നു. ഫൈനാർട്സ് മോഹം ഇടക്ക് വെച്ച് നിന്നെങ്കിലും പഠനം ഉപേക്ഷിക്കേണ്ട എന്ന് തോന്നിയത് കൊണ്ടാണ് ഡിഗ്രി എടുക്കാൻ തീരുമാനിച്ചത്. കെ എൻ എം കോളേജിൽ സോഷ്യോളജിയിൽ ആയിരുന്നു ബിരുദ പഠനം. പിന്നീട് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്ത ബിരുദവും. പെർഫോമിങ് ആർട്സിൽ എംഫില്ലും ചെയ്തു. ഇപ്പോൾ ഗവേഷണം ചെയ്യാനുള്ള ഒരുക്കത്തിലാണ്.പാട്ട്

ഏട്ടനായിരുന്നു പാട്ടിലേക്ക് കൊണ്ട് വന്നതെങ്കിലും പിജിക്ക് പഠിക്കുമ്പോഴായിരുന്നു പാട്ടിലേക്ക് കൂടുതൽ അടുക്കുന്നത്. പത്താം ക്ലാസിലാണ് വാർക്കപ്പണിക്ക് പോയി തുടങ്ങിയത് എന്ന് പറഞ്ഞല്ലോ. ഡിഗ്രിക്ക് പഠിക്കുമ്പോൾ വരെ വാർക്കപ്പണിക്ക് പോകുമായിരുന്നു. രാവിലെ ആറരമുതൽ ഒൻപതരവരെ പണിക്ക് പോയിട്ടായിരുന്നു ക്ലാസിൽ പോയിരുന്നത്. അന്ന് മാനവീയം കലാവേദി ആക്റ്റീവായി വരുന്ന സമയം ആയിരുന്നു. പിജി എത്തിയപ്പോഴേക്കും എന്നും പാട്ടും പരിപാടിയുമായിരുന്നു. അതൊരു പുതിയ വഴിത്തിരിവായി ജീവിതത്തിൽ. കുറേ പുതിയ വേദികൾ ഉണ്ടാവുകയും പരിചയങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്റെ കലാ ജീവിതത്തിന്റെ തുടക്കം അതായിരുന്നു. പാട്ട് തൊഴിലായി മാറിയതോടുകൂടെ വാർക്കപ്പണിക്ക് പോകാതെയായി. മാഫ് ബ്ലാക്ക് എന്ന ബാന്റിൽ അംഗമായിരുന്നു അന്ന്.

ഡാൻസ്

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഡാൻസ് പഠിക്കാൻ പോകുന്നത്. വെസ്റ്റേൺ ഡാൻസായിരുന്നു. ഷാജി മാസ്റ്റർ ആയിരുന്നു പഠിപ്പിച്ചിരുന്നത്. പഠിച്ചു തുടങ്ങി പെട്ടന്നു തന്നെ മത്സരങ്ങൾക്ക് കളിക്കാൻ പോകാനും തുടങ്ങിയിരുന്നു. ഡിഗ്രിക്ക് എത്തിയപ്പോൾ ഡാൻസ് നിറുത്തി. അക്കാദമിക്കായി പോവുകയാണ് നല്ലതെന്ന് തോന്നി. അല്ലെങ്കിൽ ഡാൻസ് പ്രൊഫഷൻ ആയി എടുത്തേനെ. അതത്ര സേഫ് അല്ലെന്ന് അന്ന് തോന്നി.സിനിമ

സിനിമയിലേക്ക് എത്തുന്നത് വളരെ യാദൃശ്ചികമായാണ്. ഞങ്ങളുടെ വീട്ടിൽ 'ഗോത്രതാളം' എന്നൊരു കൂട്ടായ്മ ഉണ്ട്. കുറേയേറെ കുട്ടികൾ ഉണ്ടവിടെ. ഗോത്രത്താളത്തെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻ വന്നതായിരുന്നു വിധു വിൻസെന്റ്. അന്നവർ മീഡിയാ വണ്ണിൽ ജേർണലിസ്റ്റാണ്. അങ്ങെയാണ് വിധു ചേച്ചിയെ പരിചയപ്പെടുന്നത്. പിന്നീട് വിധു ചേച്ചി പറഞ്ഞതനുസരിച്ച് ചിലയിടങ്ങളിൽ പ്രോഗ്രാം ചെയ്യാൻ പോയിരുന്നു. മാൻഹോളിൽ അഭിനയിക്കാൻ വിധു ചേച്ചി പറയുമ്പോൾ വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്ല. അഭിനയിക്കാൻ താടികൂടെ വടിക്കണമെന്ന് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ വീട്ടിലേക്ക് പോയി. വീണ്ടും വിധു ചേച്ചി വിളിച്ചു. കഥ ഒന്ന് കേൾക്കാൻ പറഞ്ഞു. കഥ കേട്ടതോടെ ഈ സിനിമ എന്തായാലും ചെയ്യണം എന്ന തീരുമാനത്തിൽ എത്തി. കാരണം അത് അത്രമാത്രം എന്റെ ജീവിതത്തോട് അടുത്തുനിൽക്കുന്നതാണ്. സിനിമയിലെ ജോലിയിൽ മാറ്റമുണ്ടായിരുന്നു എന്നതൊഴിച്ചാൽ ഞാൻ കണ്ടുവളർന്ന ജീവിതം തന്നെയാണ് സിനിമ.

ഐഎഫ്എഫ് കെയിൽ മികച്ച സിനിമയായി മാൻ ഹോൾ തിരഞ്ഞെടുക്കപ്പെട്ടതോടു കൂടെ എന്റെ ജീവിതത്തിനും മാറ്റം സംഭവിച്ചു തുടങ്ങി. എനിക്കൊരു സ്പേസ് ഉണ്ടായി വരികയായിരുന്നു. വീട്ടിൽ, നാട്ടിൽ, സമൂഹത്തിൽ. അതിൽ പിന്നെ എന്റെ വേഷമൊന്നും ആർക്കും ഒരു പ്രശ്നമല്ലാതായി മാറി. ഞാൻ മുടി നീട്ടുന്നതും താടി വളർത്തുന്നതുമെല്ലാം സ്വാഭാവികതയോടെ നോക്കാൻ തുടങ്ങി എല്ലാവരും. ഏട്ടൻ സുധിയും ഏട്ടത്തിയമ്മ മിനിയുമെല്ലാം മാൻഹോളിൽ അഭിനയിച്ചിട്ടുണ്ട്.

മാൻഹോളിനു ശേഷം

മാൻഹോളിനു ശേഷം സജിൻ ബാബു സംവിധാനം ചെയ്ത 'അയാൾ ശശി' എന്ന സിനിമയിൽ ഒരു ചെറിയ റോൾ ചെയ്തിരുന്നു. പിന്നീടാണ് ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം എന്ന സിനിമയിൽ അഭിനയിക്കുന്നത്. എല്ലാവരും മുൻപേ അറിയുന്നവരായിരുന്നു സെറ്റിൽ. ഒരു വിപ്ലവ കാരക്റ്ററായിട്ടാണ് വേഷമിട്ടത്. ഈ ഇരുപത്തി മൂന്നിന് ഉടലാഴത്തിന്റെ ഓഡിയോ റിലീസാണ്.

ഉന്മാദിയുടെ മരണം

ഉടലാഴത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കുറച്ചുനാൾ വീട്ടിൽ ഇരുന്നപ്പോഴാണ് സുഹൃത്ത് നിതീഷ് സനൽകുമാർ ശശിധരന്റെ പുതിയ സിനിമയിൽ കാസ്റ്റിങ് കാൾ വന്നിരുന്നു എന്ന് പറയുന്നത്. രതീഷ് രോഹിണിയുടെ നമ്പർ തന്ന് പോയി കാണാൻ നിർബന്ധിക്കുകയും ചെയ്തു. അദ്യം പോയി കണ്ടു സംസാരിച്ചു. ന്യൂഡായി അഭിനയിക്കാമോ? കടലിൽ നീന്താൻ പറ്റുമോ? തുടങ്ങി ചില ചോദ്യങ്ങളൊക്കെ ചോദിച്ചു. അടുത്ത ദിവസം വരാൻ പറഞ്ഞു. അന്ന് മൂന്നുപേർ വന്നിരുന്നു. അവരിൽ നിന്ന് എന്നെ സെലക്റ്റ് ചെയ്യുകയും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ചെല്ലാൻ പറയുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് ചെന്നപ്പോൾ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കഥ എന്താ എന്നോ റോൾ എന്താ എന്നോ അറിയില്ലായിരുന്നു. ചെറിയ റോൾ ആയിരിക്കും എന്ന് ഉറപ്പായിരുന്നു. എന്നിട്ടും അതെന്താണെന്ന് അറിയാതെ ക്ഷമ നശിച്ചപ്പോഴാണ് ഒരു അസോസിയേറ്റ് ഡയറക്റ്ററോട് ചോദിച്ചത് /////"എടാ നീയാണെന്ന് തോന്നുന്നു ഇതിന്റെ ടൈറ്റിൽ"

ഏഏ..

"ഉന്മാദിയുടെ മരണത്തിലെ ഉന്മാദി നീയാണെന്ന്"

ആ..

ഞാനാകെ ഞെട്ടിത്തരിച്ച് പോയി. ആകെ ഒരു കിളി പാറി.

കഥ എന്താണെന്ന് എന്നിട്ടും മനസിലായിട്ടുണ്ടായിരുന്നില്ല. എനിക്ക് മാത്രമല്ല ക്രൂവിലെ ഒട്ടുമിക്ക ആൾക്കാർക്കും അങ്ങനെ തന്നെയായിരുന്നു. ഒന്നു രണ്ട് ടേക്കിന് ശേഷമാണ് കഥയുടെ ഒഴുക്ക് അങ്ങ് പിടികിട്ടുന്നത്. സനലേട്ടന്റെ സിനിമയുടെ പ്രത്യേകതയും അതുതന്നെയാണ്. ശരിക്കുമൊരു ഉന്മാദി തന്നെയാണ് ഞാൻ ആ സിനിമയിൽ. ഫുൾ ന്യൂഡായ സീനുകൾ വരെയുണ്ട്.

സിനിമയിലെ ഭാവി

ചില സിനിമകൾ കൂടെ പറഞ്ഞു വെച്ചിട്ടുണ്ട്. ഇതുവരെ ചെയ്ത സിനിമകളൊക്കെ സമാന്തര സിനിമകളാണ്. അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് സാമ്പത്തികയായി എന്തെങ്കിലും നേട്ടം ഉണ്ടായിട്ടില്ല. സമൂഹത്തിൽ നിന്ന് ധാരാളം അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. പല കോളേജുകളിലും പരിപാടികൾ ഉദ്ഘാടനം ചെയാൻ പോയിട്ടുണ്ട്. പക്ഷേ അവിടെ നിന്ന് കിട്ടുന്ന ഉപഹാരങ്ങൾ വെക്കാനുള്ള സ്ഥലം വീട്ടിലില്ലാത്തതിനാൽ ഇപ്പോൾ അതും ഉപേക്ഷിച്ചു. പണമില്ലാതെ കാര്യങ്ങളൊന്നും നടക്കില്ലല്ലോ. അംഗീകാരമല്ലല്ലോ, വിശപ്പാണല്ലോ പ്രധാനം. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതിനപ്പുറം ഒന്നും സംഭവിക്കാനുണ്ടായിരുന്നില്ല പണത്തിന്റെ വിലയറിയാൻ. അതുകൊണ്ട് ഇനി കുറച്ച് കൊമേഷ്യൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ എന്തൊക്കെ ചെയ്താലും എവിടെ എത്തിയാലും വിധു ചേച്ചി ചെയ്തതൊന്നും എനിക്ക് ഒരിക്കലും മറക്കാനാവില്ല. അന്ന് തന്ന 7000 രൂപയും


നാടകം

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. സ്കൂളിലെ പരിപാടികളിലായിരുന്നു കൂടുതലും. പിന്നീടാണ് തെരുവ് നാടകം ചെയ്യാൻ തുടങ്ങുന്നത്. എം എ ക്ക് പഠിക്കുമ്പോൾ അഭിനയ എന്നൊരു നാടക ട്രൂപ്പിൽ അംഗമായിരുന്നു. ഇപ്പോൾ ഒലക്ക എന്നൊരു നാടക കൂട്ടമുണ്ട്. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന നാടകങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തു ചേർന്നതാണ് ഒലക്ക ടീം.

സമരങ്ങൾ

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു സമരം കാണുന്നതും പങ്കെടുക്കുന്നതും.2001 ഇൽ വയനാട്ടിലെ മുത്തങ്ങയിൽ സികെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന കുടിലുകെട്ടി സമരത്തിലായിരുന്നു അത്. ഏട്ടന്റെ കൂടെ സമരം കാണാൻ പോയതായിരുന്നു. പിന്നെ സ്ടീറ്റ് പ്ലേയും പാട്ടുമൊക്കെയായിരുന്നു അവിടെ നിന്നു രണ്ട് മാസത്തോളം. പിന്നീട് പ്ലാച്ചിമറ്റ സമരത്തിലും നിൽപ്പ് സമരത്തിലുമെല്ലാം സജീവമായിരുന്നു. ഇപ്പോഴും സാമൂഹിക പ്രശ്നങ്ങളിലൊക്കെ ഇടപെടാറുണ്ട്.

വീട് നാട്

കാഞ്ഞിരക്കുളത്ത് ഒരു ദളിത് കോളനിയിലാണ് വീട്. ഡിഗ്രിക്ക് പഠിക്കുമ്പോൾ അച്ഛൻ രവി മരിച്ചു. അമ്മ ശോഭിയും ഏട്ടൻ സുധിയും ഏട്ടന്റെ ഭാര്യ മിനിയും അവരുടെ മകൾ താരയും അമ്മച്ചിയും അടങ്ങുന്നതാണ് കുടുംബമെങ്കിലും കുടുംബം പോലെ ഒന്നിച്ച് നിൽക്കുന്ന കുറേയധികം പേരുണ്ട് ആ വീട്ടിൽ. ഗോത്രതാളത്തിലെ മക്കളാണവർ. അവരെ പഠിപ്പിച്ചും അവരോടൊപ്പം നാടകം കളിച്ചും തന്നെയാണ് ഞാൻ വളർന്ന് കൊണ്ടിരിക്കുന്നത്. നാട്ടിൽ നിന്ന് വളരെപേരൊന്നും പഠിച്ചവർ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഉണ്ടായി വരുന്നുണ്ട്. എന്റെ നാടാണ് എന്നെ രൂപപ്പെടുത്തിയത്. കൂടെ നിന്നത് വീട്ടുകാരും

Read More >>