ആനീസ് താരമാണ്; സിനിമയിലും ജീവിതത്തിലും

റോഡ് ടാറിങ്, ഓട്ടോ ഓടിക്കല്‍, വീട്ടുജോലി, കാര്‍ വാഷിങ്, മീന്‍ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തിട്ടുണ്ട്. ഒരു പെണ്ണിന് ഒരു ദിവസം എത്രത്തോളം ജോലി ചെയ്യാന്‍ പറ്റും, അത്രത്തോളം ജോലികള്‍ ചെയ്തിട്ടുണ്ട് ആനീസ്- ഒടുവിലിപ്പോള്‍ മമ്മൂട്ടിയുടെ സിനിമയിലുമെത്തി...

ആനീസ് താരമാണ്; സിനിമയിലും ജീവിതത്തിലും

മമ്മൂട്ടിയുടെ പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ് ഇന്ന് തീയേറ്ററുകളില്‍ എത്തുമ്പോള്‍ ഒരുപക്ഷേ ആദ്യം ടിക്കറ്റ് എടുത്തത്, പാലാരിവട്ടം ആലിന്‍ ചുവട്ടിലെ ഓട്ടോ ഡ്രൈവര്‍ ആയ ആനീസ് ചേച്ചിയായിരിക്കും. ഈ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ആനീസ് ചേച്ചിയും അഭിനയിച്ചിട്ടുണ്ട്. വലിയ റോളൊന്നും അല്ലെങ്കിലും മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ആനീസ്. ചെറുതാണെങ്കിലും സിനിമയില്‍ ആ കഥാപാത്രം പ്രാധാന്യമുള്ളതാണെന്ന് ആനീസ് പറയുന്നു. എന്നാല്‍ ഇതുവരെ മമ്മൂക്കയെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് സങ്കടം.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലുംആനീസ് താരമാണ്. പാലാരിവട്ടം ആലിന്‍ച്ചുവട്ടില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഓട്ടോ ഓടിക്കുന്നു. 50 ഓളം ഓട്ടോക്കാരില്‍ ഉള്ള ഒരേയൊരു പെണ്‍പുലിയാണ് പറവൂര്‍ വരാപ്പുഴ സ്വദേശിനിയായ ആനീസ്. കഷ്ടപ്പാട് നിറഞ്ഞ ഒരു കുട്ടിക്കാലത്തിലൂടെയായിരുന്നു ആനീസ് കടന്നു വന്നത്. ഏഴാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. അതോടെ വീട് നോക്കേണ്ട ചുമതല ആനീസ് എന്ന ഏഴുവയസുകാരിയുടെ ചുമലിലായി. അച്ഛന്റെ മരണശേഷം അമ്മയും രണ്ടു അനുജന്മാരുമടങ്ങുന്ന കുടുംബം പോറ്റാന്‍ വീടുകളില്‍ പത്രം കൊണ്ടിടുന്ന ജോലിയേറ്റെടുത്തു. ഒരു വീട്ടില്‍ പത്രമിട്ടാല്‍ ഇരുപത്തിയഞ്ചു രൂപ കിട്ടും. കുറെയധികം വീടുകളില്‍ പത്രമെത്തിക്കും. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ പഠനത്തില്‍ പുറകിലോട്ടു പോയി. അങ്ങനെ എട്ടാം ക്ലാസ്സില്‍ ആനീസിന്റെ പഠനം നിന്നു. പഠനത്തില്‍ പുറകിലായപ്പോള്‍ ബഞ്ച് തേക്കാതെ പത്തില്‍ കേറെന്റെ ആനീസേ' ന്ന് പറഞ്ഞു പലരും കളിയാക്കിയിട്ടുണ്ടെന്നു ചെറുപുഞ്ചിരിയോടെ ആനീസ് പറഞ്ഞു. എന്നാലും സ്‌കൂളില്‍ ഒരു ദിവസം എത്തിയില്ലെങ്കില്‍ ടീച്ചര്‍ ആളെ വിട്ടു സ്‌കൂളിലേക്ക് വിളിപ്പിക്കും. എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹമായിരുന്നു തന്നോടെന്നും ആനീസിന്റെ വാക്കുകള്‍.
കുട്ടിക്കാലം മുതല്‍ സിനിമയോട് താത്പര്യം ഉണ്ടായിരുന്നു ആനീസിന്. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കിച്ചുവിനെപ്പോലെ നിരവധി പേരോട് അവസരം ചോദിച്ചു നടന്നിട്ടുണ്ട്. ഇപ്പോഴും ആരെ കണ്ടാലും സിനിമക്കാരാണെന്നു അറിഞ്ഞാല്‍ ആനീസ് അഭിനയിക്കാന്‍ അവസരം ചോദിക്കും. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരം എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വടക്കും നാഥന്‍, ദൗത്യം, ഊഴം, പുറപ്പാട്, പകലിലെ പൗര്‍ണ്ണമി (തമിഴ്) എന്ന ചിത്രങ്ങളിലും ചെറിയ റോളുകളില്‍ അഭിനയിച്ചു. സിനിമയില്‍ അഭിനയിക്കുന്നത് പണം വിചാരിച്ചിട്ടല്ല അഭിനയത്തോടുള്ള താല്പര്യം കൊണ്ടാണ്. റോഡ് ടാറിങ്, ഓട്ടോ ഓടിക്കല്‍, വീട്ടുജോലി, കാര്‍ വാഷിങ്, മീന്‍ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തിട്ടുണ്ട്. ഒരു പെണ്ണിന് ഒരു ദിവസം എത്രത്തോളം ജോലി ചെയ്യാന്‍ പറ്റും, അത്രത്തോളം ജോലികള്‍ ചെയ്തിട്ടുണ്ട്. രാപകലില്ലാതെ ജോലി ചെയ്ത് ഏഴു ലക്ഷത്തോളം കടമുള്ളത് വീട്ടി. ഒരു വീടുവച്ചു. മക്കളെ പഠിപ്പിച്ചു.

അഭിനയം കൂടാതെ ചെയ്യുന്ന ചിത്രങ്ങളില്‍ ഒക്കെ ഡബ്ബിങ് ചെയ്യുന്നതും ആനീസ് തന്നെയാണ്. സ്വന്തം ചിത്രങ്ങള്‍ക്ക് പുറമെ ഉട്ടോപിയയിലെ രാജാവ് എന്ന ചിത്രത്തിലെ ലേഡി കോണ്‍സ്റ്റബിളിന് വേണ്ടിയും ഡബ്ബിങ് ചെയ്തിട്ടുണ്ട്. രേവതി വര്‍മ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് എന്ന ചിത്രത്തിലെ ഏലിയാമ്മ എന്ന കഥാപാത്രമാണ് അഭിനയിച്ചതില്‍ ആനീസിന് ഏറ്റവും ഇഷ്ടമായത്. ഇപ്പോഴത്തെ ഈ ജീവിതത്തില്‍ ആനീസ് സന്തുഷ്ടയാണ്. ഇനിയും തന്നെത്തേടി ചെറുതെങ്കിലും നല്ല കഥാപാത്രങ്ങള്‍ എത്തുമെന്ന് തന്നെ ആനീസ് പ്രതീക്ഷിക്കുന്നു.

Read More >>