ശതദിന വരയില്‍ സൗഹൃദത്തെ ചേര്‍ത്തുപിടിച്ചൊരു ചിത്രകാരന്‍; ചിത്രരചനയിലെ വേറിട്ട സാന്നിദ്ധ്യം

കഴുത്തിലൊരു ഏലയ്ക്കാ മാലയിട്ട് കല്യാണം കഴിച്ച സജിയും പ്രമീളടീച്ചറും അധ്യാപികയും കവയിത്രിയുമായ അജിതടീച്ചറും വനിതാ ഫോട്ടോഗ്രാഫര്‍ പുഷ്പ ടീച്ചറും തുടങ്ങി പാണ്ഡവപുരത്തിന്റെ എഴുത്തുകാരന്‍ സേതു വരെ പ്രദീപിന്റെ വരകളില്‍ കയറിയിറങ്ങിപ്പോയി. പലര്‍ക്കും ചിത്രങ്ങള്‍ വരച്ചു നല്‍കിയത് സര്‍പ്രൈസായിട്ടായിരുന്നു എന്ന് പ്രദീപ് പറയുന്നു.

ശതദിന വരയില്‍ സൗഹൃദത്തെ ചേര്‍ത്തുപിടിച്ചൊരു ചിത്രകാരന്‍; ചിത്രരചനയിലെ വേറിട്ട സാന്നിദ്ധ്യം

കാരിക്കേച്ചറല്ല. കാരണം കാരിക്കേച്ചറിന്റെ ഹാസ്യഭാവം ഈ ചിത്രങ്ങളിലൊന്നില്‍ പോലും കാണാന്‍ സാധിക്കില്ല. അങ്ങനെയുള്ള നൂറ് ചിത്രങ്ങളാണ് നൂറ് ദിവസം കൊണ്ട് പ്രദീപ് പുരുഷോത്തമന്‍ എന്ന ചിത്രകാരന്‍ വരച്ചു തീര്‍ത്തത്. രണ്ടോ മൂന്നോ പ്രശസ്തരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും പ്രദീപിന്റെ ഫേസ്ബുക്ക് സൗഹൃദവലയത്തിലെ അംഗങ്ങളാണ്. വരയിലെ വ്യക്തികളെ തെരഞ്ഞെടുത്തതിന്റെ ഈ വ്യത്യസ്തതയ്ക്ക കാരണമായി പ്രദീപ് ഇങ്ങനെ പറയുന്നു, ''സെലിബ്രിറ്റികളെ ധാരാളം പേര്‍ വരയ്ക്കാറുണ്ട്. എന്നാല്‍ സുഹൃത്തുക്കളെ വരയ്ക്കുക എന്നത് വിരളമാണ്. ഞാന്‍ ചിത്രരചന പഠിച്ചിട്ടുള്ള ഒരാളല്ല. വരയ്ക്കാന്‍ താത്പര്യമുണ്ട്. അപ്പോള്‍പ്പിന്നെ വ്യത്യസ്തമായ രീതിയില്‍ തന്നെ വരയ്ക്കാമെന്ന് വിചാരിച്ചു'' പ്രദീപ് പറയുന്നു. ഹണ്‍ഡ്രഡ് ഡേയ്സ് ഓഫ് സ്‌കെച്ചിംഗ് എന്ന ഹാഷ്ടാഗുമായി ആരംഭിച്ച ചിത്രംവരയെക്കുറിച്ച് പ്രദീപ് വിശദീകരിക്കുന്നു.

നൂറു ദിവസം നൂറ് സുഹൃത്തുക്കളെ വരച്ചെടുത്തതിന്റെ പുറകില്‍ ഇത്രയും ലളിതമായ ഒരു ഘടകമേ ഉള്ളൂവെന്ന് പ്രദീപ് വെളിപ്പെടുത്തുന്നു. നൂറു ദിവസം കൊണ്ട് നൂറ് പേരെ വരയ്ക്കാമെന്ന് ആദ്യം തന്നെ തീരുമാനമെടുത്തിരുന്നു. എവിടെയോ കണ്ടുമറന്ന ഒരു മുഖത്തെയാണ് ശതദിന വരയിലെ ആദ്യദിനത്തില്‍ പ്രദീപ് വരച്ചത്. തൊപ്പി വച്ച വിദേശവനിതയെപ്പോലെ തോന്നിച്ച ആ ചിത്രത്തിന് ആസ്വാദകരും ആരാധകരുമുണ്ടായി. കാരിക്കേച്ചര്‍ എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും അതിനോട് സാമ്യമുണ്ടായിരുന്നു ആ വരയ്ക്ക്. വര കണ്ട് സുഹൃത്തുക്കളെല്ലാം ചോദിച്ചു, 'നന്നായിട്ടുണ്ട്, ചിത്രം വര തുടര്‍ന്നുകൂടെ' എന്ന്. അങ്ങനെയാണ് ഹാഷ്ടാഗിട്ട് ഒക്ടോബര്‍ 31 മുതല്‍ വരച്ചു തുടങ്ങുന്നത്. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കാണ് വരയില്‍ പ്രാമുഖ്യം കൊടുത്തത്. സുഹൃത്തുക്കളെ, സൗഹൃദങ്ങളെ അംഗീകരിക്കാന്‍ കൂടിയായിരുന്നു അവരുടെ പടം വരച്ചതെന്ന് പ്രദീപിന്റെ വാക്കുകള്‍.ഇവരില്‍ ചിലരെ പ്രദീപ് നേരിട്ട് കണ്ടിട്ടു കൂടിയില്ല. ഫേസ്ബുക്കിലെ എഴുത്തിലൂടെയും ലൈക്കിലൂടെയും കമന്റിലൂടെയും ഒക്കെ പരിചയപ്പെട്ടവരാണ് ഇവര്‍.


ഓരോരുത്തരുടെയും പ്രവര്‍ത്തനമേഖല കൂടി തന്റെ വരയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രദീപ് വരച്ചത്. അങ്ങനെ കവിത എഴുതുന്നവര്‍ കയ്യിലൊരു പേനയുമായും ഡോക്ടര്‍മാര്‍ കഴുത്തിലൊരു സ്‌റ്റെതസ്‌കോപ്പുമായും പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ കയ്യിലൊരു ചെടിയുമായും പ്രദീപിന്റെ ചിത്രങ്ങളില്‍ ഇടം പിടിച്ചു. കഴുത്തിലൊരു ഏലയ്ക്കാ മാലയിട്ട് കല്യാണം കഴിച്ച സജിയും പ്രമീളടീച്ചറും അധ്യാപികയും കവയിത്രിയുമായ അജിതടീച്ചറും വനിതാ ഫോട്ടോഗ്രാഫര്‍ പുഷ്പ ടീച്ചറും തുടങ്ങി പാണ്ഡവപുരത്തിന്റെ എഴുത്തുകാരന്‍ സേതു വരെ പ്രദീപിന്റെ വരകളില്‍ കയറിയിറങ്ങിപ്പോയി. പലര്‍ക്കും ചിത്രങ്ങള്‍ വരച്ചു നല്‍കിയത് സര്‍പ്രൈസായിട്ടായിരുന്നു എന്ന് പ്രദീപ് പറയുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തങ്ങളുടെ ചിത്രങ്ങള്‍ കണ്ട് പലരും അത്ഭുതപ്പെട്ടെന്നും ഈ ചിത്രകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. എഴുത്തു നിര്‍ത്തിയൊരു സുഹൃത്തിനെ പ്രദീപ് വരയില്‍ ചേര്‍ത്തു വച്ചത് മടക്കി പോക്കറ്റിലിട്ട പേനയുള്‍പ്പെടെയായിരുന്നു. പിറ്റേന്ന് തന്നെ ആള്‍ വന്ന് വീണ്ടും എഴുത്തു തുടങ്ങാന്‍ പോകുന്നു എന്ന് അറിയിച്ചതായും പ്രദീപ് അഭിമാനത്തോടെ പറയുന്നു.

നൂറു ദിവസം തുടര്‍ച്ചയായിട്ടാണ് പ്രദീപ് വരച്ചൂതീര്‍ത്തത്. ചില ദിവസങ്ങളില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ സംഭവിച്ചെങ്കിലും അവയെ ഒന്നും വരയെ തടസ്സപ്പെടുത്താന്‍ അനുവദിച്ചില്ല. അങ്ങനെ 2017 ഒക്ടോബര്‍ 31 ന് ആരംഭിച്ച ചിത്രങ്ങള്‍ 2018 ഫെബ്രുവരി 7 ന് അവസാനിച്ചു. തൊണ്ണൂറു പേരെ വരെ വരയ്ക്കാന്‍ കണ്‍ഫ്യൂഷനൊന്നുമുണ്ടായില്ല. എന്നാല്‍ ഇതിനിടയില്‍ എവിടെയോ ആത്മസുഹൃത്തുക്കളെ വിട്ടുപോയിരുന്നു. നൂറ് ദിവസം പൂര്‍ത്തിയാക്കി നൂറ്റൊന്നാമത്തെ ചിത്രവുമായിട്ടാണ് പ്രദീപ് പുരുഷോത്തന്‍ ഫേസ്ബുക്കില്‍ തന്റെ രണ്ടാം ശതദിനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.


വരികളെ വരയാക്കുന്ന അത്ഭുതവിദ്യയും പ്രദീപ് പുരുഷോത്തമന്‍ എന്ന ചിത്രകാരന് സ്വന്തം. മൊഴിവര എന്ന പേരില്‍ ഒരു സീരീസ് തന്നെ ഇതിന് വേണ്ടി ആരംഭിച്ചിരുന്നു. ശതദിന വരകള്‍ക്ക് തുടക്കമിട്ടതോടെ താത്ക്കാലികമായി ഈ സീരീസ് നിര്‍ത്തി വച്ചു. വയലാര്‍ രാമവര്‍മ്മ, മാധവിക്കുട്ടി, എ. അയ്യപ്പന്‍, ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, സുഭാഷ് ചന്ദ്രന്‍, കാവാലം നാരായണപ്പണിക്കര്‍, ബിജിപാല്‍, എംടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി. വിജയന്‍ തുടങ്ങി നിരവധി പ്രതിഭാധനരെ അവരുടെ തന്നെ രചനകളിലെ അക്ഷരങ്ങള്‍ കൊണ്ട് പ്രദീപ് ചിത്രങ്ങളാക്കിയിട്ടുണ്ട്. ഇവരുടെ തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളും അവയിലെ വരികളുമാണ് വരയ്ക്കാനായി തെരെഞ്ഞെടുത്തത്. എംകെകെ നായരുടെ വരികൊണ്ടുള്ള ചിത്രം അദ്ദേഹത്തിന്റെ മകനാണ് സ്വന്തമാക്കിയത്. ബിജിപാലിന്റെ ചിത്രം അദ്ദേഹത്തിന് തന്നെ നല്‍കി. ബിജിപാല്‍ തന്നെ സംഗീതം നല്‍കിയ വരികളായിരുന്നു വരയ്ക്കാന്‍ തെരഞ്ഞെടുത്തിരുന്നതെന്നും പ്രദീപ് വെളിപ്പെടുത്തുന്നു. അതുപോലെ വയലാറിന്റെ ചിത്രം ശരത്ചന്ദ്ര വര്‍മ്മയുടെ കയ്യിലുണ്ട്. മൊഴിവരയിലെ ഇരുപത്തിയെട്ട് എണ്ണം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാല്‍പതെണ്ണം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദീപ്.

ഫാക്റ്റില്‍ ക്വാളിറ്റി അഷ്വറന്‍സ് സീനിയര്‍ കെമിസ്റ്റായി ജോലി ചെയ്യുകയാണ് പ്രദീപ് പുരുഷോത്തമന്‍. ചിത്രംവരയെ ഹോബിയായിട്ടാണ് ഇദ്ദേഹം കൂടെക്കൂട്ടിയിരിക്കുന്നത്. ഭാര്യ ജയ, മക്കള്‍ ഗായത്രി, ഗാഥ. അച്ഛന്റെ പാതയില്‍ സഞ്ചരിക്കാനിഷ്ടമുള്ള മകള്‍ ഗാഥയും ചിത്രകാരിയാണ്. ചിത്രരചനയുടെ പഠനവഴികളിലൊന്നും സഞ്ചരിച്ചിട്ടില്ലാത്ത പ്രദീപ് പുരുഷോത്തമന്‍ എന്ന ചിത്രകാരന്റെ ചിത്രങ്ങള്‍ക്ക് ആരാധകരും ആസ്വാദകരും ഏറെയാണ്. നാള്‍ക്കുനാള്‍ അവരുടെ എണ്ണം വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നേയില്ല.

Read More >>