ചരിത്രം തിരുത്തി ഇഷാൻ സൂര്യയെ മഹറ് അണിയിച്ചു; ഫോട്ടോകൾ കാണാം

തുടക്കം മുതൽ അവസാനം വരെ പാട്ടുപാടിയും നൃത്ത ചുവടുകൾ വെച്ചും അവർ വിവാഹം ആഘോഷമാക്കി

ചരിത്രം തിരുത്തി ഇഷാൻ സൂര്യയെ മഹറ് അണിയിച്ചു; ഫോട്ടോകൾ കാണാം

സൂര്യയും ഇഷാനും വിവാഹിതരായത് ഇക്കാലമത്രയുമുള്ള ചരിത്രത്തെ തിരുത്തി എഴുതികൊണ്ടാണ്. ട്രാൻസ്ജെൻഡറായ രണ്ടുപേർ ഇന്ത്യൻ ചരിത്രത്തിലാദ്യമായി സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം ഒന്നായി ജീവിതമാരംഭിച്ചിരിക്കുകയാണ്. ആൺ ശരീരത്തോടുകൂടെ ജനിക്കുകയും എന്നാൽ പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്ത സൂര്യ ആദ്യമായി വോട്ടേഴ്സ് ഐഡി കാർഡ് കിട്ടിയ ട്രാൻസ് ജെൻഡറാണ്, നടിയും മോഡലുമായ സൂര്യ സാമൂഹിക പ്രവർത്തകയും ട്രാൻസ്ജെൻഡർ ബോർഡിൻ്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. 2014 -ൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ സൂര്യ നിരവധി കോമഡി പരിപാടികളിലൂടെ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ്.


സ്ത്രീയായി ജനിക്കുകയും പുരുഷനായി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്ത ഇഷാൻ കെ ഷാൻ ട്രാൻസ്ജെൻഡർ ബോർഡിൻ്റെ ജില്ലാ അംഗമാണ്. ബിസിനസുകാരനായ ഇഷാൻ മൂന്ന് വർഷം മുൻപാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.


ഇന്ന് രാവിലെ 9നും 10:30 നും ഇടക്കുള്ള മുഹൂർത്തത്തിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ വെച്ചായിരുന്നു ചടങ്ങ്. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമാണ് ഇവർ വിവാഹിതരായത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടി.എൻ സീമ, കൗൺസിലർ ഐ.പി ബിനു, മേയർ വി.കെ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. ഇരുവരുടേയും വീട്ടുകാർ കല്യാണത്തിൽ സംബന്ധിച്ചിരുന്നു.


ആയിരക്കണക്കിന് ട്രാൻസ്ജെൻഡേഴ്സ് പങ്കെടുത്ത വിവാഹം പുതുമയുള്ളതായിരുന്നു. തുടക്കം മുതൽ അവസാനം വരെ പാട്ടുപാടിയും നൃത്ത ചുവടുകൾ വെച്ചും അവർ വിവാഹം ആഘോഷമാക്കി. ഇഷാൻ മഹറ് ചാർത്തിയതിന് ശേഷം കൂട്ടുകാർ ഇരുവരേയും എടുത്തുപൊക്കുകയും സന്തോഷം പങ്ക് വെക്കുകയും ചെയ്തു. കൂട്ടുകാർക്കൊപ്പം നൃത്ത ചുവടുകൾ വെക്കാനും സൂര്യയും ഇഷാനും തയ്യാറായി


ട്രാൻസ്ജെൻഡേഷ്സിന് വിവാഹം കഴിക്കാനോ കുടുംബമായി ജീവിക്കാനോ സാധിക്കില്ല എന്ന സമൂഹത്തിൻ്റെ ധാരണയെ തട്ടിമറിച്ചുകൊണ്ടാണ് ഈ വിവാഹം നടന്നിരിക്കുന്നത്. ഇത് ട്രാൻസ് ജെൻഡേഴ്സ് കമ്മ്യൂണിറ്റിക്ക് കൂടുതൽ ആത്മധൈര്യവും ഊർജ്ജവും നൽകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
Read More >>